കെഎസ്ആർടിസി 1266 ബസുകൾ പരിവാഹന്‍ പുറത്ത്, ഇൻഷ്വറൻസുമില്ല
Friday, February 28, 2025 12:03 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 1266 ബസുകൾ കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹന്‍ പുറത്ത്. ഈ ബസുകൾക്ക് രജിസ്ട്രേഷനുമില്ല. പരിവാഹനിൽ രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ ഇൻഷ്വറൻസും ലഭിക്കില്ല.
15 വർഷക്കാലത്തിലധികം പഴക്കമുള്ള ബസുകളാണ് രജിസ്ട്രേഷനില്ലാതെ സർവീസ് നടത്തുന്നത്. സംസ്ഥാന ഗതാഗത വകുപ്പ് പ്രത്യേക ഉത്തരവിലൂടെ ഇവയുടെ കാലാവധി നീട്ടി നല്‍കിയെങ്കിലും ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. പരിവാഹനിൽ ഉൾപ്പെടാത്തതുകൊണ്ട് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് മാന്വലായാണ് രജിസ്ട്രേഷൻ രേഖപ്പെടുത്തുന്നത്.
സർവീസ് നടത്തുമ്പോൾ ഇത്തരം ബസുകൾ അപകടത്തിൽപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ഡ്രൈവർ വഹിക്കേണ്ടിവരുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആർടിസി ബസുകൾക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ് ചെയ്യാവുന്നതാണ്. എന്നാൽ കെഎസ്ആർടിസി ബസുകൾക്കോ യാത്രക്കാർക്കോ ഗ്രൂപ്പ് ഇൻഷ്വറൻസ് എടുക്കുന്നില്ല. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. ഇൻഷ്വറൻസിന് പ്രത്യേക തുകയും നീക്കിവച്ചിട്ടില്ല. അക്കൗണ്ടിൽ വരുന്ന തുക ചെലവഴിക്കുന്നതിനാൽ തുക നീക്കിയിരിപ്പില്ല എന്നാണ് മറുപടി.
കെഎസ്ആർടിസിയുടെ ബസുകൾ 2023-ൽ 1231 അപകടങ്ങളിൽപ്പെട്ടു. ഇതിൽ 95 പേർ മരിച്ചു. 2022 ൽ 1299 അപകടങ്ങളും 125 മരണങ്ങളുമുണ്ടായി. 2021-ൽ 522 അപകടം 40 മരണം, 2020ൽ 272 അപകടം 40 മരണം, 2019ൽ 1025 അപകടം 41 മരണം എന്നിങ്ങനെയാണ് കെഎസ്ആർടിസിയുടെ അപകടക്കണക്ക്. എന്നാൽ അപകടങ്ങളിൽ പരിക്കേറ്റ് ദുരിതയാതനകൾ അനുഭവിക്കുന്നവരുടെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിക്കുന്നില്ല എന്നും വ്യക്തമാക്കുന്നു.