ആലക്കോട്: കാർത്തികപുരം പെട്രോൾ പമ്പിന് സമീപം വളവിൽ കാറും ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. തളിപ്പറമ്പ് തിരുവട്ടൂർ സ്വദേശി മലിക്കന്റെകത്ത് ബഷീറിന്റെ ഭാര്യ അസ്ല (21) ആണ് മരിച്ചത്. രണ്ട് കുട്ടികൾ അടക്കം ആറുപേർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. രണ്ടുപേരുടെ നില ഗുരുതരമാണ്. ബന്ധുക്കളായ ഫൈസൽ (32), സഫ (25), അബ്ദുറഹ്മാൻ (12), മുഹമ്മദ് (1), ബഷീർ (27) എന്നിവർക്കാണ് പരിക്ക്.
പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നായിയിരുന്നു അപകടം. ചീക്കാട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഫിസാൻ ബസും തളിപ്പറമ്പ് തിരുവട്ടൂരിൽ നിന്നും മണക്കടവ് നീലക്കയം വെള്ളച്ചാട്ടം കാണാൻ പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറ് പൂർണ്ണമായി തകർന്നു. മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കാണാൻ ബന്ധുക്കൾ അടങ്ങുന്ന സംഘം മൂന്നു കാറുകളിൽ ആയി വിവിധ ഇടങ്ങൾ സഞ്ചരിച്ച് മണക്കടവിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്.