എടത്തിരുത്തി: പഞ്ചായത്തിലെ കുട്ടമംഗലം - പല്ല റോഡിലെ കൾവർട്ട് തകർന്നു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്നലെ രാവിലെ ഇതുവഴി ടിപ്പർലോറി കടന്നുപോയതോടെയാണു കൾവർട്ടിന്റെ ഒരുഭാഗത്തെ സ്ലാബ് തകർന്ന് ഗർത്തം രൂപപ്പെട്ടത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
കാലപ്പഴക്കംചെന്ന കൾവർട്ടാണിത്. തോടിനോടുചേർന്നുള്ള കൾവർട്ടാണു തകർന്നത്. വലിയ ആഴത്തിലുള്ള കുഴിയാണു രൂപപ്പെട്ടിരിക്കുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കുട്ടമംഗലം - പല്ല റോഡിൽ കാലപ്പഴക്കംചെന്ന പത്തോളം കൾവർട്ടുകളാണുളളതെന്നും എത്രയുംവേഗം കൾവർട്ടുകൾ പുതുക്കിപ്പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.