രക്ഷാപ്രവർത്തനത്തിനു പണം ആവശ്യപ്പെട്ട കേന്ദ്ര നടപടി; കരുതലോടെ കേരളം
Sunday, December 15, 2024 1:35 AM IST
തിരുവനന്തപുരം: വയനാട് ദുരന്തം ഉൾപ്പെടെ രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ പണം ആവശ്യപ്പെട്ട സാഹചര്യത്തിൽ ചർച്ചകൾക്കു ശേഷം മാത്രം തുടർതീരുമാനം കൈക്കൊള്ളാൻ കേരളം.
വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് 13.65 കോടി രൂപ ഉൾപ്പെടെയുള്ള തുക തിരിച്ചടയ്ക്കണമെന്നാണ് വ്യോമസേനയ്ക്കു വേണ്ടി കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്.
2018 ലെ പ്രളയം മുതൽ രക്ഷാപ്രവർത്തനത്തിനായി ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു ഒക്ടോബറിൽ നൽകിയ കത്തിൽ കേരളത്തോട് ആവശ്യപ്പെട്ടത്.
എന്നാൽ, ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കേണ്ടതില്ലെന്നും ചർച്ചകൾക്കായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയുമാണു ചെയ്തത്. വിഷയം മന്ത്രിസഭയിൽ ചർച്ച ചെയ്യുന്നതും പരിഗണനയിലാണ്. രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് മറുപടിക്കത്ത് നൽകുന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കും.
പണം തിരിച്ചടയ്ക്കാൻ നിർബന്ധിതമായാൽ എസ്ഡിആർഎഫ് ഫണ്ടിൽ നിന്ന് അടയ്ക്കേണ്ടിവരും. അങ്ങനെ വന്നാൽ മറ്റ് ആവശ്യങ്ങൾക്ക് പണം ചെലവഴിക്കാനാവാത്ത സ്ഥിതിവരും.
വയനാട് പുനരധിവാസം അടക്കമുള്ള കാര്യങ്ങൾക്ക് സാന്പത്തിക സഹായം നൽകാതെയാണ്, രക്ഷാപ്രവർത്തനത്തിനായി ചെലവഴിച്ച തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്നത്. ഇതു ഹൈക്കോടതിയെ അറിയിക്കുന്നത് സർക്കാർ ആലോചനയിലുണ്ട്.
നേരത്തേയും പ്രളയകാലത്തെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന് അടക്കം ചെലവായ തുക കേരളത്തോടു കേന്ദ്രം ചോദിച്ചിരുന്നെങ്കിലും തുക നൽകിയിരുന്നില്ല. അന്നുമുതലുള്ള തുകയുടെ കുടിശിക ഇനത്തിലുള്ള 132.6 കോടി രൂപയാണ് കേന്ദ്രം ഇപ്പോൾ കേരളത്തോട് ആവശ്യപ്പെടുന്നത്.