വയസ് 19, ഉയരം ഏഴടിയിലേറെ; ബ്രോക് വളർന്നുകൊണ്ടേയിരിക്കുന്നു
Friday, September 23, 2016 2:17 AM IST
ഉയരക്കാരായ മനുഷ്യരെ ജിറാഫുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. എന്നാൽ മിഷിഗൺ സ്വദേശിയായ ബ്രോക് ബ്രൗൺ എന്ന കൗമാരക്കാരന്റെ പോക്കുകണ്ടാൽ ജിറാഫിനെയും തോൽപ്പിക്കുന്ന മട്ടാണ്.
19കാരനായ ബ്രൗണിന് ഇപ്പോൾ ഉയരം ഏഴടി എട്ടിഞ്ചാണ്. ഇവൻ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്.

എട്ടടി രണ്ടിഞ്ച് ഉയരമുള്ളയാളാണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഉയരമുള്ള മനുഷ്യൻ. ബ്രൗൺ ഇയാളെ നിഷ്പ്രയാസം പിന്തള്ളുമെന്നാണ് ഇവന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നത്. ഇങ്ങനെ വളർന്നുകൊണ്ടിരിക്കുന്നതിനാൽത്തന്നെ ഇവനു വേണ്ട ഫർണിച്ചറുകളും വസ്ത്രങ്ങളും പുതുതായി വാങ്ങേണ്ട അവസ്‌ഥയാണുള്ളത്.

നഴ്സറിയിൽ പോകാൻ തുടങ്ങിയ പ്രായത്തിൽതന്നെ ബ്രൗണിന് അഞ്ചടി രണ്ടിഞ്ച് ഉയരമുണ്ടായിരുന്നു. പ്രൈമറി ക്ലാസിലെത്തിയപ്പോൾ ഉയരം ആറടിയായി. ഹൈസ്കൂളിലെത്തിയപ്പോൾ ഉയരം കൂടി ഏഴടിയിലെത്തി. ഉയരം ആറിഞ്ചിലധികമാണ് ഓരോ വർഷവും വർധിക്കുന്നത്.

സോതോസ് സിൻഡ്രോം(ഭീമാകരത്വം)എന്ന ശാരീരിക വൈകല്യമാണ് ബ്രൗണിന്റെ ഈ അസാധാരണ ഉയരംവയ്ക്കലിന് കാരണമാകുന്നതെന്നാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നത്. കൂട്ടുകാർ ഇവനെ വിളിക്കുന്നതു തന്നെ “‘ജെന്റിൽ ജയന്റ്’ എന്നാണ്. ഇതൊരു ജനിതക വൈകല്യമായതിനാൽ ഫലപ്രദമായ ചികിത്സയില്ലെന്നും ഇവന്റെ ഉയരംവയ്ക്കൽ എങ്ങനെ നിർത്തുമെന്നറിയില്ലെന്നുമുള്ള ആശങ്കയാണ് അമ്മ ഡാർസി പങ്കുവയ്ക്കുന്നത്.

ബ്രൗൺ ഉപയോഗിക്കുന്ന ഷൂസിന്റെ സൈസ് 28 ആണ്. കിടക്കുന്ന കട്ടിലാണെങ്കിൽ എട്ടടി നീളമുള്ളതും. അതുപോലെതന്നെ ഇരിക്കുന്ന കസേരയും അസാധാരണ വലുപ്പമേറിയതാണ്. ചുരുക്കിപ്പറഞ്ഞാൽ ബ്രൗണിനായുള്ള ചെലവു താങ്ങാൻ വയ്യാതെ നട്ടം തിരിയുകയാണ് ഈ കുടുംബം.

ഈ അപൂർവ ശാരീരിക പ്രതിഭാസം ബ്രൗണിന്റെ ശരീരത്തിൽ കടുത്ത വേദനയാണുണ്ടാക്കുന്നത്. ഉള്ളിലൂടെ സൂചി കടന്നു പോകുന്നതിനു സമാനമായ വേദനയാണ് തന്റെ ശരീരത്തിലെപ്പോഴുമെന്ന് ബ്രൗൺ പറയുന്നു. എന്നിരുന്നാലും ഡോക്ടർമാരിലുള്ള പ്രതീക്ഷകൾ ബ്രൗൺ ഇതുവരെ കൈവിട്ടിട്ടില്ല.
ബ്രൗണിന്റെ പ്രശ്നങ്ങളെല്ലാം മാറുമെന്നും ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കുമെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്. ഡോക്ടർമാരുടെ ഈ വാക്കുകളാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നും ബ്രൗൺ പറയുന്നു. എന്തായാലും ഒന്നു രണ്ടു വർഷത്തിനുള്ളിൽ ബ്രൗൺ ഉയരത്തിന്റെ ലോകറിക്കാർഡ് മറികടക്കുമെന്നു പ്രതീക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.