കൊല്ലങ്കോട്: തെന്മല അടിവാരം പലകപ്പാണ്ടി ഭാഗത്തുനിന്നും വനംവകുപ്പിന്റെ ആന ഡ്രൈവിൽ തുരത്തിയതു മൂന്നു കാട്ടാനകളെ. പിന്തിരിയാൻ കൂട്ടാക്കാത്ത ആനകളെ വളരെ ശ്രമകരമായാണ് കാട്ടിലേക്കു കയറ്റിവിട്ടത്.
രണ്ടാംദിനമായ ഇന്നലത്തെ ഡ്രൈവിൽ കൊല്ലങ്കോട് ഫോറസ്റ്റ് റെയ്ഞ്ചർ പ്രമോദിന്റെ നേതൃത്വത്തിൽ ഇരുപതോളംപേർ പങ്കെടുത്തു. വരുംദിവസങ്ങളിലും പട്രോളിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനവാസമേഖലയിൽ കാട്ടാനകളിറങ്ങി നാശംവിതയ്ക്കുന്നതിനു പതിവായെന്ന പരാതിയെ തുടർന്നാണ് വനംവകുപ്പ് അധികൃതർ ആന ഡ്രൈവുമായി രംഗത്തെത്തിയത്.