മന്ത്രിയുടെ ശങ്ക; നാട്ടുകാർക്ക് ആദ്യം ആശങ്ക, പിന്നെ ചിരിയായി...
Wednesday, July 6, 2022 3:33 PM IST
തൃപ്പൂണിത്തുറ: ശങ്ക തീർക്കാനെത്തിയ മന്ത്രിക്ക് എസ്കോർട്ടും പൈലറ്റും പരിവാരങ്ങളും കൂട്ടായെത്തിയപ്പോൾ ആശങ്കയിലായത് പമ്പ് ജീവനക്കാർ.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉദയംപേരൂരിലെ പമ്പിൽ ശങ്ക തീർക്കാനായി കേന്ദ്ര മന്ത്രിയെത്തിയത്. കോട്ടയത്തേക്ക് പോകും വഴി പ്രശ്നമനുഭവപ്പെട്ട വിഐപിയും സംഘവും ആദ്യം ഒരു സൂപ്പർ മാർക്കറ്റിന് മുന്നിലാണെത്തിയത്. കാര്യസാധ്യം എളുപ്പമല്ലെന്നറിഞ്ഞതോടെയാണ് സമീപത്തെ പമ്പിലേക്കെത്തിയത്.

പോലീസ് വാഹനങ്ങളും പോലീസുമെല്ലാം ഒപ്പമെത്തിയതോടെ കാര്യമെന്തെന്നറിയാതെ പമ്പിലെ വനിതാ ജീവനക്കാരും പരിഭ്രാന്തിയിലായി. ചെറിയ മഴ പെയ്തിരുന്നതുകൊണ്ട് വിഐപി നനയാതിരിക്കാൻ കുടയുമായി പോലീസുകാരും ഓടിയെത്തിയതോടെ സമീപത്തുള്ളവരുടെയെല്ലാം ശ്രദ്ധ പമ്പിലേക്കായി.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും ആകാംക്ഷാഭരിതരായി നിൽക്കുമ്പോഴാണ് ശങ്ക തീർക്കാനുള്ള ശ്രമമായിരുന്നെന്ന് ആളുകൾ തിരിച്ചറിഞ്ഞത്. ഇതോടെ ആശങ്ക, അമർത്തിപ്പിടിച്ചുള്ള ചിരിയിലേക്ക് വഴിമാറി. ഒപ്പം വീർപ്പുമുട്ടിയ അന്തരീക്ഷം കാറ്റ് പോയ ബലൂൺ പോലെയുമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.