കരുത്തോടെ ലിവർപൂൾ
Saturday, December 28, 2024 1:29 AM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനം ബഹുദൂരം മുന്നിലാക്കി ലിവർപൂൾ. സ്വന്തം കളത്തിൽ നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയോടെ ആറാം മിനിറ്റിൽ ഗോൾ വഴങ്ങിയ ലിവർപൂൾ മൂന്നു ഗോളടിച്ച് ജയം സ്വന്തമാക്കി.
ജയത്തോടെ ലിവർപൂൾ രണ്ടാമതുള്ള ചെൽസിയുമായുള്ള പോയിന്റ് വ്യത്യാസം ഏഴാക്കി. ഒരു മത്സരം കുറവുള്ള ലിവർപൂളിന് 42 പോയിന്റാണ്. 18 കളിയിൽ ചെൽസിക്കു 35 പോയിന്റും.
ജോർദാൻ അയേവിലൂടെ ലെസ്റ്റർ മുന്നിലെത്തി. ഇടവേളയ്ക്കു പിരിയും മുന്പ് കോഡി ഗാക്പോ (45+1’) സമനില നല്കി. രണ്ടാം പകുതിയിൽ ക്യൂർട്ടിസ് ജോണ്സും (49’) മുഹമ്മദ് സലയും (82’) ലെസ്റ്ററിന്റെ വലുകുലുക്കി.
ചെൽസി, യുണൈറ്റഡ്, ടോട്ടനം പൊട്ടി
രണ്ടാം സ്ഥാനക്കാരായ ചെൽസി സ്വന്തം കളത്തിൽ മുന്നിൽ നിന്നശേഷം അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങി ഫുൾഹാമിനോട് 2-1നു തോറ്റു. 16-ാം മിനിറ്റിൽ കോൾ പാമർ ചെൽസിയെ മുന്നിലെത്തിച്ചു. 82-ാം മിനിറ്റിൽ ഹാരി വിൽസണും 90+5-ാം മിനിറ്റിൽ റോഡ്രിഗോ മ്യൂനിസും ചെൽസിയുടെ വല കുലുക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിനു തുടർച്ചയായ രണ്ടാം തോൽവി. എവേ മത്സരത്തിൽ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിനു വൂൾവർഹാംടണോടു തോറ്റു. പ്രീമിയർ ലീഗിൽ കഴിഞ്ഞ അഞ്ചു കളിയിൽ നാലാമത്തെ തോൽവിയാണു യുണൈറ്റഡ് നേരിട്ടത്.
മത്സരത്തിൽ 47-ാം മിനിറ്റിൽ ബ്രൂറോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ടു പുറത്തായത് യുണൈറ്റഡിനു തിരിച്ചടിയായി. മാത്യു ക്യുന (58’), ഹ്വാഗ് ഹീ ചാൻ (90+9’) യുണൈറ്റഡിന്റെ വല തകർത്തു.
ടോട്ടൻഹാം എതിരില്ലാത്ത ഒരു ഗോളിനു നോട്ടിംഗ്ഹാം ഫോറസ്റ്റിനോടു തോറ്റു. 34 പോയിന്റുമായി മൂന്നാമതാണ് നോട്ടിം ഗ്ഹാം.