ടെലികോം സേവനദാതാക്കൾക്ക് ആശ്വാസം; ജനുവരി മുതൽ പുതിയ ടെലികോം റോ റൂൾ
Saturday, November 23, 2024 11:30 PM IST
ഡൽഹി: ടെലികമ്യൂണിക്കേഷൻ നിയമത്തിനു കീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റൈറ്റ് ഓഫ് വേ (Right of Way) നിയമങ്ങൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. നിലവിൽ ഓരോ സംസ്ഥാനത്തെയും റൈറ്റ് ഓഫ് വേ (RoW) നിയമങ്ങൾ വ്യത്യസ്തമാണ്.
ഈ രീതി മാറ്റി രാജ്യത്തെല്ലായിടത്തും ഒരൊറ്റ റോ റൂൾ അവതരിപ്പിക്കാനാണ് കേന്ദ്ര നീക്കം. രാജ്യത്തെ ടെലികോം രംഗത്ത് പുതിയ മാനദണ്ഡങ്ങൾ അടുത്ത വർഷം ഒന്നുമുതൽ നിലവിൽ വരും.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോണ് ഐഡിയ, ബിഎസ്എൻഎൽ എന്നിവർ ഉൾപ്പെടെയുള്ള ടെലികോം സേവനദാതാക്കൾക്ക് ഗുണകരമാകുന്ന റൈറ്റ് ഓഫ് വേ മാനദണ്ഡങ്ങൾ അടുത്തിടെ ടെലികമ്യൂണിക്കേഷൻസ് വകുപ്പു പുറത്തിറക്കിയിരുന്നു.
ഒപ്റ്റിക്കൽ ഫൈബറുകൾ, ടെലികോം ടവറുകൾ എന്നിവ സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ ഇതിലൂടെ കഴിയും എന്നാണു വിലയിരുത്തൽ. പൊതുജനങ്ങളുടെ സുരക്ഷ, സുതാര്യത എന്നിവയിലൂന്നിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
ആവശ്യമായ സർക്കാർ അനുമതികൾ ലഭ്യമാക്കുന്ന നടപടികൾ ഡിജിറ്റൽ വത്കരിക്കുക എന്ന ലക്ഷ്യവും ഇതിലൂടെ സാധ്യമാകും. ഇപ്പോൾ പല സംസ്ഥാന സർക്കാരുകളിൽനിന്നും വിവിധ അനുമതികൾ നേടണമെങ്കിൽ ഓഫ്ലൈനായി ഒരുപാട് നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്.
മുൻ ടെലികോം നയങ്ങളിലെ അവ്യക്തതയും അസ്ഥിരതയും ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനു തടസമാകുന്നതായി പരാതികളുയർന്നിരുന്നു. ഇതിനു പരിഹാരം കാണുകയെന്നതും കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമാണ്.
പുതിയ നീക്കത്തിലൂടെ കണക്റ്റിവിറ്റിയും രാജ്യത്തിന്റെ ഡിജിറ്റൽ പാതയിലെ മുന്നേറ്റവും സാധ്യമാക്കാൻ കഴിയുമെന്നാണു സേവനദാതാക്കൾ വിലയിരുത്തുന്നത്. രാജ്യത്തെ 5ജി നെറ്റ്വർക്കുകളുടെ വേഗത്തിലുള്ള വ്യാപനത്തിനടക്കം ഈ മാറ്റം ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ബിഎസ്എൻഎൽ 4ജി വ്യാപനത്തിനും ഇത് ഗുണം ചെയ്യും.