ഇന്ന് രാജ് കപൂർ ജന്മശതാബ്ദി
Saturday, December 14, 2024 1:17 AM IST
ന്യൂഡൽഹി: ഞാൻ മരിച്ചാൽ മൃതദേഹം എന്റെ സ്റ്റുഡിയോയിലേക്കുകൊണ്ടുവരിക. അവിടുത്തെ ലൈറ്റും ആക്ഷൻ, ആക്ഷൻ.. എന്ന വിളികളും കേട്ടാൽ ഞാൻ എണീറ്റേക്കാം. മരിച്ചുകിടക്കുമ്പോഴും ആക്ഷൻ പറഞ്ഞാൽ ചാടിയെണീറ്റേക്കുമെന്ന അഭിനയാഭിനിവേശത്തിന്റെ പേരാണ് ഇന്ത്യൻ സിനിമയുടെ ഷോമാൻ രാജ് കപൂർ.
സ്വതന്ത്രാനന്തര ഇന്ത്യ പ്രണയിച്ചതും വിരഹിയായതും ഈ അഭിനയപ്രതിഭയുടെ രൂപത്തിലും ശബ്ദത്തിലുമായിരുന്നു. ഇന്ത്യൻ ചലനചിത്രം കണ്ട എക്കാലത്തെയും ഷോമാൻ രാജ് കപൂറിന്റെ നൂറാം ജന്മദിനമാണിന്ന്. മകൾ എഴുതിയ പുസ്തകത്തിലാണ്, മരണനിദ്രയിൽപ്പോലും ആക്ഷൻ പറഞ്ഞാൽ അഭിനിയച്ചുതുടങ്ങുമെന്നു രാജ് കപൂർ പറയുന്നത്.
1948ൽ ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ പുറത്തിറങ്ങുന്നത്, ഇന്ത്യ സ്വതന്ത്രയായ തൊട്ടടുത്ത വർഷം. പിന്നീട് സ്വതന്ത്ര ഇന്ത്യ അവളുടെ മോഹങ്ങളും മോഹഭംഗങ്ങളും കൊട്ടക തിരശീലയിൽ രാജ് കപൂറിലൂടെ സാക്ഷാത്കരിച്ചു.
സംവിധായകൻ, ആർകെ സ്റ്റുഡിയോ ആരംഭിച്ച സംരംഭകൻ, സിനിമയിലെ കപൂർ കുടുംബവാഴ്ചയുടെ ഉദ്ഘാടകൻ വിശേഷണങ്ങൾ പലതിലും വലുതായി ഇന്ത്യ ആഘോഷിച്ചത് രാജ് സാഹിബ് എന്ന ഷോമാനെയായിരുന്നു.
അഭിനേതാവായ പൃഥ്വിരാജ് കപൂറിന്റെ മകനായി 1924 ഡിസംബര്‍ 14നായിരുന്നു സൃഷ്ടി നാഥ് കപൂര്‍ എന്ന രാജ് കപൂർ ജനിച്ചത്. 17 ാം വയസിൽ അദ്ദേഹം പിതാവിന്റെ സഹായിയായി സിനിമയിലെത്തി. ആദ്യമായി സിനിമ സംവിധാനം ചെയ്യുമ്പോൾ അദ്ദേഹത്തിനു പ്രായം വെറും 24.
സിനിമയുടെ നിർമാതാവ് മാത്രമല്ല പ്രധാന നടനും രാജ് കപൂർതന്നെയായിരുന്നു. 1948 ൽ പുറത്തിറങ്ങിയ അഗ്നിയായിരുന്നു സിനിമ. പിന്നീട് പ്രശസ്തമായ ആർകെ ഫിലിംസ് എന്ന നിർമാണ കമ്പനി തുടങ്ങുന്നതും ഈ സിനിമയിലൂടെയായിരുന്നു. 10 സിനിമകൾ സംവിധാനം ചെയ്തപ്പോൾ 15 എണ്ണത്തിന്റെ നിർമാതാവായി.
മൂന്നു ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1988ൽ രാജ്യം ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നല്കി ആദരിച്ചു. പുരസ്കാരം വാങ്ങാനായി ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം കടുത്ത ആസ്ത്മയെത്തുടര്‍ന്ന് ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തിനുശേഷം 63-ാം വയസില്‍ അദ്ദേഹം വിടപറഞ്ഞു.