ജമ്മു കാഷ്മീരിനെ കീഴടക്കി കേരളം സെമിയിൽ
Saturday, December 28, 2024 1:29 AM IST
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിയിൽ. കരുത്തരായ ജമ്മു-കാഷ്മീരിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് കേരളം സെമിയിൽ പ്രവേശിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.
സന്തോഷ് ട്രോഫിയിൽ കേരളം 31-ാം തവണയാണു സെമിയിലെത്തുന്നത്. ആദ്യ പകുതിയിൽ കേരളത്തിന്റെ മുന്നേറ്റങ്ങളെ ജമ്മു പ്രതിരോധകോട്ടകെട്ടി ചെറുത്തപ്പോൾ സമനിലയിലേക്കെന്നു കരുതി.
എന്നാൽ 72-ാം മിനിറ്റിൽ നസീബ് റഹ്മാനാണ് കേരളത്തിന്റെ വിജയഗോൾ നേടിയത്. ഞായറാഴ്ച രാത്രി 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടക്കുന്ന സെമിയിൽ മണിപ്പുരാണു കേരളത്തിന്റെ എതിരാളികൾ.
തോൽവി അറിയാതെ 29 ഗോൾ നേടിയും നാലു ഗോൾമാത്രം വഴങ്ങിയുമെത്തിയ കേരളത്തിനെതിരേ ശക്തമായ പ്രതിരോധം തീർത്താണു ജമ്മു കാഷ്മീർ കളിച്ചത്. പ്രതിരോധം പൊളിച്ചെത്തിയ പന്തുകൾ ജമ്മു കാഷ്മീർ ഗോൾകീപ്പർ മജീദ് അഹമ്മദ് സമർദമായി തടയുകയും ചെയ്തു. കൗണ്ടർ അറ്റാക്കുകളിലൂടെ കേരളത്തെ വിറപ്പിക്കാനും എതിരാളികൾക്കായി.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 71-ാം മിനിറ്റിൽ കോച്ച് ബിബി തോമസ് കൊണ്ടുവന്ന മാറ്റമാണ് കളിയിലെ വഴിത്തിരിവായത്. 71-ാം മിനിറ്റിൽ അസ്ലമിനെയും അജ്സലിനെയും പിൻവലിച്ച് അർജുനും മുഷ്റഫും ഇറങ്ങി.
തൊട്ടടുത്ത മിനിറ്റിൽ കേരളം ഗോളും നേടി. 87-ാം മിനിറ്റിൽ സമനിലയാക്കാൻ ലഭിച്ച സുവർണാവസരം ഷഹ്മീർ താരിഖ് നഷ്ടമാക്കിയതോടെ കേരളം സെമിയിലേക്കു പ്രവേശിച്ചു.