യൂണിനെ ഇംപീച്ച് ചെയ്തു ; ദക്ഷിണകൊറിയയിൽ ഹാൻ ഡുക് സൂ ഇടക്കാല പ്രസിഡന്റ്
Sunday, December 15, 2024 1:35 AM IST
സീയൂൾ: പട്ടാളനിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യൂൺ സുക് യോളിനെ ദക്ഷിണകൊറിയൻ പാർലമെന്റ് ഇംപീച്ച് ചെയ്തു. യൂണിനെ നീക്കം ചെയ്യണമോ എന്നതിൽ ഭരണഘടനാ കോടതി ആറു മാസത്തിനുള്ളിൽ തീരുമാനമെടുക്കും. അതുവരെ പ്രധാനമന്ത്രി ഹാൻ ഡുക് സൂ ഇടക്കാല പ്രസിഡന്റായിരിക്കും.
മുന്നൂറംഗ പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷം അവതരിപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയത്തിന് 204 പേരുടെ പിന്തുണ ലഭിച്ചു. പ്രസിഡന്റ് യൂണിന്റെ പീപിൾസ് പവർ പാർട്ടി (പിപിപി)യിലെ 12 അംഗങ്ങളെങ്കിലും അനുകൂലിച്ച് വോട്ട് ചെയ്തതായി കരുതുന്നു. യൂണിന്റെ രാജിക്കായി പാർലമെന്റിനു പുറത്തു തന്പടിച്ച ജനങ്ങൾ ആഹ്ലാദപ്രകടനങ്ങൾ നടത്തി.
അധികാരങ്ങൾ നഷ്ടപ്പെട്ടെങ്കിലും ഭരണഘടനാ കോടതിയുടെ തീരുമാനം വരുന്നതുവരെ യൂൺ പ്രസിഡന്റ്പദവിയിൽ തുടരും. കോടതി ഇംപീച്ച്മെന്റ് അംഗീകരിച്ചാൽ യൂൺ പുറത്താകും. പുതിയ പ്രസിഡന്റിനായി രണ്ടു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പുണ്ടാകും. അവസാന നിമിഷം വരെ പോരാടുമെന്നാണ് യൂൺ ഇന്നലെ പ്രതികരിച്ചത്.
ഡിസംബർ മൂന്നിനാണ് യൂൺ രാജ്യത്തെ ഞെട്ടിച്ച് പട്ടാളനിയമം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം നടത്തിയ ശ്രമം ഭരണകക്ഷിയുടെ നിസഹകരണത്തിൽ പരാജയപ്പെട്ടു. യൂൺ ഇതിനിടെ രാജ്യത്തോട് മാപ്പു ചോദിച്ചെങ്കിലും രാജിവയ്ക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു.
സർക്കാർവിരുദ്ധ ശക്തികളുടെയും ഉത്തരകൊറിയയുടെയും പേരു പറഞ്ഞാണ് യൂൺ പട്ടാളനിയമം പ്രഖ്യാപിച്ചത്. എന്നാൽ, ജനപ്രീതി ഇടിഞ്ഞതും പാർട്ടിയിൽ ഒറ്റപ്പെട്ടതുമാണ് അദ്ദേഹത്തെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചതെന്നു കരുതുന്നു. പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ വോട്ടെടുപ്പിലൂടെ പട്ടാളനിയമം റദ്ദാക്കി. ആറു മണിക്കൂറിനുശേഷം പട്ടാളനിയമം പിൻവലിക്കാൻ യൂണ് നിർബന്ധിതനായി.
ദക്ഷിണകൊറിയയിൽ ഇംപീച്ച് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാണ് യൂൺ. പാർക്ക് ഗ്യൂൻ ഹുയി 2017ൽ പുറത്താക്കപ്പെട്ടിരുന്നു.