ഒന്നാംവർഷ ബിരുദ പ്രവേശനം: അടൂർ, ആലപ്പുഴ മേഖലാതലത്തിൽ സ്പോട്ട്അലോട്ട്മെന്റ് 21 മുതൽ 23 വരെ
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്, എയ്ഡഡ്, സ്വാശ്രയം, ഐഎച്ച്ആർഡി, യുഐടി കോളജുകളിലേക്കുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് എസ്സി/എസ്ടി, ജനറൽ/ മറ്റ് സംവരണ വിഭാഗക്കാർക്ക് വിവിധ കോഴ്സുകളിലേക്ക് അടൂർ, ആലപ്പുഴ മേഖലാതലത്തിൽ 21 മുതൽ 23 വരെ സ്പോട്ട്അലോട്ട്മെന്റ് നടത്തും. ബിഎസ്സി., ബികോം, ബിഎ, എന്നീ ക്രമത്തിലാണ് സ്പോട്ട്അലോട്ട്മെന്റ്. സ്പോട്ട്അലോട്ട്മെന്റിനായി അടൂർ, ആലപ്പുഴ മേഖലകളിലെ കോളജുകളിൽ ഓപ്ഷൻ സമർപ്പിച്ച വിദ്യാർഥികളെ മാത്രമാണ് ഇതിലേക്ക് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാർ നിഷ്കർഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും അലോട്ട്മെന്റ് നടത്തുക.
സ്പോട്ട്അലോട്ട്മെന്റ് രാവിലെ 10ന് ആരംഭിക്കും. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. മേഖലാടിസ്ഥാനത്തിലുള്ള സെന്ററുകൾ ആലപ്പുഴഗവണ്മെന്റ് ആർട്സ് ആന്റ് സയൻസ് കോളജ്, അന്പലപ്പുഴ, അടൂർസെന്റ് സിറിൾസ് കോളജ്, അടൂർ എന്നിവയാണ്.
കോളജുകളിലെ ഓരോ കോഴ്സുകളുടെയും കാറ്റഗറി തിരിച്ചുള്ള ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ മനസിലാക്കിയ ശേഷം സ്പോട്ട്അലോട്ട്മെന്റിൽ പങ്കെടുക്കുക. സൈറ്റിൽ നൽകിയിട്ടുള്ള ഒഴിവുകൾക്ക് പുറമെ, സ്പോട്ട്അലോട്ട്മെന്റ് നടക്കുന്പോൾ നിലവിൽ അഡ്മിഷൻ ലഭിച്ചവർ പുതിയ അഡ്മിഷൻ നേടി മാറുകയാണെങ്കിൽ അങ്ങനെയുള്ള ഒഴിവുകളും (Arising Vacancies) ഈ അലോട്ട്മെന്റ് നടപടിയിൽ നികത്തുന്നതാണ്. നിലവിൽ ഒഴിവ് കാണിച്ചിട്ടില്ലാത്ത കോഴ്സുകളിലും ഇപ്രകാരം Arising Vacancies ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന കാര്യം സ്പോട്ട്അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികൾ മനസിലാക്കണം.
നിലവിൽ ഏതെങ്കിലും കോളജിൽ അഡ്മിഷൻ എടുത്തവർക്കും സ്പോട്ട്അലോട്ട്മെന്റിൽ പങ്കെടുക്കാം. എന്നാൽ അവർ സ്പോട്ട്അലോട്ട്മെന്റിൽ പങ്കെടുത്ത് അഡ്മിഷൻ ഉറപ്പായെങ്കിൽ മാത്രമേ നിലവിൽ അഡ്മിഷൻ എടുത്ത കോളജിൽ നിന്നും ടിസിയും മറ്റു സർട്ടിഫിക്കറ്റുകളും തിരിച്ചു വാങ്ങാൻ പാടുള്ളൂ. അവർ സ്പോട്ട്അലോട്ട്മെന്റിനായി ഓപ്ഷൻ സമർപ്പിച്ച പ്രിന്റ്ഔട്ട്, കോളജിലെ തിരിച്ചറിയൽകാർഡ് എന്നിവ ഹാജരാക്കണം. ഇതുവരെ അഡ്മിഷൻ നേടാതെ സ്പോട്ട്അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്നവരുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അലോട്ട്മെന്റ് ലഭിച്ചാൽ ഒടുക്കേണ്ട യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് (എസ്ടി/എസ്സി വിഭാഗങ്ങൾക്ക് 930 രൂപ, ജനറൽ/ മറ്റ് സംവരണവിഭാഗങ്ങൾക്ക് 1850 രൂപ) കൈയിൽ കരുതണം. ഇതിനായി സമയം അനുവദിക്കുന്നതല്ല. മുന്പ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതണം.
സ്പോട്ട്അലോട്ട്മെന്റിൽ ഒരു സീറ്റ് സ്വീകരിച്ചാൽ യാതൊരു കാരണവശാലും അത് മാറ്റി നൽകുന്നതല്ല. സ്പോട്ട്അലോട്ട്മെന്റിൽ ഏതെങ്കിലും ഒരു വിഷയത്തിന് അലോട്ട്മെന്റ് സ്വീകരിച്ചവരെ മറ്റൊരു വിഷയത്തിനായി പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ചവർ അപ്പോൾ തന്നെ ഹാൾവിട്ട് പുറത്തു പോകണം.
സ്പോട്ട്അലോട്ട്മെന്റ് രണ്ടു കേന്ദ്രങ്ങളിൽ ഒരേസമയം നടക്കുന്നതിനാൽ വിദ്യാർഥിക്ക് ഒരു പ്രതിനിധിയെ ഒരു കേന്ദ്രത്തിലേക്ക് അയക്കാം. ആയതിനാൽ രണ്ടുകേന്ദ്രങ്ങളിൽ നിന്നും അലോട്ട്മെന്റ് സ്വീകരിക്കാതിരിക്കാൻ വിദ്യാർഥി പ്രത്യേകം ശ്രദ്ധിക്കുക.
കോവിഡ് പ്രോട്ടോകോൾ അഡ്മിഷൻ സമയത്ത് നിർബന്ധമായും പാലിക്കണം.
പരീക്ഷാഫലം
2020 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബിബിഎ (വിദൂരവിദ്യാഭ്യാസം 2013 & 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ.
2020 ഒക്ടോബറിൽ നടത്തിയ ഒൻപതാം സെമസ്റ്റർ ബിആർക്ക് സപ്ലിമെന്ററി (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.