സൈബർ കുറ്റകൃത്യം : രാജ്യത്ത് 85 ലക്ഷം മൊബൈൽ കണക്ഷനുകൾ വിഛേദിച്ചു
Saturday, December 14, 2024 1:18 AM IST
കൊല്ലം: ടെലികോം മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെയും വഞ്ചന, തട്ടിപ്പുകൾ എന്നിവ തടയുന്നതിന്റെയും ഭാഗമായി രാജ്യത്താകമാനം 85 ലക്ഷം മൊബൈൽ കണക്ഷനുകൾ വിഛേദിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിന്റേതാണ് ഈ നടപടി.
വകുപ്പ് വികസിപ്പിച്ചെടുത്ത ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപകരണം നൽകിയ വിശദമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം കണക്ഷനുകൾ റദ്ദാക്കിയത്. വ്യാജ രേഖകൾ ഉപയോഗിച്ച് നേടിയ 78.33 ലക്ഷം കണക്ഷനുകളും സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 6.78 ലക്ഷം കണക്ഷനുകളും വിഛേദിക്കപ്പെട്ടവയിൽ ഉൾപ്പെടും.
ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ കണക്ഷനുകൾ ഒഴിവാക്കുന്നതിന് ടെലികോം സേവന ദാതാക്കൾക്ക് വകുപ്പ് പുതിയ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. ടെലികോം കമ്പനികൾക്കു വേണ്ടി ഉപയോക്താക്കളെ എൻറോൾ ചെയ്ത് സിം കാർഡുകൾ നൽകുന്ന ഫ്രാഞ്ചൈസികൾ, വിതരണക്കാർ, ഏജന്റുമാർ തുടങ്ങി എല്ലാ പോയിന്റ് ഒഫ് സെയിൽസ് കേന്ദ്രങ്ങൾക്കും രജിസ്ട്രേഷൻ നിയന്ത്രണങ്ങൾ ബാധകമാണ്. പുതിയ മൊബൈൽ കണക്ഷനുകൾ നൽകുന്നത് സുരക്ഷിതവും സുതാര്യവും ആണെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ടെലികോം വകുപ്പിന്റെ ഈ നടപടികൾ.
പുതിയ കണക്ഷനുകൾ എടുക്കുന്നവർക്ക് ബയോമെട്രിക് വെരിഫിക്കേഷനും മേൽവിലാസ പരിശോധനയും നിർബന്ധമാണ്. ജമ്മു കശ്മീർ, ആസാം എന്നിവിടങ്ങളിൽ പോലീസ് റിപ്പോർട്ടുകൾകൂടി ലഭിച്ചാലേ മൊബൈൽ കണക്ഷനുകൾ ലഭ്യമാകുകയുള്ളൂ. വ്യവസ്ഥകൾ ലംഘിച്ച് കണക്ഷനുകൾ നൽകിയാൽ ബന്ധപ്പെട്ട പിഒഎസുകളിൽനിന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പ് പിഴ തുകയും ഈടാക്കും.
തെറ്റായ വിവരങ്ങളിലൂടെയും വഞ്ചനാ പ്രവർത്തനങ്ങൾ വഴിയും കണക്ഷനുകൾ നൽകുന്ന പോയിന്റ് ഓഫ് സെയിൽസ് കേന്ദ്രങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. ഇത്തരം പിഒഎസ് കേന്ദ്രങ്ങൾ വഴി കണക്ഷൻ എടുത്തവർ വീണ്ടും പരിശോധിച്ച് കൃത്യത ഉറപ്പിക്കലിന് വിധേയമാകേണ്ടിയും വരും.
2025 ജനുവരി 31നു ശേഷം കൃത്യമായ വിവരങ്ങൾ ഇല്ലാതെ ഉപഭോക്താക്കളെ എൻറോൾ ചെയ്യുന്നത് പരിശോധനയിൽ പിടികൂടിയാൽ അവയ്ക്ക് ഓരോന്നിനും ബന്ധപ്പെട്ടവരിൽനിന്ന് 10 ലക്ഷം രൂപ വീതം പിഴ ചുമത്തും.
ബൾക്ക് കണക്ഷൻ, സ്ഥാപനങ്ങളിലെ കോർപറേറ്റ് ബിസിനസ് കണക്ഷൻ എന്നിവ വഴി മൊബൈൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ഇനി മുതൽ വ്യക്തിഗത കെവൈസി സ്ഥിരീകരണം നിർബന്ധമാണ്.