പറഞ്ഞതല്ല പരന്നത്; മലക്കംമറിഞ്ഞ് തരൂർ
Friday, February 28, 2025 1:16 AM IST
ന്യൂഡൽഹി: ദി ഇന്ത്യൻ എക്സ്പ്രസിൽ വന്നത് താൻ പറയാത്ത കാര്യങ്ങളാണെന്നും ഇത്രയും നിരുത്തരവാദപരമായ പത്രപ്രവർത്തനത്തിനെതിരേ ഒരു പൊതുപ്രവർത്തകന് എന്തു സംരക്ഷണമാണുള്ളതെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എംപി.
വിവാദ അഭിമുഖത്തിനെതിരേ ഇന്നലെ രൂക്ഷ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. ശശി തരൂരിന്റെ പ്രതികരണത്തിൽനിന്ന്:
“കേരളത്തിലെ കോണ്ഗ്രസിൽ ഒരു നേതാവിന്റെ അഭാവത്തെ ഞാൻ അപലപിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വാർത്താകഥ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചു.
ദ ഹിന്ദുവിലും മറ്റു മാധ്യമങ്ങളിലും ഇത് ഒന്നാംപേജ് വാർത്തയായി മാറി. കേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ മൂന്നു ദിവസത്തെ ചർച്ചകൾക്കു തുടക്കമിട്ടു. ഈ അവകാശവാദത്തെ ഞാൻ ചോദ്യം ചെയ്തപ്പോൾ, ഞാനിതു പറഞ്ഞതായി ആരോപിക്കപ്പെടുന്ന എന്റെ മലയാള അഭിമുഖത്തിന്റെ ഒരു ഇംഗ്ലീഷ് വിവർത്തനം എനിക്കു ലഭിച്ചു.
എന്നാൽ ഇതിന്റെ വീഡിയോ ക്ലിപ്പ് കാണണമെന്ന് ഞാൻ നിർബന്ധിച്ചു. അതിന്റെ റിലീസിനായി ബുധനാഴ്ച വരെ കാത്തിരിക്കേണ്ടിവരുമെന്ന് എന്നോടു പറഞ്ഞു. വീഡിയോ പുറത്തുവന്നപ്പോൾ, അങ്ങനെയൊന്നും ഞാൻ പറഞ്ഞിട്ടില്ലെന്നു വ്യക്തമായി. എല്ലാ നാശനഷ്ടങ്ങളും സംഭവിച്ചതിനുശേഷം, പത്രം ഇപ്പോൾ വൈകിയാണ് ഒരു തിരുത്തൽ പുറപ്പെടുവിച്ചത്.
ഇത്രയും നിരുത്തരവാദപരമായ പത്രപ്രവർത്തനത്തിനെതിരേ ഒരു പൊതുപ്രവർത്തകന് എന്തു സംരക്ഷണമാണുള്ളത്? ഉൾപ്പെട്ട ആരിൽനിന്നും ഇതുവരെ എനിക്കു ക്ഷമാപണം ലഭിച്ചിട്ടില്ല.’’ എഡിറ്റേഴ്സ് ഗിൽഡ്, അഭിമുഖം നടത്തിയ ലേഖിക അടക്കമുള്ളവരെ ടാഗ് ചെയ്ത് ഇന്നലെ എക്സിൽ നൽകിയ വിശദീകരണ പരന്പരയിൽ തരൂർ കുറിച്ചു.
ബ്രേക്കിംഗ് ന്യൂസ് എന്ന പ്രയോഗത്തിന് ഒന്നിലധികം അർഥങ്ങളുണ്ട്. ഇന്ത്യൻ എക്സ്പ്രസിന്റെ പുതിയ മലയാളം പോഡ്കാസ്റ്റിലേക്കു ശ്രദ്ധയാകർഷിക്കാൻ ആഗ്രഹിച്ചു. അതിനായി അവർ രണ്ട് ലജ്ജാകരമായ കാര്യങ്ങൾ ചെയ്തു. ആദ്യം, അവർ ഒരു നിരുപദ്രവകരമായ പ്രസ്താവന എടുത്തു.
സാഹിത്യ പ്രവർത്തനങ്ങൾക്കായി എനിക്ക് ഒന്നിലധികം “ഓപ്ഷനുകൾ’’ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഞാൻ മറ്റു രാഷ്ട്രീയ ഓപ്ഷനുകൾ നോക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന തലക്കെട്ടാണ് ഇംഗ്ലീഷിൽ നൽകിയത്.
പതിവുപോലെ, ബാക്കിയുള്ള മാധ്യമങ്ങൾ തലക്കെട്ടിനോടു പ്രതികരിച്ചു. രാഷ്ട്രീയക്കാർ മാധ്യമങ്ങളോടും പ്രതികരിച്ചു. ഞാൻ പറയാത്ത കാര്യങ്ങൾകൊണ്ട് ഇന്ത്യൻ എക്സ്പ്രസ് പോഡ്കാസ്റ്റ് വലിയ ശ്രദ്ധ നേടി. മാധ്യമങ്ങൾക്ക് ദിവസങ്ങളോളം വാർത്തകൾ ലഭിച്ചു. പക്ഷേ എനിക്കു വന്ന അപമാനം, അപവാദം എന്നിവയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
എന്നാൽ തനിക്കു അപ്രതീക്ഷിത പിന്തുണയും പ്രശംസയും ഇക്കാര്യത്തിൽ കിട്ടിയെന്നും തരൂർ കൂട്ടിച്ചേർത്തു. ഈ കെട്ടുകഥ അവസാനിച്ചേക്കാം. പക്ഷേ അതു ധാരാളം പ്രശ്നങ്ങൾ തുറന്നുകാട്ടി.
എന്നെക്കുറിച്ച് പലരും എന്താണു ചിന്തിക്കുന്നതെന്ന് പെട്ടെന്ന് കണ്ടെത്തി. ഞാനൊരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഓപ്ഷനുകളെക്കുറിച്ചുള്ള മറ്റുള്ളവരുടെ ഊഹാപോഹങ്ങളിൽനിന്നു പഠിച്ചു.
ചിലർ തങ്ങൾ സംതൃപ്തരായിരുന്ന വിഷയങ്ങളിലേക്ക് ഉണർന്നു. മറ്റുള്ളവർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ കാരണങ്ങൾ കണ്ടെത്തി. പെട്ടെന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്റെ സ്ഥാനം ചർച്ച ചെയ്യപ്പെട്ടു. ചില സന്ദർഭങ്ങളിൽ പ്രബുദ്ധമായും ഉൾക്കാഴ്ചയോടെയും. ഇതെല്ലാം വളരെയധികം പ്രബോധനപരവും കണ്ണുതുറപ്പിക്കുന്നതുമാണ്.
ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവർത്തനം ഇല്ലാതെ പ്രവർത്തിക്കാൻ കഴിയില്ല. ബോധ്യമുള്ള ജനാധിപത്യവാദി എന്ന നിലയിൽ മാധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഒരിക്കലും ആവശ്യപ്പെടില്ല. എന്നാൽ പത്രപ്രവർത്തനത്തിന്റെ മെച്ചപ്പെട്ട നിലവാരം പ്രതീക്ഷിക്കുന്നത് പൂർണമായും വ്യർഥമാണോ? കുറഞ്ഞപത്രപ്രവർത്തനമല്ല, മികച്ച പത്രപ്രവർത്തനമാണു വേണ്ടതെന്നും തരൂർ ചൂണ്ടിക്കാട്ടി.
“ഒരു എഴുത്ത് നഷ്ടപ്പെട്ടേക്കാം; ഒരു നുണ എഴുതിയേക്കാം; എന്നാൽ കണ്ണുകൊണ്ടു കണ്ടത് സത്യമാണ്. അതു മനസിൽ തങ്ങിനിൽക്കുന്നു’’- പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരൻ ജോസഫ് കൊണ്റാഡിന്റെ ഈ വാക്കുകൾ ഉദ്ധരിച്ചാണു ശശി തരൂർ ഇന്നലെ വിശദീകരണ പരന്പര അവസാനിപ്പിച്ചത്.