ധൻകർ-ഖാർഗെ വാക്കുതർക്കം; സഭ സ്തംഭിച്ചു
Saturday, December 14, 2024 2:17 AM IST
ന്യൂഡൽഹി: രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരായ അവിശ്വാസപ്രമേയത്തെച്ചൊല്ലിയുള്ള ബഹളത്തിൽ രാജ്യസഭ വീണ്ടും സ്തംഭിച്ചു. അവിശ്വാസപ്രമേയം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തു വന്നതോടെയാണു ഭരണ-പ്രതിപക്ഷ തർക്കത്തിലേക്കു വഴിമാറിയത്.
അടിയന്തരപ്രമേയം കൊണ്ടുവരുന്നത് പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ ആവശ്യമാണെന്നും എന്നാൽ ചർച്ച ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയുടെ നടപടിക്രമങ്ങളിൽനിന്നു വ്യതിചലിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ധൻകർ ആവശ്യം തള്ളുകയായിരുന്നു. അടിയന്തരപ്രമേയം നിങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും ചട്ടപ്രകാരമുള്ള തുടർനടപടികൾ പുരോഗമിക്കുമെന്നുമായിരുന്നു ധൻകറുടെ വിശദീകരണം. പ്രതിപക്ഷത്തിന്റെ നീക്കം ധൻകർ പ്രതിനിധാനം ചെയ്യുന്ന കർഷക, ഒബിസി വിഭാഗങ്ങളെ അപമാനിക്കാനാണെന്ന് ബിജെപി ആരോപിച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്.
ഭരണഘടനാപരമായ പദവിയിൽ ഒരു കർഷകന്റെ മകൻ ഇരിക്കുന്നതിനെ അനുവദിക്കാതെ കോണ്ഗ്രസ് ധൻകറിനെ അപമാനിക്കുകയാണെന്നായിരുന്നു ബിജെപി എംപിമാരുടെ ആരോപണം. പിന്നാലെ പ്രതിപക്ഷത്തിന്റെ നീക്കം തനിക്കെതിരേയല്ലെന്നും താനടങ്ങിയ കർഷകവിഭാഗത്തിനെതിരേയാണെന്നു ധൻകറും ആരോപിച്ചു. ഒരു കർഷകന്റെ മകൻ രാജ്യസഭാധ്യക്ഷന്റെ കസേരയിലിരിക്കുന്നതിനെയാണ് പ്രതിപക്ഷം എതിർക്കുന്നതെന്നായിരുന്നു ധൻകറിന്റെ പ്രതികരണം.
എന്നാൽ, താങ്കൾ കർഷകന്റെ മകനാണെങ്കിൽ താനൊരു ദളിത് കുടുംബത്തിൽനിന്നു വന്ന തൊഴിലാളിയുടെ മകനാണെന്നായിരുന്നു കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരിച്ചടിച്ചത്. ഭരണപക്ഷത്തിരിക്കുന്ന എല്ലാവരെയും സംസാരിക്കാൻ അനുവദിച്ച് ഞങ്ങളുടെ പാർട്ടിയെ അപമാനിക്കാനുള്ള അനുവാദം നൽകി രാജ്യസഭാധ്യക്ഷൻ പക്ഷപാതപരമായി പെരുമാറുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. നിങ്ങൾക്കു സഭ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വമുണ്ടെന്നും എന്നാൽ ബിജെപി എംപിമാരെ നിങ്ങൾ മനഃപൂർവം പ്രോത്സാഹിപ്പിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
സഭ വീണ്ടും തർക്കത്തിൽ പിരിഞ്ഞതോടെ ഖാർഗെയെയും ബിജെപിയുടെ സഭാകക്ഷി നേതാവ് ജെ.പി. നഡ്ഡയെയും സഭാസ്തംഭനം പരിഹരിക്കുന്നതിനായി രാജ്യസഭാധ്യക്ഷന്റെ ചേംബറിലേക്ക് ധൻകർ ക്ഷണിച്ചെങ്കിലും ഖാർഗെ നിരസിച്ചു.
രാജ്യസഭാ ചെയർമാൻ പദവിയെന്നതു പക്ഷപാതമില്ലാതെ പെരുമാറുന്ന അംപയറിനെ പോലെയാകണമെന്നും, എന്നാലിപ്പോൾ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണു ള്ളതെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.