പിജി പ്രവേശനം: ഏകജാലക ഓണ്‍ലൈൻ രജിസ്ട്രേഷന് തുടക്കം
കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കു പ്രവേശനത്തിന് ഏകജാലക ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ"പി.ജി. കാപ് 2020’ എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
മാനേജ്മെന്റ്, കമ്യൂണിറ്റി സീറ്റുകളിലേക്കും ലക്ഷദ്വീപ് നിവാസികൾക്ക് സംവരണം ചെയ്ത സീറ്റുകളിലേക്കും അപേക്ഷിക്കുന്നവർ ഏകജാലക ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയശേഷം അപേക്ഷാനന്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷയ്ക്കൊപ്പം നൽകണം. ഏകജാലക രജിസ്ട്രേഷൻ നടത്താത്തവർക്കു മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാകില്ല. ഭിന്നശേഷി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട സീറ്റുകളിലേക്കും ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളിൽ ഓണ്‍ലൈനായി നടക്കും.
ഓണ്‍ലൈനായി പ്രവേശനം:
കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനം പൂർണമായും ഓണ്‍ലെെനിലാണ് നടക്കുക. സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ്, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ടസ് വായിച്ചശേഷം അപേക്ഷ നൽകുക. സംവരണാനുകൂല്യത്തിനായി പ്രോസ്പെക്ടസിൽ നിർദേശിക്കുന്ന സാക്ഷ്യപത്രങ്ങൾ തന്നെയാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. നിർദിഷ്ട സാക്ഷ്യപത്രങ്ങൾക്കു പകരം മറ്റുള്ളവ അപ്ലോഡ് ചെയ്താൽ പ്രവേശനം റദ്ദാക്കപ്പെടാം.
അപ്ലോഡ് ചെയ്യേണ്ട സാക്ഷ്യപത്രങ്ങൾ:
എസ്സി, എസ്ടി സംവരണാനുകൂല്യം ജാതി സർട്ടിഫിക്കറ്റ്
എസ്ഇബിസി, ഒഇസി സംവരണാനുകൂല്യം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (ഒറ്റ ഫയലായി) അല്ലെങ്കിൽ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റ്
ഇഡബ്ല്യുഎസ് ഇൻകം ആൻഡ് അസറ്റ്സ് സർട്ടിഫിക്കറ്റ്
എൻസിസി, എൻഎസ്എസ് ബോണസ് മാർക്കിന് ബിരുദതലത്തിലെ സാക്ഷ്യപത്രം
വിമുക്തഭടൻ, ജവാൻ ആശ്രിതർക്കുള്ള ബോണസ് മാർക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നുള്ള സാക്ഷ്യപത്രം (കര/നാവിക/വ്യോമസേനാ വിഭാഗം മാത്രം)
സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ടു ലക്ഷം രൂപയിൽ കൂടുതലായി നൽകിയ ശേഷം സംവരണം ആവശ്യമില്ലെന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം.
എസ്സി, എസ്ടി വിഭാഗത്തിന് 725 രൂപയും മറ്റുള്ളവർക്ക് 1,250 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും. ഓണ്‍ലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അക്ഷയകേന്ദ്രങ്ങളെയും മറ്റും ആശ്രയിക്കുന്നവർ തിരക്ക് ഒഴിവാക്കി സാമൂഹിക അകലം പാലിച്ച് ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താൻ ശ്രദ്ധിക്കണം.
എംബിഎ പുനർമൂല്യനിർണയം; മെമ്മോ അയച്ചു
2019 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ പുനർമൂല്യനിർണയം പൂർത്തീകരിച്ചു. അപേക്ഷ സമർപ്പിച്ചവർക്കു പുനർമൂല്യ നിർണയഫലം ഉൾക്കൊള്ളിച്ച മെമ്മോ തപാൽമാർഗം അയച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു.