ജീവൻ രക്ഷാ ടെക്നിക്കിൽ പരിശീലനം നൽകി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബേസിക് ലൈഫ് സപ്പോർട്ടിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. അപകടങ്ങളും അത്യാഹിതങ്ങളുമുണ്ടാവുന്പോൾ എടുക്കേണ്ട മുൻകരുതലുകളും പ്രാഥമിക സുശ്രൂഷയും സംബന്ധിച്ച അവബോധം ക്ലാസിൽ നൽകി.
ആസ്റ്റർ മിംസിലെ ഡോ. പി.പി. വേണു ഗോപാലൻ, ഡോ. ഹമീദ് എന്നിവർ ക്ലാസുകൾ നയിച്ചു. ലൈഫ്ലോംഗ് വിഭാഗം മേധാവി പ്രഫ. സി. നസീമ, പ്രഫ. കെ.പി. മീര തുടങ്ങിയവർ പ്രസംഗിച്ചു.
42ാം ബൊട്ടാണിക്കൽ കോണ്‍ഫറൻസ് കാലിക്കട്ടിൽ
തേഞ്ഞിപ്പലം: ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ 42ാമത് കോണ്‍ഫറൻസും, സസ്യശാസ്ത്ര ഗവേഷണത്തിലെ കണ്ടുപിടുത്തങ്ങളും നൂതന പ്രവണതകളും എന്ന വിഷയത്തിലുള്ള സിംപോസിയവും കാലിക്കട്ട് സർവകലാശാലയിൽ നവംബർ ആറ്, ഏഴ്, എട്ട് തിയതികളിൽ നടക്കും.
കാലിക്കട്ട് സർവകലാശാല ബോട്ടണി പഠനവകുപ്പാണ് ആതിഥ്യം വഹിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 500 ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും. സമ്മേളനത്തിന്റെ വെബ്സൈറ്റിന്റെയും പ്രൊമൊ വീഡിയോയുടെയും ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറും സിൻഡിക്കറ്റ് അംഗം കെ.കെ. ഹനീഫയും നിർവഹിച്ചു. വൈസ് ചാൻസലർ മുഖ്യ രക്ഷാധികാരിയും വകുപ്പധ്യക്ഷൻ ഡോ. വി.വി. രാധാകൃഷ്ണൻ കണ്‍വീനറും, പ്രഫ. സന്തോഷ് നന്പി ഓർഗനൈസിംഗ് സെക്രട്ടറിയായുമുള്ള വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ഇത് രണ്ടാം തവണയാണ് സമ്മേളനത്തിന് കാലിക്കട്ട് ആതിഥ്യമരുളുന്നത്.
അന്താരാഷ്ട്ര ഫോക്ലോർ ദിനാചരണം നടത്തി
തേഞ്ഞിപ്പലം: അന്താരാഷ്ട്ര ഫോക്ലോർ ദിനത്തിന്റെ ഭാഗമായി സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ സർവകലാശാലാ രജിസ്ട്രാർ പ്രഫ. എം. മനോഹരൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ഗോവിന്ദ വർമ്മരാജ, മലയാളം സർവകലാശാലാ പ്രഫസർ ഡോ. കെ.എം. ഭരതൻ, സിനീഷ് വേലിക്കുനി എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ചടങ്ങിൽ എ.വി. അജയകുമാർ അധ്യക്ഷം വഹിച്ചു. സിൻഡിക്കറ്റ് അംഗം പ്രഫ. ഷംഷാദ് ഹുസൈൻ പ്രഭാഷണം നടത്തി. ഡോ. സി. ജിഷ, ഷിധിൻ പ്രസംഗിച്ചു. ഫോക്ലോർ ഫെല്ലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.