കോഴിക്കോട്: കൊടുവള്ളി സ്വർണക്കവർച്ചാ കേസിൽ മുഖ്യ സൂത്രധാരൻ ഉൾപ്പടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട കൊടുവള്ളി സ്വദേശി ബൈജുവിന്റെ കടയുടെ സമീപത്ത് തന്നെ ആഭരണനിര്‍മാണ കട നടത്തുന്ന രമേശ് ആണ് ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു.
ബൈജുവിന്റെ സുഹൃത്താണ് രമേശ്. രമേശിനെ കൂടാതെ വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. രമേശൻ ഇവര്‍ക്ക് ക്വട്ടേഷൻ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി.
കവര്‍ച്ചയ്ക്കുശേഷം സംശയം തോന്നാതിരിക്കാൻ ആക്രമിക്കപ്പെട്ട ബൈജുവിനെ രമേശ് കണ്ട് സംസാരിച്ചിരുന്നു. പ്രതികൾ വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടപ്പാക്കിയതെന്നും പോലീസ് പറഞ്ഞു.
സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് ബാഗിൽ സൂക്ഷിച്ച രണ്ട് കിലോയോളം സ്വർണവുമായി കടന്നു കളയുകയായിരുന്നു.
പോലീസ് സിസിടിവി ദൃശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.