ഇസ്കോൺ അനുയായികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
Saturday, November 30, 2024 1:19 AM IST
ധാക്ക: അറസ്റ്റിലായ ഹിന്ദു നേതാവ് ചിന്മയ് കൃഷ്ണ ദാസ് ഉൾപ്പെടെ 17 സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ് (ഇസ്കോൺ) അനുയായികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗ്ലാദേശ് അധികൃതർ ഉത്തരവായി. 30 ദിവസത്തേക്കാണ് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ചിന്മയ് കൃഷ്ണ ദാസ് അറസ്റ്റിലായിരുന്നു. തുടർന്നുണ്ടായ കലാപത്തിൽ ഒരു സുപ്രീംകോടതി അഭിഭാഷകന് മരിച്ചിരുന്നു. എന്നാലും, ഇസ്കോണിനെ നിരോധിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
നിലവിൽ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് അറ്റോർണി ജനറലിന്റെ വക്താവ് വ്യക്തമാക്കി. സർക്കാർ ജോലികൾ ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബംഗ്ലാദേശിന്റെ ഫിനാൻഷ്യൽ ഇന്റലിജന്റ്സ് യൂണിറ്റാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. എല്ലാത്തരത്തിലുമുള്ള പണമിടപാടുകളും തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നല്കിയിട്ടുണ്ട്.
അടുത്ത മൂന്നൂ പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ 17 പേരുടെയും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ നല്കാൻ ഫിനാൻഷ്യൽ ഇന്റലിജന്റ്സ് ഏജൻസി ബാങ്കുകളോടും ധാനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
ചത്തോഗ്രാമിലെ കോട്ട്വാലി പോലീസ് സ്റ്റേഷനിലാണ് ചിന്മയ് കൃഷ്ണ ദാസ് ഉൾപ്പെടെ 19 പേർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ചത്തോഗ്രാമിൽ നടന്ന ഹിന്ദു വിഭാഗത്തിന്റെ റാലിയിൽ ബംഗ്ലാദേശ് പതാകയെ അപമാനിച്ചുവെന്നായിരുന്നു കേസ്.
ബംഗ്ലാദേശ് സമ്മിലിത സനാതനി എന്ന സംഘടനയുടെ വക്താവായ ചിന്മയ് കൃഷ്ണ ദാസ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ധാക്കയിൽ അറസ്റ്റിലായത്. ചിത്തോഗ്രാം പ്രാദേശിക കോടതി ജാമ്യം നിഷേധിച്ച് അദ്ദേഹത്തെ ജയിലിലേക്ക് അയച്ചിരുന്നു.
തുടർന്നുണ്ടായ കലാപത്തിലാണ് അഭിഭാഷകൻ കൊല്ലപ്പെട്ടത്. അഭിഭാഷകന്റെ മരണത്തിൽ പങ്കില്ലെന്ന് ഇസ്കോൺ വ്യക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷേക്ക് ഹസീന കൃഷ്ണ ദാസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
1971ലെ സ്വാതന്ത്ര്യ സമരകാലത്ത് ബംഗ്ലാദേശിൽ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നെങ്കിലും അത് എട്ടു ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കു നേരേ ആക്രമണം നടക്കുന്നതായി അരോപണമുണ്ട്.