കാലിക്കട്ട് : പരീക്ഷാ നടത്തിപ്പ് സുഗമമാക്കാൻ ചോദ്യബാങ്ക് തയാറാക്കും
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പ് എളുപ്പമാക്കുന്നതിന് എല്ലാ വിഷയങ്ങളിലും ചോദ്യബാങ്ക് തയാറാക്കും. വിവിധ തലത്തിലുള്ള ചോദ്യങ്ങൾ അടങ്ങിയതാവും ചോദ്യബാങ്ക്. ഇത് തയാറാക്കുന്നതോടെ പരീക്ഷാ നടത്തിപ്പിലുണ്ടാകുന്ന കാലതാമസം, സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ വരുന്ന സാഹചര്യം, ചോദ്യങ്ങളുടെ ആവർത്തനം, തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാവും. ചോദ്യബാങ്ക് തയാറാക്കുന്നതിൽ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്കുള്ള ദ്വിദിന പരിശീലനം കാലിക്കട്ട് സർവകലാശാലയിൽ ആരംഭിച്ചു.
വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ കാര്യക്ഷമത പരീക്ഷാ നടത്തിപ്പിലെ കാര്യക്ഷമതയുമായി ബന്ധപ്പെട്ടതാണെന്നും പരീക്ഷാ നടത്തിപ്പ് ആധുനിക വത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രാർ ഡോ.എം.മനോഹരൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റ് അംഗങ്ങളായ പ്രഫ. എം.എം.നാരായണൻ, കെ.കെ. ഹനീഫ, ഡോ.റിജുലാൽ, ഡോ.റഷീദ് അഹമ്മദ്, ഡോ.കെ.പി. വിനോദ്കുമാർ, പരീക്ഷാ കണ്ട്രോളർ ഡോ.പി. ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. പുനെ സർവകലാശാലാ ഐടി മാനേജർ ഡോ.ലളിത് പവാർ പരീക്ഷാ നടത്തിപ്പിലെ ആധുനിക വത്കരണത്തെക്കുറിച്ച് ക്ലാസെടുത്തു.
ഹിന്ദു സ്വരാജും ഇന്ത്യയിലെ അധിനിവേഷ വിരുദ്ധ ചിന്തയും; സെമിനാർ സംഘടിപ്പിക്കുന്നു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ചരിത്ര പഠനവിഭാഗം, കേരള ചരിത്ര ഗവേഷണ കൗണ്സിലുമായി സഹകരിച്ച് "ഹിന്ദു സ്വരാജും ഇന്ത്യയിലെ അധിനിവേഷ വിരുദ്ധ ചിന്തയും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 30ന് രാവിലെ പത്തിന് സർവകലാശാല ടാഗോർ നികേതൻ ഹാളിലാണ് സെമിനാർ. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. കെസിഎച്ച്ആർ ചെയർമാൻ പ്രഫ. മൈക്കൽ തരകൻ, പ്രഫ. ഗോപാലൻ കുട്ടി, പ്രഫ.സനൽ മോഹൻ, പ്രഫ.പി.പി.അബ്ദുൽ റസാഖ് തുടങ്ങിയവർ പങ്കെടുക്കും.