കല്ലാറിൽ കുട്ടവഞ്ചികള്‍ റെഡി, സവാരിക്കു പോന്നോളൂ...
Thursday, June 2, 2022 5:34 PM IST
കോന്നി: കല്ലാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അടവിയില്‍ ദീര്‍ഘദൂര കുട്ടവഞ്ചിസവാരി തുടങ്ങി. വേനല്‍ക്കാലത്ത് ചെറിയ ദൂരത്തിലേക്കു മാത്രമാണ് യാത്ര ക്രമീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് സഞ്ചാരികള്‍ക്കു സഹായകമായത്.

സഞ്ചാരികളുടെ വരവ് കൂടിയതോടെ 27 പുതിയ കുട്ടവഞ്ചികള്‍ കൊണ്ടുവന്നിട്ടുണ്ട്. തമിഴ്നാട്ടിലെ ഹോഗനക്കല്‍ നിന്നാണ് കുട്ടവഞ്ചികള്‍ എത്തിച്ചത്. അടവിയില്‍നിന്നു തുടങ്ങി പാണ്ടിയാന്‍ കടവ് മുണ്ടോംമൂഴി വഴി പേരുവാലിയില്‍ അവസാനിക്കുന്നതാണ് ദീര്‍ഘദൂര യാത്ര. 900 രൂപയാണ് നിരക്ക്. നാലു പേര്‍ക്ക് ഒരു സവാരിയില്‍ യാത്ര ചെയ്യാം. വനസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് തുഴച്ചിലുകാര്‍.

അവധിക്കാലം അവസാനിക്കാറായതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടവഞ്ചി സവാരിക്കു തിരക്കാണ്. ഗള്‍ഫ് രാജ്യങ്ങളിലെ അവധിക്കാലം ജൂണില്‍ ആരംഭിക്കുന്നതും ഒട്ടെറെ കുടുംബങ്ങള്‍ നാട്ടിലെത്തുന്നതും അടവിയിലേക്കു കൂടുതല്‍ ആളുകളെത്തുന്നതിനു സഹായകമാകുമെന്ന പ്രതീക്ഷയുണ്ട്.

രാവിലെ 8.30 മുതല്‍

രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് കുട്ടവഞ്ചി സവാരി. വനം വകുപ്പിന്‍റെ ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടവഞ്ചി സവാരിയിലൂടെ ഉയര്‍ന്ന വരുമാനമാണ് ഇവിടെ കിട്ടുന്നത്.

കോന്നിയിലേക്ക് എത്തുന്ന പലരും ആദ്യം ആനത്താവളത്തിലെ ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് അടവിയിലെത്തുന്നത്. പത്തനംതിട്ടയില്‍നിന്നു കുമ്പഴ, വെട്ടൂര്‍, അതുമ്പുംകുളംവഴി നേരിട്ട് തണ്ണിത്തോട്ടിലെ അടവിയില്‍ എത്തുന്നവരും ഉണ്ട്.

കോന്നിയില്‍ വന്ന് ആനക്കൂട്ടിലെ കാഴ്ചകള്‍ കണ്ട് അടവിക്ക് എത്തുന്നവരും കുറവല്ല.
മറ്റൊരു വിഭാഗം സഞ്ചാരികള്‍ പുലര്‍ക്കാല കാഴ്ചകള്‍ തേടി കുമ്പഴ അടച്ചാക്കല്‍ വഴി ചെങ്ങറയില്‍ എത്തുന്നുമുണ്ട്.

മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന ചെങ്ങറയിലെ മലനിരകളും തമിഴ് ക്ഷേത്രങ്ങളും പ്ലാന്‍റേഷനുകളുമെല്ലാം കാമറകളില്‍ പകര്‍ത്താനാണ് ഇവരില്‍ അധികവും പുലര്‍കാലത്ത് എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.