പിടിമുറുക്കി ഇന്ത്യ
Saturday, November 23, 2024 11:30 PM IST
പെർത്ത്: 2024-25 ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയുടെ വരുതിയിൽ.
ഓസീസ് പേസ് ആക്രമണത്തിനു മുന്നിൽ ക്ഷമയോടെ ബാറ്റ് വീശിയ യശസ്വി ജയ്സ്വാൾ - കെ.എൽ രാഹുൽ ഓപ്പണിംഗ് സഖ്യം നിലയുറപ്പിച്ചപ്പോൾ രണ്ടാം ദിനം സ്റ്റന്പെടുക്കുന്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഇതോടെ ഇന്ത്യക്ക് രണ്ടാം ഇന്നിംഗസിൽ 218 റണ്‍സ് ലീഡായി. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 104 റണ്‍സിനു പുറത്തായി. ഇന്ത്യക്ക് 46 റണ്‍സ് ലീഡും ലഭിച്ചു.
ജയ്സ്വാളും (90) രാഹുലുമാണ് (62) ക്രീസിൽ. 193 പന്തിൽനിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടങ്ങുന്നതാണ് ജയ്സ്വാളിന്റെ ഇന്നിംഗ്സ്. 153 പന്തുകൾ നേരിട്ട രാഹുലിന്റെ ബാറ്റിൽനിന്ന് നാല് ബൗണ്ടറികളാണ് പിറന്നത്.
റിക്കാർഡിൽ ജയ്സ്വാൾ
20 വർഷത്തിനു ശേഷമാണ് ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റിൽ ഒരു ഇന്ത്യൻ ഓപ്പണിംഗ് സഖ്യം 100 റണ്‍സ് കടക്കുന്നത്. 2004ൽ ആകാശ് ചോപ്ര-വിരേന്ദർ സെവാഗ് സഖ്യമാണ് അവസാനമായി നൂറുകടന്നത്. പെർത്തിൽ ഇന്ത്യൻ ഓപ്പണിംഗ് സഖ്യത്തിന്റെ ആദ്യ സെഞ്ചുറിയുമാണ്. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന റിക്കാർഡിലാണ് ജയ്സ്വാൾ - രാഹുൽ സഖ്യം. 1986ൽ സുനിൽ ഗാവസ്കർ-കൃഷ്ണമാചാരി ശ്രീകാന്ത് സഖ്യം സിഡ്നിയിൽ നേടിയ 191 റണ്‍സാണ് ഒന്നാമത്.
രണ്ടു സെഷൻ പൂർണമായും ഓസീസ് പേസ് ആക്രമണത്തെ പ്രതിരോധിച്ചാണ് ഇരുവരും ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ഇതിനു മുന്‍പ് ഒരു ഇന്ത്യൻ ജോഡി ഓസ്ട്രേലിയയിൽ രണ്ട് സെഷനുകൾ അതിജീവിച്ചത് 2018-ലാണ്. ചേതേശ്വർ പൂജാര - വിരാട് കോഹ്ലി സഖ്യമായിരുന്നു അത്. ഏഴ് ബൗളർമാരെ ഉപയോഗിച്ചിട്ടും പാറ്റ് കമ്മിൻസിന് രാഹുൽ - ജയ്സ്വാൾ കൂട്ടുകെട്ട് പൊളിക്കാനായില്ല.
ജയ്സ്വാളിന്റെ വ്യക്തിഗത സ്കോർ 51ൽ നിൽക്കേ സ്റ്റാർക്കിന്റെ പന്തിൽ ഫസ്റ്റ് സ്ലിപ്പിലേക്കു വന്ന ക്യാച്ച് ഉസ്മാൻ ഖ്വാജ നഷ്ടമാക്കി. അടുത്ത പന്തിൽ രാഹുലിനെ റണ്ണൗട്ടാക്കാനുള്ള സുവർണാവസരവും നഷ്ടമാക്കി. ഇതിനുശേഷം ഒരു അവസരം പോലും നൽകാതെയാണ് ഇന്ത്യൻ ഓപ്പണർമാരുടെ പ്രകടനം.
കപിലിനൊപ്പം ബുംറ
നേരത്തേ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 104 റണ്‍സിൽ അവസാനിപ്പിച്ച ഇന്ത്യ, 46 റണ്‍സിന്റെ നിർണായക ലീഡ് നേടിയിരുന്നു. ഏഴിന് 67 റണ്‍സ് എന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസ് 37 റണ്‍സ് കൂടി കൂട്ടിച്ചേർത്തു.
രാവിലെതന്നെ അലക്സ് കാരിയുടെ വിക്കറ്റ് (26) നേടിക്കൊണ്ട് ബുംറ അഞ്ചു വിക്കറ്റ് തികച്ചു. ബുംറയുടെ 11 -ാമത്തെയും ഏഷ്യക്കു വെളിയിൽ ഒന്പതാമത്തെയും അഞ്ചു വിക്കറ്റ് നേട്ടമാണ്. ഇതോടെ ഏഷ്യക്കു വെളിയിൽ അഞ്ചു വിക്കറ്റുകളുടെ എണ്ണത്തിൽ കപിൽ ദേവിനൊപ്പമെത്തി.
112 പന്തുകൾ നേരിട്ട് 26 റണ്‍സെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസീസിന്റെ ടോപ് സ്കോറർ. 10-ാം വിക്കറ്റിൽ ജോഷ് ഹെയ്സൽവുഡിനെ കൂട്ടുപിടിച്ച് 25 റണ്‍സ് കൂട്ടിച്ചേർത്ത സ്റ്റാർക്കാണ് ഓസീസിനെ 100 കടത്തിയത്. ഒന്‍പത് വിക്കറ്റിന് 79 എന്ന നിലയിൽനിന്നാണ് ഈ സഖ്യം ഓസീസിനെ നൂറു കടത്തിയത്.
1981ൽ മെൽബണിൽ നേടിയ 83 റണ്‍സാണ് ഇന്ത്യക്കെതിരേ ഓസ്ട്രേലിയയുടെ ചെറിയ സ്കോർ. പ്രതിരോധിച്ചു നിന്ന സ്റ്റാർക്കിനെ ഹർഷിത് റാണയാണ് പുറത്താക്കിയത്. ഇന്ത്യക്കെതിരേ നാലാമത്തെ ചെറിയ സ്കോറാണ് ഓസ്ട്രേലിയ നേടിയത്.
നാട്ടിൽ ഓസ്ട്രേലിയയുടെ ഒന്‍പതാമത്തെ ചെറിയ സ്കോറുമാണിത്. ആദ്യം ബാറ്റ് ചെയ്ത് 150 അതിൽ കുറഞ്ഞ റണ്‍സ് എടുത്തശേഷം ഇന്ത്യ ലീഡ് നേടുന്നത് ഇതു മൂന്നാം തവണയാണ്.
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 150
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്
ഖ്വാജ സി കോഹ് ലി ബി ബുംറ 8, മാക്സ്വീനി എൽബിഡബ്ല്യു ബി ബുംറ 10, ലബുഷെയ്ൻ എൽബിഡബ്ല്യു ബി സിറാജ് 2, സ്മിത്ത് എൽബിഡബ്ല്യു ബി ബുംറ 0, ട്രാവിസ് ഹെഡ് ബി ഹർഷിത് റാണ 11, മാർഷ് സി രാഹുൽ ബി സിറാജ് 6, കാരി സി പന്ത് ബി ബുംറ 21, കമ്മിൻസ് സി പന്ത് ബി ബുംറ 3, സ്റ്റാർക്ക് സി പന്ത് ബി റാണ 26, ലിയോണ്‍ സി രാഹുൽ ബി റാണ 5, ഹെയ്സൽവുഡ് നോട്ടൗട്ട് 7, എക്സ്ട്രാസ് 5. ആകെ 51.2 ഓവറിൽ 104.
ബൗളിംഗ്
ബുംറ 18-6-30-5, സിറാജ് 13-7-20-2, ഹർഷിത് റാണ 15.2-3-48-3, നിതീഷ് കുമാർ 3-0-4-0, വാഷിംഗ്ടണ്‍ സുന്ദർ 2-1-1-0
ഇന്ത്യൻ രണ്ടാം ഇന്നിംഗ്സ്
ജയ്സ്വാൾ നോട്ടൗട്ട് 90, രാഹുൽ നോട്ടൗട്ട് 62, എക്സ്ട്രാസ് 20, ആകെ 57 ഓവറിൽ 172/0.
ബൗളിംഗ്
സ്റ്റാർക് 12-2-43-0, ഹെയ്സൽവുഡ് 10-5-9-0, കമ്മിൻസ് 13-2-44-, മാർഷ് 6-0-27-0, ലിയോണ്‍ 13-3-28-0, ലബുഷെയ്ൻ 2-0-2-0, ഹെഡ് 1-0-8-0.
5 വിക്കറ്റ്
11 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറ ഏഷ്യക്കു വെളിയിൽ ഒന്‍പത് പ്രാവശ്യം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇതോടെ ഏഷ്യക്കു വെളിയിൽ അഞ്ചു വിക്കറ്റുകളുടെ എണ്ണത്തിൽ കപിൽ ദേവിനൊപ്പമെത്തി. അഞ്ചു വിക്കറ്റുകളുള്ള ഇന്ത്യൻ ക്യാപ്റ്റൻമാരുടെ പട്ടികയിലും ബുംറയെത്തി. ഇതിനു മുന്‍പ് വിനു മങ്കാദ് (1), ബിഷൻ സിംഗ് ബേദി (8), കപിൽ ദേവ് (4), അനിൽ കുംബ്ല (2) എന്നിവരാണ് ഈ നേട്ടം കൈവരിച്ചവർ.
ജയ്സ്വാൾ
ടെസ്റ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്ററെന്ന റിക്കാർഡ് യശസ്വി ജയ്സ്വാളിന് സ്വന്തം. മുൻ ന്യൂസിലൻഡ് നായകൻ ബ്രെണ്ടൻ മക്കല്ലത്തെയാണ് ഇന്ത്യ യുവ ഓപ്പണർ മറികടന്നത്. രണ്ടാം ഇന്നിംഗ്സിൽ രണ്ടു സിക്സ് നേടിക്കൊണ്ട് ജയ്സ്വാൾ 34 സിക്സിലെത്തി. 2014ൽ മക്കല്ലത്തിന്റെ പേരിൽ 33 സിക്സാണുള്ളത്.
2022ൽ 26 സിക്സ് നേടിയ ബെൻ സ്റ്റോക്സാണ് മൂന്നാമത്. 2005ൽ 22 സിക്സ് നേടിയ ആദം ഗിൽക്രിസ്റ്റാണ് നാലാമത്. 2008ൽ 22 സിക്സ് നേടിയ വിരേന്ദർ സെവാഗാണ് അഞ്ചാമത്.
37 ഓസ്ട്രേലിയയുടെ ടോപ് ആറു ബാറ്റർമാർ ആദ്യ ഇന്നിംഗ്സിൽ എടുത്ത സ്കോർ. 1978ൽ വെസ്റ്റ് ഇൻഡീസിനെതിരേ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ 22 റണ്‍സ് എടുത്തശേഷം പുരുഷ ടെസ്റ്റിൽ സ്വന്തം മണ്ണിലെ ഏറ്റവും ചെറിയ സ്കോറാണിത്.