തന്റേതായ സിനിമകളിലൂടെ സിനിമയ്ക്കകത്തും പുറത്തും വാർത്ത സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം സ്ക്രീനിലെത്തുന്നു. രാജാധിരാജയുടെ സംവിധായകൻ അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലാണ് പണ്ഡിറ്റ് കഥാപാത്രമായെത്തുന്നത്.
കാന്പസ് പശ്ചാത്തലത്തിൽ കോളജ് പ്രഫസറുടെ വേഷത്തിലാണ് മമ്മൂട്ടി. ഒരു മുഴുനീള വേഷത്തിലാവും സന്തോഷ് പണ്ഡിറ്റും ചിത്രത്തിൽ എത്തുക. പുലിമുരുകനുശേഷം ഉദയകൃഷ്ണ തിരക്കഥ രചിക്കുന്ന സിനിമയാണ് അജയ് വാസുദേവിന്റേത്. കുഴപ്പക്കാരായ വിദ്യാർഥികളുള്ള കോളജിലേക്ക് അതിലും കുഴപ്പക്കാരനായ ഒരധ്യാപകനെത്തുന്നതിന്റെ രസങ്ങളാണ് സിനിമ പറയുന്നത്.
ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, പാഷാണം ഷാജി, ബിജുക്കുട്ടൻ, ദിവ്യദർശൻ, സുനിൽ സുഖദ, കൈലാഷ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നന്പ്യാർ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കും. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച്. മുഹമ്മദാണ് നിർമിക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.