നടന് ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം
Thursday, December 12, 2024 1:47 AM IST
കൊച്ചി: സ്ത്രീക്കു മാത്രമല്ല പുരുഷനും അന്തസും അഭിമാനവുമുണ്ടെന്ന് ഹൈക്കോടതി. പീഡനക്കേസില്‍ നടന് ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം.
ആലുവ സ്വദേശിനിയായ നടി നല്കിയ പീഡനപരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പരാതി നല്കാന് 17 വര്‍ഷം വൈകിയതടക്കം കണക്കിലെടുത്താണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ നടപടി. 2007ല്‍ ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനെത്തിയപ്പോള്‍ കടന്നുപിടിച്ചെന്നും മുറിയിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി. സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തിയെന്ന വകുപ്പുകള്‍ പ്രകാരമാണ് ബാലചന്ദ്രമേനോനെതിരേ കേസെടുത്തത്.
ഹര്ജിക്കാരന് 40 സിനിമകള്‍ ചെയ്ത ചലച്ചിത്രകാരനാണെന്നും രാജ്യം പത്മശ്രീ നല്കി ആദരിച്ച വ്യക്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടു ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്.
അന്തസും അഭിമാനവും സ്ത്രീക്കു മാത്രമല്ല പുരുഷനുമുണ്ട്. ഈ കേസ് ഉദാഹരണമാണെന്നും കോടതി വ്യക്തമാക്കി. കേസില്‍ ബാലചന്ദ്രമേനോനു നേരത്തേ ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.