കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തം നേരിട്ടുബാധിച്ച 764 കുടുംബങ്ങൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 10,000 രൂപ വീതം സഹായധനം നൽകി.
മേപ്പാടിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ആറ് പേർക്ക് വേദിയിൽ സഹായധനം കൈമാറി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ദുരന്തബാധിതരെ എല്ലാവിധത്തിലും സഹായിക്കുക സമൂഹത്തിന്റെ കടമയാണെന്ന് തങ്ങൾ പറഞ്ഞു. ദുരന്തസമയം സർവരെയും ചേർത്തുപിടിച്ച മേപ്പാടി മഹല്ലിന് സമസ്ത കോ ഓർഡിനേഷൻ കമ്മിറ്റിയുടെ മെമന്റോ തങ്ങൾ സമ്മാനിച്ചു. സമസ്ത ട്രഷറർ കൊയ്യോട് പി.പി. ഉമർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്ലിയാർ, സമസ്ത പുഞ്ചിരിമട്ടം ദുരന്തസഹായ പദ്ധതി കണ്‍വീനർ എം.സി. മായിൻ ഹാജി, സെക്രട്ടറി ഡോ.എൻ.എ.എം അബ്ദുൾ ഖാദിർ, മേപ്പാടി പഞ്ചായത്തംഗം ഹാരിസ്, ഹാരിസ് ബാഖവി കന്പളക്കാട്, മുഹിയുദ്ദീൻകുട്ടി യമാനി, സമസ്ത സഹായ പദ്ധതി ജനറൽ കണ്‍വീനർ എം.ടി. അബ്ദുള്ള മുസ്ലിയാർ, വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി എന്നിവർ പ്രസംഗിച്ചു.