സന്തോഷാരംഭം; സന്തോഷ് ട്രോഫിയിൽ കേരളത്തിനു ജയത്തുടക്കം
Monday, December 16, 2024 1:59 AM IST
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് പോരാട്ടത്തിൽ കേരളത്തിനു ജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ നിലവിലെ ഫൈനലിസ്റ്റുകളായ ഗോവയെ 3-4നു കേരളം കീഴടക്കി സന്തോഷാരംഭം കുറിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തമിഴ്നാടും മേഘാലയയും 2-2 സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു തമിഴ്നാടിന്റെ രണ്ടു ഗോളും. മേഘാലയയുടെ ഗോളുകൾ രണ്ടാം പകുതിയിലും.
രണ്ടാം മിനിറ്റിൽ ഞെട്ടി
ഗോവയ്ക്കെതിരായ മത്സരത്തിൽ കിക്കോഫിനു ശേഷം രണ്ടാം മിനിറ്റിൽ കേരളത്തിന്റെ വല കുലുങ്ങി. നിഗ്വേൽ ഫെർണാണ്ടസ് ഗോവയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു. അതോടെ 1-0നു കേരളം പിന്നിൽ. ഗോൾ മടക്കാനുള്ള കേരള സംഘത്തിന്റെ ശ്രമങ്ങൾ 16-ാം മിനിറ്റിൽ ഫലം കണ്ടു. പി.ടി. മുഹമ്മദ് റിയാസിന്റെ ഗോളിൽ കേരളം കടം വീട്ടി.
27-ാം മിനിറ്റിൽ മുഹമ്മജ് അജ്സലും 33-ാം മിനിറ്റിൽ നസീബ് റഹ്മാനും ഗോവയുടെ വലയിൽ പന്ത് എത്തിച്ചു. അതോടെ 3-1ന്റെ ലീഡുമായി കേരളം ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ മൂന്നു ഗോൾ
ഏഴു ഗോൾ പിറന്ന സൂപ്പർ പോരാട്ടത്തിന്റെ മൂന്നു ഗോൾ രണ്ടാം പകുതിയിലായിരുന്നു. 3-1ന്റെ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ കേരളം 69-ാം മിനിറ്റിൽ നാലാം ഗോൾ നേടി. ക്രിസ്റ്റി ഡേവിസിന്റെ വകയായിരുന്നു ഗോൾ. ജയം ഉറപ്പിച്ച് മത്സരത്തിന്റെ അവസാന ഭാഗത്തേക്കു കടന്നപ്പോൾ ഗോവയിൽനിന്ന് കേരളത്തിനു തിരിച്ചടിയേറ്റു. ജോനസ് പെരേരിയയുടെ (78’, 86’) ഇരട്ട ഗോൾ ഗോവയുടെ തോൽവിഭാരം കുറച്ചു.