ഇസ്രയേലിൽ കാർ ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറി 13 പേർക്കു പരിക്ക്
Friday, February 28, 2025 12:00 AM IST
ജറുസലെം: വടക്കൻ ഇസ്രയേലിലെ ഹയ്ഫയിൽ കാർ ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറി 13 പേർക്ക് പരിക്കേറ്റു. ഹൈവേ 65ൽ പാർദെസ് ഹാന്ന-കാർകർ ഇന്റർസെക്ഷനിലെ ബസ്സ്റ്റോപ്പിൽ ഇന്നലെ വൈകുന്നേരം 4.18 ഓടെയായിരുന്നു സംഭവം.
ബസ്സ്റ്റോപ്പിൽ ഇരുന്ന യാത്രക്കാരെ ഇടിച്ചുവീഴ്ത്തിയശേഷം തൊട്ടടുത്തുണ്ടായിരുന്ന പോലീസ് വാഹനത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നു.
ആക്രമണത്തിനിടെ രണ്ടു പോലീസുകാർക്ക് കുത്തേറ്റതായും റിപ്പോർട്ടുണ്ട്. പ്രതിയെ പോലീസ് വെടിവച്ച് കൊന്നു. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പോലീസ് വക്താവ് സാകി ഹെല്ലർ അറിയിച്ചു. പലസ്തീനിൽനിന്നുള്ള 50കാരനായ അനധികൃത കുടിയേറ്റക്കാരനാണു പ്രതിയെന്ന് പോലീസ് അറിയിച്ചു.