പ്രണയബന്ധം തകർന്നത് സ്‌ഥിരീകരിച്ച് വരലക്ഷ്മി
Wednesday, September 28, 2016 5:16 AM IST
നടൻ ശരത്കുമാറിന്റെ മകളും തെന്നിന്ത്യൻ താരവുമായ വരലക്ഷ്മിയും നടൻ വിശാലും തമ്മിലുള്ള പ്രണയം വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ വരലക്ഷ്മിയുടെ പുതിയ ട്വീറ്റാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.

ട്വീറ്റ് ഇങ്ങനെ: വേർപിരിയുന്ന രീതികളൊക്കെ വളരെ നിലവാര താഴ്ചയിലാണ്. ഏഴ് വർഷം പഴക്കമുള്ള ബന്ധം അവസാനിപ്പിക്കുന്ന കാര്യം ഒരാൾ മാനേജരിലൂടെ തന്നെ അറിയിച്ചു. ലോകം എവിടെ എത്തി നിൽക്കുന്നു. സ്നേഹം എവിടെയാണ്?

ഇതാണ് വരലക്ഷ്മിയുടെ ട്വിറ്ററിലെ സന്ദേശം. വിശാലിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിലും ഇരുവരുടെയും ബന്ധം തകർന്നുവെന്ന് തന്നെയാണ് ട്വീറ്റിലൂടെ വ്യക്‌തമാകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

കോളിവുഡ് കൊട്ടിഘോഷിച്ച പ്രണയമായിരുന്നു വിശാൽ–വരലക്ഷ്മി ജോഡിയുടേത്. എന്നാൽ വരലക്ഷ്മിയുടെ പിതാവ് ശരത്കുമാർ ബന്ധത്തെ ശക്‌തമായി എതിർത്തിരുന്നു. ഒരുഘട്ടത്തിൽ വരലക്ഷ്മി വീട്ടുതടങ്കലിൽ ആണെന്ന് വരെ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിലേക്ക് വിശാൽ–ശരത്കുമാർ തർക്കം വ്യാപിച്ചു. ശരത്കുമാറിന്റെ പാനലിനെതിരേ മത്സരിച്ച് വിശാൽ വിജയം നേടുകയും ചെയ്തു. അടുത്തിടെ ശരത്കുമാർ, ഭാര്യ രാധിക എന്നിവരെ നടികർ സംഘത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് വരലക്ഷ്മി തന്റെ പ്രണയം തകർന്ന വിവരം പരസ്യമാക്കിയത്. വരലക്ഷ്മിയെ വിവാഹം കഴിക്കുമെന്ന് പരസ്യമായി വിശാൽ പ്രഖ്യാപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അവസാനിച്ചതിന്റെ കാരണം തിരയുകയാണ് സിനിമ ലോകം. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കസബയിൽ ശ്രദ്ധയമായ വേഷം ചെയ്ത വരലക്ഷ്മി സിനിമയിലേക്കുള്ള രണ്ടാം വരവ് ഗംഭീരമാക്കിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.