ഹഫീസ് അൽ അസാദിന്റെ ശവകുടീരത്തിനു വിമതസേന തീയിട്ടു
Thursday, December 12, 2024 12:45 AM IST
ഡമാസ്കസ്: വിമത തീവ്രവാദി സംഘം അധികാരം പിടിച്ചെടുത്ത സിറിയ സാധാരണനിലയിലേക്ക്. തലസ്ഥാനമായ ഡമാസ്കസിൽ ബഹുഭൂരിപക്ഷം കടകന്പോളങ്ങളും തുറന്നു. സർക്കാർ ജീവനക്കാർ ഓഫീസുകളിലെത്തി.
സിറിയയിൽ ഇസ്രയേൽ ആക്രമണം ഇന്നലെയും തുടർന്നു. സിറിയയുടെ നാവികതാവളംആക്രമിച്ചെന്നും ആയുധശേഖരം നശിപ്പിക്കുന്നതിനായി വിവിധ പ്രദേശങ്ങളിലായി 350 ആക്രമണങ്ങൾ നടത്തിയെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേൽ അഞ്ഞൂറോളം ആക്രമണം നടത്തിയെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു.
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബഷാർ-അൽ അസാദിന്റെ പിതാവും മുൻ സിറിയൻ പ്രസിഡന്റുമായ ഹഫീസ് അൽ അസാദിന്റെ ശവകുടീരത്തിനു വിമതസേന തീയിട്ടു. ഖാർദഹയിലാണ് ഹഫീസ് അൽ-അസാദിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്നത്. 2000ലാണ് ഹഫീസ് അന്തരിച്ചത്.
എണ്ണ സന്പന്നമായ കിഴക്കൻ നഗരം ദെയർ അൽ-സൗർ ഇന്നലെ വിമതസേന കുർദുകളിൽനിന്നു പിടിച്ചെടുത്തു. ഇതിനിടെ, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ-അസാദിന്റെ ബന്ധുവിനെ തൂക്കിലേറ്റിയെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ റഷ്യ തയാറായില്ല.
അസാദ് ഭരണം നിലംപതിച്ചതോടെ തുർക്കിയിൽനിന്നും ലബനനിൽനിന്നും ആയിരക്കണക്കിനു സിറിയൻ അഭയാർഥികൾ സ്വന്തം രാജ്യത്തേക്കു മടങ്ങിത്തുടങ്ങി. സിറിയക്കാരായ 33 ലക്ഷം പേർ തുർക്കിയിലും 15 ലക്ഷം പേർ ലബനനിലും അഭയാർഥികളായി കഴിഞ്ഞുവരികയാണ്.
75 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു
സിറിയയിൽനിന്ന് 75 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു. ഇവർ ലബനനിലാണുള്ളത്. ഡമാസ്കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലാണ് ഇന്ത്യൻ പൗരന്മാരെ ലബനനിലെത്തിച്ചത്. അവിടെനിന്ന് ഇവരെ ഇന്ത്യയിലെത്തിക്കും. 90 ഇന്ത്യൻ പൗരന്മാരാണു സിറിയയിലുള്ളത്.
അട്ടിമറി ഇസ്രയേൽ-അമേരിക്ക സംയുക്ത പദ്ധതി: ആയത്തുള്ള ഖമനയ്
ടെഹ്റാൻ: സിറിയൻ സർക്കാരിനെ അട്ടിമറിച്ചതുൾപ്പെടെ സമീപകാല സംഭവങ്ങൾ ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത പദ്ധതിയുടെ ഭാഗമാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്. ഇക്കാര്യത്തിൽ സംശയമില്ലെന്നും ഖമനയ് പറഞ്ഞു.
സംശയത്തിന് ഇടനൽകാത്ത തരത്തിൽ തങ്ങളുടെ പക്കൽ തെളിവുകളുണ്ട്. അസാദിനെ അട്ടിമറിച്ചതിനു പിന്നിൽ സിറിയയുടെ അയൽരാജ്യവും വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്. അത് തുടരുകയും ചെയ്യുന്നു- ഇറാൻ പരമോന്നത നേതാവ് ആരോപിച്ചു.
ഇറാക്ക്, ഇസ്രയേൽ, ജോർദാൻ, ലെബനൻ, തുർക്കി എന്നീ രാജ്യങ്ങളാണ് സിറിയയുമായി അതിർത്തി പങ്കിടുന്നത്. ഇതിൽ തുർക്കി ദീർഘകാലമായി ചില സിറിയൻ വിമത സംഘങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.
അട്ടിമറി ശ്രമം നടക്കുന്നതായി കഴിഞ്ഞ മൂന്നു മാസമായി ഇറാൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ സിറിയൻ സർക്കാർ ഇത് അവഗണിക്കുകയായിരുന്നു- ഖമനയ് കൂട്ടിച്ചേർത്തു.