സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ജൂലൈ അഞ്ചിന്
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) ജൂലൈയിൽ നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനു (സിടെറ്റ്) അപേക്ഷിക്കാം. ജൂലൈ അഞ്ചിനാണ് ഇത്തവണത്തെ സിടെറ്റ്. ഫെബ്രുവരി 24 നകം ഓണ്ലൈനായി അപേക്ഷിക്കണം. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഫെബ്രുവരി 27.
രണ്ടു പേപ്പറുകളാണ് സിടെറ്റിനുള്ളത്. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക് അധ്യാപകരാകാൻ ഉദ്ദേശിക്കുന്നവർ പേപ്പർ ഒന്നും ആറു മുതൽ എട്ടുവരെ ക്ലാസുകളിലെ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർ പേപ്പർ രണ്ടും എഴുതേണ്ടതാണ്. എന്നാൽ ഇരു വിഭാഗം ക്ലാസുകളിലും അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർ രണ്ടു പേപ്പറുകളും എഴുതണം. അപേക്ഷാ ഫീസ് ഒരു പേപ്പറിന് 1000 രൂപ. രണ്ടു പേപ്പറിനും കൂടി 1200 രൂപ. സംവരണ വിഭാഗങ്ങൾക്ക് ഇത് യഥാക്രമം 500, 600 രൂപ. പേപ്പർ ഒന്ന് രാവിലെ 9.30 മുതൽ 12 വരെയും പേപ്പർ രണ്ട് ഉച്ച കഴിഞ്ഞ് രണ്ടു മുതൽ 4.30 വരെയുമാണ്.
അപേക്ഷാർഥി കണ്ഫർമേഷൻ പേജും ഇ ചെലാന്റെ കോപ്പിയും സൂക്ഷിച്ചു വയ്ക്കണം. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലേക്ക് അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയാണ് സിടെറ്റ്. സിടെറ്റ് യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കു കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, ടിബറ്റൻ സ്കൂളുകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതാ പരീക്ഷയാണ് സിടെറ്റ് ഫലം പ്രഖ്യാപിച്ച ശേഷം ഏഴു വർഷമാണു സി ടെറ്റിന്റെ കാലാവധി. ഇംഗ്ലീഷും മലയാളവും ഉൾപ്പടെയുള്ള ഭാഷകളിലാണു സി ടെറ്റ് നടത്തുന്നത്.
എസ്സി, എസ്ടി, ഒബിസി, വ്യത്യസ്ത കഴിവുള്ള വിഭാഗങ്ങൾക്ക് അടിസ്ഥാന യോഗ്യതാപരീക്ഷയുടെ മാർക്കിൽ അഞ്ചു ശതമാനം ഇളവു ലഭിക്കും. സ്പെഷൽ എഡ്യൂക്കേഷൻ ഡിഎഡ്, ബിഎഡ് യോഗ്യതയുള്ളവർ നിയമനം നേടിയശേഷം എൻസിടിഇ അംഗീകാരമുള്ള ആറു മാസത്തെ സ്പെഷൽ പ്രോഗ്രാം ഇൻ എലിമെന്ററി എഡ്യൂക്കേഷൻ പരിശീലനം നേടണം.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. യോഗ്യത അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് www.ctet.nic.in.