സംബാലിൽ സമാധാനം വേണം; കർശന നിർദേശവുമായി സുപ്രീംകോടതി
Saturday, November 30, 2024 2:03 AM IST
സനു സിറിയക്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംബാൽ ജുമാ മസ്ജിദിൽ നടന്ന സർവേയുമായി ബന്ധപ്പെട്ടുണ്ടായ സാമുദായികസംഘർഷം ലഘൂകരിക്കാൻ ഇടപെട്ട് സുപ്രീംകോടതി.
സമാധാനവും ഐക്യവും നിലനിർത്താൻ നിർദേശിച്ച കോടതി, ഇരു സമുദായങ്ങളിലെയും അംഗങ്ങളെ ഉൾപ്പെടുത്തി സമാധാനസമിതി രൂപീകരിക്കാനും ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകി.
സർവേയുമായി ബന്ധപ്പെട്ട ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് സംബാൽ സിവിൽ കോടതിയോട് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും ജസ്റ്റീസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു.
സംബാലിലെ ഷാഹി ജുമാ മസ്ജിദ്, ഹിന്ദു ക്ഷേത്രം തകർത്തു നിയമിച്ചതാണെന്ന ആരോപണത്തിൽ മസ്ജിദിൽ സർവേ നടത്താൻ ഉത്തരവിട്ട സിവിൽ കോടതി നടപടിക്കെതിരേ അലാഹാബാദ് ഹൈക്കോടതിയെ സമീപിക്കാനും പള്ളി കമ്മിറ്റിയോട് സുപ്രീംകോടതി നിർദേശിച്ചു.
ഹൈക്കോടതിയിൽനിന്ന് ഉചിതമായ ഉത്തരവ് ഉണ്ടാകുന്നതുവരെ വിഷയത്തിൽ നടപടിയൊന്നും പാടില്ലെന്നും കോടതി വ്യക്തമാക്കി. ഫയൽ ചെയ്തശേഷം മൂന്നു ദിവസത്തിനുള്ളിൽ വിഷയം പരിഗണിക്കണമെന്നും ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.
സർവേ നടത്താൻ വിചാരണക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷണർ ഏതെങ്കിലും റിപ്പോർട്ട് സമർപ്പിച്ചാൽ മുദ്രവച്ച കവറിൽ തുറക്കാതെ സൂക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അപ്പീൽ തീർപ്പാകാതെ തുടരുമെന്നറിയിച്ച കോടതി അടുത്തവർഷം ജനുവരി 26ന് വീണ്ടും വാദം കേൾക്കുമെന്നും വ്യക്തമാക്കി.
സംഘർഷത്തിനു കാരണം
ഷാഹി ജുമാ മസ്ജിദിൽ മുന്പ് ഒരു ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന അവകാശവാദത്തിൽ മസ്ജിദിൽ സർവേ നടത്താൻ സംബാൽ സിവിൽ കോടതി ഉത്തരവിടുകയായിരുന്നു. സിവിൽ കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ 19 മുതൽ സംബാലിൽ സംഘർഷാവസ്ഥ തുടരുകയാണ്.
പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്നുണ്ടായ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉത്തരവിനെതിരേ ഷാഹി ജുമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയാണു സുപ്രീംകോടതിയെ സമീപിച്ചത്.