വന്യമൃഗ ഇരകളായി ആദിവാസികള്‍; നഷ്ടപരിഹാരവുമില്ല
Friday, February 28, 2025 1:15 AM IST
റെജി ജോസഫ്
കോട്ടയം: വനത്തില്‍നിന്ന് 145 ഇനം വിഭവങ്ങള്‍ ശേഖരിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയിട്ടുള്ള ആദിവാസികളുടെ അതിജീവനം ആശങ്കയില്‍. ഇക്കൊല്ലം ഇതുവരെ കാട്ടുമൃഗങ്ങള്‍ അരുകൊല ചെയ്ത 13 പേരില്‍ പതിനൊന്നും ആദിവാസികളാണ്. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ഏറെപ്പേരും കൊല്ലപ്പെട്ടത്.
ആദിവാസികളെ പുനരധിവസിപ്പിച്ച ആറളം ഉള്‍പ്പെടെ പ്രദേശങ്ങളില്‍ അതിക്രമിച്ചു കടന്ന കാട്ടാനകളാണ് ഇക്കൊല്ലം നാലു പേരെ ചവിട്ടിയരച്ചത്. തേന്‍, മുള, ഈറ്റ, പുല്‍ത്തൈലം, കസ്തൂരിമഞ്ഞള്‍, ഏലം, ജാതിക്ക, കറുവപ്പട്ട തുടങ്ങിയ വിഭവങ്ങള്‍ ശേഖരിച്ച് വില്ക്കാന് ആദിവാസികള്‍ക്ക് അനുമതിയുണ്ട്. ഇത് സംഭരിക്കാന്‍ വനം വകുപ്പ് ഏജന്‍സികളുമുണ്ട്.
വയനാട്ടിലും അട്ടപ്പാടിയിലും കുട്ടംപുഴയിലും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം 22 ഗോത്രവാസികളെയാണ് ആനയും കടുവയും കാട്ടുപോത്തും കൊന്നത്. 2015 മുതല്‍ 2024 മാര്‍ച്ചുവരെ വന്യമൃഗ ആക്രമണത്തില്‍ ജീവന് നഷ്ടമായത് 977 പേര്‍ക്ക്.
അതില്‍ 119 പേരും ആദിവാസികള്‍. ഈ സാഹചര്യത്തില്‍ 12 ജില്ലകളിലായി 460 ആദിവാസി ഊരുകളിലെ ജീവിതം ആശങ്കയിലാണ്. കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, ഇരുള, പണിയ വിഭാഗക്കാരാണ് വനമേഖലയില്‍ അന്യാധീനപ്പെട്ടിരിക്കുന്നത്. വന്യമൃഗ ആക്രമണ മരണങ്ങളില്‍ 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടതില്‍ ഏറെയും ആദിവാസികള്‍ക്കാണ്.
ആനയും കടുവയും പന്നിയും പോത്തും കൊലചെയ്ത 16 ആദിവാസികള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടു. സ്ഥലത്തിന് രേഖകളില്ലെന്നും കൊല്ലപ്പെട്ടത് വനത്തില്‍ വച്ചാണെന്നും പങ്കാളിയെ നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ലെന്നതും ഉള്‍പ്പെടെ കാരണങ്ങളാണ് നിരത്തിയത്.
കേരളത്തില്‍ ഏറ്റവുമധികം ആദിവാസികള്‍ക്കു ജീവന് നഷ്ടപ്പെട്ടത് വയനാട്ടിലാണ്- 33. പാലക്കാട്ട് - 30. ഇടുക്കിയിലും കണ്ണൂരിലും- 13 വീതം. വനങ്ങളോടു ചേര്‍ന്ന് അനുവദിച്ച സെറ്റില്‍മെന്റുകളിലാണ് ഗോത്രവാസികളുടെ ജീവിതം.
മൃഗവേട്ട നിരോധിച്ചതോടെ ആദിവാസികള്‍ക്ക് വനത്തിലെ കായ്കനികളാണ് ഭക്ഷണം. ഇവര്‍ക്കു വിറകിനും കാടുമാത്രമാണ് ആശ്രയം. ഇതിനോടകം വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ 12 ഊരുവാസികള്‍ വീട് ഉപേക്ഷിച്ചുപോയി.
വളര്‍ത്തുമൃഗങ്ങളെ കൂടുതൽ നഷ്ടമായതും ആദിവാസികള്‍ക്കാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ അയ്യായിരത്തിലേറെ ആടുമാടുകളെ കടുവയും പുലിയും കൊന്നതായാണ് കണക്കുകള്‍.