വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിന് കേന്ദ്രത്തിനു കൊടുക്കണം 13.65 കോടി
Saturday, December 14, 2024 2:17 AM IST
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനുമായി 13.65 കോടി രൂപ വേണമെന്നു കേരളത്തോടു കേന്ദ്രസർക്കാർ.
വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ജൂലൈ 30 മുതൽ ഓഗസ്റ്റ് പകുതി വരെ വിവിധ സേനാ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും എയർ ലിഫ്റ്റിംഗ് വഴിയുള്ള രക്ഷാപ്രവർത്തനത്തിനുമായി 13.65 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ടു കേന്ദ്ര പ്രതിരോധ മന്ത്രാലയം, സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തു നൽകി.
2018ലെ പ്രളയം മുതൽ വ്യോമസേന വിവിധ ഘട്ടങ്ങളിൽ കേരളത്തിനു നൽകിയ രക്ഷാപ്രവർത്തനത്തിന് 132.6 കോടി രൂപ സംസ്ഥാന സർക്കാർ, കേന്ദ്രത്തിനു നൽകാനുണ്ടെന്നും കത്തിൽ പറയുന്നു.
വയനാട് പുനർനിർമാണ പ്രവർത്തനങ്ങൾക്കു കേന്ദ്രസഹായം തേടി സംസ്ഥാനം തുടർച്ചയായി കത്തു നൽകുന്ന സാഹചര്യത്തിലാണ് രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള എയർ ലിഫ്റ്റിംഗ് അടക്കമുള്ളവയ്ക്കു ചെലവായ തുക മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രം, കേരളത്തിനു കത്തു നൽകിയത്.
ദുരന്തത്തിനു ശേഷമുള്ള പുനർനിർമാണത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായുള്ള പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് റിപ്പോർട്ട് (പിഡിഎൻഎ) കേരളം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രത്യേക സാന്പത്തികസഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1200 കോടിയുടെ പ്രാഥമിക സഹായം ആവശ്യപ്പെട്ട് ഓഗസ്റ്റ് 17ന് സംസ്ഥാന സർക്കാർ ആദ്യനിവേദനം നൽകിയിരുന്നു.
പിന്നീട് നവംബർ 13നാണ് പിഡിഎൻഎ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കാനായത്. റിക്കവറി ആൻഡ് റീകണ്സ്ട്രക്ഷൻ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയും വേണമെന്നായിരുന്നു പിഡിഎൻഎ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നത്.