നാക് ഗ്രേഡ് ഉയർത്താൻ കാലിക്കട്ടിൽ ഒരുക്കം, ഒരു വർഷത്തെ പദ്ധതികൾ നടപ്പാക്കും
തേഞ്ഞിപ്പലം: യുജിസി നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്സിലിന്റെ (നാക്) നാലാംഘട്ട വിലയിരുത്തലിനു മുന്നോടിയായി ഒരു വർഷം നീളുന്ന പദ്ധതികൾ കാലിക്കട്ട് സർവകലാശാലയിൽ നടപ്പാക്കും. പള്ളിക്കൽ, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, ചേലേന്പ്ര, പെരുവള്ളൂർ പഞ്ചായത്തുകളുമായി സഹകരിച്ച് അക്കഡേമിക്, സാമൂഹിക സേവന പദ്ധതികൾ നടപ്പാക്കും. വിദഗ്ധരുടെ നേതൃത്വത്തിൽ സർവകലാശാല പഠന വകുപ്പുകളുടെ അക്കഡേമിക് പ്രവർത്തനങ്ങളും വിലയിരുത്തും.
ഉൗരാളുങ്കൽ ലേബർ സഹകരണ സംഘവുമായി ചേർന്ന് പദ്ധതികൾ തയാറാക്കുന്നതിനു വേണ്ട സഹായങ്ങൾ നൽകാമെന്നു ചെയർമാൻ രമേശൻ പാലേരിയും വ്യക്തമാക്കിയിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി സർവകലാശാലയിൽ പുതുതായി രൂപീകരിച്ച സമിതിയിലെ അംഗമാണ്. ഇതിനായി പ്രവർത്തിക്കുന്ന ഐക്യുഎസി സമിതിക്ക് യുക്തമായ കെട്ടിടം നിർമിക്കുന്നത് അടുത്ത സിൻഡിക്കറ്റ് യോഗം പരിഗണിക്കും. ഈ സമിതിക്ക് പ്രത്യേക ബജറ്റ് അനുവദിക്കുന്നതും പരിഗണിക്കാനാണ് ധാരണ. വിവരശേഖരണം, വിവരങ്ങളുടെ വിലയിരുത്തൽ, സാമൂഹികസേവനം, സാങ്കേതിക വിദ്യയുടെ ഉപയോഗം, നൈപുണ്യവികസനം, തൊഴിലവസരം ലഭ്യമാക്കൽ, തുടങ്ങിയ മേഖലകളിലെല്ലാം സഹകരിക്കാമെന്നാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ വാഗ്ദാനമെന്ന് ഐക്യുഎസി ഡയറക്ടർ ഡോ. പി. ശിവദാസൻ പറഞ്ഞു. പ്രഫ എം.മനോഹരനെ നാക് കോഓർഡിനേറ്ററായും പ്രഫ. ഏബ്രഹാം ജോസഫിനെ അസിസ്റ്റന്റ് കോഓർഡിനേറ്ററായും നിയമിക്കുവാനും സമിതി ശിപാർശ ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
പുതിയ സമിതിയുടെ പ്രഥമ യോഗത്തിൽ വൈസ് ചാൻസലർ ഡോ. വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. സി.എൽ. ജോഷി, സിൻഡിക്കറ്റ് അംഗങ്ങളായ കെ.കെ ഹനീഫ, പ്രഫ. എം. മനോഹരൻ, ഇ.എം.എസ് ചെയർ കോഓർഡിനേറ്റർ പി. അശോകൻ എന്നിവർ പങ്കെടുത്തു. വിവിധ പ്രവർത്തനങ്ങൾ ഐക്യുഎസി ഡയറക്ടർ പ്രഫ. പി. ശിവദാസൻ വിശദീകരിച്ചു. മികച്ച നാഷനൽ ഗ്രേഡ് ലഭ്യമാകുന്നതിന് യോജിച്ചു പ്രവർത്തിക്കുന്നതിനാണ് മുന്നൊരുക്കം. 2021 സെപ്റ്റംബറിലാണ് അടുത്ത ഗ്രേഡിനായി നാക് സംഘം സർവകലാശാലയിലെത്തുക.