ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിമാനത്തിലെ ക്യാപ്റ്റനെ കുറ്റപ്പെടുത്തിയുള്ള യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രവ്യോമയാന മന്ത്രി റാംമോഹന് നായിഡു. ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസിദ്ധീകരിക്കുന്നതില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടാകാം. കേന്ദ്ര ഏജന്‍സിയായ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യിലാണ് താന്‍ വിശ്വാസമര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്തിമറിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെയും മന്ത്രി വിമര്‍ശിച്ചു. എഎഐബി എല്ലാവരോടും പ്രത്യേകിച്ച് പാശ്ചാത്യമാധ്യമങ്ങളോടും അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അവര്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്ന ലേഖനങ്ങളില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടാകാം.
താന്‍ എഎഐബിയില്‍ വിശ്വസിക്കുന്നു. ബ്ലാക് ബോക്സ് ഇന്ത്യയില്‍തന്നെ ഡീകോഡ് ചെയ്യുന്നതില്‍ അവര്‍ അദ്ഭുതകരമായരീതിയിലാണ് പ്രവര്‍ത്തിച്ചത്. അന്തിമറിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ എന്തെങ്കിലും അഭിപ്രായം പറയുന്നത് നല്ലതല്ല.
ഈ സമയത്ത് നിഗമനത്തില്‍ എത്തുന്നതില്‍ അര്‍ഥമില്ല. അന്തിമറിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവര്‍ക്ക് സമയം ആവശ്യമാണ്. നിരവധി ഡാറ്റകള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനാല്‍ അവര്‍ക്ക് സമയം നല്‍കണം.
നേരത്തെ ഡാറ്റകള്‍ക്കായി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ ആദ്യമായി ഇന്ത്യയില്‍വെച്ച് തന്നെ ഡാറ്റ ഡീകോഡ് ചെയ്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.