ഒന്നൊന്നര മുതലാളി..! ജീവനക്കാർക്കു ദീപാവലി സമ്മാനം ഫ്ളാറ്റും കാറുകളും
Friday, October 28, 2016 1:57 AM IST
‘പണം വരും പോകും. അനുഭവങ്ങളിൽനിന്നുള്ള പഠനം എക്കാലവും നിലനിൽക്കും’ എന്നു പറയാറുണ്ട്. കൊച്ചിയിൽ കൂലിപ്പണിക്കു വന്ന ദ്രവ്യ എന്ന യുവാവിന്റെ കഥ വാർത്തകളിൽ ഇടംനേടിയിട്ട് അധികം നാളുകളായിട്ടില്ല. സൂററ്റിലെ പ്രമുഖ വജ്രവ്യാപാരിയായ സാവ്ജി ധോലാക്യയുടെ മകനായ ദ്രവ്യ കൊച്ചിയിലെത്തിയത് സാധാരണക്കാരുടെ ജീവിതം പഠിക്കാനാണ്. ധനാഢ്യനാണെങ്കിലും തന്റെ മകൻ പണത്തിന്റെ മൂല്യം അറിഞ്ഞ് മറ്റുള്ളവരെ മനസിലാക്കി ജീവിക്കണമെന്ന ആഗ്രഹമാണ് സാവ്ജിയുടെ ഈ നീക്കത്തിനു പിന്നിൽ.

സാധാരണക്കാരുടെ വിഷമങ്ങൾ അറിയുന്നതിൽ സാവ്ജിയും ഒട്ടും പിന്നിലല്ല. ദീപാവലി സമ്മാനമായി തന്റെ ജീവനക്കാർക്കായി അദ്ദേഹം കരുതിയിരിക്കുന്നത് 400 ഫ്ളാറ്റുകളും 1,260 കാറുകളുമാണ്. ഇതിനായി സാവ്ജിയുടെ ഹരേ കൃഷ്ണ എക്സ്പോർട്സ് എന്ന ഡയമണ്ട് കമ്പനി 51 കോടി രൂപയാണ് ദീപാവലി ബോണസായി നീക്കിവച്ചിട്ടുള്ളത്. കമ്പനിയിലെ ബെസ്റ്റ് എംപ്ലോയർ പട്ടിയിലുള്ള 1,716 പേർക്കാണിത്. കമ്പനിയുടെ സുവർണജൂബിലി വർഷംകൂടിയാണിത്. കഴിഞ്ഞ വർഷവും ഇതേ സമ്മാനം ജീവനക്കാർക്ക് നല്കിയിരുന്നു. 200 ഫ്ളാറ്റുകളും 491 കാറുകളുമായിരുന്നു അന്നു വിതരണം ചെയ്തത്.

അമ്മാവനിൽനിന്നു കടം വാങ്ങിയ പണംകൊണ്ട് വജ്ര ബിസിനസ് തുടങ്ങിയ ആളാണ് സാവ്ജി ധോലാക്യ. ഒരു സുപ്രഭാതത്തിൽ ധനാഢ്യനായതല്ല അദ്ദേഹം. അതുകൊണ്ടുതന്നെയാണ് തന്റെ മകനും ബുദ്ധിമുട്ടറിഞ്ഞ് ജീവിക്കണമെന്നു തീരുമാനിച്ച് ദ്രവ്യയെ കൊച്ചിയിലേക്ക് അയച്ചത്. കൊച്ചിയിലെത്തുമ്പോൾ അച്ഛൻ നല്കിയ മൂന്നു ജോടി വസ്ത്രവും 7,000 രൂപയും മാത്രമായിരുന്നു ദ്രവ്യയുടെ പക്കലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.