സൂപ്പർ ബില്യണയർ: മസ്ക് ഒന്നാമൻ; പട്ടികയിൽ മുകേഷ് അംബാനിയും ഗൗതം അദാനിയും
Thursday, February 27, 2025 11:36 PM IST
ന്യൂയോർക്ക്: ബില്യണയർ എന്ന പദം എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ, ഈ ലോകത്ത് ചിലരുടെ സന്പത്ത് ബില്യണയർ ക്ലബ്ബിനപ്പുറം പോകുന്നു. അവരെ മറ്റ് ധനികന്മാരിൽ നിന്ന് വേർതിരിച്ചറിയേണ്ടത് ആവശ്യമാണ്. അതിനായിട്ട് അവർക്ക് സൂപ്പർ ബില്യണയർ എന്ന പദമാണ് നല്‍കിയിരിക്കുന്നത്.
നിലവിൽ 24 അതിസന്പന്നരാണുള്ളത്. ഈ പട്ടികയിൽ ഇലോണ്‍ മസ്ക്, ആമസോണിന്റെ ജെഫ് ബെസോസ്, എൽവിഎംഎച്ചിന്റെ ബെർണാഡ് അർനോൾട്ട്, ഒറാക്കിളിന്റെ ലാറി എലിസണ്‍, മെറ്റയുടെ മാർക്ക് സക്കർബർഗ്, ആൽഫബറ്റിന്റെ സെർജി ബിൻ എന്നിവർക്കൊപ്പം ഇന്ത്യയിൽനിന്ന് മുകേഷ് അംബാനിയും ഗൗതം അദാനിയും ഇടം നേടിയിട്ടുണ്ട്.
മസ്ക് ഒന്നാമൻ
നിലവിൽ 419.4 ബില്യണ്‍ ഡോളർ ആസ്തിയുള്ള മസ്ക് ആണ് ലോകത്തെ ഏറ്റവും വലിയ സന്പന്നൻ. ടെസ്ല, സ്പേസ് എക്സ്, ന്യൂറാലിങ്ക്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (മുന്‍പ് ട്വിറ്റർ) എന്നിവ മക്സിന്റെ ഉടമസ്ഥതയിലാണ്.
1987ൽ ഫോബ്സ് ആദ്യ ശതകോടീശ്വരന്മരുടെ പട്ടിക പുറത്തിറക്കിയപ്പോൾ ആ പട്ടികയിലെ ഒന്നാമതായിരുന്ന വ്യക്തിയേക്കാൾ 21 മടങ്ങ് കൂടുതലാണ് മസ്കിന്റെ ഇപ്പോഴത്തെ ആസ്തി. 140 ബില്യണയർമാരുടെ പട്ടികയാണ് ഫോബ്സ് അന്ന് പുറത്തുവിട്ടത്.
അവരുടെ മൊത്തം ആസ്തി 295 ബില്യണ്‍ ഡോളറായിരുന്നു. 20 ബില്യണ്‍ ഡോളർ ആസ്തിയുണ്ടായിരുന്ന ജപ്പാന്റെ യോഷിയാകി സുത്സുമിയായിരുന്നു ആ പട്ടികയിൽ ഒന്നാമത്. ഇപ്പോൾ സൂപ്പർ ബില്യണയർമാരുടെ മൊത്തം ആസ്തി 3.3 ട്രില്യണ്‍ ഡോളറിനു മുകളിലാണ്.
സൂപ്പർ ബില്യണയർമാരുടെ പട്ടികയിൽ 263.8 ബില്യണ്‍ ഡോളർ ആസ്തിയുള്ള ജെഫ് ബെസോസ് രണ്ടാമതും 238.9 ബില്യണ്‍ ഡോളർ ആസ്തിയുമായി ബെർണാർഡ് അർനോൾട്ട് മൂന്നാമതും.
സൂപ്പർ ബില്യണയർ എന്ത്
50 ബില്യണ്‍ ഡോളറോ അതിൽ കൂടുതലോ ആസ്തി ഉള്ളവരെയാണ് സൂപ്പർ ബില്യണയർ എന്നു പറയുന്നത്. ഗ്ലോബൽ വെൽത്ത് ഇന്റലിജൻസ് കന്പനിയായ ആൾട്രാറ്റയുടെ ഡാറ്റയെ അടിസ്ഥാനമാക്കി വാൾ സ്ട്രീറ്റ് ജേണൽ 24 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
സൂപ്പർ ബില്യണയർമാരിൽ 16 പേരുടെ ആസ്തി 100 ബില്യണിനു മുകളിലാണ്. ഇവർ സെന്റി-ബില്യണേഴ്സിന്റെ വിഭാഗത്തിലാണ് ഉള്ളത്. ആസ്തി കുറഞ്ഞത് 100 ബില്യണ്‍ ഡോളറുളളവരെയാണ് സെന്റി-ബില്യണയർ എന്നു പറയുന്നത്.
ഇന്ത്യൻ സൂപ്പർ ബില്യണയർമാർ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 90.6 ബില്യണ്‍ ഡോളറും, അദാനി ഗ്രൂപ്പിന്റെ ചെയർമാനായ ഗൗതം അദാനിയുടെ ആസ്തി 60.6 ബില്യണ്‍ ഡോളറുമാണ്.
പട്ടികയിലെ വനിതകൾ
സൂപ്പർ ബില്യണയർ പട്ടികയിൽ വനിതകളായി വാൾമാർട്ടിന്റെ ആലീസ് വാൾട്ടണ്‍, യുഎസ് ആസ്ഥാനമായുള്ള കോച്ച് ഇൻഡസ്ട്രീസിന്റെ ജൂലിയ കോച്ച്, ലോറിയലിന്റെ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്സ് എന്നിവരാണുള്ളത്.
ആധിപത്യം ടെക് കന്പനികൾക്ക്
24 അതിസന്പന്നരിൽ 10 പേർ ടെക് കന്പനികളുടെ ഉടമസ്ഥരാണ്. ആഗോള സന്പത്ത് സൃഷ്ടിക്കുന്നതിൽ സാങ്കേതിക മേഖല വലിയ പങ്കാണ് വഹിക്കുന്നത്.
ടോപ് ടെൻ സൂപ്പർ ബില്യണയർമാർ
1. ഇലോണ്‍ മസ്ക്
2. ജെഫ് ബെസോസ്
3. ബർണാർഡ് അർനോൾട്ട്
4. ലാറി എലിസണ്‍
5. മാർക്ക് സക്കർബർഗ്
6. സെർജി ബ്രിൻ
7. സ്റ്റീവ് ബാൽമർ
8. വാറൻ ബഫറ്റ്
9. ജയിംസ് വാൾട്്സണ്
10. സാമുവൽ റോബ്സണ് വാൾട്സണ്‍