ബിരുദപ്രവേശനം; നാലാം അലോട്ട്മെന്റായി, പ്രവേശനം 21നകം നേടണം
ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ 21നു വൈകുന്നേരം നാലിനകം ഓണ്‍ലൈനായി സർവകലാശാല ഫീസടച്ച് സ്ഥിരപ്രവേശനം ഓണ്‍ലൈനായി കണ്‍ഫേം ചെയ്യണം.
പ്രവേശനം ലഭിച്ച കോളജുമായി ബന്ധപ്പെട്ട് നിശ്ചിത കോളജ് ഫീസടച്ച് പ്രവേശനം സ്ഥിരപ്പെടുത്തണം. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനമെടുത്തവരും സ്ഥിരപ്രവേശനമെടുക്കണം.
21നു വൈകുന്നേരം നാലിനകം ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്മെന്റ് കണ്‍ഫേം ചെയ്യാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കപ്പെടും.
കോളജുകൾ പ്രവേശനം കണ്‍ഫേം ചെയ്തതിന്റെ തെളിവായി ലഭിക്കുന്ന കണ്ഫർമേഷൻ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
കണ്ഫർമേഷൻ സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സ്വീകരിക്കില്ല. നാലാം അലോട്ട്മെന്റിനുശേഷം എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമേ താൽക്കാലിക പ്രവേശനം സാധ്യമാകൂ. മറ്റു വിഭാഗക്കാർക്ക് നാലാം അലോട്ട്മെന്റിനുശേഷം താൽക്കാലിക പ്രവേശനം അനുവദിക്കില്ല. ഒന്നാം സെമസ്റ്റർ ക്ലാസുകൾ 22ന് ആരംഭിക്കും.
സപ്ലിമെന്ററി അലോട്ട്മെന്റിനായി നവംബർ ആറു മുതൽ ഒന്പതുവരെ പുതുതായി ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്കടക്കം എല്ലാ വിഭാഗക്കാർക്കുമായാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.
നിലവിൽ പ്രവേശനം ലഭിച്ചവർ സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ച് അലോട്ട്മെന്റ് ലഭിച്ചാൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. പുതിയ അലോട്ട്മെന്റിലേക്ക് നിർബന്ധമായും പ്രവേശനം നേടണം. ഓണ്‍ലൈൻ അപേക്ഷയിലെ തെറ്റുമൂലം അലോട്ട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും ഫീസ് പ്രത്യേകം അടയ്ക്കാതെ പുതുതായി ഓപ്ഷൻ നൽകാം. നിലവിലുള്ള അപേക്ഷ നന്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന ക്യാപ് വെബ്സൈറ്റിലെ ’അക്കൗണ്ട് ക്രിയേഷൻ’ ലിങ്കിൽ പ്രവേശിക്കുന്പോൾ ലഭിക്കുന്ന പുതിയ അപേക്ഷ നന്പരും നിലവിലുള്ള പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതുതായി ഓപ്ഷൻ നൽകാം. പുതിയ അപേക്ഷ നന്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം.
ലോഗിൻ ചെയ്ത് അപേക്ഷയിൽ മുന്‍പ് വന്നിട്ടുള്ള തെറ്റുകൾ തിരുത്താവുന്നതും പുതുതായി ഓപ്ഷൻ നൽകാം. മുന്‍പ് രജിസ്ട്രേഷൻ നടത്താത്തവർക്കും മറ്റുള്ളവർക്കും ഫീസടച്ച് സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിന് ശ്രമിക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയ ശേഷം അപേക്ഷ ’സേവ്’ ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം ക്യാപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പിജി പ്രവേശനം; ഓണ്‍ലൈൻ രജിസ്ട്രേഷൻ 21 വരെ
ക്യാപ് ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ 21ന് വൈകുന്നേരം നാലിന് അവസാനിക്കും.
www.cap.mu.ac.in എന്ന ക്യാപ് വെബ്സൈറ്റിലെ പിജി ക്യാപ് 2020 ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
മെരിറ്റ് സീറ്റിലേക്കും എസ്സി, എസ്ടി, എസ്ഇബിസി, ഇഡബ്ല്യൂഎസ് സംവരണ സീറ്റിലേക്കും ക്യാപ് സംവിധാനത്തിലൂടെയാണ് അലോട്ട്മെന്റ്. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. 21ന് വൈകുന്നേരം നാലുവരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം ലഭിക്കും.
ആദ്യ അലോട്ട്മെന്റ് നവംബർ അഞ്ചിന് നടക്കും. ഒന്നാംവർഷ പിജി ക്ലാസുകൾ നവംബർ 30ന് ആരംഭിക്കും.