കേരളം വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന സ്ഥിതി മാറി: മുഖ്യമന്ത്രി
Sunday, December 15, 2024 1:35 AM IST
കൊച്ചി: കേരളം വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന സ്ഥിതി മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാന ചെറുകിട വ്യവസായ സംരംഭക അസോസിയേഷന്റെയും വ്യവസായവകുപ്പിന്റെയും സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭക (എംഎസ്എംഇ) മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കാക്കനാട് കിന്‍ഫ്ര എക്സിബിഷന് സെന്ററില്‍ സംഘടിപ്പിച്ച ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക പ്രദര്‍ശനം 2024ന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖലകളില്‍ കാര്യക്ഷമമായ ഇടപെടലാണു സര്‍ക്കാര്‍ നടത്തുന്നത്. കേരളം കൈവരിച്ച വ്യാവസായിക മുന്നേറ്റത്തില്‍ ചെറുകിട വ്യവസായങ്ങള്‍ വലിയ പങ്കാണു വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായരംഗത്ത് നാം നടത്തുന്ന സുപ്രധാനമായ ചുവടുവയ്പാണ് കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി പാലക്കാട്ട് സ്ഥാപിക്കുന്ന വ്യവസായ സ്മാര്‍ട്ട് സിറ്റി. സംരംഭങ്ങളില്‍ 15 ശതമാനത്തില്‍ താഴെ മാത്രമാണ ഉത്പാദനമേഖലയുടെ പങ്ക്. വാണിജ്യമേഖലയിലെയും സേവനമേഖലയിലെയും മുന്നേറ്റങ്ങളെ നിലനിര്‍ത്തിക്കൊണ്ട് ഉത്പാദനമേഖലയിലും സമാനമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയണം. അതിനുതകുന്ന എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിന് ഷിപ്പ്യാര്ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. മുന്‍ അംഗം പി.കെ. ജയകുമാറിനുള്ള മരണാനന്തര ധനസഹായം നിമ ബാലചന്ദ്രന്, അനന്തു കൃഷ്ണന് എന്നിവര്‍ക്ക് മുഖ്യമന്ത്രി കൈമാറി. ചെറുകിട വ്യവസായ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ മുഖ്യമന്ത്രിയെ ആദരിച്ചു. മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി.