പ്രതിപക്ഷത്തിന്റെ ഇന്ത്യാവതാരം
പുതിയ പാർലമെന്റ് മന്ദിരവും അടുത്ത വർഷം തുറക്കുന്ന അയോധ്യയിലെ ക്ഷേത്രവുമുൾപ്പെടെയുള്ളവയെ ബിജെപി തെരഞ്ഞെടുപ്പിൽ ഏതുവിധമാകും ഉപയോഗിക്കുകയെന്നു പ്രവചിക്കാനാവില്ല.
ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് ഷേക്സ്പിയറിനെപ്പോലെ ചിന്തിക്കാൻ ഭരണമുന്നണിയായ എൻഡിഎയ്ക്ക് ഇനിയാവില്ല. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ അവർക്ക് ഇനി ‘ഇന്ത്യ’യെന്ന വാക്ക് സൂക്ഷിച്ച് ഉപയോഗിക്കേണ്ടിവരും.
കാരണം, അതായിപ്പോയി ശത്രുമുന്നണിയുടെ പേര്. ബംഗളൂരുവിൽ ചേർന്ന 26 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സഖ്യത്തിന്റെ പേര് ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്നു പ്രഖ്യാപിച്ചത്. ഏതൊരിന്ത്യക്കാരന്റെയും മസ്തിഷ്കത്തിൽ കേൾക്കുന്ന നിമിഷംതന്നെ സ്ഥാനമുറപ്പിക്കുന്ന പേര്. അവരുടെ ഹൃദയത്തിൽ ‘ഇന്ത്യ’ക്കു കയറിപ്പറ്റാനാകുമോയെന്നേ ഇനി അറിയേണ്ടതുള്ളൂ. അതിലും വിജയിച്ചാൽ ‘ഇന്ത്യ’ ചരിത്രമെഴുതും.
പ്രതിപക്ഷ മുന്നണിയുടെ പേരുതന്നെ എൻഡിഎയ്ക്കെതിരേയുള്ള പ്രതിരോധത്തിന്റെ ആയുധമാക്കുമെന്ന് ബംഗളൂരുവിലെ പ്രഖ്യാപനം കേട്ടാലറിയാം. ‘‘ഇന്ത്യയുടെ ഭരണഘടനയെയും ഇന്ത്യക്കാരുടെ ശബ്ദത്തെയും ഇന്ത്യയുടെ ആശയങ്ങളെയും ‘ഇന്ത്യ’ സംരക്ഷിക്കും. എൻഡിഎയും ഇന്ത്യയും തമ്മിലാണു മത്സരം. നരേന്ദ്ര മോദിയും ‘ഇന്ത്യ’യും തമ്മിൽ, അദ്ദേഹത്തിന്റെ ആശയങ്ങളും “ഇന്ത്യ’യും തമ്മിൽ’’- രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ശബ്ദം അവർ അടിച്ചമർത്തിയെന്നും ആ ശബ്ദത്തിനുവേണ്ടിയുള്ള പോരാട്ടമായതിനാലാണ് ‘ഇന്ത്യ’ എന്ന പേര് തെരഞ്ഞെടുത്തതെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേ, പേരിൽ കാര്യമുണ്ട്.
26 വിധത്തിൽ ചിന്തിക്കുന്ന 26 പാർട്ടികളാണ് പുത്തൻ മുന്നണിയിലുള്ളതെന്നതും മുന്നണി വിജയിച്ചാൽ പ്രധാനമന്ത്രിയാകാൻ കൊതിക്കുന്നവരുടെ എണ്ണം ഒന്നോ രണ്ടോ അല്ലെന്നതും ഒന്നിച്ചു നിൽക്കുന്പോഴും തനിച്ചുള്ള വളർച്ച ലക്ഷ്യമിടുന്ന പാർട്ടികളാണ് ഏറെയുമെന്നതുമൊക്കെ ‘ഇന്ത്യ’യുടെ അപകട സാധ്യതകളാണ്. പുതിയ പ്രതിപക്ഷമുന്നണിയെ കണക്കറ്റു പരിഹസിക്കുന്നുണ്ട് ബിജെപിയും സഖ്യകക്ഷികളും. ജയിലനുഭവങ്ങൾ പങ്കുവയ്ക്കാൻ അഴിമതിക്കാൻ ഒന്നിച്ചുകൂടിയിരിക്കുന്ന മുന്നണിയാണിതെന്നു മോദി ആഴ്ചകൾക്കു മുന്പുതന്നെ ആക്ഷേപിച്ചിരുന്നു. പ്രതിപക്ഷം അഴിമതി ഉറപ്പുനല്കുമ്പോള് എല്ലാ അഴിമതിക്കാര്ക്കുമെതിരേയുള്ള അന്വേഷണമാണ് താൻ ഉറപ്പുനല്കുന്നതെന്നാണ് മോദി കഴിഞ്ഞ മാസം ഭോപ്പാലിൽ ബിജെപിക്കാരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞത്.
പക്ഷേ, സ്വന്തം പാർട്ടിയിലെയും മറ്റു പാർട്ടികളിൽനിന്നു ബിജെപിയിൽ ചേക്കേറുന്നവരുടെയും അഴിമതി അന്വേഷിക്കാതിരിക്കുന്നതും ഉള്ളതു മരവിപ്പിക്കുന്നതും എന്തുകൊണ്ടാണെന്ന വിമർശനത്തോട് അദ്ദേഹം പ്രതികരിക്കില്ല. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ മതവും ദേശീയതയും ഭീകരവാദവും മാത്രമല്ല, പ്രതിപക്ഷത്തിനെതിരേയുള്ള അഴിമതിയന്വേഷണവും ബിജെപിയുടെ ആയുധമായിരിക്കുമെന്ന് പ്രതിപക്ഷം കരുതിയിരിക്കേണ്ടതുണ്ട്. അതിനെ ‘ഇന്ത്യ’ ഏതു വിധം ചെറുക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളു.
ഒരു കാര്യം ഉറപ്പായിട്ടുണ്ട്. ഒറ്റയ്ക്കുനിന്നാൽ എൻഡിഎയെ തൊടാനാവില്ലെന്നും ഏതെങ്കിലും സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയാലും കേന്ദ്രത്തിൽ ബിജെപി വാഴുവോളം സ്വൈരമായി ഭരിക്കാനാവില്ലെന്നുമുള്ള അപകടം തിരിച്ചറിഞ്ഞ പ്രതിപക്ഷം ഇത്തവണ ഒന്നിച്ചിരിക്കാനെങ്കിലും തയാറായിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഇത്തിരിയെങ്കിലും സ്വാധീനമുള്ള കർണാടകത്തിലെ കോൺഗ്രസ് വിജയം അവർക്കു മാത്രമല്ല, പ്രതിപക്ഷത്തിനാകെ ഉണർവായിട്ടുമുണ്ട്. പ്രതിപക്ഷമുന്നണിയുടെ കേന്ദ്രസ്ഥാനത്ത് ഔദ്യോഗികമായല്ലെങ്കിലും സ്ഥാനമുറപ്പിക്കാൻ കർണാടകം കോൺഗ്രസിനു വഴിയൊരുക്കി. ബിജെപിയെ നേരിടാൻ പക്ഷേ, ആ ആത്മവിശ്വാസം മതിയാകില്ല. കാരണം, അധികാരത്തിലെത്താനുള്ള വോട്ടുരാഷ്ട്രീയവും തെരഞ്ഞെടുപ്പനന്തര തന്ത്രങ്ങളുമൊന്നും ബിജെപിയെ പഠിപ്പിക്കാൻ പ്രതിപക്ഷം വളർന്നിട്ടില്ല.
സർക്കാർ രൂപീകരണത്തിലെ കുതിരക്കച്ചവടവും അഴിമതിയുമൊന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പുതുമയല്ലെങ്കിലും ബിജെപി അതിനെ ഉത്തുംഗശൃംഗത്തിലെത്തിച്ചു. 2014ൽ അരുണാചൽ പ്രദേശിലും 2017ൽ മണിപ്പുരിലും ഗോവയിലും 2018ൽ കർണാടകയിലും മേഘാലയയിലും 2020ൽ മധ്യപ്രദേശിലും ഇക്കൊല്ലം മഹാരാഷ്ട്രയിലുമൊക്കെ ജനവിധി മറിച്ചായിട്ടും ബിജെപി അധികാരം പിടിച്ചു. അതൊന്നും അഴിമതിയായി മോദി കാണുന്നുമില്ല.
ദക്ഷിണേന്ത്യ കൈവിട്ടാലും ഉത്തരേന്ത്യയെ കൈപ്പിടിയിലൊതുക്കി രാജ്യഭരണം കൈയാളാൻ ശ്രമിക്കുന്ന ബിജെപിക്ക് രാജസ്ഥാനും മധ്യപ്രദേശും ഡൽഹിയും പഞ്ചാബും മഹാരാഷ്ട്രയുമൊന്നും അത്ര എളുപ്പമായിരിക്കില്ലെന്ന തിരിച്ചറിവുമുണ്ട്. അവർക്കു പുതിയ തന്ത്രങ്ങളുണ്ടാകും. പുതിയ പാർലമെന്റ് മന്ദിരവും അടുത്ത വർഷം ആദ്യം തുറക്കുന്ന അയോധ്യയിലെ ക്ഷേത്രവുമുൾപ്പെടെയുള്ളവയെ ബിജെപി തെരഞ്ഞെടുപ്പിൽ ഏതുവിധമാകും ഉപയോഗിക്കുകയെന്നു പ്രവചിക്കാനാവില്ല. അതെന്തായാലും, ‘ഇന്ത്യ’ക്കെതിരേ അരയും തലയും മുറുക്കി പ്രവർത്തിക്കേണ്ട അവസ്ഥയിലാണ് എൻഡിഎ. ഇന്ത്യാവതാരം ശത്രുസംഹാരം നടത്തി പ്രതിപക്ഷത്തെ രക്ഷിക്കുമോയെന്നറിയാൻ ഇനി മാസങ്ങളേയുള്ളൂ. അതുവരെ ‘ഇന്ത്യാവിഭജനം’ സംഭവിക്കാതിരിക്കാനും ജാഗ്രത വേണം.