മഹായുദ്ധത്തിൽ മഹായുതി
Sunday, November 24, 2024 1:23 AM IST
മുംബൈ: മഹാരാഷ്ട്രയിൽ അത്യുജ്വല വിജയമായി ബിജെപി സഖ്യം. അഞ്ചിൽ നാലു ഭൂരിപക്ഷം നേടിയാണ് മഹായുതി അധികാരം നിലനിർത്തിയത്. പ്രതിപക്ഷം അന്പേ തകർന്നടിഞ്ഞു.
288 അംഗ നിയമസഭയിൽ 236 സീറ്റാണ് മഹായുതി നേടിയത്. ഇതിൽ 133 സീറ്റും ബിജെപിയുടേതാണ്. സഖ്യകക്ഷികളായ ശിവസേന (ഷിൻഡെ) 57ഉം എൻസിപി (അജിത് പവാർ) 41 ഉം സീറ്റും നേടി. ഏതാനും ചെറുകക്ഷികളും മഹായുതി സഖ്യത്തെ പിന്തുണയ്ക്കുന്നു.
ബിജെപിയിലെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ശിവസേനയിലെ ഏക്നാഥ് ഷിൻഡെ, എൻസിപിയിലെ അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായേക്കും. തിങ്കളാഴ്ച പുതിയ സർക്കാർ അധികാരമേൽക്കുമെന്നു റിപ്പോർട്ടുണ്ട്.
പ്രതിപക്ഷമായ മഹാ വികാസ് അഘാഡി വെറും 48 സീറ്റിലേക്ക് ചുരുങ്ങി. മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും കിട്ടാൻ പ്രതിപക്ഷത്തെ ഒരു പാർട്ടിക്കും സാധിക്കില്ല. 20 സീറ്റ് കിട്ടിയ ശിവസേന (ഉദ്ധവ് ) പക്ഷമാണ് പ്രതിപക്ഷനിരയിലെ വലിയ കക്ഷി. കോൺഗ്രസിന് 16ഉം എൻസിപി ശരദ് പവാർ പക്ഷത്തിന് പത്തും സീറ്റാണു കിട്ടിയത്.
സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ബിജെപി സഖ്യത്തിന്റെ സർവാധിപത്യമാണു കണ്ടത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ മാത്രമാണ് മഹാ വികാസ് അഘാഡിക്ക് ചെറുചലനമെങ്കിലും ഉണ്ടാക്കാൻ സാധിച്ചത്. മഹായുതി സഖ്യത്തിലെ കക്ഷികളെല്ലാംകൂടി 48 ശതമാനം വോട്ട് നേടിയപ്പോൾ മഹാ വികാസ് അഘാഡിക്ക് 31 ശതമാനം വോട്ടാണു ലഭിച്ചത്.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ പരാജയപ്പെട്ടു.
കക്ഷിനില / മഹാരാഷ് ട്ര
ബിജെപി 132
ശിവസേന(ഷിൻഡെ) 57
എൻസിപി(അജിത്) 41
ശിവസേന(ഉദ്ധവ്) 20
കോണ്ഗ്രസ് 16
എൻസിപി(ശരദ് പവാർ) 10
സമാജ് വാദി പാർട്ടി 2
ജൻ സുരാജ്യ ശക്തി 2
എഐഎംഐ 1
രാഷ് ട്രീയ യുവ സ്വാഭിമാൻ പാർട്ടി 1
രാഷ് ട്രീയ സമാജ് പക്ഷ 1
സിപിഎം 1
പെസന്റ്സ് & വർക്കേഴ്സ് പാർട്ടി 1
രാജർഷി ഷാഹു വികാസ് അഘാഡി 1
സ്വതന്ത്രർ 2