എല്ലാവർക്കും പെൻഷൻ; പുതിയ പദ്ധതി ആലോചിച്ച് കേന്ദ്രം
Thursday, February 27, 2025 2:14 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൗരന്മാർക്കും 60 വയസ് കഴിഞ്ഞാൽ പ്രതിമാസം കുറഞ്ഞത് 3,000 രൂപ പെൻഷൻ ലഭിക്കുന്ന സാർവത്രിക പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രം കൂടിയാലോചന തുടങ്ങി. കേന്ദ്രസർക്കാർ ഒരു രൂപപോലും സംഭാവനയായി നൽകാതെയാകും ഇഷ്ടമുള്ളവർക്കു മാത്രം ചേരാൻ കഴിയുന്ന പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുക.
പുതിയ സാർവത്രിക പെൻഷൻ പദ്ധതിയിൽ ചേരുന്നവർ സ്വമേധയാ അവരുടെ വിഹിതം (സംഭാവന) അടയ്ക്കണം. നിലവിലുള്ള മറ്റു പെൻഷൻ പദ്ധതികളിലെല്ലാം സർക്കാരോ, തൊഴിലുടമയോ അംഗം അടയ്ക്കുന്ന തുകയ്ക്കു തുല്യമോ, സമാനമോ ആയ തുക അടയ്ക്കുന്നുണ്ട്. പ്രോവിഡന്റ് ഫണ്ട് പെൻഷനടക്കം നിലവിലുള്ള പെൻഷൻ പദ്ധതികളെല്ലാം പുതിയ പെൻഷൻ പദ്ധതി വന്നാലും തുടരും.
ആവശ്യമുള്ളവർക്ക് നിലവിലുള്ള ചില പദ്ധതികളുമായി പുതിയ പെൻഷൻ പദ്ധതി സംയോജിപ്പിക്കുന്നത് അടക്കമുള്ള വിശദാംശങ്ങൾ ചർച്ച ചെയ്തു വരികയാണ്. പുതിയ പദ്ധതിക്കായുള്ള നിർദേശ രേഖ വൈകാതെ തയാറാകുമെന്ന് കേന്ദ്രം വിശദീകരിച്ചു. നിർദേശ രേഖ പൂർത്തിയായിക്കഴിഞ്ഞാൽ പങ്കാളികളുടെ കൂടിയാലോചന ആരംഭിക്കും.
അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവരുൾപ്പെടെ നിലവിൽ സർക്കാരിന്റെ സന്പാദ്യ, പെൻഷൻ പദ്ധതികളിലൊന്നും ഉൾപ്പെടാത്ത പൗരന്മാർക്കുകൂടി 60 വയസ് കഴിയുന്പോൾ പ്രതിമാസ പെൻഷൻ ലഭ്യമാക്കുകയാണു ലക്ഷ്യം.
താത്കാലിക, കരാർ, നിർമാണ തൊഴിലാളികൾ, ഓണ്‍ കോൾ, ഓണ്‍ലൈൻ തൊഴിലാളികൾ, വീട്ടുജോലിക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങിയവർ മുതൽ ശന്പളം വാങ്ങുന്ന ജീവനക്കാർ വരെയുള്ള രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് സ്വമേധയാ പുതിയ പദ്ധതിയിൽ അംഗങ്ങളാകാം. രാജ്യത്തു നിലവിലുള്ള പുതിയ പെൻഷൻ സംവിധാനം (എൻപിഎസ്) തുടർന്നുകൊണ്ടാകും സമാനമായ പുതിയ പദ്ധതിയും നടപ്പാക്കുക.
സ്വമേധയാ വിഹിതം അടയ്ക്കേണ്ട എൻപിഎസ് പദ്ധതി 18നും 70നും ഇടയിൽ പ്രായമുള്ള പ്രവാസികൾ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും ലഭ്യമാണ്. എന്നാൽ എൻപിഎസ് അപേക്ഷകർ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ (ഇഎസ്ഐ) പദ്ധതികളിൽ ഉൾപ്പെടരുതെന്നും ആദായനികുതി അടയ്ക്കുന്നവരും ആയിരിക്കരുതെന്നുമുള്ള നിബന്ധനകളുണ്ട്. ഇതിനുപുറമെ, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർധക്യ സംരക്ഷണം ഉറപ്പാക്കുന്ന പ്രധാനമന്ത്രി ശ്രം യോഗി മാൻ-ധൻ പദ്ധതിയും സർക്കാർ നടത്തുന്നു.
പുതിയ പെൻഷൻ പദ്ധതിയിലെ അംഗങ്ങൾക്ക് 60 വയസ് തികഞ്ഞശേഷം പ്രതിമാസം 3,000 രൂപയാണ് കുറഞ്ഞ പെൻഷൻ ലഭിക്കുക. മുടക്കമില്ലാതെ സംഭാവന നൽകിയിട്ടുണ്ടെങ്കിൽ പെൻഷൻ ഗുണഭോക്താവ് മരിച്ചാലും പെൻഷൻ തുകയുടെ 50 ശതമാനം അവരുടെ പങ്കാളിക്ക് ലഭിക്കും.
ഗുണഭോക്താവിന്റെ പങ്കാളിക്ക് പ്രതിമാസ സംഭാവന അടച്ചു പദ്ധതിയിൽ തുടരാനോ അല്ലെങ്കിൽ എക്സിറ്റ്, പിൻവലിക്കൽ വ്യവസ്ഥകൾ പ്രകാരം പദ്ധതിയിൽനിന്ന് പുറത്തുകടക്കാനോ അർഹതയുണ്ടായിരിക്കും.