|
Americas |
|
|
|
|
ഇന്ത്യയിലേക്കുള്ള യാത്രക്കാര്ക്ക് ഏര്പ്പെടുത്തിയ അധിക പരിശോധന കാനഡ പിൻവലിച്ചു
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാര്ക്ക് അധിക പരിശോധന ഏര്പ്പെടുത്തി ദിവസങ്ങൾക്കുശേഷം തീരുമാനം കാനഡ പിൻവലിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് കാനഡയുടെ നടപടികൾ.
അതേസമയം, ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാനഡ പറഞ്ഞതായുള്ള മാധ്യമ റിപ്പോർട്ടുകൾ കാനഡ തള്ളി.
മോദിക്കും ജയശങ്കറിനും ഡോവലിനും പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് കാനഡ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും കാനഡ ഔദ്യോഗികമായി പ്രതികരിച്ചു.
|
വിദ്യാർഥിയുമായി ലൈംഗികബന്ധം: യുഎസ് അധ്യാപികയ്ക്ക് 30 വർഷം തടവ്
വാഷിംഗ്ടൺ ഡിസി: കൗമാരക്കാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുഎസ് അധ്യാപികയ്ക്ക് 30 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. മദ്യവും ലഹരിവസ്തുക്കളും നൽകിയാണ് മേരിലാൻഡിൽനിന്നുള്ള മെലിസ കർട്ടിസ് (32) വിദ്യാർഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും 25 വർഷത്തേക്കു ലൈംഗിക കുറ്റവാളിയായി മെലിസയെ കണക്കാക്കും. അവരുടെ കുട്ടികളെ ഒഴികെ, പ്രായപൂർത്തിയാകാത്തവരുമായി മേൽനോട്ടമില്ലാതെ കാണാൻപോലും ശിക്ഷാകാലത്ത് അനുവദിക്കില്ല.
2023 ഒക്ടോബറിലാണു പീഡനാരോപണവുമായി വിദ്യാർഥി രംഗത്തെത്തിയത്. തുടർന്ന്, കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മെലിസയുടെ മേൽനോട്ടത്തിലുള്ള ആഫ്റ്റർസ്കൂൾ പ്രോഗ്രാമിൽ കൗമാരക്കാരൻ ചേർന്നിരുന്നു.
തുടർന്നാണ് മെലിസയുമായി കൗമാരക്കാരൻ പരിചയത്തിലാകുന്നത്. 2015 ജനുവരി മുതൽ മേയ് വരെ മെലിസയുടെ വാഹനത്തിലും വീട്ടിലും മറ്റിടങ്ങളിലും കൊണ്ടുപോയി കൗമാരക്കാരനെ ദുരുപയോഗം ചെയ്യുകയായിരുന്നു. കേസിനെത്തുടർന്ന് ഇവരെ സ്കൂൾ അധികൃതർ പുറത്താക്കിയിരുന്നു.
|
ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയണിന്റെ പ്രവർത്തന ഉദ്ഘടനം ഞായറാഴ്ച
വാഷിംഗ്ടൺ ഡിസി: നോര്ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വാഷിംഗ്ടൺ ഡിസി റീജിയണിന്റെ പ്രവർത്തന ഉദ്ഘടനം ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ 600 പെലിക്കൺ അവന്യുവിലുള്ള ഓഡിറ്റോറിയത്തിൽ (600 Pelican Avenue ,Gaithersburg, MD 20877) വച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രെഷർ ജോയി ചാക്കപ്പൻ, വൈസ് പ്രസിഡന്റ് വിപിൻ രാജ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, ഷിബു ശാമുവേൽ, ഓഡിറ്റർ സ്റ്റാൻലി എത്തുണിക്കൽ വിവിധ തലങ്ങളിൽ ഉള്ള കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കും.
മാറ്റങ്ങള് ഉള്ക്കൊണ്ട് ഫൊക്കാനാ ഇന്ന് അമേരിക്കന് മലയാളികള്ക്ക് പ്രിയപ്പെട്ട സംഘടനയായി മാറിയിരിക്കുകയാണ്. ഫൊക്കാനയുടെ പ്രവര്ത്തനങ്ങള് കൂടുതല്ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയണിലും ഉള്ള പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്. അതിവിപുലമായ പരിപാടികളോട് ആണ് ഓരോ റീജിയണൽ കൺവൻഷനും നടത്തുന്നത്. വാഷിംഗ്ടൺ ഡിസി റീജിയൺ എന്നും ഫൊക്കാനയുടെ ഒരു കരുത്താണ്.
ഞായറാഴ്ച നടക്കുന്ന റീജിയണൽ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ, റീജിയണൽ ഭാരവാഹികൾ ആയ ജോബി സെബാസ്റ്റ്യൻ, ജോൺസൺ കോണ്ടംകുളത്തിൽ, വർഗീസ് സ്കറിയ, ജെയിംസ് ജോസഫ്, ബിജോ വിതയത്തിൽ, ജോബി ജോസഫ്, ബോസ് വർഗീസ്, ഫിനോ അഗസ്റ്റിൻ, നബീൽ മറ്റര, ആന്റണി കാണപ്പള്ളി, നിജോ പുത്തൻപുരക്കൽ അജയ് ചാക്കോ, വിമൻസ് ഫോറം ഭാരവാഹികൾ ആയ സരൂപ അനിൽ, അബ്ജ അരുൺ തുടങ്ങിയവർ അറിയിച്ചു.
|
റവ.ഫാ. ജോസ് പൈറ്റേലിന്റെ കോർപ്പിസ്കോപ്പ സ്ഥാനാരോഹണം ഞായറാഴ്ച
ഫിലാഡൽഫിയ: നോർത്ത് അമേരിക്കൻ സിറിയൻ ഓർത്തഡോക്സ് അതി ഭദ്രാസനത്തിലെ സീനിയർ വൈദികനും ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ മുൻ വികാരിയുമായിരുന്ന റവ. ഫാ. ജോസ് ഡാനിയേൽ പൈറ്റേൽ കോർപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.
ഞായറാഴ്ച രാവിലെ ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വച്ച് മലങ്കര അതിഭദ്രാസനാധിപന് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിലാണ് കോർപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങുകൾ നടത്തപ്പെടുന്നത്.
കായംകുളം ഒന്നാംകുറ്റി പൈറ്റേൽ പുത്തൻ വീട്ടിൽ കോശി ദാനിയേലിന്റെയും ഏലിസബത്തിന്റെയും നാലാമത്തെ മകനാണ്. കായംകുളം ശ്രീ വിട്ടോബാ ഹൈസ്കൂളിൽ നിന്നും 197071ൽ എസ്എസ്എൽസിയും എംഎസ്എം കോളജിൽ നിന്നും പ്രീഡിഗ്രിയും പൂർത്തിയാക്കിയതിനുശേഷം പെരുമ്പള്ളി സെന്റ് ജയിംസ് സിറിയൻ തിയോള ജിക്കൽ സെമിനാരിയിലും മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിലും വൈദീക പഠനം നടത്തി.
1976 ജനുവരി 18ന് കായംകുളം മോർ മിഖായേൽ മെമോറിയൽ ആശ്രമ ചാപ്പലിൽ വച്ചു മോർ കൂറീലോസ് കുറിയാക്കോസ് മെത്രാപ്പോലീത്തായിൽ നിന്നും ശെമ്മാശു പട്ടമേറ്റു. തുടർന്ന് തിരുമേനിയുടെ സെക്രട്ടറിയായി, തിരുമേനി കാലം ചെയ്യുന്നതു വരെ, ശെമാശനായും കശീശാ ആയതിനു ശേഷവും സേവനമനുഷ്ഠിച്ചു. ഡിഗ്രി പഠനത്തിന് ശേഷം ദീപിക പത്രത്തിലും പിന്നീട് കൗൺസിലിംഗ് പഠനത്തിനു ശേഷം ശാന്തിഭവൻ മെന്റൽ ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചു.
പശീത്താ സുറിയാനി ബൈബിളിന്റെ സമ്പൂർണ മലയാള പരിഭാഷയായ വിശുദ്ധ ഗ്രന്ഥത്തിന്റെ പരിഭാഷയിൽ വന്ദ്യ മലങ്കരമല്പാൻ കണിയമ്പറമ്പിൽ അച്ചനെ സഹായിച്ചു. അതിന്റെ കെെയെഴുത്തുപ്രതിയും അതേ തുടർന്ന് പ്രിന്റിംഗിനു വേണ്ടിയുള്ള അതിന്റെ ഫെയർ കോപ്പി തയാറാക്കുവാനും അതിന്റെ പ്രൂഫ് റീഡിംഗു ചെയ്യുവാനും പ്രസിദ്ധീകരണത്തിന് തയാറാക്കുവാനും അച്ചനെ സഹായിച്ചു. അതിനു ശേഷം, പുതിയനിയമ വ്യാഖ്യാനം എഴുതിയപ്പോഴും സമാനമായ സേവനം ചെയ്തു.
കുന്നന്താനം സെന്റ് പീറ്റേഴ്സ്, കാവുംഭാഗം സെന്റ് ജോർജ്ജ് കത്തീഡ്രൽ, തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, ചേപ്പാട് സെന്റ് ജോർജ് എന്നീ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായി സേവനം അനുഷ്ഠിച്ച ജോസ് ദാനിയേൽ അച്ചൻ, 2000 ൽ അമേരിക്കയിൽ എത്തി.
ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് കത്തീഡ്രൽ, ഹാവർടൌൺ സെന്റ് പോൾസ് ചർച്ച് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. ഫിലാഡൽഫിയ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ചെയർമനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ നവവൈദീകരുടെയും ശെമ്മാശന്മാരുടെയും ഗുരുവും സുറിയാനി മല്പാനുമായ അച്ചൻ, നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി നടത്തപ്പെടുന്ന സെന്റ് ജേക്കബ് ദസ്റൂഗ് സ്കൂൾ ഓഫ് സിറിയക് സ്റ്റഡീസിന്റെ പ്രധാന മല്പാനും ആണ്.
സുറിയാനി ഭാഷ എല്ലാ വിശ്വാസികൾക്കും അഭ്യസിക്കുവാൻ കഴിയുന്ന ഒരു സംരംഭമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിന്റെ പ്രധാന അധ്യാപന ചുമതല നിർവഹിച്ചുകൊണ്ട് വൈദീക വിദ്യാർത്ഥികളേയും സ്കൂൾ കലാലയ വിദ്യാർഥികളെയും സുറിയാനിയും ആരാധനകളും അഭ്യസിപ്പിക്കുന്നു. സുറിയാനിഭാഷയിലുള്ള ആരാധനയുടെ ആസ്വാദ്യത വിശ്വാസികളിലേക്ക് പകരുന്നതിന് ഈ സംരംഭം പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു.
|
ഹൂസ്റ്റണിൽ അന്തരിച്ച ഏബ്രഹാം പി. ജോണിന്റെ പൊതുദർശനം ഞായറാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ അന്തരിച്ച റാന്നി വളകൊടികാവ് പാണ്ടിയത്ത് ഏബ്രഹാം പി. ജോണിന്റെ (കുഞ്ഞുമോൻ 69) പൊതുദർശനം ഞായറാഴ്ച വൈകുന്നേരം നടക്കും. സംസ്കാരം പിന്നീട് റാന്നി നസ്റേത്ത് മാർത്തോമ്മാ ദേവാലയത്തിൽ.
റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും മഹിളാ കോൺഗ്രസ് പത്തനംത്തിട്ട ജില്ലാ വൈസ് പ്രസിഡന്റുമായ മേഴ്സി പാണ്ടിയത്താണ് പരേതന്റെ ഭാര്യ.
മക്കൾ: മെവിൻ ജോൺ എബ്രഹാം, ഹൂസ്റ്റൺ (മലയാളി അസ്സോസിയേഷാൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) മുൻ സെക്രട്ടറി), മെർലിൻ (ബഹറിൻ). മരുമക്കൾ: ലിനി മെവിൻ (ഹൂസ്റ്റൺ), അജിഷ് ചെറിയാൻ (ബഹറിൻ).
കൊച്ചുമക്കൾ: ജോഹൻ അജിഷ്, ജോന അജിഷ്, എഡ്രിയൽ മെവിൻ. സഹോദരങ്ങൾ: പരേതയായ ഏലിയാമ്മ വർഗീസ്, മേരിക്കുട്ടി സൈമൺ, ലീലാമ്മ വർഗീസ്, ജോൺസൻ ജോൺ (ഹൈടെക് ഇലക്ട്രോണിക്സ് റാന്നി), ഫിലിപ്പ് ജോൺ (പിക്ച്ചർ വേൾഡ് സ്റ്റുഡിയോസ് റാന്നി).
പൊതുദർശനം ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഏഴു വരെ ഇമ്മാനുവേൽ മാർത്തോമ്മാ ദേവലായത്തിൽ (12803, Sugar Ridge Blvd, Stafford, Tx 77477).
പരേതന്റെ വിയോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ), ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (എച്ച്ആർഎ) തുടങ്ങിയ സംഘടനകൾ അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മെവിൻ ജോൺ എബ്രഹാം 832 679 1405.
|
ടാമ്പ ഫൊറോനാ ബൈബിൾ കാലോത്സവം ഒർലാൻഡോയിൽ
ഒർലാൻഡോ: ടാമ്പ ക്നാനായ കത്തോലിക്കാ ഫൊറോനാ ബൈബിൾ കാലോത്സവം ശനിയാഴ്ച നടത്തപ്പെടും. ഒർലാൻഡോ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.
അന്നേദിവസം രാവിലെ 9.30ന് വിശുദ്ധ കുർബാനയോടു കൂടി ബൈബിൾ കാലോത്സവത്തിന് തുടക്കമാകും. ഷിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ കാലോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് ബൈബിൾ പ്രതിഷ്ഠയും നടത്തും.
തുടർന്ന് ഇരുനൂറ്റമ്പതോളം കലാ പ്രതിഭകൾ വിവിധ സ്റ്റേജുകളിലായി 26 മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും. ടാമ്പ ഫൊറോനായുടെ കീഴിലുള്ള അറ്റ്ലാന്റാ, മിയാമി, ഒർലാൻഡോ, ടാമ്പ തുടങ്ങിയ ഇടവകളിൽ നിന്നുള്ള ആളുകൾ കാലോത്സവത്തിൽ പങ്കാളികളാകും.
ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജോസ് ചിറപുറത്ത്, ഫാ. സജി പിണർകയിൽ, ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സിജോയ് പറപ്പള്ളിൽ, ദീപക് മുണ്ടുപാലത്തിങ്കൽ, ജോൺസൺ കണ്ണാംകുന്നേൽ, ജോസഫ് പതിയിൽ, ജൂലി ചിറയിൽ,
ഫിലിപ്പ് വെള്ളാപ്പള്ളിക്കുഴിയിൽ, റെനി പച്ചിലമാക്കിൽ, സാലി കുളങ്ങര, സിസ്റ്റർ സാന്ദ്രാ എസ്.വി.എം, സുബി പനംതാനത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
|
തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിയേറ്റു; അറ്റ്ലാന്റയിൽ ഇന്ത്യന് വിദ്യാര്ഥി മരിച്ചു
ജോര്ജിയ: സ്വന്തം തോക്കിൽനിന്ന് അബദ്ധത്തില് വെടിയേറ്റ് ഇന്ത്യന് വിദ്യാര്ഥി മരിച്ചു. ആര്യന് റെഡ്ഡി (23) ആണ് മരിച്ചത്. അറ്റ്ലാന്റയിലെ വീട്ടില് വെച്ച് ആണ് സംഭവം നടന്നത്.
പിറന്നാള് ആഘോഷത്തിനിടയിലാണ് ആര്യന് തോക്ക് വൃത്തിയാക്കാന് എടുത്തത്. തുടർന്ന് അബദ്ധത്തില് വെടിപൊട്ടുകയായിരുന്നു.
ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. തുടർന്ന് സുഹൃത്തുക്കൾ ഓടിയെത്തിയപ്പോൾ ഇയാൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.
|
വിനോദ് നായര് പോര്ട്ട്ലാന്ഡില് അന്തരിച്ചു
ആല്ബനി (ന്യൂയോര്ക്ക്): നിസ്ക്കയൂനയില് താമസക്കാരായ പരേതനായ കൃഷ്ണന് നായരുടേയും ശാന്തമ്മ നായരുടേയും മകന് വിനോദ് നായര്(വിനി 41) പോര്ട്ട്ലാന്ഡില് (ഒറിഗോണ്) അന്തരിച്ചു.
ജോലി സംബന്ധമായി പോർട്ട്ലാന്ഡിലായിരുന്നു താമസം. 2001ൽ സ്കെനക്റ്റഡി ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ വിനോദ് 2005ൽ റെൻസെലേർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടില് നിന്ന് ബിസിനസ് ആൻഡ് മാനേജ്മെന്റിൽ ബിഎസ് കരസ്ഥമാക്കി.
പിന്നീട് എൻവെെയു സ്റ്റേണിൽ നിന്ന് ധനകാര്യത്തിൽ എംബിഎയും കരസ്ഥമാക്കി. നെസ്ലെ വാട്ടേഴ്സ്, ആമസോൺ, നെെക്ക് മുതലായ പ്രശസ്ത സ്ഥാപനങ്ങളില് ജോലി ചെയ്തിട്ടുണ്ട്.
പിതാവ് പരേതനായ കൃഷ്ണന് നായര് പത്തനംതിട്ട കുമ്പഴ സ്വദേശിയും മാതാവ് ശാന്തമ്മ നായര് പത്തനംതിട്ട പറക്കോട് സ്വദേശിനിയുമാണ്. ദീര്ഘനാളായി ആല്ബനിയുടെ അടുത്ത പ്രദേശമായ നിസ്ക്കയൂനയില് സ്ഥിരതാമസക്കാരാണ്. സഹോദരി: ലീന നായര്. സഹോദരീ ഭര്ത്താവ്: കെന് ജോണ്സ്
പൊതുദര്ശനം വെള്ളിയാഴ്ച (നവംബര് 22) വൈകുന്നേരം നാലു മുതല് എട്ടു വരെ ന്യൂ കോമര് ക്രിമേഷന്സ് & ഫ്യൂണറല് ഹോമില് (New Comer Cremations & Funerals, 181 TroySchenectady Road, Watervliet, NY 12189).
അന്ത്യകര്മങ്ങളും സംസ്കാരവും ശനിയാഴ്ച രാവിലെ ഒന്പത് മുതല് 12 വരെ ന്യൂ കോമര് ക്രിമേഷന്സ് & ഫ്യൂണറല് ഹോമില് (New Comer Cremations & Funerals, 181 TroySchenectady Road, Watervliet, NY 12189).
|
ജെയിംസ് പി. ജോർജ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: ജെയിംസ് പി. ജോർജ്(76) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതരായ കടമ്പണ്ട് പ്ലാവിളപുത്തൻ വീട്ടിൽ പി.ഐ. ജോർജ് പെണ്ണമ്മ ജോർജ് ദമ്പതികളുടെ മകനാണ്.
1972ൽ അമേരിക്കയിലേക്ക് കുടിയേറിയ ജെയിംസ് ടെക്സസിലെ ഡാളസിൽ കുറച്ചുകാലം താമസിച്ച ശേഷം 1975ൽ ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി. ഹൂസ്റ്റണിലെ ഐപിസി ചർച്ചിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാണ്.
ഭാര്യ കൊട്ടാരക്കര പനവേലിൽ വീട്ടിൽ മേരിക്കുട്ടി. മക്കൾ: ജേസൺ ജോർജ്, ജെൻസി ആന്റണി. മരുമക്കൾ: ആൻഡ്രൂ ആന്റണി, ഗ്രേസ് ജോർജ്.
സഹോദരങ്ങൾ: ലീലാമ്മ ജേക്കബ് സാം ജേക്കബ്(കാലിഫോർണിയ), മറിയാമ്മ സാം സാം കുഞ്ഞു(ഡാളസ്), ഡാർലിം ബോബൻ ഉണ്ണുണ്ണി(ഡാളസ്), ജോസ് പി. ജോർജ് മറിയാമ്മ ജോർജ് (ഹൂസ്റ്റൺ), എലിസബത്ത് ചെമ്പനാൽ ജോർജ് ചെമ്പനാൽ(ഡാളസ്).
പൊതുദർശനം വെള്ളിയാഴ്ച (നവംബർ 22) വെെകുന്നേരം 6:30 മുതൽ ഒന്പത് വരെ(സിടി) ഹെബ്രോൺ ഐപിസി, 4660 സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്വേ ഈസ്റ്റ്, ഹൂസ്റ്റൺ, TX 77048ൽ.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒന്പത് മുതൽ 11.30 വരെ(സിടി) ഹെബ്രോൺ ഐപിസി 4660 സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്വേ ഈസ്റ്റ് ഹൂസ്റ്റൺ, TX 77048ൽ തുടർന്ന് സൗത്ത് പാർക്ക് ഫ്യൂണറൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് പി. ജോർജ് (ഹൂസ്റ്റൺ) 832 754 9204.
|
ട്രംപിനു തിരിച്ചടി; അറ്റോർണി ജനറൽ നോമിനി മാറ്റ് ഗെയ്റ്റ്സ് സ്വയം പിന്മാറി
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച അറ്റോർണി ജനറൽ മാറ്റ് ഗെയ്റ്റ്സ് സ്വയം പിന്മാറി. പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ആരോപണം എന്നിവ അദ്ദേഹം നേരിട്ടിരുന്നു. അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ ഒരു പാനൽ അന്വേഷിച്ച് വരികയായിരുന്നു.
സെനറ്റിലെ റിപ്പബ്ലിക്കൻ സെനറ്റർമാരും നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനത്തിന് സെനറ്റ് അനുമതി നൽകേണ്ടിയിരുന്നു. ഇതിനിടെയാണ് പിന്മാറ്റം.
|
ജോർജിയയിൽ നഴ്സിംഗ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവ്
ഏഥൻസ്(ജോർജിയ): ജോർജിയ സർവകലാശാലയിലെ നഴ്സിംഗ് വിദ്യാർഥിനിയായ ലേക്കൻ റൈലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അനധികൃത കുടിയേറ്റക്കാരൻ ഹൊസെ ഇബാറയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ബുധനാഴ്ച നടന്ന വിചാരണയിൽ ഇയാൾക്കെതിരെ ചുമത്തിയ 10 കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് ഏഥൻസ്ക്ലാർക്ക് കൗണ്ടി സുപ്പീരിയർ കോടതി കണ്ടെത്തി. പരോളിന്റെ സാധ്യതയില്ലാതെയാണ് ഇബാറയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
കേസിൽ അപ്പീൽ നൽകാനോ പുതിയ വിചാരണ അഭ്യർഥിക്കാനോ ഇബാറയ്ക്ക് 30 ദിവസമുണ്ട്. റൈലിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിങ്ങി നിറഞ്ഞ കോടതിമുറിയിലാണ് ജഡ്ജി എച്ച്. പാട്രിക് ഹാഗാർഡ് വിധി പ്രഖ്യാപിച്ചത്.
റൈലിയുടെ കുടുംബാംഗങ്ങൾ കോടതിയിൽ നൽകിയ പ്രസ്താവനകൾ കോടതിമുറിയിൽ വികാരനിർഭരമായ നിമഷങ്ങൾക്ക് കാരണമായി.
“പേടിയും പരിഭ്രാന്തിയും നിറഞ്ഞ എന്റെ കുട്ടിയോട് ഹൊസെ ഇബാറ ഒരു ദയയും കാണിച്ചില്ല. ആ ഭയാനകമായ ദിവസം, എന്റെ മകൾ ആക്രമിക്കപ്പെട്ടു. മർദിക്കപ്പെട്ടു. ക്രൂരമായ പീഡനത്തിൽ നിന്ന് സ്വയം രക്ഷ നേടാൻ പോരാടി. ഈ ദുഷ്ടനായ ഭീരു റൈലിയുടെ ജീവിതത്തോട് യാതൊരു പരിഗണനയും കാണിച്ചില്ല,” റൈലിയുടെ അമ്മ അലിസൺ ഫിലിപ്സ് വേദനയോടെ പറഞ്ഞു.
ഹൊസെ ഇബാറ എന്റെ ജീവിതം പൂർണമായും തകർത്തു. വലിയ ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാനും പ്രാർഥിക്കാനും മാത്രമേ കഴിയൂ, റൈലിയുടെ സഹോദരി ലോറൻ ഫിലിപ്സ് പറഞ്ഞു.
|
കുട്ടികളെ കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് തള്ളി കൊലപ്പെടുത്തിയ അമ്മയ്ക്ക് പരോൾ നിഷേധിച്ച് കോടതി
കൊളംബിയ: കൊളംബിയയിൽ 30 വർഷം മുൻപ് തന്റെ രണ്ട് കുഞ്ഞുങ്ങളെ കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടിവിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂസൻ സ്മിത്തിന് പരോൾ നിഷേധിച്ചു. ബുധനാഴ്ച നടന്ന പരോളിനു വേണ്ടിയുള്ള വാദത്തിൽ സൂസൻ സ്മിത്ത് വികാരാധീനയായി തന്റെ തെറ്റ് ഏറ്റുപറഞ്ഞെങ്കിലും ബോർഡ് അപേക്ഷ തള്ളിക്കളഞ്ഞു.
1994ൽ മൂന്ന് വയസുള്ള മൈക്കിളിനെയും 14 മാസം പ്രായമുള്ള അലക്സാണ്ടറിനെയും കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടിവിട്ട സംഭവം കൊളംബിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കാർ തന്നെ നീങ്ങി പോയതാണെന്ന് സൂസൻ ആദ്യം പോലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് താൻ തന്നെയാണ് ഈ കൃത്യം ചെയ്തതെന്ന് സമ്മതിച്ചു.
""ഞാൻ ചെയ്തത് ഭയാനകമാണെന്ന് എനിക്കറിയാം. എനിക്ക് തിരികെ പോയി അത് മാറ്റാൻ കഴിയുമെങ്കിൽ ഞാൻ എന്തും നൽകും. ഞാൻ മൈക്കിളിനെയും അലക്സിനെയും പൂർണഹൃദയത്തോടെ സ്നേഹിക്കുന്നു'' വികാരാധീനനായ സൂസൻ സ്മിത്ത് പരോൾ ബോർഡിനോട് പറഞ്ഞു.
എന്നാൽ സൂസൻ സ്മിത്തിന്റെ ഭർത്താവ് ഡേവിഡ് സ്മിത്ത് പരോൾ നിരസിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതൊരു ദാരുണമായ അപകടമായിരുന്നില്ല. കുട്ടികളുടെ ജീവിതം അവസാനിപ്പിക്കാൻ സൂസൻ മനഃപൂർവം ഉദ്ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
|
ഫിലാഡൽഫിയ സെന്റ് തോമസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗ് നവംബർ 17ന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ചേർന്നു.
ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ ഒരുമിച്ച് ചേരുന്ന ആധ്യാത്മീയ സമ്മേളനമാണ് നാല് ദിവസം നീളുന്ന ഫാമിലി യൂത്ത് കോൺഫറൻസ്. എം. കെ. കുറിയാക്കോസ് (വികാരി), ഫാ. സുജിത് തോമസ് (അസി. വികാരി), എന്നിവരുടെ സഹകാർമികത്വത്തിൽ നടന്ന കുർബാനയ്ക്കുശേഷം ഇടവക സെക്രട്ടറി ജോബിൻ റെജി ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു.
ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ജോൺ താമരവേലിൽ (ട്രഷറർ), ലിസ് പോത്തൻ (ജോയിന്റ് ട്രഷറർ), ജെയ്സി ജോൺ (സുവനീർ ചീഫ് എഡിറ്റർ), രാജൻ പടിയറ (പ്രൊസഷൻ കോർഡിനേറ്റർ), ദീപ്തി മാത്യു, ആഞ്ജലീന ജോഷ്വ, കെസിയ ഏബ്രഹാം, ഐറിൻ ജോർജ്ജ്, ജാസ്മിൻ കുര്യൻ, ജോഷിൻ ഏബ്രഹാം (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നു.
ജോബിൻ റെജി (ഇടവക സെക്രട്ടറി), അജിൻ ഏബ്രഹാം (ഇടവക ട്രഷറർ), ഭദ്രാസന അസംബ്ലി അംഗങ്ങളായ ബിന്നി ചെറിയാൻ, ഏബ്രഹാം വറുഗീസ് എന്നിവർ വേദിയിൽ ചേർന്നു. ഉമ്മൻ കാപ്പിൽ തന്റെ ആമുഖ പ്രസംഗത്തിൽ, ഭദ്രാസനത്തിന്റ് വളർച്ചയ്ക്കും വികസനത്തിനുമായിട്ടുള്ള പുതിയ സംരംഭങ്ങളെക്കുറിച്ച് സൂചിപ്പിച്ചു.
തുടർന്ന് കോൺഫറൻസ് തീയതി, സ്ഥലം, പ്രാസംഗികർ എന്നിവയെക്കുറിച്ച് ദീപ്തി മാത്യു സംസാരിച്ചു. ജോൺ താമരവേലിൽ റജിസ്ട്രേഷൻ നടപടികൾ വിശദീകരിച്ചു. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് ജെയ്സി ജോൺ സംസാരിച്ചു.
കോൺഫറൻസിനെ പിന്തുണയ്ക്കാൻ ആകർഷകമായ സ്പോൺസർഷിപ്പ് അവസരങ്ങളെപ്പറ്റി ലിസ് പോത്തൻ വിശദീകരിച്ചു. എന്റർടൈൻമെന്റ് നൈറ്റിൽ പങ്കെടുക്കാൻ ജാസ്മിൻ കുര്യൻ ഇടവകാംഗങ്ങളെ ആഹ്വാനം ചെയ്തു. കെസിയ ഏബ്രഹാമും ആഞ്ജലീന ജോഷ്വയും മുൻ കോൺഫറൻസിൽ പങ്കെടുത്ത അനുഭവം പങ്കുവച്ചു.
ഫാ. എം.കെ. കുറിയാക്കോസ് മുൻകാല സമ്മേളനങ്ങൾ നയിച്ചതിലും പങ്കെടുത്തതിലുമുള്ള തന്റെ സ്വന്തം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയും കോൺഫറൻസിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് എല്ലാവരോടും അറിയിച്ചു.
ഫാ. എം.കെ. കുറിയാക്കോസും ഫാ. സുജിത് തോമസും റജിസ്ട്രേഷനും സുവനീറിന് ആശംസകളും പിന്തുണയും വാഗ്ദാനം ചെയ്തു. ഇടവകയെ പ്രതിനിധീകരിച്ച് ട്രഷറർ അജിൻ ഏബ്രഹാം സുവനീറിനുള്ള സംഭാവന കൈമാറി.
വർഗീസ് തോമസ് ഡയമണ്ട് ലെവൽ സ്പോൺസർ എന്ന നിലയിൽ തന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ലിസ് ആൻഡ് അലക്സ് പോത്തൻ ഗോൾഡ് സ്പോൺസർഷിപ്പും ലീലാമ്മ വർഗീസ് ഗ്രാൻഡ് സ്പോൺസർഷിപ്പും നൽകി.
നൈനാൻ മത്തായി ആൻഡ് മാത്യു സാമുവൽ (ലവ് ആൻഡ് ഗ്ലോറി ഹോം കെയർ സർവീസസ്), സുവർണ വർഗീസ് എന്നിവർ ബിസിനസ് പരസ്യങ്ങൾ നൽകി. കോൺഫറൻസിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു സുവനീറിൽ വ്യക്തിപരമായ ആശംസകൾ ഉൾപ്പെടുത്തിക്കൊണ്ടും നിരവധി ഇടവക അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. വൈദികർക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീമിനെ പ്രതിനിധീകരിച്ച് ജോൺ താമരവേലിൽ നന്ദി അറിയിച്ചു.
2025 ജൂലൈ ഒന്പത് മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
"നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ (ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള പരദേശിയുടെ വഴി എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 9148064595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.35666).
|
ശശിധരൻ നായർക്കു മന്ത്ര ഭീഷ്മാചാര്യ പുരസ്കാരം
ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ശശിധരൻ നായർക്കു മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഭീഷ്മാചാര്യ പുരസ്കാരം സമ്മാനിച്ചു.
അമേരിക്കയിലെ മലയാളി സമൂഹത്തിനു സംഘടനാ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രമുഖ കലാകാരനും ആർട്സ് അധ്യാപകനും ഷാർലറ്റിലെ നൂറു കണക്കിന് കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന സ്റ്റുഡിയോ ഓഫ് വിഷ്വൽ ആർട്സിന്റെ ഉടമയുമായ ഗിരീഷ് നായരിൽ നിന്നും ഷാർലറ്റിൽ വച്ചു നടന്ന ശിവോഹം കൺവൻഷൻ ശുഭാരംഭം ചടങ്ങിൽ ശശിധരൻ നായർ പുരസ്കാരം ഏറ്റു വാങ്ങി.
മന്ത്രയുടെ ഹൂസ്റ്റൺ കൺവൻഷന്റെ വിജയത്തിനു പിന്നിലെ ചാലക ശക്തിയായ ശശിധരൻ നായരെ പോലെയുള്ളവരെ ആദരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
സമഗ്രവും വ്യത്യസ്തവുമായ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ചു മുന്നോട്ടു പോകാൻ കാര്യപ്രാപ്തിയുള്ള യുവാക്കൾക്കു മുൻതൂക്കം ഉള്ള ശക്തമായ നേതൃനിര മന്ത്രയ്ക്കുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ശശിധരൻ നായർ അഭിപ്രായപ്പെട്ടു.
ശശിധരൻ നായരുടെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഭാര്യ പൊന്നമ്മ നായർ മികച്ച പിന്തുണ നൽകുന്നു. ഫോമാ, ഫൊക്കാന, കഐച്എസ്, കഐച്എൻഎ, കേരള കൾച്ചറൽ അസോസിയേഷൻ ഹൂസ്റ്റൺ, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ തുടങ്ങിയ സംഘടനകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ച അദ്ദേഹം ഫോമയുടെയും ഗുരുവായൂരപ്പൻ ക്ഷേത്രം നിർമാണം സാധ്യമാക്കിയ കെഎച്ച്എസിന്റെയും സ്ഥാപക പ്രസിഡന്റ് കൂടിയാണ്.
ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പ്രാരംഭ ഘട്ടം മുതൽ നേതൃ നിരയിൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉൾപ്പടെയുള്ള പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം വിവിധ കമ്മിറ്റികളിൽ സേവനം അനുഷ്ഠിച്ചു വരുന്നു. മൂന്ന് പതിറ്റാണ്ടിൽ ഏറെയായി ബിസിനസ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സംരഭങ്ങൾക്കു ചുക്കാൻ പിടിച്ചു.
ഹെൽത്ത് കെയർ രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തും ഒരു പോലെ തിളങ്ങിയ അദ്ദേഹം പിന്നീട് സംഘടനാ രംഗത്തും തന്റെ സാന്നിധ്യം ശക്തമാക്കി. അഡ്വൈസറി ബോർഡിലെ സാന്നിധ്യം, മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് മാർഗ ദീപം ആയിരിക്കും എന്ന് മന്ത്രയുടെ വിവിധ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
|
ഫോമാ ന്യൂയോർക്ക് എംപയർ റീജിയൺ പ്രവർത്തനോദ്ഘാടനം 24ന്
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് എംപയർ റീജിയണിന്റെ 2024 26 വർഷത്തെ പ്രവർത്തനോദ്ഘാടനം 24ന് വൈകുന്നേരം 4.30ന് യോങ്കേഴ്സിലുള്ള സെന്റ് തോമസ് മാർത്തോമ്മാ ദേവാലയ പാരിഷ് ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടെ നടക്കും.
ആർവിപി പി.ടി. തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ,
നാഷനൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് നായർ, മോളമ്മ വർഗീസ്, ഡൊണാൾഡ് ജോഫ്രിൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ഷിനു ജോസഫ്, കംപ്ലെയ്ൻസ് കമ്മിറ്റി വൈസ് ചെയർ ഷോബി ഐസക്, ജുഡീഷ്യൽ കമ്മിറ്റി ചെയർ ജോഫ്രിൻ ജോസ്, ബൈലോ കമ്മിറ്റി ചെയർമാൻ ജോൺ സി. വർഗീസ്, പിആർഒ ഷോളി കുമ്പിളുവേലി, നേതാക്കളായ തോമസ് കോശി, ജെ.മാത്യു എന്നിവർ സംസാരിക്കും.
വിവിധ അംഗ സംഘടനാ പ്രസിഡന്റുമാരായ പ്രദീപ് നായർ, ഫിലിപ്പ് ചെറിയാൻ, വർഗീസ് എം. കുര്യൻ, കോട്ടക്കൽ എം. ചാക്കോ, ജോസ് മലയിൽ, ജിജോ ആന്റണി, സുരേഷ് മുണ്ടക്കൽ, ജയേഷ് തളിയക്കാട്ടിൽ, രാജേഷ് ഗോപാൽ, അനീഷ് കണ്ണംപുറത്തു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
റീജിയണൽ നേതാക്കളായ മോൻസി വർഗീസ്, സന്തോഷ് എബ്രഹാം, ആശിഷ് ജോസഫ്, എൽസി ജൂബ്, സണ്ണി കല്ലൂപ്പാറ, തോമസ് സാമുവേൽ, ജോസഫ് വടശേരി, റോയ് ചെങ്ങന്നൂർ, സോണി വടക്കേൽ, ഫിലിപ്പ് സാമുവേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
നടനും പ്രമുഖ മിമിക്രി കലാകാരനുമായ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ കലാപരിപാടികളും വിവിധ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും ചടങ്ങിൽ അവതരിപ്പിക്കും.
വിലാസം: 34 മോറിസ് സ്ട്രീറ്റ്, യോങ്കേഴ്സ്, 10705
|
മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസനം 24ന് ഡയസ്പോറ ഞായറായി ആചരിക്കും
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭ ഈ മാസം 24ന് ഡയസ്പോറ ഞായറായി (പ്രവാസി ഞായർ) ആചരിക്കും. മാർത്തോമ്മാ സഭയുടെ പ്രവാസി അംഗങ്ങളുടെ സംഭാവനകളെ ആദരിക്കുന്ന ദിനമായിട്ടാണ് പ്രവാസി ഞായറാഴ്ച ആചരിക്കുന്നതെന്ന് തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അറിയിച്ചു.
നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ എല്ലാ ഇടവകകളും ഈ ദിവസം അർഥവത്തായ രീതിയിൽ ആചരിക്കണം. സഭയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് പ്രവാസി അംഗങ്ങൾ നൽകുന്ന സഹകരണം ശ്ലാഘനീയമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന മാർത്തോമ്മാ വിശ്വാസികൾ സഭയുടെ വ്യക്തിത്വം സജീവമായി ഉയർത്തിപ്പിടിക്കുകയും ആരാധനകളിലും സേവനങ്ങളിലും പങ്കെടുക്കുകയും ശുശ്രൂഷാ പ്രവർത്തനങ്ങളിൽ ആവേശത്തോടെ സംഭാവന ചെയ്യുകയും ചെയ്യുന്നു.
യുവാക്കളിൽ പലരും ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നു. ഈ യുവജനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശം നൽകാനും അവരെ പ്രോത്സാഹിപ്പിക്കാനും അവർക്ക് ആത്മീയ കൂട്ടായ്മ നൽകാനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് പ്രാദേശിക സഭകളെയും ഇടവകകളെയും ഓർമിപ്പിക്കുന്നു.
പ്രവാസി ഞായറാഴ്ച ദൈവത്തിന്റെ മാർഗനിർദേശത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനും പ്രവാസികളുടെ അനുഗ്രഹീതമായ ജീവിതത്തിനായി പ്രാർഥിക്കുന്നതിനുമായി വേർതിരിച്ചിരിക്കുന്നതാണ്.
ഈ ദിവസം സഭയിലും സമൂഹത്തിലും ഫലപ്രദമായ ശുശ്രൂഷയെ പിന്തുണയ്ക്കുന്നതിനുള്ള അവസരമായി മാറണമെന്ന് മെത്രാപ്പൊലീത്ത കൂട്ടിച്ചേർത്തു.
|
അമേരിക്കയിൽ അയോധ്യ ക്ഷേത്രം ഉയരുന്നു
ഹൂസ്റ്റൺ: ലോകത്തിലെ വിവിധ നഗരങ്ങളിൽ അയോധ്യ ക്ഷേത്രങ്ങൾ ഉയരുന്നു. ടെക്സസിലെ ഹൂസ്റ്റണിൽ ശ്രീ സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പെയർലാൻഡിൽ ആയിരിക്കും അയോധ്യ ക്ഷേത്രം ഉയരുക.
ടെക്സസിൽ പെയർലാൻഡിലെ പ്രശസ്തമായ ശ്രീ മീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും ക്ഷേത്രം ഉയരുക. അതിനായി അഞ്ചേക്കർ സ്ഥലം സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ നേരത്തെ തന്നെ വാങ്ങിയിരുന്നു.
ശനിയാഴ്ച(നവംബർ 23) രാവിലെ സെൻട്രൽ സമയം 9.30ന് സൂമിലായിരിക്കും ക്ഷേത്ര നിർമാണ വിളംബരം ഔദ്യോഗികമായി ഉണ്ടാവുക. ആറ്റുകാൽ തന്ത്രി ശ്രീ വാസുദേവ ഭട്ടതിരിയുടെ പ്രാർഥനയോടെയായിരിക്കും ചടങ്ങുകൾ ആരംഭിക്കുക.
ചടങ്ങിന് സാക്ഷിയാകാൻ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ നിന്നുമുല്ല സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ ചെയർമാൻ ശ്രീശക്തി ശാന്താനന്ത മഹർഷിയോടൊപ്പം മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് സംഗീത് കുമാർ എന്നിവർ സന്നിഹിതരായിരിക്കും.
കഴിഞ്ഞവർഷം നവംബർ 23 കെഎച്ച്എൻഎയുടെ ഭാഗമായി മീനാക്ഷി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടന്നിരുന്നു. ഈ വർഷം നവംബർ 23ന് ക്ഷേത്ര നിർമാണ വിളംബരത്തോടെ ക്ഷേത്രത്തിന്റെ പ്ലാനുകളും മറ്റും സിറ്റിക്കു സമർപ്പിക്കുന്നതും 2025 നവംബർ 23ന് ബാലാലയ പ്രതിഷ്ഠ കർമങ്ങൾ നടത്താനുമാണ് സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ തീരുമാനമെന്ന് ഫൗണ്ടേഷൻ ഡയറക്ടർമാരായ ജി.കെ. പിള്ള, രഞ്ജിത്ത് പിള്ള, ഡോ. രാമദാസ് പിള്ള, അശോകൻ കേശവൻ, സോമരാജൻ നായർ, അനിൽ ആറന്മുള, ജയപ്രകാശ് നായർ, മാധവൻ നായർ, സുനിൽ നായർ, വിശ്വനാഥൻ പിള്ള, രവി വള്ളത്തേരി, ഡോ. ബിജു പിള്ള എന്നിവർ അറിയിച്ചു.
വിശ്വാസികൾക്ക് തങ്ങളുടെ കേരളത്തിലെ കുടുംബ ക്ഷേത്രത്തിൽനിന്നോ ഭരദേവതാ ക്ഷേത്രത്തിൽനിന്നോ ഒരുപിടി മണ്ണ് കൊണ്ടുവന്ന് ക്ഷേത്ര ഭൂമിയിൽ ലയിപ്പിക്കാനും ഒപ്പം ഈ ക്ഷേത്രം തങ്ങളുടെ കുടുംബ ക്ഷേത്രമാക്കി മാറ്റാനും അപൂർവമായ അവസരമുണ്ടാക്കുമെന്നു ക്ഷേത്ര സമിതി കോഓർഡിനേറ്റർ രഞ്ജിത് പിള്ള പറഞ്ഞു. അങ്ങനെയുള്ള കുടുംബങ്ങളുടെ വിവരങ്ങൾ തകിടിൽ ആലേഖനം ചെയ്ത് ക്ഷേത്രത്തിൽ സൂക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ക്ഷേത്രവും അവിടെ ഉയരുന്ന ഹനുമാൻ പ്രതിഷ്ഠയും അമേരിക്കയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ധാരാളം പ്രത്യേകത ഉള്ളതായിരിക്കുമെന്നും രഞ്ജിത് അവകാശപ്പെട്ടു.
ക്ഷേത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ 23ന് നടക്കുന്ന സൂം മീറ്ററിംഗിൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ളവരോടൊപ്പം ഭാഗമാകാൻ ഭക്തജനങ്ങളോട് രഞ്ജിത്ത് അഭ്യർഥിച്ചു.
|
അന്താരാഷ്ട്ര ലീഗൽ അഫയേഴ്സ് ഫോറം രൂപീകരിച്ചു
ഫ്ലോറിഡ: ഫൊക്കാന ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലീഗൽ അഫയേഴ്സ് ഫോറം നിലവിൽ വന്നതായി പ്രസിഡന്റ് സണ്ണി മറ്റമന അറിയിച്ചു. ഫ്ലോറിഡയിൽ നിന്നുള്ള അറ്റോർണി അഭിലാഷ് ടി. മത്തായി (എൽഎൽഎം ഇന്റർനാഷണൽ ലോ) ചെയർ പേഴ്സണും ടെക്സസിലെ ഡാളസിൽ നിന്നുള്ള ബെനഡിക്ട് ജോർജ് (എൽഎൽബി, സിപിഎ), ബാൾട്ടിമോറിൽനിന്നുള്ള അഡ്വ. ജോയ് കൂടാലി, ന്യൂജഴ്സിയിൽ നിന്നുള്ള ജീമോൻ ജോസഫ് (എൽഎൽബി) എന്നിവർ ലീഗൽ കോർഡിനേറ്റർമാരുമായിരിക്കും.
ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തുന്ന നിയമ ബിരുദധാരികൾക്കു അമേരിക്കയിൽ നിയമ പഠനം തുടർന്ന് ഇവിടത്തെ ഡിഗ്രി കരസ്ഥമാക്കാനുള്ള ക്ലാസുകൾ, പരീക്ഷാ സഹായം തുടങ്ങിയ മാർഗനിർദേശങ്ങൾ നൽകുക, ഇന്ത്യയിൽ വസ്തുവകകളിലും മറ്റും നിയമ പ്രശ്നങ്ങൾ ഉള്ളവർക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകാനും ഉദ്ദേശിച്ചുള്ളതാണ് ലീഗൽ അഫയേഴ്സ് ഫോറം അഥവാ നിയമോപദേശക സമിതി.
അമേരിക്കയിലെ ഇന്ത്യൻ ലീഗൽ എംപവർമെന്റ് ഫോറത്തിന്റെ നാഷണൽ അംബാസിഡർ ആണ് അഭിലാഷ് മത്തായി. ഇന്ത്യയിൽ നിന്നുള്ള നിയമജ്ഞരെയും നിയമ വിദ്യാർഥികളെയും അമേരിക്കയിൽ മുന്നേറാൻ സഹായിക്കുക അതുപോലെ ഇന്ത്യക്കാരായ നിയമ ബിരുദധാരികൾക്ക് യുണൈറ്റഡ് നേഷൻ, ഇന്റർനാഷണൽ ക്രിമിനൽ കോർട്ട്, വേൾഡ് ട്രേഡ് ഓർഗനൈസഷൻ, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് എന്നീ സംരംഭങ്ങളിൽ ജോലി കരസ്ഥമാക്കാനും അന്താരാഷ്ട്ര നിയമത്തിൽ പ്രാവീണ്യം നേടാനും സഹായിക്കുന്ന സംഘടനയാണ് ലീഗൽ എംപവർമെന്റ് ഫോറം.
ഫൊക്കാന ഇന്റർനാഷണലിലൂടെ തന്റെ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവരിക്കാനാകുമെന്നു അഭിലാഷ് മത്തായി പറഞ്ഞു. ടെക്സസിലെ ഡാളസിൽ സ്വന്തം സിപിഎ സ്ഥാപനം നടത്തുകയാണ് ബെനഡിക്ട് ജോർജ് എന്ന ബെന്നി. കേരളത്തിൽ നിന്നും നിയമബിരുദവും അമേരിക്കയിൽ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമായ ബെന്നി നാൽപതു വർഷത്തിലധികമായി ഡാലസിലാണ്.
നാട്ടിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ആളാണ് അഡ്വക്കേറ്റ് ജോയ് കൂടാലി. അമേരിക്കയിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തു സജീവ സാന്നിധ്യമായ ജോയ് ബാൾട്ടിമോർ കൈരളിയുടെ അഡ്വൈസറി ബോർഡ് ചെയർമാനാണ്.
മാംഗ്ലൂർ സർവകലാശാലയിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ജീമോൻ ജോസഫ് 2003ലാണ് അമേരിക്കയിലെത്തുന്നത്. ന്യൂജഴ്സിയിൽ ന്യൂ ബ്രെൻസ്വിക്കിൽ താമസിക്കുന്നു.
ഇന്ത്യയിൽ ഉടമസ്ഥാവകാശമുള്ള സ്വത്തുക്കളിൽ തർക്കങ്ങൾ ഉള്ള ധാരാളം മലയാളികൾക്ക് ഈ നിയമസഹായ വേദി ഉപകരിക്കുമെന്ന് പ്രസിഡന്റ് സണ്ണി മറ്റമന പ്രത്യാശ പ്രകടിപ്പിച്ചു.
|
കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾക്കാഴ്ചയാണ് അനിവാര്യം: റവ. ജോർജ് ജോസ്
ഹൂസ്റ്റൺ: ബാഹ്യ നേത്രങ്ങളിലൂടെയുള്ള കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾക്കാഴ്ചയാണ് ഇന്ന് വിശ്വാസ സമൂഹത്തിനു അനിവാര്യമായിരിക്കുന്നതെന്നു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച മുൻ വികാരി റവ. ജോർജ് ജോസ്.
വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ബർത്തിമായി എന്ന അന്ധനായ മനുഷ്യന് ആ വഴി കടന്നുവന്ന ക്രിസ്തുവിനെ ബാഹ്യ നേത്രങ്ങളിലൂടെയല്ല കേൾവി ശക്തി കൊണ്ടാണ് തിരിച്ചറിയാൻ കഴിഞ്ഞത്.
കരുണ ലഭ്യമാകുന്ന വിശ്വാസത്തിന്റെ ഉടമയായിരുന്നു അന്ധനായ ബർത്തിമായി വല്ലതും തരണേ എന്നല്ല എന്നോട് കരുണ തോന്നേണമേ എന്ന പ്രാർഥനയാണ് നടത്തിയത്, കാഴ്ച ലഭിച്ചപ്പോൾ തുറന്ന് കണ്ണുകൊണ്ട് ആദ്യം ദർശിക്കുന്നതും അവനെ കാഴ്ച നൽകിയ ക്രിസ്തുവിനെയാണെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൺ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച പ്രത്യേക പ്രാർഥനാ സമ്മേളനത്തിൽ "ക്രൂശിങ്കൽ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു മുഖ്യാതിഥിയായ റവ.ജോർജ് ജോസ്.
പ്രാർഥനാ സമ്മേളനത്തിൽ റവ. ഉമ്മൻ സാമുവേൽ പ്രാരംഭ പ്രാർഥന നടത്തി. സോഫി പരേൽ (എംടിസി ഡാളസ് കരോൾട്ടൻ) ഗാനമാലപിച്ചു. ഡാനിയൽ വർഗീസ് (ഇമ്മാനുവൽ എംടിസി ഹൂസ്റ്റൺ), പി.കെ. തോമസ് (ട്രിനിറ്റി എംടിസി, ഹൂസ്റ്റൺ) എന്നിവർ മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
പ്രസിഡന്റ് റവ.ഫാ. അലക്സ് അധ്യക്ഷ പ്രസംഗം നടത്തി. ലില്ലി അലക്സ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. സൗത്ത് വെസ്റ്റ് റീജിയൺ മാർത്തോമ്മാ ഇടവകകളിലെ നിരവധി അംഗങ്ങൾ പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുത്തു.
റോബി ചേലഗിരി (സെക്രട്ടറി) സ്വാഗതവും വൈസ് പ്രസിഡന്റ് സാം അലക്സ് നന്ദിയും പറഞ്ഞു. സമാപന പ്രാർഥനയും ആശീർവാദവും റവ. ഉമ്മൻ സാമുവേൽ നിർവഹിച്ചു.
|
മറിയാമ്മ മാത്യൂസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: അടൂർ വടക്കകടത്തു കാവ് വൈദ്യൻ പറമ്പിൽ സൈമൺ മാത്യൂസ് ഭാര്യ മറിയാമ്മ മാത്യൂസ് (86) ഡാളസിൽ അന്തരിച്ചു കൊട്ടാരക്കര വാളകം കുമ്പകാട്ട് കുടുംബാംഗവും കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമാണ്.
1971ൽ അമേരിക്കയിലേക്ക് കുടുംബ സമേതം കുടിയേറിയ മറിയാമ്മ മാത്യൂസ് ന്യൂയോർക് ആൽബനിയിൽ രജിസ്റ്റേർഡ് നഴ്സായിരുന്നു. 2019ൽ സർവീസിൽ നിന്നും റിട്ടയർ ചെയ്ത് ഡാളസിലേക്കു താമസം മാറ്റി മകനോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
മക്കൾ: സജി മാത്യുസ് (മെക്കനി, ഡാളസ്), സണ്ണി മാത്യുസ് (ബോസ്റ്റൺ), മരുമക്കൾ: അമാൻഡ, ജൂലി.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (2116 Old Denton rd) ഡിസംബർ ഏഴിന് നടക്കും. തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സാമുവേൽ തമ്പി ചീരൻ 91 999 587 5894.
|
ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കി കാനഡ
ഓട്ടവ: കാനഡയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കാനഡയിലെ വിമാനത്താവളങ്ങളിൽ പരിശോധനകൾ കർശനമാക്കി. ഇരുരാജ്യങ്ങളും കടുത്ത നയതന്ത്ര തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണു കാനഡയുടെ തീരുമാനം.
ഇതുമൂലം പ്രീബോർഡിംഗ് പരിശോധനകൾക്ക് അന്താരാഷ്ട്ര യാത്രക്കാർക്ക് ദീർഘനേരം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരും. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്നു യാത്രക്കാരോട് എയർകാനഡ അഭ്യർഥിച്ചു.
|
ഡൊമിനിക്കയുടെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി മോദി
ജോർജ്ടൗൺ (ഗയാന): കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ചു.
കൊവിഡ്19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യത്തിനു നൽകിയ സംഭാവനകൾക്കും ഇന്ത്യഡൊമിനിക്ക ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിനുമാണ് ഡൊമിനിക്കൻ പ്രസിഡന്റ് സിൽവാനി ബർട്ടൺ പുരസ്കാരം നൽകി ആദരിച്ചത്.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ ഗയാനയിൽ എത്തിയ പ്രധാനമന്ത്രിക്ക് ബുധനാഴ്ച നടന്ന ഇന്ത്യകാരികോം ഉച്ചകോടിയിലാണു രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചത്.
|
അദാനിക്കെതിരേ അമേരിക്കയിൽ കൈക്കൂലിക്കും തട്ടിപ്പിനും കേസ്
ന്യൂയോർക്ക്: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ കൈക്കൂലി നൽകിയതിനും തട്ടിപ്പിനും കേസ്. അഴിമതിക്കുറ്റത്തിന് ന്യൂയോർക്ക് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു.
20 വർഷത്തിനുള്ളിൽ രണ്ടു ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ സൗരോർജ വിതരണക്കരാറുകൾ നേടാൻ 250 ദശലക്ഷം ഡോളറിന്റെ (2,100 കോടി രൂപ) കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.
ഗൗതം അദാനിക്കു പുറമേ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സാഗർ അദാനിക്കും വിനീത് ജെയ്നുമെതിരെയും കേസെടുത്തിട്ടുണ്ട്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നു കുറ്റപത്രത്തിൽ പറയുന്നു.
യുഎസ് നിക്ഷേപകരിൽനിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ അദാനി ഗ്രീൻ എനെർജിക്കെതിരേ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന് കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള് ഉന്നയിച്ചിട്ടുള്ളത്.
കുറ്റപത്രത്തിൽ തമിഴ്നാട്ടിലെ കരാറിനും ഗൗതം അദാനി കൈക്കൂലി കൊടുത്തെന്ന പരാമർശമുണ്ടെന്നു സൂചനയുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്ട്ടുകള് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള് 20 ശതമാനംവരെ തകര്ച്ച നേരിട്ടു.
അദാനി എനര്ജി സൊലൂഷന് 20 ശതമാനം തകര്ച്ച നേരിട്ടു. അദാനി ഗ്രീന് 18 ശതമാനവും അദാനി ടോട്ടല് ഗ്യാസ് 13 ശതമാനവും അദാനി പവര് 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണ്.
|
റീറ്റ ജോസഫ് ബിനോയ് യുഎസിൽ അന്തരിച്ചു
റോച്ചസ്റ്റർ: തിരുവനന്തപുരം കേശവദാസപുരം ആനന്ദ് നഗർ എഎൻആർഎ12 വേങ്ങൽ പരേതനായ ബിനോയ് ചെറിയാന്റെ (പ്രൊജക്ടറ്റ് മാനേജർ, ഷെറോക്സ്, റോച്ചസ്റ്റർ യുഎസ്എ) ഭാര്യ റീറ്റ ജോസഫ് ബിനോയ് (64, സീനിയർ സിസ്റ്റംസ് അനലിസ്റ്റ്, കൂപ്പർവിഷൻ, റോച്ചസ്റ്റർ യുഎസ്എ) അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച റോച്ചസ്റ്റർ ഔവർ ലേഡി ക്വീൻ പീസ് പള്ളിയിൽ. പരേത പൊൻകുന്നം കരിക്കാട്ടുകുന്നേൽ റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പരേതനായ എം.ഇ. ജോസഫ് കാവാലം കണ്ണാടി തറയിൽ പരേതയായ മേരി ജോസഫിന്റെയും മകളാണ്.
മക്കൾ: ഡോ. മറിയ ബിനോയ് (ജനറൽ ഫിസിഷ്യൻ, മെമ്മോറിയൽ ഹെൽത്ത് സിസ്റ്റംസ്, ഒഹായോ), അന്ന ബിനോയ് (സീനിയർ കൺസൾട്ടന്റ് സൗത്ത് വെസ്റ്റ് എയർലയൻസ് ഡാളസ്). മരുമക്കൾ: ഡോ. സൈറസ് കെല്ലർമിയർ (അസി. പ്രഫസർ, അനസ്തയോളജി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി), ലോഗൻ ഹെരിംഗ്ടെൻ (സീനിയർ കൺസൾട്ടന്റ് സൗത്ത് വെസ്റ്റ് എയർലയൻസ്, ഡാളസ്).
സഹോദരങ്ങൾ: ഈപ്പൻ ജോസഫ് (റിട്ട. എംഡി, ടിടിപി), ജയിംസ് കെ. ജോസഫ് ഐഎസ് ആൻഡ് എഎസ് (റിട്ട. അക്കൗണ്ടന്റ് ജനറൽ), പ്രഫ. ടോം ജോസഫ് (സെന്റ് സേവ്യേഴ്സ് കോളജ്), സിറിയക് ജോസഫ് (ബിസിനസ്), പ്രഫ. ലീല പോൾ, ഡോ. അമ്മിണി ജോസഫ്, പ്രഫ. അച്ചാമ്മ ചാക്കോ, തങ്കമ്മ ജോസ്, റാണി ജോർജ്, ഡോ. മിനി മൈക്കിൾ (എല്ലാവരും യുഎസ്എ), ചാച്ചിമ്മ ക്രിസ്റ്റി (ഡൽഹി), ബീന ബാബു (ബംഗളൂരു), മഞ്ജു ജിമ്മി (സിഡ്നി).
പരേതയയുടെ ആത്മശാന്തിക്കായി മുട്ടട ഹോളി ക്രോസ് പള്ളിയിൽ ശനിയാഴ്ച നാലിനു കുർബാനയും മറ്റു തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.
|
മോദി ഗയാനയിൽ
ജോർജ്ടൗൺ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയുടെ മണ്ണിൽ കാലുകുത്തുന്നത്.
പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്റ് ഇർഫാൻ അലി വിമാനത്താവളത്തിലെത്തി. പ്രസിഡന്റിനൊപ്പം ഗയാന പ്രധാനമന്ത്രി മാർക് ആന്റണി ഫിലിപ്സും കാബിനറ്റ് മന്ത്രിമാരും സ്വീകരിക്കാനെത്തിയിരുന്നു.
ഹോട്ടലിലെത്തിയ മോദിയെ സ്വീകരിക്കാൻ ഗ്രനേഡ പ്രധാനമന്ത്രി ഡിക്കൻ മിച്ചൽ, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടി എന്നിവരും എത്തി. ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ് ’, ബാർബഡോസിന്റെ ഉന്നത ബഹുമാതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് ’ എന്നിവ മോദിക്കു സമ്മാനിക്കും.
|
ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് റിട്ടയേർഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമം സംഘടിപ്പിച്ചു
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ വിവിധ വകുപ്പിൽ വിരമിച്ചവരുടെ കുടുംബ സംഗമം ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ നടന്നു. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
മുഖ്യ സംഘാടകനായ പോൾ കറകപ്പിള്ളിൽ സ്വാഗതം ആശംസിച്ചു. ലാലു മാത്യു, രാജു യോഹന്നാൻ, അപ്പുക്കുട്ടൻ നായർ എന്നിവർ ഗാനങ്ങളാലപിച്ചപ്പോൾ ജയപ്രകാശ് നായർ ഒരു കവിത ആലപിച്ചു.
ഫിലിപ്പ് ന്യൂജഴ്സി, ജയപ്രകാശ് നായർ, ചാക്കോ കോയിക്കലേത്ത്, ഏബ്രഹാം കടുവട്ടൂർ, വർഗീസ് ഒലഹന്നാൻ, ജോസഫ് വാണിയപ്പള്ളി, എല്സി ജൂബ് എന്നിവർ ആശംസാ പ്രസംഗം ചെയ്തു.
ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന മലയാളി സംരംഭങ്ങളായ ഗ്ലോബൽ കൊളീഷൻ & ബോഡി വർക്സിലെ നോവ ജോർജും ഫിസിയോ തെറാപ്പി രംഗത്തുനിന്ന് സാജൻ അഗസ്റ്റിനും തങ്ങളുടെ സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
മാത്തുക്കുട്ടി ജേക്കബ്, ബബീന്ദ്രൻ, ഫിലിപ്പ് ന്യൂജഴ്സി, വർഗീസ് ലൂക്കോസ് എന്നിവരാണ് പോൾ കറുകപ്പിള്ളിയോടൊപ്പം കുടുംബസംഗമം സംഘടിപ്പിക്കുവാൻ പ്രയത്നിച്ചത്.
സാഹിത്യകാരൻ സി.എസ്. ചാക്കോ (രാജൂ ചിറമണ്ണിൽ) എംസിയായി പ്രവർത്തിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് വർഗീസ് ലൂക്കോസ് നന്ദി അറിയിച്ചു.
ചിത്രം: അജി കളീക്കല്
|
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ 50 സ്ഥലങ്ങളിൽ ചോർച്ച
വാഷിംഗ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയം(ഐഎസ്എസ്) 50ലധികം സ്ഥലങ്ങളിൽ ചോർച്ച സംഭവിക്കുന്നതായി നാസ കണ്ടെത്തിയിരിക്കുന്നു. ഈ പ്രശ്നം വളരെക്കാലമായി നിലനിൽക്കുന്നതായും ബഹിരാകാശയാത്രികർക്ക് ഇത് ഒരു വലിയ സുരക്ഷാ ഭീഷണിയാണെന്നും നാസയുടെ ഇൻസ്പെക്ടർ ജനറൽ ഓഫീസ് റിപ്പോർട്ട് ചെയ്തു.
രാജ്യാന്തര ബഹിരാകാശ നിലത്തിന്റെ റഷ്യൻ ഭാഗത്താണ് ഈ ചോർച്ച ആദ്യമായി കണ്ടെത്തിയത്. നാസയും റോസ്കോസ്മോസും ചേർന്ന് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബഹിരാകാശയാത്രികർക്ക് ഇത് ഒരു വലിയ ആശങ്കയായി തുടരുന്നു.
ഐഎസ്എസിലെ നാല് പ്രധാന വിള്ളലുകളും ചോർച്ച സംഭവിക്കുന്ന മറ്റ് 50 പ്രദേശങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് നാസ അധികൃതർ പറഞ്ഞു. റോസ്കോസ്മോസ് ഈ വിള്ളലുകൾ അടയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ചോർച്ച ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ‘സുരക്ഷാ ആശങ്ക’ എന്ന നിലയിൽ ഇതിന് പ്രഥമ പരിഗണന നൽകിയിട്ടുണ്ടെന്നും നാസ പറയുന്നു.
നാസ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജിം ഫ്രേ, ഈ ചോർച്ചയുടെ ഗൗരവത്തെക്കുറിച്ച് താൻ പലതവണ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ചോർച്ച ആ ഹാച്ചിനടുത്ത് നടക്കുന്നതിനാൽ, ആ ഹാച്ച് കഴിയുന്നത്ര അടച്ചിടാൻ റോസ്കോസ്മോസ് നാസയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ വൈകുന്നേരവും ബഹിരാകാശയാത്രികർ അത് ഓഫ് ചെയ്യുമെന്ന് ഞങ്ങൾ തീരുമാനിച്ചു എന്നും ഫ്രീ പറഞ്ഞു. ഐഎസ്എസിന്റെ അമേരിക്കൻ ഭാഗത്ത് താമസിക്കുന്ന ബഹിരാകാശയാത്രികരെ എപ്പോഴും രക്ഷപ്പെടാനുള്ള വാഹനത്തിന് സമീപം നിർത്തിയിട്ടുണ്ടെന്ന് നാസ പറഞ്ഞു.
അഞ്ച് വർഷം മുൻപാണ് ഈ ചോർച്ച ആദ്യമായി കണ്ടെത്തിയത്, അതിനുശേഷം ഇത് പരിഹരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നാസ അവകാശപ്പെട്ടു. ബഹിരാകാശ നിലയം 2030വരെ പൂർണമായി ഉപയോഗിക്കാനും സുരക്ഷിതമായി പ്രവർത്തിപ്പിക്കാനും നാസ പ്രതിജ്ഞാബദ്ധമാണ്.
നാസ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മീഷൻ ചെയ്യുന്നതിനുള്ള നിരവധി ഓപ്ഷനുകൾ പരിശോധിച്ചു വരികയാണ്. അവ വേർപെടുത്തി ഭൂമിയിലേക്ക് മടങ്ങുക, ഉയർന്ന ഭ്രമണപഥത്തിലേക്ക് ഉയർത്തുക, ക്രമരഹിതമായ പുനഃപ്രവേശനത്തിലൂടെ, വിദൂര സമുദ്രമേഖലയിലേക്ക് നിയന്ത്രിത ടാർഗെറ്റ് റീഎൻട്രി എന്നിവ ഉൾപ്പെടെ നിരവധി ഓപ്ഷനുകളാണ് പരിശോധിക്കുന്നത്.
|
ഡാളസ് കേരള അസോസിയേഷന്റെ "കേരള പിറവി ദിനാഘോഷം' അവിസ്മരണീയമായി
ഡാളസ്: ഡാളസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 68ാമത് കേരള പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചത് ഡാളസ് ഫോർത്ത്വർത്ത് മെട്രോപ്ലെക്സിൽ നിന്നും എത്തിച്ചേർന്ന മലയാളി കലാസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി.
ശനിയാഴ്ച "കേരളീയം' എന്നപേരിൽ ഗാർലൻഡിലെ സെന്റ് തോമസ് സീറോമലബാർ ചർച്ച് ജൂബിലി ഹാളിൽ സംഘടിപ്പിച്ച കേരളീയം ചടങ്ങിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു.
കൃത്യം ആറിന് അമേരിക്കൻ ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ ആമുഖ പ്രസംഗം നടത്തുകയും എല്ലാവരെയും സ്വാഗതം ചെയുകയും ചെയ്തു.
തുടർന്ന് രണ്ടര മണിക്കൂർ നീണ്ടു നിന്ന ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, കേരളനടനം, കോൽക്കളി തെയ്യം തുടങ്ങിയ കേരളത്തനിമയാർന്ന തകർപ്പൻ കലാപരിപാടികൾ പങ്കെടുത്ത എല്ലാവരുടെയും കാതിനും മനസിനും കുളിർമയേകുന്നതായിരുന്നു.
ഇൻസ്ട്രുമെന്റൽ ലൈവ് മ്യൂസിക് (നൊസ്റ്റാൾജിക് മലയാളം മൂവി പശ്ചാത്തല മെഡ്ലി, ചെറിയ ബാൻഡ്, നിഹാര, നൂപുര, മെക്നാക്ഷി, കാർ സിദ്ധാർഥ്, അഭിജിത്ത്), ലളിത ഗാനം മീനാക്ഷി, തിരുവാതിര നാട്യം ടീം, മാർഗം കാളി ക്രൈസ്റ്റ് ദി കിംഗ് മാർഗം കാളി ടീം ഓഫ് ഡാളസ്,
ഭരതനാട്യം തപസ്യ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്,(നൃത്തസംവിധാനം ദിയുയ സനൽ), കോൽ കളി ക്രൈസ്റ്റ് ദി കിംഗ് കോൾ കലി ടീം ഓഫ് ഡാളസ്, ഒപ്പന ഡാളസ് മൊഞ്ചത്തിമാർ, നാടോടിനൃത്തം ഇന്ദുവിന്റെ ടീം, കുച്ചുപ്പുടി ശ്രീജയുടെ ടീം, തല ലയം ബാലു & ടീം, നാടോടിനൃത്തം (കൊറിയോഗ്രാഫ് ചെയ്തത് ആൽഫി മാളികലും ഏകോപിപ്പിച്ചതുമാണ്) ഷൈനി ഫിലിപ്പ്,
മോഹിനി ആട്ടം തപസ്യ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, മോണോ ആക്ട് സുബി ഫിലിപ്പ്, സെമി ക്ലാസിക്കൽ ഡാൻസ് നർത്തന ഡാൻസ് ഡാളസ്(ഹന്ന), നാടൻ പാട്ട് ഡാളസ് മച്ചന്മാർ, മാപ്പിളപ്പാട്ട്, സെമി ക്ലാസിക്കൽ ഡാൻസ് സംസ്കൃതി അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് എന്നിവർ അവതരിപ്പിച്ച ഓരോ പരിപാടികളും ഒന്നിനോടൊന്നു മികച്ചതായിരുന്നു.
പ്രോഗ്രാം കോഓർഡിനേറ്ററും ആർട്ട് ഡിറ്റക്ടറുമായ സുബി ഫിലിപ്പ് സെക്രട്ടറി മൻജിത് കൈനിക്കര എന്നിവർ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.അനിയൻ ഡാളസ് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.
ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ ഷിജു എബ്രഹാം, ദീപക് മടത്തിൽ, വിനോദ് ജോർജ്, സാബു മാത്യു, ജെയ്സി രാജു, സാബു മുക്കാലടിയിൽ, അഗസ്റ്റിൻ, ബേബി കൊടുവത്ത്, അനശ്വർ മാംമ്പിള്ളി, സബ് മാത്യു, ഫ്രാൻസിസ് തോട്ടത്തിൽ,
ദീപു രവീന്ദ്രൻ, നിഷ മാത്യു, രാജൻ ചിറ്റാർ, ഹരിദാസ് തങ്കപ്പൻ, ഫ്രാൻസിസ് ആംബ്രോസ് ഡിംപിൾ ജോസഫ്, സിജു വി. ജോർജ് എന്നിവരാണ് കേരളീയം വിജയമാകുന്നതിനു പ്രവർത്തിച്ചത്.
|
സ്പേസ് എക്സിന്റെ ആറാം സ്റ്റാര്ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം
വാഷിംഗ്ടണ്: ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം. സ്പേസ് എക്സിന്റെ ടെക്സസിലെ സ്റ്റാര്ബേസ് കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലര്ച്ചെ 3.30നാണ് സ്റ്റാര്ഷിപ്പ് വിക്ഷേപിച്ചത്.
വിക്ഷേപണത്തിനുശേഷം സ്റ്റാര്ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യൻ സമുദ്രത്തിൽ തിരിച്ചിറക്കി. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് എന്നിവർ വിക്ഷേപണം കാണാൻ എത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ 13ന് നടന്ന സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വൻ വിജയമായിരുന്നു. റോക്കറ്റിന്റെ ബൂസ്റ്റർ തിരിച്ചിറക്കി കൂറ്റൻ യന്ത്രക്കൈകൾ വച്ച് പിടിച്ചെടുത്ത് ഇലോൺ മസ്കിന്റെ കന്പനി അന്ന് ചരിത്രം കുറിച്ചു.
എന്നാല് ഇത്തവണ വിക്ഷേപണ വാഹനത്തിന്റെ പടുകൂറ്റന് ബൂസ്റ്റര് ഭൂമിയിലെ യന്ത്രകൈ കൊണ്ട് വായുവില് വച്ച് പിടികൂടാന് സ്പേസ് എക്സ് ശ്രമിച്ചില്ല. ബഹിരാകാശത്ത് വച്ച് സ്റ്റാർഷിപ്പ് എഞ്ചിനുകൾ റീ സ്റ്റാർട്ട് ചെയ്യുന്ന പരീക്ഷണവും ഇന്ന് വിജയകരമായി പൂര്ത്തിയാക്കി.
|
ന്യൂയോർക്ക് ഐകെസിസിക്ക് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഇന്ത്യൻ ക്നാനായ കാത്തലിക് കമ്യൂണിറ്റി ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ്: സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ്: മിനി തയ്യിൽ, സെക്രട്ടറി: സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി: സാബു തടിപ്പുഴ, ട്രഷറർ: രഞ്ജി മണലേൽ.
റീജിയണൽ ഏരിയ കോഓർഡിനേറ്റർമാർ: ലാലി വെളുപ്പറമ്പിൽ, മേരിക്കുട്ടി കണ്ടാരപ്പള്ളി (റോക്ക്ലാൻഡ്), നിഷി കൊടിയന്തറ ജസ്റ്റിൻ വട്ടക്കളം (ബിക്യുഎൽഐ), ടിന്റു പട്ടാർകുഴി, സിബി മനയ്ക്കപറമ്പിൽ (ന്യൂജഴ്സി/സ്റ്റാറ്റൻ ഐലൻഡ്), കവിത ചെമ്മാച്ചേരിൽ, സജി കണ്ണങ്കര പുത്തൻപുരയിൽ (വെസ്റ്റ്ചെസ്റ്റർ/കണക്റ്റികട്ട്).
നാഷനൽ കൗൺസിൽ അംഗങ്ങൾ: ബെർണീ മുല്ലപ്പള്ളിൽ, ചാക്കോ മണിമല, ജേക്കബ് കുസുമാലയം (യൂത്ത് പ്രതിനിധി), സാജൻ ഭഗവതികുന്നേൽ, സജി ഒരപ്പാങ്കൽ, സിജു ചേരുവൻകാലായിൽ, ജോയ് പാറടിയിൽ.
1976ൽ തുടങ്ങിയ അസോസിയേഷന്റെ അൻപതാം വാർഷികവും 2001ൽ വാങ്ങിയ റോക്ക്ലാൻഡ് കമ്യൂണിറ്റി സെന്ററിന്റെ 25ാം വാർഷികവും അടക്കമുള്ള ഒട്ടനവധി പദ്ധതികളാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ലക്ഷ്യമിടുന്നത്.
ഇതിനായി ട്രൈസ്റ്റേറ്റിലെ എല്ലാ ക്നാനായകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
|
മീന വാർഷിക വിരുന്ന് ശനിയാഴ്ച
ഷിക്കാഗോ: മലയാളി എഞ്ചിനിയേഴ്സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ(മീന) വാർഷിക വിരുന്ന് ശനിയാഴ്ച 6.30 മുതൽ (4265 White Eagle Dr Naperville, IL 60564) ആരംഭിക്കുന്നു. സാബു തിരുവല്ലയുടെ മുഖാമുഖമുള്ള തമാശ പ്രകടനം സദസിന് മുന്നിൽ കാഴ്ചവയ്ക്കും.
കലാരംഗത്ത് കഴിഞ്ഞ 30 വർഷമായി മിമിക്രി ആർട്ടിസ്റ്റ്, അവതാരകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച തിരുവല്ലയുടെ അനുഗ്രഹീത കലാകാരൻ സാബു, ഏകദേശം 35 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1991 മുതൽ ഷിക്കാഗോ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന മീന, വടക്കേ അമേരിക്കയിലുള്ള മലയാളി എൻജിനിയർമാർക്ക് ഒരുമിച്ചു കൂടുവാനും തങ്ങളുടെ പ്രഫഷണൽ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ സാമ്പത്തിക സാമൂഹിക തലങ്ങളിൽ സഹായിക്കുന്നതിനും വേദി ഒരുക്കുന്നു.
അർഹരായ നൂറു കണക്കിന് എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായം നല്കുന്നതുൾപ്പടെയുള്ള പുരോഗമനപരമായ പല ദൗത്യങ്ങളും മീന ചെയ്തുകൊണ്ടിരിക്കുന്നു.
മീന കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന രസകരവും ഉല്ലസപ്രദവുമായ രംഗങ്ങളും സ്വരലയ നൃത്ത വാദ്യ കലാപരിപാടികളും ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടും. വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിട്ടുണ്ട്.
എല്ലാ എൻജിനിയർമാരെയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോണി ജോൺ (പ്രസിഡന്റ്) (630 854 2775), ഫിലിപ്പ് മാത്യു (പിആർഒ) 224 637 0068.
|
സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം നടത്തി
കാലിഫോർണിയ: സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെയും മതബോധന ക്ലാസിന്റെയും പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു.
മിഷൻ ഡയറക്ടർ ഫാ. റെജി തണ്ടാരശേരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡിആർഇ പ്രിൻസ് കണ്ണോത്തറ, മിഷൻ ലീഗ് യൂണിറ്റ് വൈസ് ഡയറക്ടർ ടുട്ടു ചെരുവിൽ, ഓർഗനൈസർ ആലിസ് ചാമകാലായിൽ, കൈക്കാരന്മാരായ ഫിലിപ്പ് കളപ്പുരയിൽ, ജെയിംസ് കിണറ്റുകര, മിഷൻ സെക്രട്ടറി ജെറിൻ കൊക്കരവാലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മിഷൻ ലീഗിന്റെ പുതിയ ഭാരവാഹികളായി സേറാ പുത്തൻപുരയിൽ (പ്രസിഡന്റ്), ജോനാ കുടിലിൽ (വൈസ് പ്രസിഡന്റ്), നേഹ കള്ളാട്ടിൽ (സെക്രട്ടറി), ആരോൺ കറ്റുവീട്ടിൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
|
ചെറി ലെയിന് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില് മുതിര്ന്ന വിശ്വാസികളെ ആദരിച്ചു
ന്യൂയോര്ക്ക്: ചെറി ലെയിന് സെന്റ് ഗ്രീഗോറിയോസ് ഓര്ത്തഡോക്സ് ദേവാലയത്തിലെ 84 വയസ് കഴിഞ്ഞ മുതിര്ന്ന വിശ്വാസികളെ ആദരിച്ചു. വിശുദ്ധ കുര്ബാനാനന്തരം ഇടവക വികാരി ഫാ. ഗ്രിഗറി വര്ഗീസിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് അഞ്ച് പേരെയാണ് പ്രത്യേകമായി ആദരിച്ചത്.
കെ.വി. ചാക്കോ, വര്ഗീസ് ചെറിയാന്, കെ.എസ്. മാത്യു, അന്നമ്മ മത്തായി, അന്നമ്മ തോമസ് എന്നിവരെ ശതാഭിഷിക്തരായി ആദരിച്ചു. ഇവരില് കെ.വി. ചാക്കോയും അന്നമ്മ മത്തായിയും അവരുടെ നവതി (90 വയസ് തികഞ്ഞവര്) നിറവിലുള്ളവരുമാണ്.
ഒരു വ്യക്തിയുടെ ജീവിതത്തില് 84 വയസാകുമ്പോള് 1000 പൂര്ണ ചന്ദ്രന്മാരെ കണ്ടതായി കണക്കാക്കപ്പെടുന്നു. കൃത്യമായ കണക്കു പ്രകാരം 83 വയസും നാലു മാസവുമാണ് ഈ ശതാഭിഷേകത്തിന്റെ പ്രായം.
ഇവരെ ശതാഭിഷിക്തര് എന്ന് വിളിക്കപ്പെടുന്നു. ശതാഭിഷിക്തരായ ഈ വിശിഷ്ട വ്യക്തികളെ വികാരി ഫാ. ഗ്രിഗറി വര്ഗീസ് പൊന്നാട ചാര്ത്തിയും പ്രശംസാ ഫലകം നല്കിയുമാണ് ആദരിച്ചത്.
ഇടവകയിലെ മര്ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച പരിപാടിക്ക് സമാജം സെക്രട്ടറി ഷീല ജോസ്, ട്രഷറര് റീനി ജോര്ജ്, പള്ളി സെക്രട്ടറി കെന്സ് ആദായി, ട്രസ്റ്റിമാരായ മാത്യു മാത്തന്, ബിജു മത്തായി എന്നിവര് നേതൃത്വം നല്കി. വര്ഗീസ് പോത്താനിക്കാട് ആയിരുന്നു എംസി.
|
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മിഡ്ലാൻഡ് പാർക്ക് വാർഷിക ആഘോഷം സംഘടിപ്പിച്ചു
ന്യൂജഴ്സി: സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ച് മിഡ്ലാൻഡ് പാർക്ക് ഭക്തിസാദ്രമായ ചടങ്ങുകളോടെ 40ാം വാർഷിക ആഘോഷ ചടങ്ങുകൾ വിജയകരമായി സംഘടിപ്പിച്ചു.
ഒക്ടോബർ 23 2023നു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ കാർമികത്വത്തിൽ ഭദ്രദീപം കൊളുത്തി ബാനർ പ്രകാശനവും സംഘടിപ്പിച്ചാണ് 40ാം വാർഷിക ആഘോഷ പരിപാടികൾക്ക് ദേവാലയത്തിൽ തിരശീല ഉയർന്നത്.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ അനുഗ്രഹീത സാന്നിധ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
സെന്റ് സ്റ്റീഫൻസ് മിഡ് ലാൻഡ് പാർക്ക് ദേവാലയ വികാരി റവ ഫാ ഡോ.ബാബു കെ.മാത്യു വരികളെഴുതി സംഗീതസംവിധായകൻ ജോസി പുല്ലാട് കമ്പോസ് ചെയ്തു പ്രശസ്ത ഗായകരായ കെ. ജി. മാർക്കോസ്, ജയചന്ദ്രൻ എന്നിവർ ഗാനങ്ങൾ ആലപിച്ച ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ സമാഹാരം കാദീശ് ആൽബത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.
സിഡി വിൽപ്പനയിൽ നിന്ന് സമാഹരിക്കുന്ന തുക ബാവ തിരുമേനിയുടെ "സഹോദരൻ" ചാരിറ്റി പ്രോജക്റ്റിലൂടെ ഇന്ത്യയിലെ നിർദ്ധനരായ രോഗികൾക്ക് കൈമാറും. ആൽബത്തിലെ ഗാനങ്ങൾ ഉൾപ്പെടുന്ന സംഗീത നിശയോടെ പരിപാടികൾക്ക് സമാപനമായി
40 വാർഷികാഘോഷത്തിന്റെ ഭാഗമായി 2024 ജനുവരി 13 ശനിയാഴ്ച സംഘടിപ്പിച്ച സെന്റ് സ്റ്റീഫൻസ് ദേവാലയ പെരുന്നാൾ ആയിരുന്നു അടുത്ത പരിപാടി. സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിധ്യത്തിൽ ദേവാലയം വർണശബളമായി പെരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
40ാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങുകൾ ദേവാലയത്തിൽ 2024 ഒക്ടോബർ അഞ്ചിനും ആറിനും വിജയകരമായി ആഘോഷിച്ചു. പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ മുഖ്യാതിഥിയായിരുന്ന ചടങ്ങുകളിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ അനുഗ്രഹീത സാന്നിധ്യവും ഉണ്ടായിരുന്നു.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഭദ്രാസന അസംബ്ലി അംഗങ്ങളും നിരവധി വൈദികരും സഭാംഗങ്ങളും ശനിയാഴ്ച സന്ധ്യാ പ്രാർഥനയിലും ഒക്ടോബർ ആറിന് രാവിലെ പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കുർബാനയിലും പങ്കെടുത്തു.
റവ. ഫാ. ജോൺ തോമസ്, (ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി), റവ. ഫാ. ഡോ.ബാബു കെ മാത്യു (സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരി) തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം ക്വയർ സോംഗുകളോടെ ആരംഭിച്ചു. തുടർന്ന് അജു തര്യൻ (40ാം വാർഷിക ആഘോഷ പരിപാടി കോഓർഡിനേറ്റർ) തയാറാക്കിയ സെന്റ് സ്റ്റീഫൻസ് ചർച്ചിന്റെ സംക്ഷിപ്ത ചരിത്രം അടങ്ങുന്ന ഡോക്യുമെന്ററി പ്രകാശിപ്പിച്ചു.
ദേവാലയ വികാരി റവ ഫാ ഡോ. ബാബു കെ. മാത്യു ഏവരെയും സ്വാഗതം ചെയ്തു സംസാരിച്ചു . 40ാം വാർഷിക ആഘോഷ പരിപാടി ജനറൽ കൺവീനർ ജോബി ജോൺ ചടങ്ങിൽ എംസി കർത്തവ്യം നിർവഹിച്ചു.
ദേവാലയത്തിന്റെ 40 വർഷത്തെ ചരിത്രയാത്രയെ അനുസ്മരിക്കുന്ന സുവനീർ ചീഫ് എഡിറ്റർ ഡോ. എബി തര്യൻ നിക്കോളോവോസ് തിരുമേനിയുടെയും ദേവാലയ വികാരി റവ. ഫാ. ഡോ. ബാബു കെ മാത്യുവിന്റെയും സാന്നിധ്യത്തിൽ ബാവ തിരുമേനിക്ക് സമ്മാനിച്ചു. ബാവ തിരുമേനി ഔദ്യോഗികമായി ചടങ്ങിൽ സുവനീർ പ്രകാശനം ചെയ്തു.
ദേവാലയത്തിലെ എല്ലാ മെമ്പേഴ്സിന്റെയും വിവരങ്ങൾ അടങ്ങിയ ചർച്ച് ഡയറക്ടറിയും ബാവ തിരുമേനി പ്രകാശനം ചെയ്തു. ആബേൽ രാജനും ധന്യ രാജനും ചേർന്നാണ് ഈ ഡയറക്ടറി ദേവാലയത്തിനു വേണ്ടി തയാറാക്കിയത്. തുടർന്ന് ബാവ തിരുമേനി, നിക്കോളോവോസ് തിരുമേനി, രൂപതാ അസംബ്ലി അംഗം ഉമ്മൻ കാപ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഈ അവസരത്തിൽ ദേവാലയ രൂപീകരണത്തിന്റെ ആദ്യ വർഷങ്ങളിൽ പള്ളിയിൽ ചേർന്ന 12 സ്ഥാപക അംഗങ്ങളെ ആദരിച്ചു. സെന്റ് മേരീസ് ജാക്സൺ ഹൈറ്റ്സ് വികാരി റവ. ഫാ. ജോൺ തോമസ് അച്ഛൻ കഴിഞ്ഞ 40 വർഷമായി സെന്റ് സ്റ്റീഫൻസ് മിഡ്ലാൻഡ് പാർക്ക് ദേവാലയത്തിലെ ഏക വികാരി ഡോ. ബാബു കെ. മാത്യു അച്ഛൻ എന്നിവർ പ്രത്യേക അനുമോദനവും ആദരവും ഏറ്റു വാങ്ങി.
ദേവാലയത്തിന്റെ തുടക്കം നാളുകൾ മുതൽ പള്ളിയുടെ ചേർത്ത് പ്രവർത്തിക്കുന്ന ജോസഫ് വർക്കി & കുടുംബം, ലില്ലി മാത്യു & കുടുംബം, എം.ടി. മാത്യു & കുടുംബം, കെ.ജി. തോമസും കുടുംബവും ജെയിംസ് തോമസും കുടുംബവും ടി.വി. മത്തായിയും കുടുംബവും ഡെയ്സി ഇടിച്ചാണ്ടിയും കുടുംബവും ജേക്കബ് ചാക്കോ & കുടുംബവും ജോമി ഡേവിഡും കുടുംബവും ആലീസ് ജോണും കുടുംബവും സാറാമ്മ ജോണും കുടുംബവും വർഗീസ് ചാക്കോ & കുടുംബവും എന്നിവരെ പ്രത്യേകം ആദരിച്ചു.
ആഘോഷ പരിപാടികൾക്കു ലഭിച്ച എല്ലാ സഹായത്തിനും ഏകോപനത്തിനും പള്ളി സെക്രട്ടറി ജെറീഷ് വർഗീസ് നന്ദി പ്രകാശിച്ചു സംസാരിച്ചു. ഇന്ത്യൻ പരമ്പരാഗത ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾക്ക് തിരശീല വീണു.
|
ലൈസൻസില്ലാതെ പ്രാക്ടീസ്; ഹൂസ്റ്റണിൽ ദന്തഡോക്ടർ അറസ്റ്റിൽ
ഹൂസ്റ്റൺ: ലൈസൻസില്ലാതെ വീട്ടിൽ പ്രാക്ടീസ് ചെയ്ത് ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ മേജർ ഒഫൻഡേഴ്സ് ഡിവിഷൻ നടത്തിയ അന്വേഷണത്തിലാണ് ബ്രസീഡ കാൻസിനോയെ(43) പിടികൂടിയത്.
ബുധനാഴ്ചയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. പോലീസ് ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് ഡെന്റൽ എക്സാമിനേഴ്സിൽ നിന്ന് ലഭിച്ച പരാതിയിലാണ് അന്വഷണം ആരംഭിച്ചത്.
|
ഹിന്ദു ക്ഷേത്രങ്ങള് സംരക്ഷിക്കണമെങ്കില് പണം നല്കണമെന്ന് കനേഡിയന് പോലീസ്
ബ്രാംപ്ടണ്: കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്കിടയിൽ പുതിയൊരു തര്ക്കം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കാനഡയിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന കോൺസുലർ ക്യാമ്പുകളോട് അനുബന്ധിച്ചാണ് പുതിയ പ്രശ്നങ്ങള് ആരംഭിച്ചിരിക്കുന്നത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കനേഡിയൻ പോലീസ് ഒരു സംഘടനയിൽ നിന്ന് സുരക്ഷാ ഫീസായി 70,000 ഡോളർ ആവശ്യപ്പെട്ടതാണ് ഇപ്പോള് വിവാദമായിരിക്കുന്നത്. കനേഡിയന് പോലീസിന്റെ ഈ ആവശ്യത്തില് ഹിന്ദു സംഘടനകൾ അതൃപ്തി രേഖപ്പെടുത്തി.
കാനഡയിലെ ബ്രാംപ്ടണിലുള്ള ത്രിവേണി ക്ഷേത്രം ഇന്ത്യൻ എംബസിക്ക് വേണ്ടി ലൈഫ് സർട്ടിഫിക്കേഷൻ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്, സുരക്ഷ കണക്കിലെടുത്ത് അത് റദ്ദാക്കി. ക്ഷേത്രപരിസരത്ത് നടക്കുന്ന പരിപാടിയിൽ അക്രമാസക്തമായ പ്രതിഷേധം ഉണ്ടാകുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കനേഡിയൻ പോലീസ് അറിയിച്ചിരുന്നു.
എല്ലാ വർഷവും നവംബർ മാസത്തിൽ കാനഡയിൽ ഈ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടെന്ന് ഇന്ത്യന് എംബസി അധികൃതര് പറഞ്ഞു. ഇത്തവണ നവംബർ 17നാണ് ക്യാമ്പ് സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നത്. ക്യാമ്പിലൂടെ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യണമെന്നായിരുന്നു നിർദേശം.
അക്രമാസക്തമായ പ്രതിഷേധങ്ങളുടെ ഭീഷണി വളരെ ഉയർന്നതായിരിക്കുമെന്ന് പീൽ റീജിയണൽ പോലീസിൽ നിന്ന് ഞങ്ങൾക്ക് ഔദ്യോഗിക രഹസ്യാന്വേഷണം ലഭിച്ചു. അതേത്തുടർന്ന് ക്ഷേത്ര ഭരണസമിതി പരിപാടികൾ റദ്ദാക്കി.
ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെയും സമൂഹത്തിലെ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഇപ്പോൾ ആളുകൾ സുരക്ഷിതരല്ലെന്ന് തോന്നാൻ തുടങ്ങിയതിൽ ഞങ്ങൾക്ക് വളരെ സങ്കടമുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള് പ്രസ്താവനയിൽ പറഞ്ഞു.
ഇതിനു മുമ്പും കാനഡയിൽ നിലവിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിൽ ഖലിസ്ഥാനി പതാകകൾ ഉയർത്തി ക്ഷേത്രത്തിനെതിരേ അക്രമികള് ആക്രമണം അഴിച്ചുവിട്ടിരുന്നു.
തുടർന്ന് ഇന്ത്യൻ എംബസി മറ്റ് പല കോൺസുലർ ക്യാമ്പുകളും റദ്ദാക്കിയിരുന്നു. അതേസമയം, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കാനഡയ്ക്ക് ഈ പ്രശ്നം പരിഹരിക്കേണ്ടിവരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
|
ബൈഡൻ പടിയിറങ്ങും മുൻപ് മൂന്നാം ലോകമഹായുദ്ധം തുടങ്ങാൻ ശ്രമം
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പടിയിറങ്ങും മുൻപ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂണിയർ.
റഷ്യയെ ലക്ഷ്യമിട്ട് അമേരിക്ക നൽകുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ൻ സൈന്യത്തിന് അനുമതി നൽകാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് പിന്നാലെയാണ് ആരോപണം.
നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്ന ജനുവരി 20നാണ് ബൈഡന്റെ കാലാവധി അവസാനിക്കുന്നത്. ദീര്ഘദൂര മിസൈലുകള് ഉപയോഗിക്കുന്നതില് യുക്രൈന് മേല് ഏര്പ്പെടുത്തിയ വിലക്കാണ് യുഎസ് നീക്കിയത്.
റഷ്യയുക്രൈൻ യുദ്ധത്തിൽ യുഎസ് നയത്തിലുണ്ടാകുന്ന സുപ്രധാന മാറ്റമാണ് ദീര്ഘദൂര മിസൈലുകള്ക്കുള്ള വിലക്ക് നീക്കിക്കൊണ്ട് ബൈഡനെടുത്ത തീരുമാനം. യുദ്ധമവസാനിപ്പിക്കാന് മുന്കൈയെടുക്കുമെന്ന ഡോണാള്ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെയാണ് ബൈഡന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.ബൈഡൻ പടിയിറങ്ങും മുൻപ് മൂന്നാം ലോകമഹായുദ്ധം തുടങ്ങാൻ ശ്രമം
|
കുടിയേറ്റ നയത്തിൽ തെറ്റുപറ്റിയെന്ന് ട്രൂഡോ
ഒട്ടാവ: കുടിയേറ്റ നയത്തിൽ തെറ്റുപറ്റിയെന്നു സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വ്യാജ കോളജുകളും വൻകിട കോർപറേറ്റുകളും അവരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കായി കുടിയേറ്റ സംവിധാനത്തെ ഉപയോഗപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
2025ലെ കാനഡയിലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ലിബറൽ പാർട്ടിയുടെ ജനപ്രീതി ഇടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രസ്താവന. പണപ്പെരുപ്പം, താറുമാറായ ആരോഗ്യഗതാഗത സംവിധാനങ്ങൾ എന്നിവയിലേക്ക് നയിച്ച പുതിയ നയങ്ങൾ മൂലം ട്രൂഡോ രാജ്യത്ത് കടുത്ത വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു വർഷമായി ജനസംഖ്യ അതിവേഗം വളരുകയാണ്. വ്യാജ കോളജുകളും കോർപറേറ്റുകളും ഇമിഗ്രേഷൻ സംവിധാനത്തെ ചൂഷണം ചെയ്തുവരികയുമാണ്. ഇതിനെ ചെറുക്കുന്നതിന്, അടുത്ത മൂന്നു വർഷത്തേക്കു കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ്.
സർക്കാർ ചില തെറ്റുകൾ വരുത്തി, അതിനാലാണ് നയത്തിൽ മാറ്റം കൊണ്ടുവരുന്നതെന്നും ട്രൂഡോ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
|
ന്യൂ ഓർലിയൻസിൽ വെടിവയ്പ്: രണ്ടു മരണം; 10 പേർക്ക് പരിക്ക്
ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ പരേഡ് റൂട്ടിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആരും ഇതുവരെ അറസ്റ്റിലായിട്ടില്ല.
പരിക്കേറ്റ എട്ടു പേരെ പോലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. 45 മിനിറ്റുകൾക്കു ശേഷം മറ്റൊരു വെടിവെയ്പും കൂടി ഉണ്ടായി. പരേഡിൽ പങ്കെടുക്കുന്നവർ അൽമൊനാസ്റ്റർ അവന്യൂ പാലം കടക്കവേയായിരുന്നു സംഭവമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണെന്നും മറ്റൊരാൾ ആശുപത്രിയിൽ വച്ച് മരണമടഞ്ഞെന്നും അധികൃതർ അറിയിച്ചു. ഈ മാസം പത്തിന് ടസ്കെഗീ സർവകലാശാലയിൽ നടന്ന സമാനസംഭവത്തിൽ ഒരാൾ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
|
അമേരിക്കയിലേക്കു പഠിക്കാൻ പറന്ന് ഇന്ത്യക്കാർ
ന്യൂഡൽഹി: ഏറ്റവും അധികം വിദ്യാർഥികളെ അമേരിക്കയിലേക്കു പഠിക്കാനയയ്ക്കുന്ന രാജ്യമായി ഇന്ത്യ. 15 വർഷത്തിനിടെ ഒരു അധ്യയനവർഷം ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയയ്ക്കുന്ന രാജ്യമായാണ് ഇന്ത്യമാറിയത്.
ഇക്കൊല്ലം 3.3 ലക്ഷം വിദ്യാർഥികളാണ് പഠനത്തിനായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയത്. 2024 ഓപ്പൺ ഡോർസ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അയൽരാജ്യമായ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.
20232024 അധ്യയനവർഷത്തിൽ 3,31,602 ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിലുള്ളത്. എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ അധ്യയനവർഷത്തേക്കാൾ 23 ശതമാനം വർധനയാണ് ഉണ്ടായത്. അമേരിക്കയിൽ ആകെയുള്ള രാജ്യാന്തര വിദ്യാർഥികളിൽ 29 ശതമാനവും ഇന്ത്യക്കാരാണ്.
ഇന്ത്യയെ കൂടാതെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ അമേരിക്കയിലേക്ക് അയച്ച രാജ്യങ്ങളിൽ ചൈന (2,77,398), ദക്ഷിണ കൊറിയ (43,149), കാനഡ (28,998), തായ്വാൻ ( 23,157) എന്നിവയാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്. സാധാരണയായി, യുഎസിലെ അധ്യയന വർഷം സെപ്റ്റംബറിൽ ആരംഭിച്ച് മേയ് മാസം വരെയാണ്.
ഉന്നതവിദ്യാഭ്യാസത്തിനായി (ബിരുദം, ഗവേഷണം) ഏറ്റവും കൂടുതൽ ആളുകളെ അയയ്ക്കുന്ന രാജ്യമെന്ന റിക്കാർഡ് ഇന്ത്യ നിലനിർത്തുകയും ചെയ്തു. ഈ ഗണത്തിലുള്ള വിദ്യാർഥികളുടെ എണ്ണവും 19 ശതമാനം വർധിച്ചു. 1,96,567 ഇന്ത്യക്കാരാണ് അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നത്.
|
ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തി
റിയോ ഡി ഷനേറോ: ജി20 ഉച്ചകോടിക്കയി ബ്രസീലിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി.
ഇരുവരും നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. റിയോ ഡി ഷനേറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കളെ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ലുല ഡ സിൽവ സ്വീകരിച്ചു.
|
വയോധികനെ വെടിവച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
ഡാളസ്: ഡാളസിൽ ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ വയോധികനെ വെടിവച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. അഹ്മദ് അൽഖലഫിനെ (66) കൊലപ്പെടുത്തിയ അമയ മെഡ്റാനോ (19) എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് സൗത്ത് മാർസാലിസിലാണ് സംഭവം നടന്നത്. ഐഫോൺ 15 വിൽക്കാനെത്തിയ അഹ്മദ് അൽഖലഫിനെ യുവതി വെടിവയ്ക്കുകയായിരുന്നു.
വെടിവയ്പ്പിന് മുൻപ് ഇരുവരും തമ്മിൽ സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
|
പത്തനാപുരം അസോസിയേഷൻ വാർഷിക സംഗമം സംഘടിപ്പിച്ചു
ഡാളസ്: പത്തനാപുരം അസോസിയേഷൻ വാർഷിക സംഗമം മസ്കീറ്റ് സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെട്ടു. പാസ്റ്റർ ജയ് ജോണിന്റെ പ്രാർഥനയോടുകൂടി തുടക്കമിട്ട യോഗത്തിലെ അധ്യക്ഷൻ തോമസ് ഉണ്ണുണ്ണി ആയിരുന്നു.
ഡാളസ് സെന്റ് പോൾസ് ഇടവക വികാരി റവ. ഷൈജു സി ജോയ് മുഖ്യാതിഥിയായിരുന്നു. നർമ രസം തുളുമ്പുന്ന കരുതലിന്റെ സന്ദേശം നൽകിയ ഫാദർ പ്രവാസി സംഘടനയായ പത്തനാപുരം അസോസിയേഷൻ ഓരോ മെമ്പറിനോടും സമൂഹത്തിൽ ഒറ്റപെട്ടു നിൽക്കുന്ന പാവങ്ങളെയും ശരണരേയും ചേർത്ത് പിടിക്കുവാൻ ആഹ്വാനം ചെയ്തു.
തുടർന്ന് നടന്ന കലാപരിപാടികൾ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.ടീച്ചർ സാറാ ചെറിയാൻ ഡോ.നിഷ ജെക്കബ് എന്നിവരുടെ സ്കിറ്റ് കാണികളുടെ ഹൃദയം കവർന്നെടുക്കുന്ന തരത്തിലുള്ളതായിരുന്നു.
സൂസമ്മ ഉണ്ണൂണ്ണി ബിനോയ് & ഫാമിലി തുടങ്ങിയവർ ആലപിച്ച ശ്രുതി സുന്ദരങ്ങളായ ഭക്തി ഗാനങ്ങൾ സദസിന്റെ കൈയടി ഏറ്റുവാങ്ങി. സെക്രട്ടറി ജോൺസ് ഉമ്മൻ റിപ്പോർട് അവതരിപ്പിച്ചു. ഷിബു മാത്യു യോഗത്തിലെത്തിയവർക്കു നന്ദി രേഖപ്പെടുത്തി.
|
റോബർട്ട് കെന്നഡി ജൂനിയറെ ആരോഗ്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചതിനെതിരേ പ്രതിഷേധം
വാഷിംഗ്ടണ്: നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ അമേരിക്കയിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറിയായി നിയമിച്ചതിനെതിരേ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു തുടങ്ങി.
ഏതൊരു ഗവൺമെന്റിന്റെയും ഏറ്റവും വലിയ ഉത്തരവാദിത്തം പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഭക്ഷ്യ വ്യവസായത്തിന്റെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും വഞ്ചനയുടെയും തെറ്റായ വിവരങ്ങളുടെയും ഇരകളാകാൻ അമേരിക്കൻ ജനതയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ റോബർട്ട് കെന്നഡി സഹായിക്കുമെന്നാണ് ട്രംപിന്റെ അവകാശ വാദം.
അപകടകരമായ രാസവസ്തുക്കൾ, മലിനീകരണം, കീടനാശിനികൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്ന് അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കാൻ റോബർട്ട് കെന്നഡി ഉയർന്ന നിലവാരമുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ സ്ഥാപിക്കുമെന്നും സുതാര്യത കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.
റോബർട്ട് കെന്നഡി ജൂനിയറിന് വാക്സിനേഷനെതിരെ പ്രവര്ത്തിച്ചതിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. വാക്സിൻ വിരുദ്ധ പ്രവർത്തകനായി അറിയപ്പെടുന്ന അദ്ദേഹം വാക്സിനേഷൻ കുട്ടികളിൽ ഓട്ടിസത്തിനും മറ്റ് രോഗങ്ങൾക്കും കാരണമാകുമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് റോബർട്ട് കെന്നഡിയുടെ നിയമനത്തിനുശേഷം, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയത്.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ആരോഗ്യത്തിന് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു. കാരണം, അദ്ദേഹത്തിന്റെ വാക്സിൻ വിരുദ്ധ നിലപാട് ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് അപകടമുണ്ടാക്കും.
പ്രശസ്ത അമേരിക്കൻ കുടുംബമാണ് റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റേത്. അദ്ദേഹത്തിന്റെ പിതാവ് റോബർട്ട് എഫ്. കെന്നഡി അമേരിക്കയുടെ അറ്റോർണി ജനറലും അമ്മാവൻ ജോൺ എഫ്. കെന്നഡി അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു.
റോബർട്ട് കെന്നഡി ജൂനിയർ ഒരു പ്രമുഖ വാക്സിൻ വിരുദ്ധ പ്രവർത്തകനായി ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തിയാണ്. നയങ്ങളിലും കാഴ്ചപ്പാടുകളിലും വിവാദം സൃഷ്ടിച്ച ഒരു വ്യക്തിയെ ട്രംപ് തന്റെ ടീമില് ഉള്പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം.
|
രാജ്യത്തിനും ലോകത്തിനും മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയർത്തിയ തുള്സി ഗബാർഡിന്റെ നിയമനം
വാഷിംഗ്ടൺ: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുള്സി ഗബാർഡിനെ തന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയാക്കിയിരിക്കുകയാണ്. ഈ നിയമനം ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ആരാണ് തുള്സി ഗബാർഡ്? എന്തുകൊണ്ടാണ് അവരുടെ നിയമനം വിവാദങ്ങളാൽ ചുറ്റപ്പെട്ടത്?
43 വയസുകാരിയായ രാഷ്ട്രീയക്കാരിയും യുഎസ് കോൺഗ്രസിലെ ആദ്യത്തെ ഹിന്ദു അംഗവുമായിരുന്നു തുള്സി ഗബാർഡ്. ഹവായ് സംസ്ഥാനത്ത് നിന്ന് കോൺഗ്രസ് അംഗമായി നാല് തവണ സേവനമനുഷ്ഠിച്ച അവർ ഇറാഖ് യുദ്ധത്തിലെ ഒരു വെറ്ററൻ കൂടിയാണ്. 2022ൽ അവർ ഡെമോക്രാറ്റിക് പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും ഒടുവിൽ ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരുകയും ചെയ്തു. നിരവധി വിവാദങ്ങളുടെ കേന്ദ്രമായിരുന്ന അവരുടെ യാത്ര രാഷ്ട്രീയത്തിൽ ഒരു പുതിയ ദിശയെ സൂചിപ്പിക്കുന്നു.
ഡോണൾഡ് ട്രംപ് ഗബാർഡിനെ നാഷനൽ ഇന്റലിജൻസ് (ഡിഎൻഐ) ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. നിരവധി ഏജൻസികൾ ഇതിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഗബാർഡിന് ഇന്റലിജൻസ് കമ്മ്യൂണിറ്റിയിൽ നേരിട്ട് പരിചയമില്ല. മുൻപ് യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ച പരിചയമാണുള്ളത്.ഗബാർഡിന്റെ നിലപാട് പ്രത്യേകിച്ചും അമേരിക്കൻ വിദേശനയത്തിലും ഇടപെടലിലും വിമർശനത്തിന് വിധേയമായിട്ടുണ്ട്.
റഷ്യ, ഇറാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമേരിക്കയുടെ ഇടപെടലിനെ അവര് പലപ്പോഴും വിമർശിച്ചിട്ടുണ്ട്. 2022 ൽ റഷ്യയുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് യുക്രെയ്ൻ ഒരു നിഷ്പക്ഷ രാജ്യമായി തുടരണമെന്ന് അവര് പറഞ്ഞിരുന്നു. കൂടാതെ, സിറിയയിലെ യുഎസ് ഇടപെടലിനെ അവര് എതിർക്കുകയും ഇറാനെതിരായ യുഎസ് സൈനിക നടപടിയെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.
ഗബാർഡിന്റെ നിയമനത്തെക്കുറിച്ച് നിരവധി പേർ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും ചില റിപ്പബ്ലിക്കൻ നേതാക്കള് വരെയും ഗബാര്ഡിന്റെ നിയമനത്തെ വിവേകശൂന്യവും വിവാദപരവുമാണെന്ന് വിശേഷിപ്പിച്ചു. ഗബാർഡിന്റെ നയങ്ങൾ റഷ്യയ്ക്കും സിറിയയ്ക്കും അനുകൂലമാണെന്നും, അമേരിക്കൻ ഇന്റലിജൻസ് കമ്മ്യൂണിറ്റിയുടെ തത്വങ്ങൾക്ക് വിരുദ്ധമായിരിക്കാമെന്നും പലരും പറയുന്നു.ഇന്ത്യയുമായുള്ള ഗബാർഡിന്റെ അടുത്ത ബന്ധവും ചർച്ചാ വിഷയമായിരുന്നു.
ഇന്ത്യ ഗവൺമെന്റുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള അവര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. കൂടാതെ, ഭാരതീയ ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട ചില ഹിന്ദു അനുകൂല സംഘടനകളിൽ നിന്നും ഗബാർഡിന് സംഭാവനകൾ ലഭിച്ചിട്ടുണ്ട്.
ഗബാർഡിന്റെ നിയമനത്തോടെ അമേരിക്കയുടെ വിദേശനയത്തിൽ ചില മാറ്റങ്ങൾ കണ്ടേക്കും. റഷ്യ, സിറിയ, ഇറാൻ എന്നീ രാജ്യങ്ങളുടെ കാര്യങ്ങളിൽ അവരുടെ ഇടപെടൽ വിരുദ്ധ നിലപാട് കണക്കിലെടുക്കുമ്പോൾ, ട്രംപ് ഭരണകൂടത്തിന്റെ വിദേശനയത്തിൽ ചില പുതിയ വഴിത്തിരിവുകൾ ഉണ്ടായേക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ നിയമനത്തിൽ, ഗബാർഡിന് ഇന്റലിജൻസ് കാര്യങ്ങളിൽ പരിചയക്കുറവ് കാരണം, അവരുടെ തീരുമാനങ്ങൾ അപ്രതീക്ഷിതമായിരിക്കാമെന്ന് ചില വിശകലന വിദഗ്ധർ വിശ്വസിക്കുന്നു.
ഗബാർഡിന്റെ നിയമനം ഭാവിയിൽ അമേരിക്കൻ രഹസ്യാന്വേഷണത്തിലും വിദേശ നയത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും. അവരുടെ നിയമനം എത്രത്തോളം വിജയകരമാകുമെന്ന് കാലം തെളിയിക്കും. ഗബാർഡിന്റെ വിവാദ നയങ്ങൾ കാരണം, ഈ നിയമനം രാജ്യത്തിനും ലോകത്തിനും മുന്നിൽ നിരവധി പുതിയ ചോദ്യങ്ങൾ ഉയർത്തും.
|
ഓറിഗനിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
പോർട്ട്ലാൻഡ്: ഓറിഗനിൽ ആദ്യമായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഓറിഗൺ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ക്ലാക്കമാസ് കൗണ്ടിയിലെ വാണിജ്യ കോഴിവളർത്തൽ ഫാമിൽ 150,000 പക്ഷികളെ പക്ഷിപ്പനി ബാധിച്ചതായി മുന്പ് റിപ്പോർട്ട് ചെയ്തിരുന്നു.
രോഗബാധിതനായ വ്യക്തിക്ക് നേരിയ അസുഖം മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂവെന്നും പൂർണമായും സുഖം പ്രാപിച്ചുവെന്നും ക്ലാക്കമാസ് കൗണ്ടി പബ്ലിക് ഹെൽത്ത് ഓഫീസർ സാറ പ്രസന്റ് പറഞ്ഞു.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിന്റെ തെളിവുകളില്ലെന്നും പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെന്നും ഒറിഗോൺ ഹെൽത്ത് അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ വർഷം ഇതുവരെ, കലിഫോർണിയ, വാഷിംഗ്ടൺ, കൊളറാഡോ, മിഷിഗൺ, ടെക്സസ്, മിസോറി, ഓറിഗൻ എന്നിവിടങ്ങളിൽ 50ലധികം മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരിൽ പലർക്കും കണ്ണിന് ചുവപ്പ് ഉൾപ്പെടെയുള്ള നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാളൊഴികെ മറ്റെല്ലാവരും രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തിയവരാണ്.
|
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയുടെ അറ്റ്ലാന്റാ ചാപ്റ്ററിന് തുടക്കമായി
അറ്റ്ലാന്റാ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയുടെ അറ്റ്ലാന്റ ചാപ്റ്ററിന് തുടക്കമായി. ഐപിസിഎന്എ അറ്റ്ലാന്റാ ചാപ്റ്റര് പ്രസിഡന്റും പ്രവാസി ചാനൽ റീജനൽ ഡയറക്ടറുമായ കാജൽ സക്കറിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കളുടെ സാന്നിധ്യം ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയില് ഐപിസിഎന്എ നാഷനല് പ്രസിഡന്റ് സുനില് ട്രൈസ്റ്റാര്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നാഷണൽ ട്രെഷറർ വിശാഖ് ചെറിയാന്, സ്ഥാപക പ്രസിഡന്റ് ജോർജ് ജോസഫ് എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി സെനറ്റർ ജോൺ ഓസോഫിന്റെ സെക്രട്ടറി കിയാന പേർക്കിൻസ്, റിട്ട. ദൂരദർശൻ ഡയറക്ടർ ദിലീപ് അബ്ദുല്ല എന്നിവര് പങ്കെടുത്തു.
ഈ മാസം ഒന്പതിന് അറ്റ്ലാന്റാ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നിറഞ്ഞ സദസിനെ സാക്ഷി നിർത്തി ഐപിസിൻഎയുടെ പത്താമത്തെ ചാപ്റ്ററിനു ഔദ്യോഗിക തുടക്കം കുറിക്കുന്നതായി നാഷനൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ പ്രഖ്യാപിച്ചു.
അറ്റ്ലാന്റാ ചാപ്റ്ററിനു ആശംസകൾ അറിയിച്ചുകൊണ്ട് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം നടത്തിയ പ്രസംഗത്തിൽ മാധ്യമ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതിവേഗം ജനപ്രിയമായി മുന്നേറുന്ന ഒരു മാതൃക ചാപ്റ്ററായി അറ്റ്ലാന്റാ മാറട്ടെ എന്ന് സുനിൽ തൈമറ്റം അഭിപ്രായപ്പെട്ടു.
ചിട്ടയോടെ നടത്തിയ പ്രവർത്തനോദ്ഘാടനം ജനപങ്കാളിത്തംകൊണ്ടും കാര്യക്ഷേമതകൊണ്ടും വൻവിജയം ആയതിൽ ഉള്ള സന്തോഷം ചടങ്ങിൽ പ്രസംഗിച്ച നാഷനൽ സെക്രട്ടറി ഷിജോ പൗലോസും നാഷനൽ ട്രഷറർ വിശാഖ് ശാഖ് ചെറിയാനും ജോർജ് ജോസഫും പറഞ്ഞു.
അസാധാരണമായ ദീർഘവീക്ഷണവും സൂക്ഷ്മമായ ആസൂത്രണവും ഉറപ്പാക്കാൻ സാധിച്ചതിലുള്ള സന്തോഷവും ചാപ്റ്റർ ഉദ്ഘാടനം വിജയമാക്കിയതിനുള്ള കടപ്പാടും ചടങ്ങിന് അധ്യക്ഷത വഹിച്ച ചാപ്റ്റർ പ്രസിഡന്റ് കാജൽ സക്കറിയ അറിയിക്കുകയുണ്ടായി.
വിശിഷ്ടതിഥികളായി എത്തിയ സെനറ്റർ ജോൺ ഓസോഫിന്റെ സെക്രട്ടറി കിയാന പേർക്കിൻസ് പ്രസംഗത്തിൽ അറ്റ്ലാന്റയിലെ മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും എന്താവശ്യത്തിനും താൻ ഉണ്ടാകുമെന്ന് അറിയിച്ചു.
നാല് പതിറ്റാണ്ടോളം ദൃശ്യമാധ്യമരംഗത്തെ സേവനത്തിനു ശേഷം വിരമിച്ച റിട്ട. ദൂരദർശൻ ഡയറക്ടർ ദിലീപ് അബ്ദുല്ല തന്റെ പ്രസംഗത്തിൽ ഇത് ഒരു പുതിയ അനുഭവമാണെന്നും യാദൃച്ഛികമായാണ് ഇതിൽ പങ്കെടുത്തതെങ്കിലും അമേരിക്കയിലെ മലയാളികളുടെ മാധ്യമപ്രവർത്തനം പ്രശംസയർഹിക്കുന്നതാണെന്നും എല്ലാവരും മുഴുവൻ സമയ പ്രവർത്തകരല്ലെങ്കിലും ആത്മാർഥമായ മാധ്യമപ്രവർത്തനം നടത്തുന്നതിനുള്ള ശ്രമങ്ങൾ ഒരിക്കലും മറക്കരുതെന്നും പ്രസ് ക്ലബിന് എല്ലാവിധ ആശംസകളും നേരുന്നതായി അദ്ദേഹം അറിയിച്ചു.
സ്വപനങ്ങളെ താലോലിച്ചു അസാധ്യങ്ങളെ സാധ്യമാക്കി നിഷ്പക്ഷമായ ഒരു മാധ്യമസംസ്കാരം പടുത്തുയർത്തുക എന്ന വലിയ ദൗത്യത്തിലേക്കുള്ള ഒരെളിയ കാൽവയ്പ്പിലേക്കു ഒത്തുചേർന്ന എല്ലാ മാധ്യമപ്രവർത്തകരേയും സംഘടനകളെയെയും സുഹൃത്തുക്കളെയെയും കുടുംബാംഗങ്ങളേയും അറ്റ്ലാന്റാ ചാപ്റ്റർ മാധ്യമ സംരംഭകരേയും നാഷണൽ കമ്മിറ്റി അംഗങ്ങളേയും ചടങ്ങിന് നേരിട്ടു എത്തിച്ചേരാൻ സാധിക്കാത്ത എല്ലാവരോടും നന്ദിയും കടപ്പാടും ചടങ്ങിന് സ്വാഗതം നൽകിയ ചാപ്റ്റർ സെക്രട്ടറി ബിനു കാസിം അറിയിക്കുകയുണ്ടായി.
ചടങ്ങുകൾക്കെല്ലാം അറ്റ്ലാന്റാ ചാപ്റ്ററിന്റെ അംഗങ്ങളുടെ പൂർണ പിന്തുണയുണ്ടായിരുന്നു. ചടങ്ങിന് മോഡികൂട്ടിയ കലാപരിപാടിക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായി പരിപാടികൾക്കു ചുക്കാൻ പിടിച്ച വൈസ് പ്രസിഡന്റ് ഷൈനി അബൂബക്കറും കമ്മിറ്റി അംഗം ഫെമി നാസറും അനു ഷിബു എന്നിവർ സംയുക്തമായി അറിയിച്ചു.
ചടങ്ങിനുടനീളം ചിട്ടയായ ക്രമീകരണം നടത്തുന്നതിൽ ഫെമി നാസറുടേയും ഷൈനി അബൂബക്കറുടെയും, അനു ഷിബുവിന്റെയും പ്രത്യേക മേൽനോട്ടം ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിന് നിർലോഭമായി സഹായിച്ച എല്ലാ സംരംഭകരേയും ജോയിന്റ് സെക്രട്ടറി അനു ഷിബു നന്ദിയും കടപ്പാടും അറിയിച്ചു. അതോടൊപ്പം അവരെ അംഗങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ഉണ്ടായി.
മലയാളീസ് ഇൻ അമേരിക്ക എന്നപേരിൽ ജനശ്രദ്ധ നേടിയ നവമാധ്യമത്തിന്റെ ശില്പിയായ അറ്റ്ലാന്റ ചാപ്റ്റർ ട്രഷറർ തോമസ് ജോസെഫിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ജോർജിയ ഗൈഡ്സ്റ്റോൺസിനെ ആസ്പദമാക്കിയുള്ള "മാനവികതയുടെ സന്ദേശം നൽകുന്ന നിഗൂഢ നിർമ്മിതി' എന്ന വിഡിയോ ഡോക്യൂമെന്ററിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയുണ്ടായി.
അതേത്തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ചാപ്റ്റർ പ്രസിഡന്റ് കാജൽ സക്കറിയ അനുമോദിക്കുകയുണ്ടായി. കൂടാതെ പ്രത്യേക മൊമെന്റോ നൽകി ആദരിച്ചു. ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം വൻവിജയമാക്കിയ എല്ലാ അംഗങ്ങളോടും സഹപ്രവർത്തകരോടുമുള്ള നന്ദി ജോയിന്റ് ട്രഷറർ സാദിഖ് പുളികപറമ്പിൽ പങ്കുവെക്കുകയുണ്ടായി.
ഈ കൂട്ടായ്മയും ഒത്തുചേരലും ചിട്ടയോടുകൂടിയുള്ള പ്രവർത്തനവും ചാപ്റ്ററിന്റെ മുന്നോട്ടുള്ള കുതുപ്പിനു എല്ലാവിധ ഭാവുകങ്ങളും അറിയിക്കുന്നതായും കമ്മിറ്റിയുടെ മുതിർന്ന അംഗവും നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാള സാഹിത്യകാരിയും കവയിത്രിയുമായ അമ്മു സക്കറിയ അറിയിക്കുകയുണ്ടായി.
പൊതുയോഗത്തിനു ശേഷം വിപുലമായ നൃത്യനൃത്യങ്ങൾ അരങ്ങേറി. ടീം റിഥം, ടീം മുദ്ര, സയൻ ഗാനം, കൂടാതെ ടീം ഗ്രോവ്, ടീം പ്രവാഹ എന്നീ ഡാൻസ് ഗ്രൂപ്പുകളുടെ നിരവധി പരിപാടികൾ അരങ്ങേറി.
പ്രശസ്ത കലാകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സാബു തിരുവല്ലയുടെ കോമഡി പരിപാടികളും സംഗീത രാവും കാണികളെ സന്തോഷിപ്പിച്ചു.
|
ലോംഗ് ഐലൻഡ് സെന്റ് ആൻഡ്രൂ ഇടവകയിൽ കോൺഫറൻസ് കാന്പയ്ൻ ആരംഭിച്ചു
ലോംഗ് ഐലൻഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ റജിസ്ട്രേഷൻ ലോംഗ് ഐലൻഡ് സെന്റ് ആൻഡ്രൂ മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു.
ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റി സംഘം സെന്റ് ആൻഡ്രൂ ഇടവക സന്ദർശിച്ചു. കോൺഫറൻസ് ടീമിൽ ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് കോഓർഡിനേറ്റർ), ജെയ്സി ടി. ജോൺ (സുവനീർ ചീഫ് എഡിറ്റർ), ഡോ. ഷെറിൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി), ആഞ്ജലീന ജോഷ്വ (രജിസ്ട്രേഷൻ), കെസിയ എബ്രഹാം ആൻഡ് ജെറമിയ ജോർജ് (മീഡിയ ആൻഡ് എന്റർടൈൻമെന്റ്) എന്നിവരുണ്ടായിരുന്നു.
വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ഡാനിയേൽ മത്തായി (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ജെയ്സൺ തോമസ് കോൺഫറൻസിന്റെ ദൗത്യവും ദർശനവും വിശദീകരിച്ചു. ജോൺ താമരവേലിൽ രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകി, ഫിലിപ്പ് തങ്കച്ചൻ സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം നടക്കുന്ന എന്റർടൈൻമെന്റ് നൈറ്റ് സംബന്ധിച്ച് കെസിയ ഏബ്രഹാം സംസാരിക്കുകയും പങ്കാളിത്തം ക്ഷണിക്കുകയും ചെയ്തു. നിരവധി സ്പോൺസർഷിപ്പുകളിലൂടെയും രജിസ്ട്രേഷനുകളിലൂടെയും മികച്ച പിന്തുണ നൽകിയ വികാരിക്കും ഇടവകാംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി പറഞ്ഞു.
2025 ജൂലൈ ഒന്പത് മുതൽ 12 വരെ കണക്ടികട്ട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രസംഗകർ.
"നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു' (ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള പരദേശിയുടെ വഴി എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 914 806 4595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917 612 8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.35666).
|
ഫിലിപ്പോസ് ഫിലിപ്പിന്റെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥിത്വം: ഹഡ്സൺ വാലി മലയാളി അസോസിയേഷൻ അംഗീകരിച്ചു
ന്യൂയോർക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാർഥിത്വം ഹഡ്സൺ വാലി മലയാളി അസോസിയേഷൻ ഏകകണ്ഠമായി അംഗീകരിച്ചു.
നവംബർ 11ന് എച്ച്വിഎംഎ പ്രസിഡന്റ് സജി എം. പോത്തന്റെ അധ്യക്ഷതയിൽ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ സെക്രട്ടറി തോമസ് നൈനാൻ, ട്രഷറർ വിശ്വനാഥൻ, പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, ജിജി ടോം, അജി കളീക്കൽ തുടങ്ങി എല്ലാ ബോർഡ് അംഗങ്ങളും പങ്കെടുത്തു.
നിലവിൽ അദ്ദേഹം രണ്ടാം തവണയും ലോകകേരളസഭാ അംഗമാണ്. ലീഗൽ കോഓർഡിനേറ്റർ എന്ന നിലയിലുള്ള ഫിലിപ്പോസ് ഫിലിപ്പിന്റെ ശ്രമങ്ങൾ 2018 മുതലുള്ള ഏഴ് വ്യവഹാരങ്ങളിലും ഫൊക്കാനയെ പ്രതിരോധിക്കുകയും എതിർ കക്ഷികൾ സമർപ്പിച്ച ഹർജികൾക്കെതിരേ വിജയിക്കുകയും ചെയ്തു.
ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഫൊക്കാന കൺവൻഷൻ ചെയർമാൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, സുവനീർ എഡിറ്റർ, നാഷനൽ കമ്മിറ്റി അംഗം തുടങ്ങി വിവിധ പദവികളിൽ ഫൊക്കാനയിൽ സേവനം അനുഷ്ഠിച്ചു.
കഴിഞ്ഞ എട്ട് വർഷമായി റോക്ക് ലൻഡ് കൗണ്ടിയിലെ റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റി അംഗമായ ഇദ്ദേഹം ക്ളാർക്സ്ടൗൺ ടൗണിന്റെ ട്രാഫിക് അഡ്വൈസറി ബോർഡ് അംഗമായും പ്രവർത്തിക്കുന്നു.
1989 മുതല്, റോക്ക്ലാൻഡ് കൗണ്ടിയിലെ ഹഡ്സന്വാലി മലയാളി അസോസിയേഷന്റെ സജീവ പ്രവര്ത്തകനാണ്. ഇവിടെയുള്ള സംഘടനയുടെ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയര്മാന്, ചീഫ് എഡിറ്റര് തുടങ്ങിയ പദവികള് അലങ്കരിച്ചിട്ടുണ്ട്.
കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്ഓഫ് നോര്ത്ത് അമേരിക്കയുടെ സ്ഥാപകരില് ഒരാളെന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹം കീൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ബോര്ഡ് ചെയര്, പബ്ലിക് റിലേഷൻസ് ഓഫീസർ തുടങ്ങിയ പദവികള് വഹിച്ചിട്ടുണ്ട്.
മലങ്കര ഓര്ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി 20022012 കാലയളവിൽ പ്രവര്ത്തിച്ചിട്ടുണ്ട്. 20122017 മലങ്കര ഓര്ത്തഡോക്സ് സഭയുടെ നോര്ത്ത് ഈസ്റ്റ് അമേരിക്കന് ഭദ്രാസനത്തിന്റെ കൗണ്സില് അംഗമായും പ്രവര്ത്തിച്ചു.
റോക്ക്ലാൻഡ് കൗണ്ടിയിലെ ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
|
മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് റീജിയൺ പ്രാർഥനാ സമ്മേളനം തിങ്കളാഴ്ച
ഹൂസ്റ്റൺ: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൺ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർഥനാ സമ്മേളനം സംഘടിപ്പിക്കുന്നു.
തിങ്കളാഴ്ച വൈകുന്നേരം 7.30ന്(സിഎസ്ടി) സൂം പ്ലാറ്റുഫോമിലൂടെ ആരംഭിക്കുന്ന സമ്മേളനത്തിൽ "ക്രൂശിങ്കൽ' എന്ന വിഷയത്തെ അധികരിച്ച് മുഖ്യാതിഥിയായി പങ്കെടുക്കുന്ന മുൻ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് വികാരി റവ. ജോർജ് ജോസ് പ്രഭാഷണം നടത്തും.
സൗത്ത് വെസ്റ്റ് റീജിയൺ മാർത്തോമ്മാ ഇടവകകളിലെ എല്ലാ അംഗങ്ങളും പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് റവ. വൈ. അലക്സ്, റോബി ചേലഗിരി (സെക്രട്ടറി), വൈസ് പ്രസിഡന്റ് സാം അലക്സ്, ഷെർലി സൈലസ് (ട്രഷറർ) എന്നിവർ അറിയിച്ചു.
സൂം ഐഡി:9910602126, പാസ്കോഡ്:1122.
|
ചെറുകത്ര ജോർജ് തോമസ് അന്തരിച്ചു
റാന്നി: ഈട്ടിച്ചുവട് ചെറുക്രത പരേതരായ സി. എം. തോമസിന്റെയും റേച്ചൽ തോമസിന്റെയും മകൻ ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ് 88) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച രാവിലെ 7.30ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കും പൊതുദർശനത്തിനും ശേഷം ഉച്ചയ്ക്ക് ഒന്നിന് റാന്നി അങ്ങാടി ഈട്ടിച്ചുവട് നസ്രേത്ത് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.
പത്തനംതിട്ട വാഴമുട്ടം പൊയ്കമേലേതിൽ ഏലിയാമ്മ ജോർജ് ആണ് ഭാര്യ. മക്കൾ: ബിനു, ബിനോയി, ബിനോജ്, ബിൻസി. മരുമക്കൾ: ഷൈനി, സുബി, ബിന്ദു, നെബു (എല്ലാവരും യുഎസ്).
ലൈവ്: https://www.youtube.com/live/JLN8smiaBBk?si=cKcPadbHyXws9oG
വാർത്ത: മനു ചെറുകത്ര, ഫിലാഡൽഫിയ
|
ട്രംപിന്റെ വിജയത്തിനു പിന്നിൽ ഒരു കുമ്പനാടുകാരനും
പത്തനംതിട്ട: ലോകത്ത് ഏതു കോണിൽ എന്തു നടന്നാലും അതിനു പിന്നിൽ പത്തനംതിട്ടയിലെ ഒരു കുമ്പനാടുകാരൻ ഉണ്ടാകുമെന്നത് ഒരു പഴഞ്ചൊല്ലാണ്. അത്രമാത്രം വിപുലമാണ് കുമ്പനാടിന്റെ പ്രവാസി ബന്ധം.
ഏറ്റവുമൊടുവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലും ഒരു കുമ്പനാടുകാരന്റെ പങ്കാളിത്തം പുറത്തുവന്നു. ട്രംപിന്റെ പ്രചാരണ സംഘത്തിലെ ഏക ഇന്ത്യക്കാരൻ സ്റ്റാൻലി ജോർജിന്റെ തായ്വേര് വന്നെത്തുന്നത് കുമ്പനാട് ഗ്രാമത്തിലാണ്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ഉപദേശക സമിതിയംഗമാണ് സ്റ്റാൻലി. കുമ്പനാട് വാക്കേപ്പടിക്കൽ പരേതനായ വി.സി. ജോർജിന്റെ മകനാണ് സ്റ്റാൻലി. വി.സി. ജോർജും രാഷ്ട്രീയക്കാരനായിരുന്നു. പഴയ സ്റ്റേറ്റ് കോൺഗ്രസ് നേതാവ് ടി.എം. വർഗീസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് പാസ്റ്ററായി മാറിയപ്പോൾ രാഷ്ട്രീയം ഉപേക്ഷിച്ചു.
പുനലൂർ, റാന്നി, തിരുവല്ല എന്നിവിടങ്ങളിലായിരുന്നു സ്റ്റാൻലിയുടെ വിദ്യാഭ്യാസം. പുനലൂർ ഹൈസ്കൂളിൽ പഠിക്കുന്പോൾ കെഎസ് യുക്കാരനായാണ് രാഷ്ട്രീയ പ്രവേശമെന്ന് സ്റ്റാൻലി ഓർക്കുന്നു. മലയാളം മീഡിയത്തിലായിരുന്നു പഠനം. വിവാഹത്തോടെയാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
ഭാര്യ ഷേർളി ജോർജ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആളായിരുന്നു. അമേരിക്കയിൽ സ്റ്റാൻലി ജോലി ചെയ്ത റസ്റ്ററന്റിലെ ചില ബന്ധങ്ങളിലൂടെയാണ് അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത്. യുഎസിലെ മുതിർന്ന നയതന്ത്രജ്ഞനായ എഡ്റോളിൻസിനെ പരിചയപ്പെട്ടു.
മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ പ്രചാരണ സമിതി അധ്യക്ഷനായിരുന്നു അദ്ദേഹം. എഡ്റോളൻസുമായുള്ള ബന്ധത്തിനിടെ ചില പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. കോവിഡിനുശേഷം എഡ്റോളൻസ് വിളിച്ചു. അക്കാലത്ത് വീട്ടിൽ വെറുതെയിരിക്കുകയായിരുന്നു.
നാലു വർഷം മുന്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലയളവായിരുന്നു അത്. എഡ്റോളൻസ് അത്തവണ ഡോണൾഡ് ട്രംപിന്റെ പ്രചാരണ ജോലികൾ ഏറ്റെടുത്ത കാലയളവായിരുന്നു. ഒപ്പം കൂടാൻ സ്റ്റാൻലിയെ അദ്ദേഹം ക്ഷണിച്ചു. പിന്നെ ഒന്നും നോക്കിയില്ല. ട്രംപിനുവേണ്ടി പ്രചാരണത്തിനിറങ്ങി.
ഇന്ത്യയിലേതു പോലെയുള്ള തെരഞ്ഞെടുപ്പു പ്രചാരണം അല്ല അമേരിക്കയിലേത്. വീടുകൾ കയറേണ്ട ആവശ്യമില്ല. ടിവി ചാനലുകളിലും പത്രങ്ങളിലും പരസ്യം നൽകിയാണ് പ്രധാന പ്രചാരണം. ഗ്രൂപ്പ് യോഗങ്ങൾ കൂടണം.
പ്രചാരണത്തിൽ അച്ചടക്കവും മിതത്വവും വേണം. ബൈഡനെതിരേയുള്ള മത്സരത്തിൽ ട്രംപിനുവേണ്ടി ശക്തമായ പ്രചാരണം തങ്ങൾ നടത്തിയെന്ന് സ്റ്റാൻലി പറയുന്നു. പക്ഷേ പരാജയപ്പെട്ടപ്പോൾ നിരാശ തോന്നി. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തവണ പ്രചാരണം ഏറ്റെടുത്തതെന്ന് സ്റ്റാൻലി പറഞ്ഞു.
പെൻസിൽവേനിയ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണ അദ്ദേഹം പ്രചാരണം നടത്തിയത്. അവിടെയുള്ള ന്യൂനപക്ഷങ്ങളായ കറുത്ത വർഗക്കാർ, ഏഷ്യക്കാർ, സ്പെയിൻകാർ ഇവരെ കേന്ദ്രീകരിച്ച് പരമാവധി വോട്ടുകൾ സമാഹരിക്കാൻ യത്നിച്ചു.
കഴിഞ്ഞതവണ ട്രംപിനു നഷ്ടമായ ഈ വോട്ടുകൾ തിരികെ പിടിക്കാൻ ഇത്തവണ സാധിച്ചെന്ന് സ്റ്റാൻലി അവകാശപ്പെട്ടു. സഹോദരങ്ങളും മറ്റും തിരുവനന്തപുരത്താണ് താമസം. സ്റ്റാൻലിയും കുടുംബാംഗങ്ങളും 34 വർഷമായി യുഎസിലാണ്. ഷേബ, ഷെറിൻ, സ്റ്റാസി, സ്റ്റെയ്സൺ, ഷെയ്ന എന്നിവർ മക്കളാണ്.
|
കാൽഗറിയിൽ "കാവ്യസന്ധ്യ' 30ന്
കാൽഗറി: കാൽഗറിയിൽ കഴിഞ്ഞ 14 വർഷമായി നടന്നു വരുന്ന കവിത ആലാപന സദസ് "കാവ്യസന്ധ്യ' ഈ മാസം 30ന് വൈകുന്നേരം നാലു മുതൽ കാൽഗറി പാനറ്റല്ല സ്ക്വയറിൽ വച്ച് അരങ്ങേറും.
കുട്ടികളുടെയും മുതിർന്നവരുടെയും വെവ്വേറെ ആലാപനം ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനവും ആലാപനവും സൗജന്യമായി നടത്തുന്ന ഈ സദസിൽ പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
ഫൊക്കാന ന്യൂയോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണിന്റെ പ്രവർത്തന ഉദ്ഘടനവും കലാമേളയും ശനിയാഴ്ച
ന്യൂയോർക്ക്: നോര്ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയണുകളിൽ ഒന്നായ ന്യൂയോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണിന്റെ(റീജിയൻ 3) പ്രവർത്തന ഉദ്ഘടനവും കലാമേളയും ശനിയാഴ്ച നടക്കും.
വൈകുന്നേരം അഞ്ച് മുതൽ യോർക്ക് ടൗൺ ഹൈറ്സിലുള്ള സെന്റ് ഗിഗോറിയസ് ഓർത്തഡോസ് ഓഡിറ്റോറിയത്തിൽ (2966 Crompond Road, Yorktown Heights, NY 10598) വച്ചാണ് പരിപാടികൾ നടക്കുകയെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം നിർവഹിക്കും. കൗണ്ടി ലജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യാതിഥിയായി പങ്കെടുക്കും. ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കുന്നതാണ്.
സംഘടനയുടെ പ്രവര്ത്തനങ്ങള് കൂടുതല് ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയണിലും പ്രവർത്തന ഉദ്ഘാടനങ്ങൾ നടത്തുന്നത്. ഫൊക്കാനയുടെ പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്തിനും പ്രവർത്തകരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് ഓരോ റീജണൽ മീറ്റിംഗുകളും.
മാറ്റങ്ങള് ഉള്ക്കൊണ്ട് ഫൊക്കാന ഇന്ന് അമേരിക്കന് മലയാളികള്ക്ക് പ്രിയപ്പെട്ട സംഘടന ആയി മാറിയിക്കുകയാണ്. അതിന്റെ പ്രവർത്തനങ്ങൾ ചരിത്ര നിമിഷങ്ങളിൽ കൂടിയാണ് ഇന്ന് കടന്ന് പോകുന്നത്.
ന്യൂയോർക്കിലെ വിവിധ ഡാൻസ് ഗ്രുപ്പുകൾ അണിയിച്ചൊരുക്കുന്ന നൃത്തങ്ങളും വിവിധ കലാ വിരുന്നകളും സംഗീതനിശയും അടക്കം നിരവധി പരിപാടികളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ കലാസന്ധ്യയും റീജിയണൽ മീറ്റിംഗിലേക്കും പങ്കെടുക്കാൻ പാസുകൾ ആവശ്യമില്ല.
റീജണൽ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, കോഓർഡിനേറ്റർ നിരീഷ് ഉമ്മൻ, സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, ട്രഷർ ഷൈമി ജേക്കബ്, ജോയിന്റ് സെക്രട്ടറി സാജൻ മാത്യു, ട്രഷറർ ബെൻ വർഗീസ്, സ്പോർട്സ് കോഓർഡിനേറ്റർ ലിജോ ജോൺ, വിമൻസ് ഫോറം റീജണൽ കോഓർഡിനേറ്റർ ഷൈനി ഷാജൻ എന്നിവർ അറിയിച്ചു.
|
ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന "കേരളീയം' ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ കേരളത്തിന്റെ 68ാമത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ശനിയാഴ്ച (നവംബർ 16) കേരളീയം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, കേരളനടനം, തെയ്യം തുടങ്ങിയ കേരളത്തനിമയാർന്ന കലാപരിപാടികളുമായി തകർപ്പൻ ഒരാഘോഷമായിരിക്കും കേരളീയമെന്നു പ്രോഗ്രാം കോഓർഡിനേറ്ററും ആർട് ഡിറ്റക്ടറുമായ സുബി ഫിലിപ്പ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ആറു മുതൽ 8.30 വരെ ഗാർലൻഡിലെ സെന്റ് തോമസ് സീറോമലബാർ ചർച്ച് ജൂബിലി ഹാളിലാണ് പരിപാടികൾക്ക് തിരശീല ഉയരുന്നത്. എല്ലാവരെയും കേരളീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു
പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ദീപക് മടത്തിൽ, വിനോദ് ജോർജ്, സാബു മാത്യു, ജെയ്സി രാജു, സാബു മുക്കാലടിയിൽ, അഗസ്റ്റിൻ, ബേബി കൊടുവത്ത്, ഫ്രാൻസിസ് ആംബ്രോസ്, ഡിംപിൾ ജോസഫ് എന്നിവരാണ് കേരളീയം വിജയമാകുന്നതിനായി പ്രവർത്തിക്കുന്നത്.
|
ട്രംപിന്റെ വിജയം: വൻ നിക്ഷേപ പ്രഖ്യാപനവുമായി ഗൗതം അദാനി
വാഷിംഗ്ടണ്: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിനു പിന്നാലെ അമേരിക്കയിൽ വൻ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനവുമായി ഗൗതം അദാനി. അമേരിക്കയിലെ ഊർജ സുരക്ഷയിലും അടിസ്ഥാന സൗകര്യ മേഖലയിലും 10 ബില്യണ് ഡോളറിന്റെ നിക്ഷേപമാണ് അദാനി പ്രഖ്യാപിച്ചത്.
15,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് യുഎസ് ഊർജ, അടിസ്ഥാന സൗകര്യ മേഖലകളിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതെന്ന് ചെയർമാൻ ഗൗതം അദാനി സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. ഇതിലൂടെ 15,000 പേർക്ക് ജോലി ലഭിക്കുമെന്ന് ഗൗതം അദാനി വ്യക്തമാക്കി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം ദൃഢമാകുന്ന സാഹചര്യത്തില് അദാനി ഗ്രൂപ്പ് ആഗോളതലത്തിലെ അനുഭവ സമ്പത്ത് അമേരിക്കയിലേക്ക് കൂടി എത്തിക്കുകയാണെന്ന് ഗൗതം അദാനി എക്സില് കുറിച്ചു.
|
ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
നോർത്ത്വാലി (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന\ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് നോർത്ത് വാലി ക്യൂൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ ആവേശകരമായ തുടക്കം.
2025 ജൂലൈയിൽ നടക്കുന്ന കോൺഫറൻസിന്റെ പ്രാരംഭ നടപടികൾ മാസങ്ങൾക്കു മുമ്പേ ആരംഭിച്ചിരുന്നു. പെൻസിൽവേനിയയിലും കണക്ടിക്കട്ടിലുമുള്ള വിവിധ ശ്രേണിയിലുള്ള ഹോട്ടലുകളും റിസോർട്ടുകളും ഭാരവാഹികൾ മുൻകൂട്ടി കാണുകയും വിലയിരുത്തുകയും ചെയ്തിരുന്നു.
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസിന്റെ അധ്യക്ഷതയിൽ ന്യൂജഴ്സി നോർത്ത് പ്ലെയിൻഫീൽഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയിൽ സെപ്റ്റംബർ 15ന് കൂടിയ ആലോചനായോഗത്തിലാണ് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയത്. ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിക്കുന്ന ഒരു സംഘം നവംബർ 11ന് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.
ഫാ. ജെറി വർഗീസ് (വികാരി) വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി. തുടർന്ന് ഡോ. ഷെറിൻ എബ്രഹാം കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. കോർ കമ്മിറ്റി അംഗങ്ങളായ ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ), ഫിലിപ്പ് തങ്കച്ചൻ (ഫൈനാൻസ് മാനേജർ), ഡോ. ഷെറിൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി), ലിസ് പോത്തൻ (ജോയിന്റ് ട്രഷറർ), കൂടാതെ നിരവധി സബ് കമ്മിറ്റി അംഗങ്ങളും ടീമിലുണ്ടായിരുന്നു.
കഴിഞ്ഞ കോൺഫറൻസിൽ ഇടവക അംഗങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യം ഡോ. ഷെറിൻ ഓർമിപ്പിക്കുകയും ആ പാരമ്പര്യം നിലനിർത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കോൺഫറൻസിന്റെ സ്ഥലം, തീയതികൾ, പ്രാസംഗികർ തുടങ്ങിയ പൊതുവായ വിവരങ്ങൾ ജെയ്സൺ തോമസ് നൽകി. 2025 ജൂലൈ ഒന്പത് മുതൽ 12 വരെ കണക്ടിക്കട് സ്റ്റാംഫർഡിലെ ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്.
റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി), തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി), ആന്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
"നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു'(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള പരദേശിയുടെ വഴി എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. ജോൺ താമരവേലിൽ രജിസ്ട്രേഷൻ വിവരങ്ങൾ പങ്കുവച്ചപ്പോൾ ഫിലിപ്പ് തങ്കച്ചൻ സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് അറിയിച്ചു.
സമ്മേളനത്തിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് റോണ വർഗീസ് സംസാരിച്ചു. ഓരോ വർഷവും നമ്മുടെ ഭദ്രാസനത്തിന്റെ അന്തസത്ത പകർത്താനുള്ള അവസരമാണ് സുവനീർ എന്നും പരസ്യങ്ങൾ, ആശംസകൾ, ലേഖനങ്ങൾ, കലാസൃഷ്ടികൾ എന്നിവ നൽകി പങ്കാളികളാകണമെന്നും റോണ കൂട്ടിച്ചേർത്തു.
ഐറിൻ ജോർജ് മുൻ ഫാമിലി & യൂത്ത് കോൺഫറൻസുകളിൽ പങ്കെടുത്ത അനുഭവം പങ്കുവയ്ക്കുകയും കോൺഫറൻസിലെ പങ്കാളിത്തത്തിലൂടെ താൻ സൃഷ്ടിച്ച സൗഹൃദങ്ങളെക്കുറിച്ച് ഓർമിക്കുകയും ചെയ്തു.
സ്പോൺസർഷിപ്പുകൾ, സുവനീർ പരസ്യങ്ങൾ, രജിസ്ട്രേഷൻ എന്നിവയിലൂടെ കോൺഫറൻസിനെ പിന്തുണച്ച സഭാംഗങ്ങളുടെ പേരുകൾ ഇടവക അംഗവും മുൻ കോൺഫറൻസ് ഭാരവാഹിയുമായ മാത്യു വർഗീസ് വായിച്ചു. 2025ലെ കോൺഫറൻസിനെ പിന്തുണയ്ക്കാൻ തങ്ങളുടെ ഏറ്റവും മികച്ച കാൽവയ്പ് നടത്താൻ ഫാ. ജെറി വർഗീസ് ഇടവകാംഗങ്ങളെ ഉദ്ബോധിപ്പിച്ചു.
സമ്മേളനത്തിന്റെ പ്രോത്സാഹനത്തിനായി ഭാരവാഹികൾ കോൺഫറൻസ് നടത്തുന്ന ശ്രമങ്ങൾക്ക് ഇടവകയെ പ്രതിനിധീകരിച്ച് ഷിബു തരകൻ നന്ദി പറഞ്ഞു. കോൺഫറൻസ് ടീമിന് വികാരിയും ഇടവകാംഗങ്ങളും നൽകിയ സ്വീകരണത്തിനും ഉദാരമായ സഹകരണത്തിനും കോൺഫറൻസ് ടീം നന്ദി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 914 806 4595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917 612 8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ (ഫോൺ: 917 533 35666).
|
അബ്ദുൾ പുന്നയൂർക്കുളത്തിന് ലാനയുടെ ആദരം
ന്യൂയോർക്ക്: മലയാള സാഹിത്യത്തിനു ശ്രദ്ധേയമായ സംഭാവനകൾ നല്കിയ ലാനയുടെ മുൻ സെക്രട്ടറി അബ്ദുൾ പുന്നയൂർക്കുളത്തിനെ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ആദരിച്ചു.
ന്യൂയോർക്കിൽ നടന്ന ലാന സാഹിത്യോത്സവത്തിൽ വച്ച് പ്രശസ്ത എഴുത്തുകാരൻ ഇ. സന്തോഷ്കുമാർ ആണ് പ്രശസ്തി ഫലകം നല്കി ആദരിച്ചത്.
|
മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്ക തങ്ങളുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ നൽകി ആദരിക്കും.
ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്താൻ മോദി കാണിക്കുന്ന താത്പര്യവും കോവിഡ് കാലത്ത് ഡൊമിനിക്കയ്ക്ക് നൽകിയ സേവനങ്ങളും പരിഗണിച്ചാണു പുരസ്കാരം നൽകാൻ തീരുമാനിച്ചത്.
ഈ മാസം 19 മുതൽ 21 വരെ ഗയാനയിലെ ജോർജ് ടൗണിൽ നടക്കുന്ന ഇന്ത്യകാരികോം ഉച്ചകോടിയിൽ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡന്റ് സിൽവാനി ബർട്ടൺ അവാർഡ് മോദിക്ക് സമ്മാനിക്കും.
|
ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക്കിൽ
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തിൽ കണ്ടെത്തി. തെക്കൻ പസഫിക്കിൽ സോളമൻ ദ്വീപുകളോടു ചേർന്ന് ആഴക്കടലിൽ വളരുന്ന പവിഴപ്പുറ്റിന് 34 മീറ്റർ വീതിയും 32 മീറ്റർ നീളവും 5.5 മീറ്റർ ഉയരവുമുണ്ട്. 300 കൊല്ലത്തെ പഴക്കം അനുമാനിക്കുന്നു.
നാഷണൽ ജ്യോഗ്രഫി ചാനലിന്റെ കാമറാമാനാണ് ഇതു കണ്ടെത്തിയത്. ആഗോളതാപനം പസഫിക്കിന്റെ വിദൂരപ്രദേശങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള നാഷണൽ ജ്യോഗ്രഫി പഠനത്തിനിടെ അവിചാരിതമായി പവിഴപ്പുറ്റ് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ആഗോളതാപനം മൂലം ലോകത്തിന്റെ മറ്റു ഭാഗത്തു പവിഴപ്പുറ്റുകൾ നേരിടുന്ന പ്രശ്നങ്ങൾ ഇതിനെ ബാധിച്ചിട്ടില്ല. വളരെ ആഴത്തിൽ വളരുന്നതുകൊണ്ടാകാം ഇതെന്നു കരുതുന്നു.
ചൂട് കൂടുതലുള്ള വെള്ളത്തിൽ വളരുന്ന പവിഴപ്പുറ്റുകളിൽ 44 ശതമാനവും നാശഭീഷണി നേരിടുന്നതായി അടുത്തിടെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
|
തുളസി ഗബ്ബാർഡ് ഇന്റലിജൻസ് മേധാവി
വാഷിംഗ്ടൺ ഡിസി: യുഎസ് കോൺഗ്രസിലെ ആദ്യ ഹിന്ദുവിശ്വാസിയെന്ന ബഹുമതി പേറുന്ന തുളസി ഗബ്ബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചതായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
സിഐഎ, എൻഎസ്എ മുതലായ അമേരിക്കൻ ചാരസംഘടനകളുടെ മേൽനോട്ടച്ചുമതലയാണ് ഈ പദവിയിലൂടെ തുളസിക്കു ലഭിക്കുന്നത്. തുളസി ഇറാക്കിലും കുവൈറ്റിലും അടക്കം രണ്ടു പതിറ്റാണ്ട് സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്.
രണ്ടു വർഷം മുന്പുവരെ ഡെമോക്രാറ്റിക് പാർട്ടിക്കാരിയായിരുന്നു. 2013 മുതൽ 2021 വരെ ഹവായിയിൽനിന്നുള്ള ജനപ്രതിനിധിസഭാംഗമായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി വിട്ടശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്ന് ട്രംപിനെ പിന്തുണച്ചു.
പേര് തുളസി എന്നാണെങ്കിലും ഇന്ത്യൻ ബന്ധമില്ല. അമേരിക്കൻ സമോവ വംശജയാണ്. തുളസിയുടെ അമ്മ ഹിന്ദുമതത്തിൽ ചേരുകയും മക്കൾക്കു ഹൈന്ദവ പേരുകൾ നല്കുകയുമായിരുന്നു. തുളസിയും ഹൈന്ദവവിശ്വാസിയാണ്.
റിപ്പബ്ലിക്കൻ നേതാവ് മാറ്റ് ഗേറ്റ്സിനെ അറ്റോർണി ജനറാലായി നിയമിക്കുമെന്നും ട്രംപ് അറിയിച്ചു. നിയമസംവിധാനങ്ങളെ ആയുധമാക്കുന്ന പരിപാടി മാറ്റ് അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു.
സ്ഥാനമൊഴിയാൻ പോകുന്ന പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ട്രംപിനെ വൈറ്റ്ഹൗസിലേക്കു ക്ഷണിച്ചു കൂടിക്കാഴ്ച നടത്തി.
|
ടെക്സസിൽ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്
ടെക്സസ്: ടെക്സസിൽ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. സംഭവത്തിൽ കർശന നടപടിയെടുക്കാൻ സംസ്ഥാന നേതാക്കൾ യോഗം ചേർന്നു. ടെക്സസ് ആസ്ഥാനമായുള്ള നാല് യുഎസ് അറ്റോർണിമാർ ഡാളസിൽ യോഗം ചേർന്നാണ് ഈ വിഷയത്തിൽ ചർച്ച നടത്തിയത്.
15 വയസ് മുതൽ 88 വയസ് വരെ പ്രായമുള്ളവരാണ് പ്രധാനമായും ഗാർഹിക പീഡനത്തിന് ഇരയാകുന്നതിനെന്ന് ടെക്സസ് കൗൺസിൽ ഓൺ ഫാമിലി വയലൻസിന്റെ സിഇഒ ഗ്ലോറിയ അഗ്യുലേര ടെറി പറഞ്ഞു. കഴിഞ്ഞ വർഷം ടെക്സസിൽ 205 പേർ ഗാർഹിക പീഡനത്തിന് ഇരയായി അവരുടെ അടുത്ത ബന്ധുക്കളാൽ കൊല്ലപ്പെട്ടുവെന്ന് ടെക്സസ് കൗൺസിൽ ഓൺ ഫാമിലി വയലൻസ് പറയുന്നു.
2013 മുതൽ ഇത്തരം കേസുകൾ വർധിക്കുകയാണ്. ഇരകളിൽ കുടൂതൽ പേരും നോർത്ത് ടെക്സസിലാണ് താമസിച്ചിരുന്നത്. ഡാളസ് കൗണ്ടിയും ടാരന്റ് കൗണ്ടിയും ഗാർഹിക പീഡന കേസുകളിൽ യഥാക്രമം സംസ്ഥാനത്ത് രണ്ടും മൂന്നും സ്ഥാനത്താണ്.
|
വൈറ്റ്ഹൗസിലെ മലയാളിത്തിളക്കം
വാഷിംഗ്ടൺ ഡിസി: കേരളത്തിൽ വേരുകളുള്ള വിവേക് രാമസ്വാമി ലോകത്തിന്റെ ഭരണസിരാകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന വൈറ്റ്ഹൗസിലെ സുപ്രധാന പദവിയിലെത്തുന്പോൾ മലയാളികൾക്ക് അഭിമാനിക്കാനേറെ.
അമേരിക്കൻ ഭരണകൂടത്തിന്റെ കാര്യശേഷി വർധിപ്പിക്കാനായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷെൻസി’ എന്ന പുതിയ വകുപ്പിനെ നയിക്കാൻ ലോകത്തിലെ ഏറ്റവും വലിയ സന്പന്നനായ ഇലോൺ മസ്കിനൊപ്പമാണ് വിവേക് രാമസ്വാമി നിയമിക്കപ്പെട്ടിരിക്കുന്നത്.
ഉപദേശകതലത്തിലുള്ള ഈ വകുപ്പുകൊണ്ട് ചെലവുചുരുക്കൽ, ഉദ്യോഗസ്ഥതല ഇടപെടലുകൾ ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളാണു ട്രംപ് ലക്ഷ്യമിടുന്നത്.
എഴുപതുകളിൽ പാലക്കാട് വടക്കഞ്ചേരിയിൽനിന്നു യുഎസിൽ കുടിയേറിയ എൻജിനിയർ ഗണപതി രാമസ്വാമിയുടെയും ഡോക്ടർ ഗീത രാമസ്വാമിയുടെയും മകനായി ഒഹായോയിലെ സിൻസിനാറ്റിയിൽ 1985 ഓഗസ്റ്റ് ഒന്പതിനാണു വിവേക് ജനിച്ചത്.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിവേക്, സിൻസിനാറ്റി ജെസ്വിറ്റ് ഹൈസ്കൂൾ, ഹാർവാഡ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. യേലിൽവച്ചാണ് ഭാവിവധുവും സർജനുമായ അപൂർവ തിവാരിയെ കണ്ടുമുട്ടുന്നത്.
2014ൽ സ്ഥാപിച്ച റോയിവന്റ് സയൻസസ് എന്ന ബയോടെക്നോളജി കന്പനി വിവേകിന് വലിയ സന്പത്ത് നേടിക്കൊടുത്തു. അമേരിക്കൻ രാഷ്ട്രീയത്തിൽ കോർപറേറ്റുകൾ ചെലുത്തുന്ന സ്വാധീനത്തെ എതിർത്തുകൊണ്ടാണ് വിവേക് 2020ൽ രാഷ്ട്രീയത്തിലേക്കു കടക്കുന്നത്.
2023 ഫെബ്രുവരിയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡോണൾഡ് ട്രംപ്, ഇന്ത്യൻ വംശജ നിക്കി ഹേലി മുതലായ മുതിർന്ന നേതാക്കളാണു വിവേകിനൊപ്പം മത്സരരംഗത്തുണ്ടായിരുന്നത്.
ഗർഭഛിദ്രത്തെ എതിർത്ത വിവേക്, വോട്ടിംഗ് പ്രായം 25 ആയി ഉയർത്തണം, ജനനത്തിലൂടെ അമേരിക്കൻ പൗരത്വം ലഭിക്കുന്നതു നിർത്തണം തുടങ്ങിയ നിലപാടുകളാൽ വിവാദ നായകനുമായി. ഫെഡറൽ സർക്കാരിലെ 75 ശതമാനം ജീവനക്കാരെയും പുറത്താക്കും, ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ, അണുശക്തി റെഗുലേറ്ററി കമ്മീഷൻ, വിദ്യാഭ്യാസവകുപ്പ് എന്നിവ ഇല്ലാതാക്കും എന്നൊക്കെയായിരുന്നു വിവേകിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ.
തുടക്കത്തിലേ മെച്ചപ്പെട്ട പ്രകടനം മൂലം ട്രംപിനു പോന്ന എതിരാളിയാണ് വിവേക് എന്ന അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, ജനുവരിയിൽ അയോവ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ കോക്കസിൽ നാലാം സ്ഥാനത്തായതോടെ വിവേക് സ്ഥാനാർഥിമോഹം ഉപേക്ഷിച്ച് ട്രംപിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. വിവേക് മിടുക്കനാണെന്നും അദ്ദേഹത്തിന് സുപ്രധാന പദവി നല്കുമെന്നും ട്രംപ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു.
2015ലായിരുന്നു വിവേകും അപൂർവയും തമ്മിലുള്ള വിവാഹം. രണ്ട് ആൺകുട്ടികളുണ്ട്. ശങ്കർ എന്നൊരു അനിയനും വിവേകിനുണ്ട്.
|
ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി എലീസ് സ്റ്റെഫാനിക്കിനെ ട്രംപ് നിയമിച്ചു
വാഷിംഗ്ടണ്: നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ദീർഘകാല സഖ്യകക്ഷിയും ഹൗസ് റിപ്പബ്ലിക്കൻ കോൺഫറൻസിന്റെ നിലവിലെ ചെയർപേഴ്സണുമായ ന്യൂയോർക്കിന്റെ പ്രതിനിധി എലീസ് സ്റ്റെഫാനിക്കിനെ യുഎന്നിലെ യുഎസ് അംബാസഡറായി നിയമിച്ചു. തന്റെ രണ്ടാം ടേമിന് തയാറെടുക്കുന്ന ട്രംപിന്റെ ആദ്യത്തെ പ്രധാന കാബിനറ്റ് തെരഞ്ഞെടുപ്പാണ്.
40 കാരിയായ സ്റ്റെഫാനിക് ഇസ്രായേലിന്റെ ഒരു പ്രമുഖ പിന്തുണക്കാരിയാണ്, പ്രത്യേകിച്ച് ഒക്ടോബർ ഏഴിന് ഹമാസിന്റെ ആക്രമണങ്ങളോടുള്ള പ്രതികരണത്തിൽ, കോളേജ് കാമ്പസുകളിൽ യഹൂദവിരുദ്ധതയെക്കുറിച്ച് പതിവായി ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.
പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) ഹമാസ് പ്രവർത്തകർക്ക് വിട്ടുവീഴ്ച ചെയ്തുവെന്ന് ആരോപിച്ച് സ്റ്റെഫാനിക് തന്റെ നിലപാട് ആവർത്തിച്ചു.
സ്റ്റെഫാനിക്ക് 2015 മുതൽ ന്യൂയോർക്കിലെ 21ാമത് കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നു. നിലവിൽ ഹൗസ് റിപ്പബ്ലിക്കൻ കോൺഫറൻസിന്റെ ചെയർ വുമണായി പ്രവർത്തിക്കുന്നു.
വിവിധ അന്താരാഷ്ട്ര വിഷയങ്ങളിൽ അവര് തുറന്ന് സംസാരിക്കുകയും യുഎന്നിനെയും സമാനമായ ആഗോള സംഘടനകളെയും കുറിച്ച് ട്രംപിന്റെ വിമർശനാത്മക വീക്ഷണം പങ്കിടുകയും ചെയ്യുന്നു.
|
സിഐഎയെ നയിക്കാൻ മുൻ ഡാളസ് ഏരിയ പ്രതിനിധി ജോൺ റാറ്റ്ക്ലിഫ്
ഡാളസ്: സിഐഎയെ നയിക്കാൻ ഡാളസിൽ നിന്നുള്ള മുൻ ടെക്സസ് കോൺഗ്രസ് അംഗം ജോൺ റാറ്റ്ക്ലിഫിനെ ട്രംപ് തെരഞ്ഞെടുത്തു. ട്രംപ്വാൻസ് ട്രാൻസിഷൻ ടീമാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.
2020ൽ ദേശീയ ഇന്റിലിജൻസ് ഡയറക്ടറായി ട്രംപ് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതുവരെ റാറ്റ്ക്ലിഫ് ടെക്സസിന്റെ നാലാമത്തെ കോൺഗ്രസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ചു.
2020ൽ ട്രംപിന്റെ നാഷണൽ ഇന്റിലിജൻസ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നതുവരെ, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ കടുത്ത പ്രതിരോധക്കാരനായ റാറ്റ്ക്ലിഫ്, സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ടെക്സസിന്റെ നാലാമത്തെ കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ചു.
|
മെഡികെയർ പാർട്ട് ബി പ്രീമിയങ്ങളിൽ വർധന
ന്യൂയോർക്ക്: മെഡികെയർ പാർട്ട് ബി ഉള്ള മുതിർന്ന പൗരന്മാർ അടുത്ത വർഷം ആരോഗ്യ സംരക്ഷണത്തിനായി കൂടുതൽ പണം നൽകേണ്ടിവരും. മെഡികെയർ, മെഡികെയ്ഡ് സേവനങ്ങൾക്കായുള്ള കേന്ദ്രങ്ങൾ മെഡികെയർ പാർട്ട് ബി പ്രീമിയങ്ങൾ 2025ൽ വർധിക്കും.
ഹോം ഹെൽത്ത് കെയർ, ഡോക്ടർ സന്ദർശനങ്ങൾ, ഔട്ട്പേഷ്യന്റ് സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മെഡികെയർ പാർട്ട് ബിയുടെ പ്രതിമാസ പ്രീമിയം 185 ഡോളറായി ഉയരും.10.30 ഡോളറിന്റെ വർധനവാണിത്.
വരുമാനവുമായി ബന്ധപ്പെട്ട പ്രതിമാസ ക്രമീകരണങ്ങൾ പാർട് ബി ഇൻഷുറൻസ് ഉള്ള ഏകദേശം 8% ആളുകളെ ബാധിക്കും.മെഡികെയർ പാർട്ട് ബി ഗുണഭോക്താക്കൾക്കുള്ള വാർഷികാടിസ്ഥാനത്തിൽ 240 ഡോളറിൽ നിന്ന് 257 ഡോളറായി മാറും.
കിഴിവ് ലഭിക്കുന്നതിന് ശേഷം, ഗുണഭോക്താക്കൾ സാധാരണയായി ഓരോ മെഡികെയർ സേവനത്തിനും അല്ലെങ്കിൽ ഇനത്തിനും ചെലവിന്റെ 20 ശതമാനം നൽകുമെന്ന് സെന്റർ ഫോർ മെഡികെയർ ആൻഡ് മെഡികെയ്ഡ് സർവീസസ് പറഞ്ഞു.
മെഡികെയർ പാർട്ട് എ വിലയും വർധിക്കും. 99 ശതമാനം ഗുണഭോക്താക്കളും പാർട്ട് എയുടെ പ്രതിമാസ പ്രീമിയം അടയ്ക്കുന്നില്ല, എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് കിഴിവുകൾ ഉണ്ട്. ഇത് 44 ഡോളർ വർധിച്ച് 1,676 ഡോളറാകും.
|
ഇസ്രയേലിലെ യുഎസ് അംബാസഡറായി മൈക്ക് ഹക്കബിയെ തെരഞ്ഞെടുത്തു ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: അർക്കെൻസ മുൻ ഗവർണർ മൈക്ക് ഹക്കബിയെ ഇസ്രയേലിലെ യുഎസ് അംബാസഡറായി തെരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൈക്ക് ഹക്കബിയെ നാമനിർദ്ദേശം ചെയ്യുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ട്രംപ് അറിയിച്ചു.
ട്രംപിന്റെ അടുത്ത ഭരണകൂടത്തിൽ ശക്തരായ ഇസ്രായേൽ അനുഭാവികളുടെ വർധിച്ചുവരുന്ന പട്ടികയിലെ മറ്റൊരു വ്യക്തിയാണ് ബാപ്റ്റിസ്റ്റ് മന്ത്രിയായ ഹക്കബി. ഇറാൻ പിന്തുണയുള്ള ഭീകര സംഘടനകളായ ഹമാസിനും ഹിസ്ബുള്ളയ്ക്കും എതിരെ യുദ്ധം ചെയ്യുന്നതിനാൽ ഇസ്രായേലുമായുള്ള യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു.
മൈക്ക് വർഷങ്ങളായി മികച്ച പൊതുപ്രവർത്തകനും ഗവർണറും വിശ്വാസ്തനായ നേതാവുമായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ഇസ്രയേലിനെയും ഇസ്രയേൽ ജനതയെയും സ്നേഹിക്കുന്നു. മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ മൈക്ക് അക്ഷീണം പ്രവർത്തിക്കുമെന്ന്’ ട്രംപ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.
|
സര്ക്കാരിന്റെ കാര്യക്ഷമത വര്ധിപ്പിക്കൽ: വിവേക് രാമസ്വാമിയ്ക്കും ഇലോണ് മസ്കിനും നിർണായക ചുമതല
വാഷിംഗ്ടൺ: ടെസ്ല സിഇഒ ഇലോണ് മസ്കിനും ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിക്കും ട്രംപ് ഭരണത്തിൽ നിര്ണായക ചുമതല.
ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്കാണ് ഇലോൺ മസ്കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെരഞ്ഞെടുത്തത്.
ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ട്രംപ് പുതിയ ഏജൻസിയായ ’ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’ പ്രഖ്യാപിച്ചത്.
ഭരണസംവിധാനത്തിലെ അമിത നിയന്ത്രണങ്ങള് ഒഴിവാക്കുക, അനാവശ്യ ചെലവുകള് വെട്ടിക്കുറയ്ക്കുക, ഫെഡറല് ഏജന്സികളുടെ പുനഃക്രമീകരണം എന്നിവയാണ് ലക്ഷ്യങ്ങൾ. ബയോടെക് സംരംഭകനും മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയുമാണ് വിവേക് രാമസ്വാമി.
ടെസ്ല, സ്പേസ് എക്സ് സമൂഹമാധ്യമമായ എക്സ് എന്നിവയുടെ ഉടമയാണ് ഇലോണ് മസ്ക്.
|
ട്രംപും പുട്ടിനും തമ്മിൽ രഹസ്യ കരാർ?; ചർച്ചയായി ഡോണൾഡ് ജൂനിയറിന്റെ ഇൻസ്റ്റഗ്രാം
ഫ്ലോറിഡ: റഷ്യയുക്രെയ്ൻ യുദ്ധത്തിനിടയിൽ, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ നടന്ന ചർച്ചയില് വെടിനിർത്തലിനെക്കുറിച്ച് സംസാരിച്ചതായി റിപ്പോർട്ട്. അതേസമയം ക്രെംലിൻ വക്താവ് ഈ വാർത്ത നിഷേധിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചപ്പോൾ യൂറോപ്പിലെയും അമേരിക്കയിലെയും ഡെമോക്രാറ്റുകൾ യുക്രെയ്നിനുള്ള സഹായം ട്രംപ് നിർത്തലാക്കുമെന്ന ആശങ്കയിലായിരുന്നു. ട്രംപിന്റെ മകൻ ഡോണൾഡ് ജൂനിയറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് നിലവിൽ ചർച്ചയാകുന്നത്.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ തലയിൽ ഡോളർ വീഴുന്നതായി ഇതിൽ കാണിക്കുന്നു, 38 ദിവസത്തിന് ശേഷം യുക്രെയ്ൻ പ്രസിഡന്റിന് ഡോളർ അലവൻസ് നഷ്ടമാകുമെന്നും ട്രംപ് ജൂനിയർ എഴുതി. ട്രംപ് പ്രസിഡന്റായതിന് ശേഷം, യുക്രെയ്നിനുള്ള സാമ്പത്തിക സഹായം നിർത്തുകയും യുദ്ധത്തിൽ യുക്രെയ്നെ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നാണ് ഇതിനർഥമെന്ന് നിരീക്ഷകര് പറയുന്നു.
അതേസമയം, യുക്രെയ്നിലെ പല നഗരങ്ങളിലും റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നവംബർ 10ന് ട്രംപും പുട്ടിനും തമ്മിൽ ഫോൺ സംഭാഷണം നടന്നിരുന്നു, അതിൽ റഷ്യയുക്രെയ്ൻ യുദ്ധവും ചർച്ച ചെയ്യപ്പെട്ടു. തുടർന്ന്, റഷ്യ കുറോഖോവോ നഗരത്തിൽ ബോംബാക്രമണം നടത്തുകയും, മിഗ് 31 സ്ക്വാഡ്രണുകൾ വ്യോമാക്രമണം നടത്തുകയും ചെയ്തു. നിരവധി നഗരങ്ങളും റഷ്യ ആക്രമിച്ചു.ചർച്ചകൾക്ക് ശേഷം വെടിനിർത്തൽ കരാറിനെക്കുറിച്ച് ട്രംപും പുട്ടിനും സംസാരിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജനുവരി 20ന് മുൻപ് ട്രംപിന് യുക്രെയ്നിലെ തന്റെ പദ്ധതികൾ പ്രഖ്യാപിക്കാമെന്ന് പോളിഷ് സർക്കാർ പറയുന്നു. കുറഖോവോ നഗരത്തിന് നേരെ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്, യുക്രെയ്ൻ യുദ്ധത്തിന്റ് പുതിയ ബഖ്മുത് എന്നാണ് ഇതിനെ വിളിക്കുന്നത്. എട്ട് മാസത്തെ യുദ്ധത്തിനൊടുവിൽ റഷ്യ ബഖ്മുത്ത് വിജയിച്ചു. ഇപ്പോൾ റഷ്യ കുറഖോവോയെ മൂന്ന് വശത്തുനിന്നും വളഞ്ഞിരിക്കുന്നു.
റഷ്യ ഈ നഗരം കീഴടക്കിയാൽ, ഡൊനെറ്റ്സ്ക് പ്രദേശം മുഴുവൻ അതിന്റെ നിയന്ത്രണത്തിലാകും. ഇത് യുക്രെയ്നിന് യുദ്ധസാഹചര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കും.നവംബർ 13ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ട്രംപും കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ യുക്രെയ്നിനുള്ള സഹായം തുടരുന്നതിനെക്കുറിച്ച് ബൈഡന് സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം, അമേരിക്ക യുക്രെയ്നിന് സഹായം നൽകുന്നത് നിർത്തിയാൽ യൂറോപ്പിൽ അസ്ഥിരത വർധിക്കുമെന്നും നാറ്റോ ഐക്യത്തെയും ബാധിച്ചേക്കാമെന്നും അദ്ദേഹം കരുതുന്നു.
സെലെന്സ്കി സന്ദർശിക്കുന്ന ഓരോ തവണയും യുക്രെയ്നിന് ദശലക്ഷക്കണക്കിന് ഡോളർ ലഭിക്കുന്നുണ്ടെന്നും യുക്രെയ്നിനുള്ള സഹായം അവസാനിപ്പിക്കാൻ താൻ പദ്ധതിയിട്ടേക്കുമെന്നും ട്രംപ് ഇതിനകം പറഞ്ഞിട്ടുണ്ട്.
|
ട്രംപിന്റെ കുടിയേറ്റ നയം: ടോം ഹോമാൻ, സ്റ്റീഫൻ മില്ലർക്ക് പ്രത്യേക ചുമതലകൾ
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഡോണൾഡ് ട്രംപ് തന്റെ രണ്ടാം ഇന്നിംഗ്സിനായി തയാറെടുക്കുകയാണ്. സത്യപ്രതിജ്ഞ 2025 ജനുവരിയിലാണെങ്കിലും ട്രംപ് തന്റെ ടീമിനെ തെരഞ്ഞെടുക്കാന് ആരംഭിച്ചിരിക്കുകയാണ്. അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിലാണ് പ്രധാന ശ്രദ്ധ.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തിലും അദ്ദേഹം ഇതേ വിഷയം ഉന്നയിച്ചിരുന്നു. അതിനാൽ, തന്റെ കർശനമായ ഇമിഗ്രേഷൻ പദ്ധതി നടപ്പിലാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരെയാണ് അദ്ദേഹം നിയമിക്കുന്നത്. ട്രംപിന്റെ നയങ്ങൾ തൊഴിൽ വീസയിൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരെയും ബാധിക്കുമെന്ന് വിദഗ്ധർ കരുതുന്നു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) മുൻ മേധാവി ടോം ഹോമനാണ് അതിര്ത്തിയുടെ ചുമതല. കർശനമായ അതിർത്തി സുരക്ഷയെ പിന്തുണയ്ക്കുന്നയാളാണ് ഹോമാൻ. ഇനി അദ്ദേഹം തെക്കൻ, വടക്കൻ അതിർത്തികൾ, സമുദ്ര സുരക്ഷ, വ്യോമയാന സുരക്ഷ എന്നിവയുടെ മേൽനോട്ടം വഹിക്കും. ഇതിന് പുറമെ നാടുകടത്താനുള്ള ചുമതലയുമുണ്ട്.
അമേരിക്കയിലെ ഏറ്റവും വലിയ നാടുകടത്തൽ ക്യാന്പയിൻ നടത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഹോമാൻ പറഞ്ഞത് നിയമനത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കിയിരുന്നു. സമീപ വർഷങ്ങളിൽ, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം പേര് അനധികൃതമായി അമേരിക്കയിൽ എത്തിയിട്ടുണ്ട്, പ്രത്യേകിച്ച് മെക്സിക്കോ, കാനഡ എന്നിവിടങ്ങൾ വഴി. നാടുകടത്തൽ പ്രക്രിയ വേഗത്തിലാക്കാൻ ട്രംപ് പ്രത്യേക നിര്ദ്ദേശം നല്കിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
ടോം ഹോമനെ കൂടാതെ സ്റ്റീഫൻ മില്ലർക്ക് ട്രംപ് തന്റെ പോളിസി ടീമിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനം നല്കിയിട്ടുണ്ട്. ഇമിഗ്രേഷൻ നയങ്ങളിൽ മില്ലർ നേരത്തെ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്.
അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന നിരവധി ഇന്ത്യക്കാരെ ഇത് ബാധിച്ചേക്കും. ട്രംപിന്റെ മുൻ ഭരണകാലത്ത്, മില്ലർ സമാനമായ അക്രമണാത്മക നയങ്ങൾ സ്വീകരിച്ചിരുന്നു. അതുമൂലം, നിരവധി ഇന്ത്യൻ കുടുംബങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
|
പ്രായത്തെ മറന്നവരുടെ ക്ലാസിക്കൽ നൃത്ത അരങ്ങേറ്റ വേദിയായി ന്യൂജഴ്സി
ന്യൂജഴ്സി: "ശക്തി’ എന്ന് അരങ്ങേറ്റ പരിപാടിയില് ഇന്ത്യന് ക്ലാസിക്കല് നൃത്തത്തിലെ വൈദഗ്ധ്യത്തെ ഏവരിലേക്കും എത്തിച്ച് നാല് നര്ത്തകര്. പാര്വതി സുബ്രഹ്മണ്യന് (52), ശോഭാ പിള്ള (51), ബെന്സി മേരി അജിത് (48), ഗോമതി ഗോപാലകൃഷ്ണന് (47) എന്നീ നാല് സ്ത്രീകളാണ് ന്യൂജഴ്സി ബ്രിഡ്ജ്വാട്ടറിലെ വെങ്കിടേശ്വര ക്ഷേത്രത്തില് പ്രകടനം കാഴ്ചവച്ചത്.
ആവേശത്തിലേക്കും അതിലുപരി ഓരോ ചുവടുകളും കാഴ്ചക്കാരുടെ മനസിലേക്കും കോറിയിട്ട അതിമനോഹരമായ ഇന്ത്യന് ക്ലാസിക്കല് നൃത്തത്തിന്റെ അരങ്ങേറ്റത്തിനാണ് ന്യൂജഴ്സി സാക്ഷ്യം വഹിച്ചത്.
വേദിക പെര്ഫോമിംഗ് ആര്ട്സിലെ വിദ്യാര്ഥികളായ ഇവരുടെ ഗുരു റുബീന സുധര്മ്മനാണ്. കഴിഞ്ഞ ആറു വര്ഷമായി ഈ നാലുപേരും നൃത്തം അഭ്യസിക്കുന്നുണ്ട്.
പ്രായത്തിന്റെ അതിരുകള് തീര്ത്ത മാനദണ്ഡങ്ങള് ലംഘിച്ചുകൊണ്ടുള്ള അരങ്ങേറ്റം നൃത്തച്ചുവടുകളിലെ അച്ചടക്കത്തിന്റെയും സമര്പ്പണത്തിന്റെയും ശക്തിയെ എടുത്തുകാട്ടി.
കലയുടെ കാലാതീതമായ ചൈതന്യത്തെയും നൃത്തത്തിലെ സ്ത്രീകളുടെ ശാക്തീകരണ ശക്തിയെയും പ്രതീകപ്പെടുത്തുന്ന "ശക്തി’ പ്രേക്ഷകരെ മാസ്മരികമായ കലാ ആസ്വാദനത്തിലേക്കും വഴിനടത്തി.
|
ഫൊക്കാന ന്യൂയോര്ക്ക് മെട്രോ റീജിയൺ ക്രിക്കറ്റ് ടൂർണമെന്റ്: ഒരുക്കങ്ങൾ ആരംഭിച്ചു
ന്യൂയോര്ക്ക്: ഫൊക്കാന ന്യൂയോര്ക്ക് മെട്രോ റീജിയൺ സംഘടിപ്പിക്കുന്ന പ്രഥമ ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ് "ക്രിക്കറ്റ് ബാഷ് 2025' ജൂൺ 21ന് നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ടൂർണമെന്റിന്റെ ഒഫീഷ്യൽ ഫ്ലയർ ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൺ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പ്രകാശനം ചെയ്തു. ഫൊക്കാനയുടെ മുതിർന്ന നേതാവും ബോർഡ് മെമ്പറുമായ തോമസ് തോമസ് ടൂർണമെന്റിനുള്ള എല്ലാ ട്രോഫികളും നൽകാമെന്ന് വാഗ്ദാനം ചെയ്തു.
റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, സെക്രട്ടറി ഡോൺ തോമസ്, ട്രഷറർ മാത്യു തോമസ്, ടൂർണമെന്റ് കോഓർഡിനേറ്റർ ജിൻസ് ജോസഫ്, പിആർഒ ജോയൽ സ്കറിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിൽ ഫൊക്കാന ആദ്യമായി സംഘടിപ്പിക്കുന്ന ഈ ക്രിക്കറ്റ് ടൂർണമെന്റ് ചാരിറ്റി കൂടി ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്. ട്രൈസ്റ്റേറ്റ് ഏരിയയിൽ നിന്നും വിവിധ മലയാളി ടീമുകൾ ഈ ക്രിക്കറ്റ് മാമാങ്കത്തിൽ അണിനിരക്കും.
ടൂർണമെന്റിന് എല്ലാവിധ പിന്തുണയും ഫൊക്കാന പ്രസിഡന്റ് സജി മോൻ ആന്റണി വാഗ്ദാനം ചെയ്തു. ടൂർണമെന്റിന്റെ വിജയത്തിനായുള്ള എല്ലാവിധ സഹകരണവും നോർത്ത് അമേരിക്കൻ മലയാളികളിൽ നിന്ന് പ്രതീക്ഷിക്കുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അഭിപ്രായപ്പെട്ടു.
ജൂൺ 21ന് ക്യുൻസ് ന്യൂയോർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന ടൂർണമെന്റ് കാണുന്നതിന് ഏവരെയും ക്ഷണിക്കുന്നതായി ടൂർണമെന്റ് കോഓർഡിനേറ്റർ ജിൻസ് ജോസഫ് അറിയിച്ചു.
|
ട്രംപിന്റെ സർക്കാരിൽ ഇലോൺ മസ്കും
വാഷിംഗ്ടൺ: വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നനുമായ ഇലോൺ മസ്കിന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സർക്കാരിൽ സുപ്രധാന ചുമതല. ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കൊപ്പം കാര്യക്ഷമതാ വകുപ്പിന്റെ ചുമതലയാണ് മസ്കിന് നൽകിയിരിക്കുന്നത്.
സർക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് ട്രംപിന്റെ തീരുമാനം. ചെലവ് കുറയ്ക്കൽ നടപ്പാക്കിയാൽ അമേരിക്കയിൽ കേന്ദ്ര സർക്കാർ ജീവനക്കാരായ ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു.
പുതിയ ട്രംപ് കാബിനറ്റിൽ പീറ്റർ ഹെഗ്സെത്ത് പുതിയ പ്രതിരോധ സെക്രട്ടറിയായി ചുമതലയേൽക്കും. അമേരിക്കയിലെ പ്രശസ്ത മാധ്യമ സ്ഥാപനമായ ഫോക്സ് ന്യൂസ് അവതാരകനായ പീറ്റർ ഹെഗ്സെത്ത് മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു. ജോൺ റാറ്റ്ക്ലിഫിനെ പുതിയ സിഐഎ ഡയറക്ടറായും തീരുമാനിച്ചു.
|
ബ്രസീലിലെ ജി 20 ഉച്ചകോടിയിൽ മോദി പങ്കെടുക്കും
ന്യൂഡൽഹി: ബ്രസീലിൽ ഈ മാസം 18, 19 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. റിയോ ഡ ഷനേറയിലാണ് ജി20 ഉച്ചകോടി നടക്കുക. 16, 17 തീയതികളിൽ മോദി നൈജീരിയ സന്ദർശിക്കും.
നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുന്റെ ക്ഷണപ്രകാരമാണു സന്ദർശനം. 17 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്.
നവംബർ 19, 20, 21 തീയതികളിൽ മോദി ഗയാന സന്ദർശിക്കും. 1968നുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്.
|
മാർക്കോ റൂബിയോ ട്രംപിന്റെ സ്റ്റേറ്റ് സെക്രട്ടറി
വാഷിംഗ്ടൺ ഡിസി: ഫ്ലോറിഡയിൽനിന്നുള്ള സെനറ്റർ മാർക്കോ റൂബിയോ അമേരിക്കയിലെ അടുത്ത സ്റ്റേറ്റ് സെക്രട്ടറിയാകുമെന്നു സൂചന.
ഉന്നത നയതന്ത്രപദവി റൂബിയോയ്ക്കു നല്കാൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പദവിയിൽ നിയമിക്കപ്പെടുന്ന ആദ്യ ലാറ്റിനമേരിക്കൻ വംശജനായിരിക്കും ഇദ്ദേഹം.
ആഗോളശത്രുക്കളായ ചൈന, ഇറാൻ, ക്യൂബ എന്നിവരോടു വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെന്നു വാദിച്ചിരുന്നയാളാണു റൂബിയോ. അടുത്തകാലത്ത് അദ്ദേഹം നിലപാടുകൾ മയപ്പെടുത്തിയിട്ടുണ്ട്.
യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യാ സംഘർഷം എന്നിവയായിരിക്കും റൂബിയോയ്ക്കു മുന്നിലെ പ്രധാന വിഷയങ്ങൾ. അധിനിവേശ ഭൂമി തിരിച്ചുപിടിക്കുന്നതിനു പകരം റഷ്യയുമായി വെടിനിർത്താൻ യുക്രെയ്ൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നു ധനസഹായം നല്കുന്നതിനെതിരേ വോട്ട് ചെയ്ത 15 റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ഒരാളുമാണു റൂബിയോ.
അമേരിക്കയുടെ വിദേശനയത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കു വലിയ പരിഗണനയും ലഭിക്കാം. ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളോടു റൂബിയോയ്ക്കു താത്പര്യമില്ല.
|
ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ വാർഷിക ജനറൽ ബോഡി ഡിസംബർ എട്ടിന്
ഡാളസ്: ഡാളസിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ ജനറൽ ബോഡി യോഗം ഡിസംബർ എട്ടിന് ഉച്ചകഴിഞ്ഞ് 3.30ന് പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്നു.
മുൻ മീറ്റിംഗ് മിനിറ്റ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, അംഗത്വ അപ്ഡേറ്റ് ഒ പുതുക്കിയ ഫോം അല്ലെങ്കിൽ പുതുക്കിയ ലിസ്റ്റ്,ബൈലോ ഭേദഗതി ഒ ബിഎൽ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതി, ബിൽഡിംഗ് സെക്യൂരിറ്റി ഒ അപ്ഡേറ്റ് ചെയ്ത ക്യാമറ സിസ്റ്റം, പ്രൊജക്റ്റ് അപ്ഡേറ്റുകൾ, അർധവാർഷിക അക്കൗണ്ട്, 2025 2026ലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സൈമൺ ജേക്കബിന്റെ അറിയിപ്പിൽ പറയുന്നു
|
ന്യൂജഴ്സിയിൽ ഗുരുനാനാക്കിന്റെ ജന്മദിനം ആഘോഷിച്ചു
ന്യൂജഴ്സി: ഗുരുനാനാക്കിന്റെ 555ാമത് ജന്മദിനം ന്യൂജഴ്സിയിലെ പെർഫോമിംഗ് ആർട്സ് സെന്ററിൽ ആഘോഷിച്ചു. ഏകത്വം: മനുഷ്യത്വത്തിന് വെളിച്ചമെന്ന പ്രമേയത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. ലാഭേച്ഛയില്ലാത്ത സംഘടനയായ ലെറ്റ്സ് ഷെയർ എ മീൽ ആണ് പരിപാടി സംഘടിപ്പിച്ചത്.
2012 മുതൽ ഭവനരഹിതരായ ഷെൽട്ടറുകൾ, വൃദ്ധസദനങ്ങൾ, സൂപ്പ് കിച്ചണുകൾ എന്നിവയിൽ ഭക്ഷണം നൽകുന്ന സംഘടന, ആവശ്യമുള്ളവർക്ക് ഭക്ഷണവും സഹായവും നൽകാൻ ലക്ഷ്യമിടുന്ന കമ്മ്യൂണിറ്റി കിച്ചണായ ലംഗറിന്റെ ആത്മാവിന് ഊന്നൽ നൽകി.
ആഘോഷ വേളയിൽ, സെലിബ്രിറ്റി ഷെഫ് വികാസ് ഖന്നയെ ഹോട്ടലുടമ സന്ത് ചത്വാൾ സമൂഹത്തിന് നൽകിയ സംഭാവനകളെ ആദരിച്ചു. ഗുരുദ്വാര ബ്ലഗാ സാഹിബിന്റെ മുഖ്യ ഗ്രന്ഥിയായ ഗ്യാനി രഞ്ജിത് സിംഗ്, ഖന്ന എന്നിവരോടൊപ്പം ചാത്വാൽ ചടങ്ങിൽ സംസാരിച്ചു.
വിജയകരമായ ഒത്തുചേരൽ സംഘടിപ്പിച്ചതിന് ഗുരുനാനാക്കിന്റെ ജന്മദിനാഘോഷത്തിന്റെ ട്രസ്റ്റിയും ചെയർമാനുമായ ഓങ്കാർ സിംഗിനെയും അദ്ദേഹത്തിന്റെ ടീമിനെയും അഭിനന്ദിച്ചു. ക്ലാസിക്കൽ ശൈലിയിൽ ഗുരുവാണി ഗാനങ്ങൾ ആലപിച്ച ചടങ്ങിൽ പ്രശസ്ത ഗായിക ഹർഷ്ദീപ് കൗർ എന്നിവർ പങ്കെടുത്തു.
ആത്മീയ അന്തരീക്ഷം വർധിപ്പിച്ച് ഒരു കൂട്ടം യുവവാദ്യ വിദഗ്ധരും പങ്കെടുത്തു. ആഘോഷം ആവേശഭരിതവും വൈവിധ്യപൂർണവുമായ പ്രേക്ഷകരെ ആകർഷിച്ചു. എല്ലാ സമുദായങ്ങളിലുമുള്ള ഐക്യത്തിന്റെ ഗുരുനാനാക്കിന്റെ സന്ദേശം പ്രതിഫലിപ്പിക്കുന്നതായ പത്രക്കുറിപ്പിൽ പറഞ്ഞു.
|
ട്രൈസ്റ്റേറ്റ് കേരള ഫോറം കേരളംദിനോത്സവം ആഘോഷിച്ചു
ഫിലാഡൽഫിയ: "ഇത് നമ്മുടെയെല്ലാം ദൗത്യം’ (It is Everyone’s Business) എന്ന ആശയത്തിൽ, ഫ്രഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റോർണി ജോസഫ് കുന്നേൽ, മധു കൊട്ടാരക്കര എന്നിവർ വിശിഷ്ടാതിഥികളായ "ട്രൈസ്റ്റേറ്റ് കേരള ഫോറംകേരളം ദിനോത്സവം’ ആഘോഷിച്ചു.
വൈകുന്നേരം നാലു മുതൽ എട്ടു വരെയായായിരുന്നു ആഘോഷങ്ങൾ. കവിയൂർ പൊന്നമ്മ സ്മാരക ഹാളിലും രത്തൻ ടാറ്റ ലക്ചർ ഹാളിലുമാണ് ആഘോഷങ്ങൾ നടന്നത്.
നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളി സംഗമ വേദിയായ മയൂരാ റസ്റ്ററന്റ് കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിലെ പങ്കാളിത്ത സംഘടനകൾ ഒരുമിച്ചാണ് ട്രൈസ്റ്റേറ്റ് കേരള ഫോറംകേരളം ദിനോത്സവം ആഘോഷിച്ചത്.
പ്രഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റോർണി ജോസഫ് കുന്നേൽ, മധു കൊട്ടാരക്കര, അഭിലാഷ് ജോൺ (ചെയർമാൻ), ബിനു മാത്യൂ (സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ), വിൻസന്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോഡിനേറ്റർ), ജോർജ് നടവയൽ (കേരളം ഡേ ചെയർമാൻ), നിക്കോൾ മാത്യൂ (മോഹിനിയാട്ടം ചമയം), ലോറൻസ് തോമസ് (കഥകളി ചമയം) എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.
ജോർജ് ഓലിക്കൽ, സച്ചു അൻസു ആലപ്പാട്ട് എന്നിവർ മാസ്റ്റർ ഓഫ് സെറിമണി ആയി. ജോൺ പണിക്കർ (ജോയിന്റ് സെക്രട്ടറി) സ്വാഗതവും രാജൻ സാമുവേൽ (ജോയിന്റ് ട്രഷറർ) നന്ദിയും പറഞ്ഞു.
സമൂഹത്തിലും സംഘടനകളിലും ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച വ്യക്തികളെ സമ്മേളനത്തിൽ ആദരിച്ചു. സാഹിത്യ മത്സര വിജയികൾക്ക് പ്രശസ്തി പത്രങ്ങങ്ങൾ സമ്മാനിച്ചു.
ബിസിനസുകാരിലെ സർഗാത്മകതയും സാമൂഹ്യ സേവന രംഗത്ത് ബിസിനസുകാരുടെ പങ്കും എന്ന വിഷയത്തിൽ പ്രഫസർ കോശി തലയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി.
“വാഹന ഇൻഷുറൻസ് നിയമത്തിന്റെ നട്ടും ബോൾട്ടും, വാഹന അപകടദുരിത നിവാരണ നിയമങ്ങളും” എന്ന വിഷയത്തിൽ, പ്രമുഖ അറ്റോർണി ജോസഫ് കുന്നേൽ, നിയമ സഹായ ക്ലാസ് അവതരിപ്പിച്ചു.
പ്രമുഖ ബിസിനസുകാരനായ മണിലാൽ മത്തായി ട്രൈസ്റ്റേറ്റ് കേരള ദിനോത്സവത്തിൽ സന്നിഹിതനായിരുന്നു. അലക്സ് തോമസ് ( പമ്പാ മലയാളി അസോസിയേഷൻ), സണ്ണി കിഴക്കേമുറി (കോട്ടയം അസോസിയേഷൻ),
സാറാ ഐപ് (പിയാനോ നേഴ്സസ് ഓർഗനൈസേഷൻ), ജോസ് തോമസ് (ഓർമ ഇന്റർനാഷനൽ), ഫീലിപ്പോസ് ചെറിയാൻ (ഫിലാഡൽഫിയ മലയാള സാഹിത്യ വേദി), ജോസഫ് ജോർജ് (തിരുവല്ല അസോസിയേഷൻ), സുരേഷ് നായർ (റാന്നി അസോസിയേഷൻ), ലോറൻസ് തോമസ് (ഫിൽമാ അസോസിയേഷൻ) എന്നിവർ കേരള ദിനോത്സവ ആശംസകൾ അറിയിച്ചു.
സഛു ആലപ്പാട്ട് ഈശ്വര പ്രാർഥന ഗാനവും ഷോൺ മാത്യൂ അമേരിക്കൻ ദേശീയ ഗാനവും അബിയാ മാത്യൂ ഭാരത ദേശീയ ഗാനവും അവതരിപ്പിച്ചു. രാജു പി ജോൺ, അൻസു ആലപ്പാട്ട്, ഷാജി സുകുമാരൻ, അബിയാ മാത്യൂ എന്നീ ഗായകർ മലയാള ഭാഷ മാഹാത്മ്യ ഗാനങ്ങൾ ആലപിച്ചു.
നിമ്മീ ദാസ്, അമേയ തെക്കുംതല (മെയ്ക്ക് ഓവർ), ബ്രിജിറ്റ് പാറപ്പുറത്ത് (രംഗ ക്രമീകരണം), അലക്സ് ബാബു (ഛായഗ്രഹണം), ഷാജി സുകുമാരൻ (സദ്യ), മയൂര (ശബ്ദവും വെളിച്ചവും), അലക്സ് ബാബു, ജോസ് തോമസ്, സദാശിവൻ കുഞ്ഞി,
ജോർജ് നടവയൽ (പബ്ലിസിറ്റി ഡിസൈൻസ്), ജോർജ് കുട്ടി (കവനന്റ് ട്രോഫീസ്) എന്നിവർ അണിയറ ശിൽപികളായി. സാഹിത്യ മത്സര മൂല്യ നിർണ്ണയത്തിന് ജോർജ് നടവയലും ജോർജ് ഓലിക്കലും അലക്സ് ബാബുവും നേതൃത്വം നൽകി.
അഭിലാഷ് ജോൺ (ചെയർമാൻ), ബിനു മാത്യൂ (സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ), ജോർജ് നടവയൽ (കേരള ഡേ ചെയർമാൻ), വിൻസന്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോഡിനേറ്റർ), ജോൺ പണിക്കർ (ജോയിന്റ് സെക്രട്ടറി), രാജൻ സാമുവേൽ (ജോയിന്റ് ട്രഷറർ), സുധാ കർത്താ, ജോർജ് ഓലിക്കൽ,
അലക്സ് തോമസ്, സാജൻ വർഗീസ്, സുരേഷ് നായർ, സുമോദ് നെല്ലിക്കാല, അലസ്ക് ബാബു, റോണി വർഗീസ്, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, ആഷാ അഗസ്റ്റിൻ, സാറാ ഐപ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസന്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്, സദാശിവൻ കുഞ്ഞി എന്നിവരാരയിരുന്നു സംഘാടക സമിതി.
|
അമേരിക്കയിലെ ചെറുപുഷ്പ മിഷൻ ലീഗ് രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു
ഷിക്കാഗോ: നമ്മുടെ ഓരോ പ്രവൃത്തികളും മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു തിരി വെളിച്ചമായി മാറുവാൻ സാധിക്കണമെന്ന് ഷിക്കാഗോ രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്. ചെറുപുഷ്പ മിഷന് ലീഗ് ഷിക്കാഗോ രൂപതയുടെ രണ്ടാമത് വാർഷികാഘോഷങ്ങൾ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ വിവിധ രീതികളിലൂടെ പങ്കാളിയാകുന്ന മിഷൻ ലീഗ് സംഘടനയുടെ പ്രവർത്തനങ്ങൾ അഭിന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുപുഷ്പ മിഷന് ലീഗ് ഷിക്കാഗോ രൂപത പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മിഷന് ലീഗ് രൂപതാ ഡയറക്ടർ റവ.ഡോ. ജോർജ് ദാനവേലിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആൻ ടോമി, സോണിയാ ബിനോയ് എന്നിവർ പ്രസംഗിച്ചു.
രൂപതാ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ സ്വാഗതവും ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ നന്ദിയും പറഞ്ഞു.വിവിധ മത്സരങ്ങളിൽ രൂപതാ തലത്തിൽ വിജയികളായവരെ യോഗത്തിൽ ആദരിച്ചു.
അമേരിക്കയിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള മിഷൻ ലീഗിന്റെ ഭാരവാഹികളും പ്രതിനിധികളും വാർഷികാഘോഷങ്ങളിൽ പങ്കാളികളായി.
|
ട്രംപിന്റെ കൂട്ട നാടുകടത്തൽ പദ്ധതിയെ പ്രതിരോധിക്കുമെന്ന് വിവേക് രാമസ്വാമി
ന്യൂയോർക്ക്: നിയുക്ത പ്രസിഡന്റ് രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരുമെന്നും ഡോണൾഡ് ട്രംപിന്റെ കൂട്ട നാടുകടത്തൽ പദ്ധതിയെ പ്രതിരോധിക്കുമെന്നും മുൻ പ്രസിഡന്റ് സ്ഥാനാർഥിയും ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന വ്യക്തിയുമായ വിവേക് രാമസ്വാമി പറഞ്ഞു.
ട്രംപിന് ഓഫീസിൽ അവസരം നൽകണമെന്ന് ഡെമോക്രാറ്റുകളോട് അഭ്യർഥിക്കുകയും അദ്ദേഹത്തെ ജനാധിപത്യത്തിന് ഭീഷണിയായി കാണിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
ഡോണൾഡ് ട്രംപ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കരുതുന്നു. അവിടെയുള്ള ഡെമോക്രാറ്റുകൾക്കുള്ള എന്റെ സന്ദേശം, ഡോണൾഡ് ട്രംപിന് വോട്ട് ചെയ്യാത്തവർക്കുപോലും നിങ്ങളുടെ ജീവിതം മികച്ചതാക്കുന്നതിന് അദ്ദേഹം സഹായിക്കുമെന്നതാണെന്നും രാമസ്വാമി പറഞ്ഞു.
|
സഭകൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തണം: റവ. രജീവ് സുകു
ഡാളസ്: സഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ദൗത്യ നിർവഹണത്തിൽ സഹകരിക്കുന്നതിനും നാം വിളിക്കപ്പെട്ടതാണെന്ന് റവ. രജീവ് സുകു പറഞ്ഞു.
മാർത്തോമ്മാ, സിഎസ്ഐ, സിഎൻഐ സഭകൾ സഭൈക്യ പ്രാർഥന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ വിശുദ്ധ കുർബാന മധ്യേ "സഭകളുടെ ഐക്യം ദൈവരാജ്യ സാക്ഷ്യത്തിനായി’ എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു റവ. രജീവ് സുകു.
സിഎസ്ഐ കോൺഗ്രഗേഷൻ ഓഫ് ഡാലസ് വികാരിയായ റവ. രജീവ് സുകു. സഭകളുടെ വ്യത്യസ്തതകൾക്കപ്പുറം ഐക്യത്തിന്റെ ആവശ്യകതയുണ്ടന്നും അദ്ദേഹം പറഞ്ഞു.
സിഎൻഐ സഭകൾ സഭൈക്യ പ്രാർഥന ദിനമായി ആചരിച്ചതിന്റെ ഭാഗമായി നടന്ന ഈ പരിപാടിയിൽ റവ. ഷൈജു സി. ജോയ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി അജുമാത്യു നന്ദി പറഞ്ഞു.
|
ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് റിട്ടയേർഡ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിനു ശേഷം വിരമിച്ച എല്ലാ മലയാളികളുടെയും ഒരു കുടുംബ സംഗമം വെള്ളിയാഴ്ച (നവംബർ 15) ഉച്ചയ്ക്ക് 12ന് ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് ഇന്ത്യൻ റസ്റ്റോറന്റിൽ സംഘടിപ്പിക്കുന്നു.
വിരമിച്ചവര്ക്ക് തമ്മിൽ കാണാനും പരിചയം പുതുക്കാനും, കുറച്ചു സമയം സന്തോഷകരമായി ചെലവഴിക്കാനുമൊക്കെ ഈ സംഗമം ഉപകരിക്കും എന്ന് മുഖ്യ സംഘാടകനായ പോൾ കറുകപ്പിള്ളില് അറിയിച്ചു.
ഇതൊരു അറിയിപ്പായി കണക്കാക്കണമെന്നും ഈ സംഗമത്തില് സഹൃദയം പങ്കെടുക്കണമെന്നും സര്വ്വീസില് നിന്ന് വിരമിച്ച എല്ലാവരോടും അദ്ദേഹം അഭ്യർഥിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ചൊവ്വാഴ്ചയ്ക്കുള്ളിൽ വിവരം അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വിശദവിവരങ്ങൾക്ക്: പോൾ കറുകപ്പിള്ളില് (845) 553 5671, മാത്തുക്കുട്ടി ജേക്കബ് (914) 907 6318, വർഗീസ് ലൂക്കോസ് (516) 263 8289.
|
ഫിലാഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ സെമിനാർ സംഘടിപ്പിച്ചു
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ മാസ്ചർ സ്റ്റ്രീറ്റിലുള്ള സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ “സുരക്ഷ, സുരക്ഷിതത്വം, ഭാവി” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ സാർജന്റ് ബ്ലെസൺ മാത്യു ഗസ്റ്റ് സ്പീക്കറായി പങ്കെടുത്ത ഈ സെമിനാർ, ദൈനംദിന മര്യാദകളും അടിസ്ഥാന സുരക്ഷാ നടപടികളുമെക്കുറിച്ച് പ്രായോഗിക മാർഗനിർദ്ദേശങ്ങൾ നൽകുന്നതിലൂടെയാണ് ശ്രദ്ധ നേടിയത്.
സാർജന്റ് മാത്യു, സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്ററാക്ടീവ് ചോദ്യോത്തര സെഷനിലൂടെ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകി വിവിധ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവച്ചു.
സെമിനാർ റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ നേതൃത്വത്തിൽ നടന്നു. സാർജന്റ് മാത്യുവിനെ ദീപ്തമായ വരവേൽപ്പിനൊപ്പം ഫാ. ജോൺസൺ സ്വാഗതം ചെയ്തു.
സെമിനാർ സമാപന പ്രസംഗത്തിലൂടെ ഡേവിഡ് ഏപ്പൻ സാർജന്റ് മാത്യുവിന് സാന്നിധ്യത്തിലും ഉൾക്കാഴ്ചകളിലും നന്ദി അറിയിച്ചു.
പരിപാടിയുടെ ഭാഗമായി, മിസ് ജൈസലിൻ ഫിലിപ്പ് ഒരു ഗാനം സദസിന് സമ്മാനിച്ചു. ട്രസ്റ്റി മാണി തോമസ്, സെക്രട്ടറി മിസ്സ് ജെസ്സി രാജൻ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിച്ചു.
സെമിനാർ സംബന്ധിച്ചവർക്കുള്ള ഒരർത്ഥപൂർണ അനുഭവമായി മാറി, സമൂഹ പങ്കാളിത്തവും സുരക്ഷാ വിഷയങ്ങളിൽ ജനജാഗ്രതയും കൂട്ടുന്നതിനുള്ള ഉദ്ദേശവും നിറവേറ്റുന്നതിൽ അതു സഹായകമായി.
|
ഹൂസ്റ്റണിൽ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗം മരിച്ചു; യുവതി അറസ്റ്റിൽ
ഹൂസ്റ്റൺ: കിഴക്കൻ ഹൂസ്റ്റണിലെ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗം മാർസെലോ ഗാർഷ്യ മരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. സംഭവത്തിൽ ഹൂസ്റ്റൺ പോലീസ് യെസെനിയ മെൻഡസിനെയാണ് (38) അറസ്റ്റ് ചെയ്തത്.
യെസെനിയ മെൻഡസിസ് മനഃപൂർവ്വം സൃഷ്ടിച്ചതാണ് തീപിടിത്തമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തീപിടിത്ത സമയത്ത് യുവതി കെട്ടിടത്തിൽ നിന്ന് പുറത്തുപോയതായി കണ്ടെത്തിയിരുന്നു.
മെൻഡസിന് മാനസിക രോഗം ഉള്ളതായി സംശയിക്കുന്നു. ലൈറ്ററും മറ്റ് തീ പിടിക്കുന്ന വസ്തുക്കളും ഉപയോഗിച്ചാണ് തീയിട്ടതെന്ന് പോലീസ് സംശയിക്കുന്നു.
|
ന്യൂയോർക്ക് നഗരത്തിൽ വായു ഗുണനിലവാരം കുറഞ്ഞതായി റിപ്പോർട്ട്
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ വായു ഗുണനിലവാരം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ബ്രൂക്ലിൻ പാർക്കിൽ ഉണ്ടായ തീപിടിത്തം ഉൾപ്പെടെ സംഭവങ്ങളാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നത്.
ശനിയാഴ്ച വൈകുന്നേരത്തോടെ നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് 201ൽ എത്തിയതായി നഗരത്തിലെ അധികൃതർ അറിയിച്ചു. ഇത് വളരെ അനാരോഗ്യകരമായ വായുവിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുമെന്ന് ഫെഡറൽ ഗവൺമെന്റിന്റെ എയർ നൗ റിസോഴ്സ് വ്യക്തമാക്കി.
ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, നഗരത്തിന്റെ വടക്ക്, കിഴക്കൻ ന്യൂജഴ്സി എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന കൗണ്ടികൾ ശനിയാഴ്ച റെഡ് ഫ്ലാഗ് മുന്നറിയിപ്പിന് കീഴിലാണ്, ശക്തമായ കാറ്റും വളരെ വരണ്ട അവസ്ഥയും കാരണം ബ്രഷ്ഫയർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
1869 ശേഷം ന്യൂയോർക്ക് രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ വരൾച്ച കണ്ടതിനാൽ മേയർ എറിക് ആഡംസ് നഗരത്തിലുടനീളം വരൾച്ച ബാധിത പ്രദേശമായി പുറപ്പെടുവിച്ചു.
|
ജോസഫ് നമ്പിമഠത്തിന്റെ കവിതാസമാഹാരം കെ.പി. രാമനുണ്ണി പ്രകാശനം ചെയ്തു
ഹൂസ്റ്റൺ: അമേരിക്കൻ മലയാളി എഴുത്തുകാരനും സംഘാടകനുമായ ജോസഫ് നമ്പിമഠത്തിന്റെ കവിതാസമാഹാരം "നടക്കാനിറങ്ങിയ കവിത' പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണി പ്രകാശനം ചെയ്തു.
ഒരേ സമയം അമേരിക്കൻ അനുഭവങ്ങളും കേരളീയ സ്മൃതിചിത്രങ്ങളും ആവാഹിക്കുന്ന ജോസഫ് നമ്പിമഠത്തിന്റെ കവിതകൾ ഇന്നത്തെ തലമുറ പിന്തുടരേണ്ടതാണെന്ന് കെ.പി. രാമനുണ്ണി പറഞ്ഞു. പുസ്തക പ്രകാശനം തൃശൂർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ബി. ഹരികുമാർ അധ്യക്ഷനായിരുന്നു.
സുകുമാർ അഴീക്കോട് തത്വമസി സംസ്കാരിക അക്കാദമി ചെയർമാൻ ടി.ജി. വിജയകുമാർ പുസ്തകം സ്വീകരിച്ചു.
കഴിഞ്ഞ 50 വർഷങ്ങളിലായി എഴുതിയ കവിതകളുടെ സമാഹാരമാണ് നടക്കാനിറങ്ങിയ കവിതയെന്നും ദേശാന്തര വാസിയെന്ന അപകർഷമില്ലാതെ മലയാളത്തിൽ ഇന്നുവരെ എഴുതാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ജോസഫ് നമ്പിമഠം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചങ്ങനാശേരിയെന്ന ഗ്രാമത്തിൽ നിന്നും അമേരിക്കയിലെത്തി ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ എന്തെങ്കിലും എഴുതാൻ സാധിച്ചത് ഭാഗ്യമാണ്. അത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖം ബുക്സ് മലപ്പുറമാണ് പ്രസാധകർ. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി എച്ച്മുക്കുട്ടി, വിജയരാജ മല്ലിക, സുഭാഷ് പോണോളി, ഡാലിയ ഉദയൻ, ഡിന, അൻവർ, സജിത വിവേക് എന്നിവർ ആശംസകൾ നേർന്നു.
മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണുക്കര സ്വാഗതവും എഴുത്തുകാരി സുനിത സുകുമാരൻ നന്ദിയും അറിയിച്ചു. നമ്പി മഠത്തിന്റെ കവിതകൾ ഗായിക വിജയശ്രീ രഘു ആലപിച്ചു.
|
ഫിലാഡൽഫിയ സ്നേഹതീരത്തിന് ആവേശോജ്വല തുടക്കം
ഫിലാഡൽഫിയ: ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും സൗഹൃദത്തിനും സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയായ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു.
ഈ മാസം ഒന്നിന് രാവിലെ 11.30 മുതൽ ക്രൂസ്ടൗണിലുള്ള മയൂര റസ്റ്റോറന്റ് ഹാളിൽ വച്ചാണ് പരിപാടി നടന്നത്. രാവിലെ 11.30ന് ആരംഭിച്ച രജിസ്ട്രേഷനെ തുടർന്ന് കൃത്യം 12ന് പ്രോഗ്രാമിന് തുടക്കം കുറിച്ചു. സൂസൻ ഷിബു വർഗീസിന്റെ പ്രാർഥനാ ഗാനത്തോട് പരിപാടിക്ക് തുടക്കമായി.
സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഉത്ഭവസമയത്ത് ഉണ്ടായിരുന്നവർ, കൂട്ടായ്മയിലെ സീനിയേഴ്സ്, വനിതാ വിഭാഗം എന്നിവർ ചേർന്ന് നിറദീപം തെളിയിച്ച് സ്നേഹതീരം സൗഹൃദ വേദിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചപ്പോൾ അത് ചരിത്രത്താളുകളിലെ വേറിട്ട അനുഭവമായി മാറി.
അനേകം മലയാളി സംഘടനകളുള്ള ഫിലാഡൾൽഫിയയിൽ എന്തിനാണ് ഈ സൗഹൃദ കൂട്ടായ്മയെന്നും എന്താണ് ഇതിന്റെ ഉദ്ദേശശമെന്നും എങ്ങനാണ് ഈ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും സ്നേഹത്തണലിന്റെ സ്ഥാപക നേതാവ് ഷിബു വർഗീസ് കൊച്ചുമഠം വിവരിച്ചു.
പ്രോഗ്രാം നിയന്ത്രിച്ച എം.സി. രാജു ശങ്കരത്തിൽ പ്രോഗ്രാമിന്റെ വിജയത്തിന്റെ പ്രധന ഘടകമായിരുന്നു. ഉദ്ഘാടനത്തിനു ശേഷം നടന്ന കുടുംബ പരിചയപ്പെടൽ ചടങ്ങ്, ഈ കൂട്ടായമയുടെ അതി പ്രധന ഭാഗമായിരുന്നു. എല്ലാവരും അവരവരെ വിശദമായി സദസിനു സ്വയം പരിചയപ്പെടുത്തി.
ആശംസാ പ്രസംഗ വേളയിൽ ഈ കൂട്ടായ്മയുടെ തുടക്കം മുതൽ ഇതിന്റെ വിജയത്തിനായി കൂടെനിന്ന അനൂപ് തങ്കച്ചന്റെ ആശംസാ പ്രസംഗം വളരെ ഹൃദയസ്പർശിയായിരുന്നു. സെബാസ്റ്റ്യൻ മാത്യു, ജോബി ജോസഫ്, പാസ്റ്റർ ഡാനിയേൽ ജോസഫ്, ജോജി പോൾ, എന്നിവർ ആശംസകൾ നേർന്നു.
ജോൺ കോശി, ഗ്ലാഡ്സൺ മാത്യു, തോമസ് ചാക്കോ, ജിനോ ജോർജ് ജേക്കബ്, സൂസൻ ഷിബു വർഗീസ് എന്നിവരുടെ ഗാനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി.
ഫിലാഡൽഫിയായിൽ സ്ഥിര താമസമാക്കിയ എകദേശം 70 മലയാളി ഫാമിലിയുടെ സ്നേഹക്കൂട്ടായ്മയായി ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ സ്നേഹതീരം വളർന്നുകഴിഞ്ഞു എന്നത് സംഘാടകരിൽ കൂടുതൽ ആവേശവും പ്രതീക്ഷയും നൽകുന്നു.
ഇരുപതിലധികം വനിതകൾ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്നേഹതീരം വനിത വിഭാഗം എന്ന സ്ത്രീകളുടെ മാത്രം കൂട്ടായ്മ തദവസരത്തിൽ നിലവിൽ വരികയും ചെയ്തു. ഇതിൽ, സോഫി സെബാസ്റ്റ്യൻ, ടോംസി ജോജി, ജിഷ കോശി, ഷെറിൻ അനൂപ്, സുനിത ബിജു, ദീപ സരൺ, സുജ കോശി എന്നിവരുടെ നേതൃത്വ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്.
ഷിബു വർഗീസ് കൊച്ചുമഠവും ഏതാനും ചില മലയാളി സൗഹൃദവലയങ്ങലും ചേർന്ന് സെപ്റ്റംബർ 14ന് ഒത്തുകൂടിയ ഓണാഘോഷ വേളയിലെ സഭാഷണങ്ങൾക്കിടയിലാണ് സ്നേഹതീരം കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്.
ക്രിസ്മസ് ന്യൂഇയർ പരിപാടികൾ ജനുവരി നാലിന് രാവിലെ 11 മുതൽ അതി ഗംഭീര പരിപാടികളോട് മയൂര റസ്റ്റോറന്റ് ഹാളിൽ വച്ചു നടത്തുവാൻ തീരുമാനിച്ചതായി ഷിബു വർഗീസ് കൊച്ചുമഠം, അനുപ് തകച്ചൻ, ജോൺ കോശി, കൊച്ചുകോശി ഉമ്മൻ, ജോജി പോൾ, തോമസ് ചാക്കോ, സെബാസ്റ്റ്യൻ മാത്യു, ബിജു എബ്രഹാം, സുനിത തോമസ്, സുജ കോശി, ഷെറിൻ, സോഫി, ജിഷ ജോൺ എന്നവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
|
ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയൺ വിമൻസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
വാഷിംഗ്ടൺ ഡിസി: ഫൊക്കാന 202426 കാലയളവിലേക്കുള്ള വാഷിംഗ്ടൺ ഡിസി റീജിയൺ ഭാരവാഹികളെ വിമൻ ഫോറം പ്രസിഡന്റ് രേവതി പിള്ള പ്രഖ്യാപിച്ചു.
ജോഫിയ ജോസ്പ്രകാശ് (റീജിയണൽ വുമൺ ഫോറം ചെയർ), നിമ്മി സുഭാഷ് (റീജിയണൽ വിമൻസ് ഫോറം ട്രെഷറർ), റോഷിത പോൾ (റീജിയണൽ വിമൻസ് ഫോറം സെക്രട്ടറി) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
പാർവതി സുധീർ, ശില്പ സുജയ്, അഞ്ജലി വാര്യർ, ശ്രീയ നമ്പ്യാർ, ഷെറി തമ്പി ചെറുവത്തൂർ, ഫെമിൻ ചിറമേൽ ചാൾസ്, ശീതൾ കിഷോർ, ശരണ്യ ബാലകൃഷ്ണൻ, ദിവ്യ വീശാന്ത് എന്നിവരെ റീജിയണൽ വിമൻസ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ കമ്മിറ്റിക്ക് ആശംസകൾ നേർന്നു.
|
നോർത്ത് ഡാളസ് സീറോമലബാർ മിഷനെ വിശുദ്ധ മറിയം ത്രേസ്യാ മിഷനായി പ്രഖ്യാപിച്ചു
ഫ്രിസ്കോ(ടെക്സസ്): കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ ദേവാലയത്തിന്റെ ഏക്സ്റ്റൻഷൻ സെന്ററായ നോർത്ത് ഡാളസ് സീറോമലബാർ മിഷൻ വിശുദ്ധ മറിയം ത്രേസ്യയുടെ നാമത്തിലുള്ള മിഷൻ ദേവാലയമായി പ്രഖ്യാപിച്ചു.
മൂന്നിന് നടന്ന നാമകരണ ചടങ്ങിൽ കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് നോർത്ത് ഡാളസ് സീറോമലബാർ മിഷനെ വിശുദ്ധ മറിയം ത്രേസ്യാ മിഷനായി നാമകരണം ചെയ്ത രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ ഔദ്യോഗിക കൽപ്പന വായിച്ചു.
കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിനെ മിഷന്റെ പ്രഥമ ഡയറക്ടറായി രൂപതാധ്യക്ഷൻ നിയമിച്ചു. അതോടൊപ്പം മിഷന്റെ സഹമധ്യസ്ഥരായി വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിനെയും നിത്യസഹായ മാതാവിനെയും തെരഞ്ഞെടുക്കുകയുണ്ടായി.
ഡാളസ് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയ വികാരി ഫാ. ജെയിംസ് നിരപ്പേൽ, സെന്റ് അൽഫോൻസാ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.
റെനോ അലക്സ്, ബോസ് ഫിലിപ്പ് എന്നിവർ മിഷന്റെ പ്രഥമ കൈക്കാരൻമാരായി ചുമതയേറ്റു. വിശ്വാസ പരിശീലന സ്കൂളിന്റെ പ്രധാന അധ്യാപകൻ ആയി വിനു ആലപ്പാട്ടും അക്കൗണ്ടന്റായി റോയ് വർഗീസും സേവനം അനുഷ്ഠിക്കുന്നു.
സകല വിശുദ്ധരുടെയും തിരുനാളിനോട് അനുബന്ധിച്ച് ഫാ. ജിമ്മി എടക്കുളത്തൂർ വിശുദ്ധരുടെയും അവരുടെ ജീവിതത്തെക്കുറിച്ചും സംക്ഷിപ്ത അവലോകനം നടത്തി. ഫാ. ജെയിംസ് നിരപ്പേൽ ചടങ്ങിൽ വിശുദ്ധരുടെ ചിത്രങ്ങൾ പ്രകാശനം ചെയ്തു.
വിശുദ്ധരുടെ വേഷം ധരിച്ച കുട്ടികൾ തിരുനാളിന്റെ മനോഹാരിത കൂട്ടി. കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിന്റെ എക്സ്റ്റെൻഷൻ സെന്ററായി ആരംഭിച്ച മിഷനിൽ ഈ വർഷം ആദ്യം തന്നെ വിശ്വാസ പരിശീലന ക്ലാസുകളും ആരംഭിച്ചിരുന്നു.
ഫ്രിസ്കോയിലെ സെന്റ് ഫ്രാൻസിസ് അസീസി ഇടവകയാണ് മിഷൻ ദേവാലയത്തിന് സ്ഥല സൗകര്യം ഒരുക്കുന്നത്.
|
കേരള അസോസിയേഷൻ ഓഫ് ഡാളസ് വിന്റർ ക്ലോത്തിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നു
ഗാർലാൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും ദ ബ്രിഡ്ജ് ഹോംലെസ് റിക്കവറി സെന്റർ ഡാളസുമായി സഹകരിച്ച് വിന്റർ ക്ലോത്തിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ഭവനരഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും കടുത്ത ശൈത്യത്തെ മറികടക്കാൻ വേണ്ട സഹായം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. നവംബർ എട്ടിന് ആരംഭിച്ച ഡ്രൈവ് ഡിസംബർ 10 വരെ നീണ്ടുനിൽക്കും.
പുതപ്പുകൾ, ജാക്കറ്റുകൾ, ബാക്ക്പാക്ക്, ടവലുകൾ, അത്ലറ്റിക് ഷോർട്ട്സ് എന്നിവ പോലുള്ള പുതിയതോ സൗമ്യമായി ഉപയോഗിക്കുന്നതോ ആയ മുതിർന്നവർക്കുള്ള ശീതകാല ഇനങ്ങളുടെ സംഭാവനകളാണ് സ്വീകരിക്കുന്നത്.
ഐസിഇസി/കെഎഡി ഓഫീസിൽ (3821 Broadway Blvd Garland, TX 75043) ഒരു ഡ്രോപ്പ് ബോക്സ് ഉണ്ടായിരിക്കും. കൂടാതെ ആവശ്യമായ സാധനങ്ങൾ വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ ആറു വരെ ഡ്രോപ്പ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
മറ്റെല്ലാ ദിവസങ്ങളിലും ഡ്രോപ്പ് ഓഫ് ക്രമീകരണങ്ങൾക്കായി ഡയറക്ടർ ബോർഡിൽ ഒരാളെ സമീപിക്കണമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ്: 469 688 2065.
|
ഇല്ലിനോയ് സ്റ്റേറ്റ് ഹൗസിലേക്ക് നബീലയ്ക്ക് വീണ്ടും ജയം
ഇല്ലിനോയ്: ഇല്ലിനോയ് സ്റ്റേറ്റ് ഹൗസിന്റെ 51ാം ഡിസ്ട്രിക്റ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ടോസി ഉഫോഡികെയെ പരാജയപ്പെടുത്തി സംസ്ഥാന പ്രതിനിധി നബീല സയ്യിദ് സീറ്റ് നിലനിർത്തി.
91 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നബീല സയ്യിദ് 55 ശതമാനം വോട്ട് നേടി. ഹത്തോൺ വുഡ്സ്, ലോംഗ് ഗ്രോവ് ഉൾപ്പെടെ ഷിക്കാഗോയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഡിസ്ട്രിക്റ്റിലാണ് നബീല വിജയം ആവർത്തിച്ചത്.
ഇപ്പോൾ 25 വയസുള്ള നബീല ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത് 2022ലാണ്. ഇല്ലിനോയ് ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നേട്ടവും നബീലയ്ക്ക് സ്വന്തമാണ്.
ഇല്ലിനോയിൽ ജനിച്ച് വളർന്ന നബീല സയ്യിദ് ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളാണ്. ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ്.
|
മാഗിന്റെ തെരെഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു
ഹൂസ്റ്റൺ: അംഗസംഖ്യ 5000ത്തോട് അടുക്കുന്ന നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെറ്റർ ഹൂസ്റ്റണിന്റെ(മാഗ്) ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു.
സുരേന്ദ്രൻ നായർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായും ബാബു തോമസ്, ജോണി കുന്നക്കാടൻ എന്നിവർ അംഗങ്ങളായുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലവിൽ വന്നത്. പ്രസിഡന്റ് മാത്യൂസ് മുണ്ടക്കൽ, സെക്രട്ടറി സുബിൻ കുമാരൻ, ട്രസ്റ്റി ജോസ് കെ. ജോൺ, ട്രസ്റ്റ് ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ എന്നിവർ സംയുക്തമായി ആണ് തീരുമാനം അറിയിച്ചത്.
മാഗിന്റെ നിലവിലുള്ള ആസ്ഥാനമായ കേരള ഹൗസ് പുതുക്കി പണിയുന്നതിനും വിപുലീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്ന ഈയവസരത്തിൽ സംഘടനയ്ക്ക് കൂടുതൽ കുരുത്തേകുന്ന പുതിയൊരു നേതൃത്വം തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുമെന്ന പ്രത്യാശയും ഭാരവാഹികൾ പങ്കുവച്ചു.
|
ഭൂകന്പത്തിൽ വിറച്ച് ക്യൂബ; ഒരു മണിക്കൂറിനിടെ ശക്തമായ രണ്ടു ഭൂചലനം
ഹവാന: ദക്ഷിണ ക്യൂബയിൽ ഞായറാഴ്ച അർധരാത്രിയിൽ ഒരു മണിക്കൂറിനിടെയുണ്ടായ ശക്തമായ രണ്ടു ഭൂചലനങ്ങളിൽ വൻ നാശനഷ്ടം. മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധിപ്പേർക്ക് പരിക്കേറ്റതായാണു വിവരം.
വീടുകൾ ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. ഭൂകമ്പത്തിന്റെ ആഘാതത്തിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വൈദ്യുതി ലൈനുകൾ തകർന്നതിനെത്തുടർന്ന് ഒരു കോടിയോളം ആളുകൾ ഇരുട്ടിലായി. ചുരുങ്ങിയത് രണ്ട് ദിവസത്തേക്കെങ്കിലും മേഖലയിൽ വൈദ്യുതി മുടങ്ങിയേക്കുമെന്നാണു വിവരം.
തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെ 6.8 തീവ്രതയിലായിരുന്നു ആദ്യ ഭൂചലനം. തൊട്ടുപിന്നാലെ 5.9 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായി. സുനാമി മുന്നറിയിപ്പുകള് നല്കിയിട്ടില്ല.
കരീബിയൻ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാഫേല് ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങളില്നിന്നു കരകയറുന്നതിനിടെയാണു ക്യൂബയില് ഭൂചലനമുണ്ടായിരിക്കുന്നത്.
|
ഇന്ത്യൻ വിദ്യാർഥികൾക്കു തിരിച്ചടി; അതിവേഗ പഠനവീസ കാനഡ നിർത്തി
ഒട്ടാവ: വിദേശ വിദ്യാർഥികൾക്കുള്ള അതിവേഗ വീസ പദ്ധതി കാനഡ അടിയന്തരമായി നിർത്തിവച്ചു. ഇന്ത്യക്കാരുൾപ്പെടെ കാനഡയിൽ ഉന്നതപഠനം ലക്ഷ്യമിട്ടിരുന്നവർ പ്രതീക്ഷയോടെ സമീപിച്ചിരുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) ആണ് നിർത്തലാക്കിയത്.
അതിവേഗത്തിലും എളുപ്പത്തിലും അനുവദിച്ചിരുന്ന എസ്ഡിഎസ് അവസാനിപ്പിക്കുകയാണെന്നു വെള്ളിയാഴ്ചയാണ് കാനഡ അറിയിച്ചത്. ഈ വർഷം രാജ്യാന്തര വിദ്യാർഥികളുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്റ്റംബറിൽ സമൂഹമാധ്യത്തിൽ അറിയിച്ചിരുന്നു. അടുത്തവർഷം പത്തുശതമാനംകൂടി കുറവ് വരുത്തും.
കുടിയേറ്റം സന്പദ്ഘടനയ്ക്കു നേട്ടമാണെങ്കിലും മോശം ആളുകൾ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും വിദ്യാർഥികളെ ഉപയോഗിച്ച് മുതലെടുപ്പ് നടത്തുകയും ചെയ്യുന്പോൾ അതിനെ നേരിടേണ്ടിവരുമെന്നായിരുന്നു ട്രൂഡോയുടെ ന്യായീകരണം.
രാജ്യത്ത് താത്കാലികമായി കഴിയുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന് ഇതിനു പിന്നാലെ സർക്കാരും വ്യക്തമാക്കി. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം മോശമായ സാഹചര്യത്തിലാണു ട്രൂഡോയുടെ പുതിയ നീക്കം. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ കണക്കനുസരിച്ച് 4,27,000 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിലുള്ളത്.
ബിരുദതലം മുതലുള്ള വിദ്യാർഥികൾക്കായി 2018ലാണ് കാനഡ എസ്ഡിഎസ് പദ്ധതി അവതരിപ്പിച്ചത്. ഇന്ത്യക്കു പുറമേ ആന്റിഗ്വ, ബാർബുഡ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്റോറിക്ക, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, സെനഗൽ, സെന്റ് വിൻസന്റ്, ട്രിനിഡാഡ് ആൻഡ് ടുബാഗോ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് വീസ അനുവദിച്ചിരുന്നത്.
|
ട്രംപ് മന്ത്രിസഭയിൽ ആരൊക്കെ, വിവേക് രാമസ്വാമിക്കും സാധ്യത
വാഷിംഗ്ടൺ ഡിസി: ഡൊണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റാവുമ്പോൾ രൂപികരിക്കുന്ന മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്ന അഭ്യൂഹങ്ങൾ പ്രചാരത്തിലുണ്ട്. ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്കും സാധ്യത ഉണ്ടെന്ന് നിരീക്ഷകർ പറയുന്നു.
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ആഗ്രഹിച്ചതാണ് വ്യവസായ പ്രമുഖൻ വിവേക് രാമസ്വാമി. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളുടെ ഡിബേറ്റിൽ ട്രംപിനോട് മൃദു സമീപനം നടത്തിയ രാമസ്വാമി പിന്നീട് സോഷ്യൽ മീഡിയയിലൂടെയും പ്രസംഗങ്ങളിലൂടെയും തന്റെ പിന്തുണ ട്രംപിന് തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു.
ഗവൺമെന്റ് മുന്നോട്ടു വയ്ക്കുന്ന പരിപാടികളുടെ മേൽനോട്ടത്തിന് താൻ രാമസ്വാമിയെയാണ് കാണുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു. ഏതാണ് വകുപ്പ്, എന്തായിരിക്കും രാമസ്വാമിയുടെ റോൾ എന്ന് ഇപ്പോൾ പറയുക വിഷമകരമാണ്.
ഇന്ത്യൻ പശ്ചാത്തലമുള്ള ഏവർക്കും സുപരിചിതയായ നിക്കി ഹേലിക്ക് ഒരു കാബിനറ്റ് പദവി ലഭിക്കുമെന്ന് നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിക്കി കാബിനറ്റിൽ ഇല്ലെന്ന് ട്രംപ് തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കി.
യുഎസിലെ ഡെമോക്രറ്റിക് കുടുംബങ്ങളിൽ പ്രസിദ്ധരായ കെന്നഡി കുടുംബങ്ങളിൽ നിന്ന് ഇത്തവണ ഒരു കൂറ് മാറ്റം ഉണ്ടായി. റോബർട്ട് എഫ് കെന്നഡിയുടെ മകൻ റോബർട്ട് എഫ്. കെന്നഡി ജൂനിയർ മത്സര രംഗത്ത് നിന്ന് പിന്മാറി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായി ആയിരുന്നു.
കെന്നഡി ജൂനിയർ ട്രംപ് കാബിനറ്റിൽ എത്തിയേക്കും. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയും ചില ട്രംപ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്ത കെന്നഡി ജൂനിയറിനെ ട്രംപ് തഴയില്ല എന്നാണ് പൊതുവെ കരുതുന്നത്.
ചില സംസ്ഥാനങ്ങളിലെ ബാലറ്റുകളിൽ കെന്നഡി ജൂനിയറിന്റെ പേര് ഉണ്ടായിരുന്നു. അവിടെയൊക്കെ ഈ സ്ഥാനാർഥിക്കു നാമമാത്രമായ വോട്ട് ലഭിച്ചു. വ്യവസായ പ്രമുഖൻ ഇലോൺ മസ്ക് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചതിനു ശേഷം പ്രചാരണ യോഗങ്ങളിൽ സജീവമായി പങ്കെടുത്തു.
ട്രംപ് മസ്കിന്റെ പേരുള്ള തൊപ്പിയും ദാതാക്കൾക്കു നൽകി പ്രചാരണം കൊഴുപ്പിച്ചു. മസ്കും ട്രംപ് മന്ത്രി സഭയിൽ ഇടം പിടിക്കുമെന്നു പ്രവചനം ഉണ്ട്. ട്രംപ് പ്രചാരണത്തിന് വേണ്ടി കൈ അയച്ചു (118 മില്യൺ ഡോളർ) മസ്ക് സംഭാവന നൽകി എന്നാണ് റിപോർട്ടുകൾ.
ട്രംപ് ഒരു ഗവൺമെന്റ് എഫിഷ്യൻസി കമ്മീഷൻ മസ്കിന്റെ നേതൃത്വത്തിൽ സ്ഥാപിക്കും എന്നാണ് കരുതുന്നത്. ട്രംപിന്റെ ആദ്യ ഭരണത്തിൽ കുടിയേറ്റ വിഷയങ്ങളിൽ പ്രധാന ഉപദേശകനായിരുന്ന സ്റ്റീഫൻ മില്ലർ മറ്റൊരു സാധ്യതയാണ്.
മില്ലർ കുടിയേറ്റ വിരോധിയാണെന്നു വിമർശകർ പറയാറുണ്ട്. ട്രംപിന്റെ ആദ്യ ഭരണത്തിൽ കുടുംബങ്ങൾ അനധികൃതമായി അതിർത്തി കടക്കുമ്പോൾ അംഗങ്ങളെ ഒന്നിച്ചല്ലാതെ അഭയാർഥി കേന്ദ്രങ്ങളിൽ അയച്ചത് വലിയ വിവാദമായിരുന്നു.
ഈ നടപടിയിൽ മില്ലറുടെ പങ്കു ചെറുതല്ല എന്ന് ആരോപണം ഉണ്ടായിരുന്നു. ഒരു റിട്ടയേർഡ് ആർമി ലെഫ്റ്റനന്റ് ജനറലായ മൈക്കൽ ഫ്ലിന്നും കാബിനറ്റിൽ എത്തിയേക്കും. 2016 ലെ ട്രംപിന്റെ പ്രചാരണത്തിൽ സുപ്രധാന പങ്കു വഹിച്ച ഫ്ലിൻ എഫ്ബിഐ കേന്ദ്രത്തിലേക്ക് വിമാനം പറപ്പിച്ചതിനു വിമർശനവും ശിക്ഷയും നേരിട്ടിരുന്നു.
പിന്നീട് ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ ഫ്ലിനിനു മാപ്പു നൽകി. ട്രംപ് വിരോധികൾക്കെതിരേ നിയമ നടപടികൾ സ്വീകരിക്കണം എന്ന നിലപാട് വ്യക്തമാക്കിയ ഫ്ലിനിന്റെ സാന്നിധ്യം വിവാദങ്ങൾ സൃഷ്ടിച്ചേക്കാം.
ജാറെഡ് കുഷ്നേർ ഇവൻക ട്രംപ് ദമ്പതികൾ. ആദ്യ ട്രംപ് ഭരണത്തിൽ സജീവമായി രംഗത്തുണ്ടായിരുന്ന ഇവർ ഇത്തവണ പിൻ ബെഞ്ചിലേക്ക് മാറിയിരുന്നു. എന്നാൽ ട്രംപ് ഭരണം കെെയാളുമ്പോൾ ഇവർ മുന്നോട്ടു വരുമെന്നും കാബിനറ്റിൽ ഇടം പിടിക്കുമെന്നും കരുതുന്നു.
അത് വരെ രംഗത്ത് ഇല്ലാതിരുന്ന ഇവർ പാം ബീച്ച് ഫ്ളോറിഡയിൽ നടന്ന വിജയാഘോഷത്തിൽ സജീവമായിരുന്നു. ഇത്തവണ ട്രംപിന്റെ മറ്റൊരു മരുമകൾ ലാറ ട്രംപ് പ്രചാരണ രംഗത്ത് സജീവമായിരുന്നു.
ഇവർക്കൊപ്പം ട്രംപ് വിശ്വസ്തരായി കരുതുന്ന ഒട്ടനവധി പേർക്ക് ക്യാബിനറ്റ്, ഡെപ്യൂട്ടി കാബിനറ്റ് പദവികൾ നൽകി എന്ന് വരാം. ട്രംപിന്റെ ദീർഘകാല ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന കെല്ലിയും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മില്ലേ എന്നിവരെ ട്രംപ് ഒഴിവാക്കിയേക്കും.
കാരണം ഇവർ ട്രംപ് ഒരു ഫാസിസ്റ്റു ആണ് എന്ന പ്രചാരണത്തിന് പിന്തുണ നൽകിയതാണ്. അത് പോലെ മുൻപ് തന്റെ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസിനെയും മുൻ ന്യൂജഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റിയേയും ട്രംപ് ഒഴിവാക്കാനാണ് സാധ്യത.
ട്രംപ് ഭരണത്തിൽ ആദ്യം തെഞ്ഞെടുക്കുന്നവരെ തുടർന്ന് കൊണ്ടു് പോകുന്ന പതിവില്ല. മുകളിൽ പറഞ്ഞവർക്ക് ഇനാഗുറേഷൻ ദിനത്തിൽ പരിഗണന ലഭിച്ചാലും അത് എത്ര നാൾ തുടരും എന്നാർക്കും പറയാനാകില്ല.
ട്രംപിന്റെ വ്യവസായ ശൃംഖലയിൽ ജോലി ചെയ്തിരുന്നവർ മറ്റു ജോലി സ്ഥലങ്ങളിലെ പോലെ പെട്ടെന്ന് ഒരു ദിവസം ജോലി നഷ്ടപ്പെട്ടതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
|
ഓസ്റ്റിൻ യൂണിവേഴ്സിറ്റി മലയാളവിദ്യാർഥികൾക്കൊപ്പം കെഎൽഎസ് കേരളപ്പിറവി ആഘോഷിച്ചു
ഓസ്റ്റിൻ: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ (കെഎൽഎസ്) കേരളപ്പിറവി ആഘോഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ (U.T, Austin) മലയാളം ഡിപ്പാർട്ട്മെന്റ് വിദ്യാർഥികൾക്കൊപ്പം മേയേഴ്സൺ കോൺഫറൻസ് ഹാളിൽ വച്ച് നടത്തി.
പ്രശസ്ത സാഹിത്യകാരൻ ഇ. സന്തോഷ്കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. കേരളസംസ്ഥാനത്തിന്റെ രൂപീകരണചരിത്രത്തെക്കുറിച്ചും ബാസൽ മിഷൻ പ്രവർത്തകനായി കേരളത്തിലത്തിയ ഹെർമൻ ഗുണ്ടർട്ട് മലയാളഭാഷയ്ക്കു നൽകിയ സംഭാവനകളെക്കുറിച്ചും തുടങ്ങി മലയാളഭാഷാ സംബന്ധമായ നിരവധി വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ മലയാളം പ്രൊഫസറും കെഎൽഎസ് അംഗവുമായ ഡോ. ദർശന മനയത്ത് പരിപാടികൾക്ക് നേതൃത്വം നൽകി. കെഎൽഎസ് പ്രസിഡന്റ് ഷാജു ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെഎൽഎസ് സെക്രട്ടറി ഹരിദാസ് തങ്കപ്പൻ, ട്രഷറർ സിവി ജോർജ്, ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. സമ്മേളനത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസ് ഡയറക്ടറായ ഡോ. ഡൊണാൾഡ് ഡേവിസ് സന്തോഷ് കുമാറിന്റെ പുതിയ നോവലായ "തപോമയിയുടെ അച്ഛൻ’ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ മലയാളം ലൈബ്രറിക്കായി ഏറ്റുവാങ്ങി.
ഓസ്റ്റിൻ ദക്ഷിണേഷ്യൻ പഠനകേന്ദ്രം മലയാളം, തമിഴ്, തെലുങ്ക്, സംസ്കൃതം, ഹിന്ദി, ഉർദു ഭാഷകളിൽ ബിരുദ/ബിരുദാനന്തര കോഴ്സുകൾ നല്കുന്നു.
കേരള ലിറ്റററി സൊസൈറ്റിയുടെ അംഗത്വസംബന്ധമായ വിവരങ്ങൾക്ക്: ഹരിദാസ് തങ്കപ്പൻ (സെക്രട്ടറി) 214 7633079.
|
ജോസഫ് നമ്പിമഠത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആദരവ്
ഡാളസ്/തിരൂർ: ദീർഘകാലം ഡാളസ് സാംസ്കാരിക സാഹിത്യ സദസുകളിലെ നിറസാന്നിധ്യവും ഹൂസ്റ്റണിൽ സ്ഥിരം താമസക്കാരനുമായ അമേരിക്കയിൽ അറിയപ്പെടുന്ന മലയാളി കവിയും സാഹിത്യകാരനുമായ ജോസഫ് നമ്പിമഠത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ ആദരവ്.
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ല സാമൂഹ്യ നീതി ഓഫീസ്, പി ആർ ഡി, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, മുഖം ഗ്ലോബൽ മാഗസിൻ, മുഖം ബുക്സ് എന്നിവ സംയുക്തമായി മലയാള സർവകലാശലയിൽ ഭരണഭാഷയും സാമൂഹ്യ നീതിയും എന്ന വിഷയത്തിൽ സെമിനാറിലാണ് അദ്ദേഹത്തെ ആദരിച്ചത്.
മലയാളത്തെ ആദരിക്കുന്ന ഏറ്റവും വലിയ പുരസ്കാരമായ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ സംഭാവനയാണ്. അമേരിക്കൻ മലയാളി എഴുത്തുകാരുടെ കൂട്ടായ്മയായ ലാന അമേരിക്കയിൽ നടത്തുന്ന സാഹിത്യ പ്രവർത്തനങ്ങൾ വലിയ മാതൃകയാണ്.
ഇവയെല്ലാം മലയാളത്തിന് ഞങ്ങൾ നൽകുന്ന ഹൃദയം നിറഞ്ഞ സ്നേഹമാണ് . മലയാളം സർവകലാശാല തന്റെ അൻപത് വർഷത്തെ കാവ്യജീവിതത്തെ ആദരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ജോസഫ് നമ്പിമഠം പറഞ്ഞു. മലയാളത്തെ കേരളം മറന്നാലും ഞങ്ങൾ പ്രവാസിമലയാളികൾ മറക്കുകയില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ അധ്യക്ഷം വഹിച്ച പരിപാടി തിരൂർ സബ് കളക്ടർ ദിലീപ് പി കൈനിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് ആമുഖ പ്രഭാഷണവും നോവലിസ്റ്റ് ഐ.ആർ. പ്രസാദ് മുഖ്യ പ്രഭാഷണവും നടത്തി.
കവിയും എഴുത്തുകാരനുമായ ജോസഫ് നമ്പിമഠത്തിന് മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സുഷമ മൊമെന്റോ നൽകി. എഴുത്തുകാരായ കെ.പി. രാമനുണ്ണി,ബി. ഹരികുമാർ, അനിൽ പെണ്ണുക്കര, ഡോ. ബാബുരാജൻ .കെ, ഡോ. എം. ജി. മല്ലിക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കുമാരി ലക്ഷ്മി മോഹൻ ജോസഫ് നമ്പിമഠത്തിന്റെ തുഞ്ചന്റെ കിളിമകൾ എന്ന കവിത വേദിയിൽ അവതരിപ്പിച്ചു.
|
സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി ട്രംപ്; സത്യപ്രതിജ്ഞ ജനുവരിയിൽ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് സർക്കാർ രൂപവത്കരണത്തിനുള്ള നടപടികൾ ആരംഭിച്ചു. ജനുവരി 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ. വരും ദിവസങ്ങളിൽ കാബിനറ്റ് അംഗങ്ങളെ അദ്ദേഹം നിശ്ചയിക്കും.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രധാന പങ്കുവഹിച്ച സൂസി വൈൽസിനെ ട്രംപ് വൈറ്റ്ഹൗസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആക്കുമെന്നു സൂചനയുണ്ട്. മുൻ ആഭ്യന്തര നയ ഉപദേഷ്ടാവ് ബ്രൂക് റോളിൻസിനെയും ഈ പദവിയിലേക്കു പരിഗണിക്കുന്നുണ്ട്.
മുൻ സിഐഎ ഡയറക്ടറും ഒന്നാം ട്രംപ് ഭരണത്തിൽ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന മൈക്ക് പോംപിയോ പ്രതിരോധ വകുപ്പിന്റെ മേധാവിയായേക്കാം. നയതന്ത്രവിദഗ്ധൻ റിക് ഗ്രെനെല്ലിനു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയോ സ്റ്റേറ്റ് സെക്രട്ടറിസ്ഥാനമോ ലഭിച്ചേക്കും.
കെന്നഡി കുടുംബത്തിന്റെ പാരന്പര്യം പേറുന്ന റോബർട്ട് എഫ്. കെന്നഡി ജൂണിയറിന് ആരോഗ്യവകുപ്പിൽ പ്രധാന പദവി നല്കുമെന്ന സൂചന ട്രംപ് നല്കിയിട്ടുണ്ട്.
കോവിഡ് അടക്കമുള്ള രോഗങ്ങൾക്കുള്ള വാക്സിനുകളെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയിട്ടുള്ളയാളാണ് കെന്നഡി ജൂണിയർ. ലോകത്തിലെ ഒന്നാം നന്പർ സന്പന്നൻ ഇലോൺ മസ്കിന് കാബിനറ്റിതര പദവി ട്രംപ് നല്കുമെന്നും സൂചനയുണ്ട്.
ഇതിനിടെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് പരാജയം സമ്മതിച്ചു. അധികാരക്കൈമാറ്റത്തിൽ ട്രംപിനെ സഹായിക്കുമെന്ന് കമല വ്യക്തമാക്കി.
വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്കടുക്കുന്പോൾ ഇലക്ടറൽ കോളജിലെ 538 വോട്ടുകളിൽ 294ഉം ട്രംപ് സ്വന്തമാക്കി. കമലയ്ക്ക് 223 വോട്ടുകളാണു ലഭിച്ചത്. നെവാഡ, അരിസോണ സംസ്ഥാനങ്ങളിലെ ഫലമാണ് വരാനുള്ളത്.
94 ശതമാനം വോട്ടുകളെണ്ണിയ നെവാഡയിലും 70 ശതമാനം വോട്ടുകളെണ്ണിയ അരിസോണയിലും ട്രംപിന് 50 ശതമാനത്തിനു മുകളിൽ വോട്ടുണ്ട്.
|
ഹെൽപ്പ് സേവ് ലൈഫ് 23 വർഷത്തെ സേവനം പൂർത്തിയാക്കി
ന്യൂജഴ്സി: ന്യൂജഴ്സി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹെൽപ്പ് സേവ് ലൈഫ് (HelpSaveLife) എന്ന ജീവകാരുണ്യ സംഘടന അവരുടെ 23 വർഷത്തെ സേവനം നവംബർ ഒന്നിന് പൂർത്തിയാക്കി.
"ഒരു ജീവിതം വീണ്ടെടുക്കാന് ഒരു കൈ സഹായം’ (Lend a hand to mend a life) എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന സംഘടന 23 വർഷം പിന്നിടുമ്പോൾ 1700 ലധികം പാവപ്പെട്ട കുടുംബങ്ങൾക്കായി 1.52 മില്യൺ ഡോളർ (ഇന്നത്തെ നിരക്കിൽ പന്ത്രണ്ടരകോടിയിലധികം ഇന്ത്യൻ രൂപ ) സാമ്പത്തിക സഹായം ചെയ്തു കഴിഞ്ഞു.
1500 ലധികം വ്യക്തികൾ ഒരു പ്രാവശ്യമെങ്കിലും സംഘടനക്ക് സംഭാവന നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ടു വിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനമാണ് സംഘടന ചെയ്യുന്നത്. അർഹരായ പാവപ്പെട്ടവർക്ക് ചികിത്സാ സഹായം നൽകുക.
നിർധനരായ വിദ്യാർഥികൾക്ക് സ്കൂൾ കോളേജിൽ പഠിക്കാൻ സാമ്പത്തിക സഹായം നൽകുക. അതോടൊപ്പം പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളുണ്ടാവുന്ന സമയത്ത് പ്രത്യേക ഫണ്ട് രൂപീകരിച്ച് സഹായമെത്തിക്കാനും സംഘടന പ്രവർത്തിക്കുന്നുണ്ട്. പ്രധാനമായും ഭവന പുനനിർമാണത്തിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.
ഹെൽപ്പ് സേവ് ലൈഫ്ൻ്റെ അംഗങ്ങള്ക്ക് നേരിട്ട് അറിയാവുന്നവര്ക്കോ, അല്ലെങ്കില് സഹായം അര്ഹിക്കുന്നവരാണെന്ന് അംഗങ്ങള് വഴിതന്നെ ഉറപ്പാക്കിയതിനു ശേഷമോ ആണ് സഹായം അനുവദിക്കുക. നിലവില് പ്രതിമാസം ആറ് അഭ്യര്ഥനകളാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്.
ഇതിനുപുറമേ, അടിയന്തര സഹായം ആവശ്യമായിവരുന്ന സാഹചര്യത്തില് അംഗങ്ങളുടെ ആവശ്യപ്രകാരം വേഗത്തില് തന്നെ സഹായം എത്തിക്കുന്നതിനും നടപടി സ്വീകരിക്കാറുണ്ട്.
സംഘടനാ സമാഹരിക്കുന്ന മുഴുവൻ തുകയും സാമ്പത്തികമായി സഹായം ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. ഭൂരിഭാഗം അംഗങ്ങളും മലയാളികളായതിനാൽ ഒട്ടു മിക്ക സഹായങ്ങളും കേരളത്തിലേക്കാണ് നൽകുന്നത്.
ഹെല്പ് സേവ് ലൈഫ് ഒരു രജിസ്റ്റേര്ഡ് ജീവകാരുണ്യ സംഘടനയായതിനാല് സംഭാവനകള്ക്ക് യു.എസ്. ഇന്കം ടാക്സ് നിയമത്തിലെ (501)(ര)(3) പ്രകാരം 100 ശതമാനം നികുതി ഇളവ് ലഭിക്കുന്നതാണ്.
സഹായ മനസ്കരായവരുടെ സംഭാവനകളാണ് ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് താങ്ങും തണലുമാകുന്നത്. സേവന സന്നദ്ധരായ നിരവധിയാളുകളുടെ നിരന്തരമായ സഹായങ്ങളാണ് സംഘടനയെ മുന്നോട്ടുനയിക്കുന്നത്.
കൊടുക്കുന്തോറും വീണ്ടും കൂടുതൽ സഹായ അഭ്യർത്ഥനകൾ ലഭിക്കുന്നതിനാൽ, ഇനിയും കൂടുതൽ സന്മനസ്കരായ വ്യക്തികളുടെ സാമ്പത്തിക സഹായം സംഘടനക്ക് അനിവാര്യമാണ്. നൂറു വ്യക്തികളെ സഹായിക്കാനാവില്ലെങ്കിൽ ഒരാളെ സഹായിക്കു എന്ന മദർ തെരേസയുടെ വചനമാണ് സംഘടനയുടെ ആപ്തവാക്യം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.HelpSaveLife.org, email: [email protected].
സംഭാവനകൾ പേയ്പാൽ (Paypal: [email protected]) വഴിയോ Zelle ([email protected]) വഴിയോ ചെയ്യാവുന്നതാണ്.
|
ചെറി ലെയിന് സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് പള്ളിയില് പരുമല തിരുമേനിയുടെ പെരുന്നാള് കൊണ്ടാടി
ന്യൂയോര്ക്ക്: വിശുദ്ധന്മാരുടെ ഗണത്തിലേക്ക് ഉയര്ത്തപ്പെട്ട പ്രഥമ ഭാരതീയനും മലങ്കര സഭയുടെ ആദ്യ പ്രഖ്യാപിത പരിശുദ്ധനും വിശ്വവിഖ്യാതനുമായ പരിശുദ്ധ ഗീവര്ഗീസ് മാര് ഗ്രീഗോറിയോസ് തിരുമേനിയുടെ 122മത് ഓര്മ പെരുന്നാള് ചെറി ലെയിന് സെന്റ് ഗ്രിഗോറിയോസ് പള്ളിയില് ആഘോഷപൂര്വം കൊണ്ടാടി.
ഒക്ടോബര് 26 ഞായറാഴ്ച കര്ബാനാനന്തരം കൊടിയേറ്റോടു കൂടി ആരംഭിച്ച് ഒരാഴ്ച നീണ്ടുനിന്ന പെരുന്നാള് പരിപാടികള് നവംബര് രണ്ടിന് വിശുദ്ധ കര്ബാനയോടും റാസയോടും കൂടെ പരിസമാപിച്ചു.
നവംബര് ഒന്നിന് രാവിലെ മുതല് അനേകം ഭക്തജനങ്ങള് ധ്യാന പ്രാര്ഥനകള് നടത്തി. വൈകുന്നേരം അഞ്ചിന് വിവിധ ദേവാലയങ്ങളില് നിന്ന് നിന്ന് പദയാത്രയായി ഭക്തജനങ്ങള് ദേവാലയത്തില് വന്നുചേരുകയും സന്ധ്യാ പ്രാര്ഥനയിലും ധ്യാന പ്രസംഗത്തിലും പങ്കെടുക്കുകയും ചെയ്തു.
വന്ദ്യ ചെറിയാന് നീലാങ്കല് കോര് എപ്പിസ്കോപ്പായുടെ നേതൃത്വത്തിലും വന്ദ്യ പൗലോസ് ആദായി കോര് എപ്പിസ്കോപ്പ, ഫാ. ജോര്ജ് ചെറിയാന്, ബെല്റോസ് സെന്റ് ജോണ്സ് ഓര്ത്തഡോക്സ് ചര്ച്ച് വികാരി, ഡാളസ് സെന്റ് ജോര്ജ് ചര്ച്ച് വികാരി ഫാ. ജോഷ്വാ ജോര്ജ് എന്നിവരുടെ സഹ നേതൃത്വത്തിലും സന്ധ്യാ പ്രാര്ഥന നടന്നു.
വന്ദ്യ ചെറിയാന് നീലാങ്കല് കോര് എപ്പിസ്കോപ്പാ നടത്തിയ ധ്യാന പ്രസംഗത്തില് പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്മ്മ പെരുന്നാള് കൊണ്ടാടുന്ന അവസരത്തില് തിരുമേനിയുടെ ജീവിത മാതൃകയെ അടിസ്ഥാനമാക്കിയുള്ള ചിന്തകള്ക്കും പരാമര്ശങ്ങള്ക്കും ഈന്നല് കൊടുത്തുകൊണ്ട് നമ്മുടെ ജീവിതത്തില് അവയെ പ്രായോഗികമാക്കാന് ശ്രമിക്കുക എന്നതായിരിക്കണം പരമപ്രധാനമായ ലക്ഷ്യം എന്ന് കോര് എപ്പിസ്കോപ്പാ ഉദ്ബോധിപ്പിച്ചു.
നവംബര് രണ്ടിന് രാവിലെ 8.30ന് ആരംഭിച്ച ശുശ്രൂഷകള്ക്കും വിശുദ്ധ കുര്ബാനയ്ക്കും വന്ദ്യ ചെറിയാന് നീലാങ്കല് കോര് എപ്പിസ്കോപ്പാ പ്രധാന കാര്മികത്വം വഹിച്ചു. വികാരി ഫാ. ഗ്രിഗറി വര്ഗീസ്, ഫാ. ജോണ് തോമസ് എന്നിവര് സഹ കാര്മികരായിരുന്നു. വിശുദ്ധ കുര്ബാനയോടനുബന്ധിച്ച് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രത്യേക മധ്യസ്ഥ പ്രാര്ഥന നടത്തി.
കുര്ബാനാനന്തരം ആണ്ടുതോറും നടത്തിവരാറുള്ള റാസയും നടന്നു. ഗാനങ്ങളും പ്രാര്ഥനകളുമായി കുരിശ്, മുത്തുക്കുട, കൊടികള് എന്നിവയേന്തി ഭക്തജനങ്ങള് ന്യൂ ഹൈഡ് പാര്ക്കിലെ നിരത്തിലൂടെ നടന്നു നീങ്ങിയപ്പോള് അനേകര് തങ്ങളുടെ ഭവനങ്ങള്ക്ക് മുന്പില് കത്തിച്ച തിരികളുമായി നിന്ന് റാസയെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.
പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില് സ്ഥാപിതമായ ഒരു ദേവാലയം എന്ന നിലയ്ക്ക് മാത്രമല്ല, ചെറി ലെയിന് പള്ളി പ്രശസ്തമാകുന്നത്. തിരുമേനിയുടെ തിരുശേഷിപ്പുകള് പള്ളിയില് സ്ഥാപിച്ചിട്ടുണ്ട് എന്നുള്ളത് ഏറെ പ്രാധാന്യമര്ഹിക്കുന്ന വസ്തുതയാണ്.
പരിശുദ്ധ പരുമല തിരുമേനി ഉപയോഗിച്ചിരുന്ന കാപ്പാ വര്ഷങ്ങളായി ഈ പള്ളിയില് സ്ഥാപിച്ചിട്ടുള്ളതും അനേകര് പ്രത്യേകിച്ചും, പെരുന്നാള് സമയത്ത് എത്തിച്ചേര്ന്ന് പ്രാര്ഥിച്ചും അവയെ സ്പര്ശിച്ചും അനുഗ്രഹം പ്രാപിച്ചുകൊണ്ടിരിക്കുന്നു.
ഭക്തിനിര്ഭരമായ റാസക്ക് ശേഷം നേര്ച്ച വിളമ്പും ഉച്ചഭക്ഷണത്തോടും കൂടെ പെരുന്നാള് ആഘോഷങ്ങള് പര്യവസാനിച്ചു. പെരുന്നാള് ആഘോഷങ്ങളുടെ നടത്തിപ്പിനായി വികാരി ഫാ. ഗ്രിഗറി വര്ഗീസിനൊപ്പം പെരുന്നാള് കോഓര്ഡിനേറ്റര്മാരായി സജി തോമസ്, റോയ് തോമസ് എന്നിവരും സെക്രട്ടറി കെന്സ് ആദായി, ട്രസ്റ്റിമാരായ മാത്യു മാത്തന്, ബിജു മത്തായി എന്നിവര് അടങ്ങുന്ന കമ്മിറ്റിയും പ്രവര്ത്തിച്ചു.
|
ട്രൈസ്റ്റേറ്റ് കേരള ദിനോത്സവം ശനിയാഴ്ച
ഫിലഡൽഫിയ: "ഇത് നമ്മുടെയെല്ലാം ദൗത്യം’ എന്ന ആശയത്തിൽ അമേരിക്കൻ മലയാളികളായ പ്രഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റേണി ജോസഫ് കുന്നേൽ എന്നിവർ അഥിതികളാകുന്ന, ’ട്രൈസ്റ്റേറ്റ് കേരള ഫോറംകേരള ദിനോത്സവം’ ശനിയാഴ്ച ഫിലഡൽഫിയയിൽ.
വൈകുന്നേരം നാലു മുതൽ എട്ടു വരെ "കവിയൂർ പൊന്നമ്മ സ്മാരക ഹാൾ’, "രത്തൻ ടാറ്റ ലക്ച്ചർ ഹാൾ’ എന്നീ വേദികളിലാണ് പരിപാടി. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളി സംഗമ വേദിയായ മയൂരാ റസ്റ്ററന്റ് കേന്ദ്രീകരിച്ചാണ് പ്രോഗ്രാമുകൾ.
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിലെ പങ്കാളിത്ത സംഘടനകളും ഒന്നിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. സമൂഹത്തിലും സംഘടനകളിലും ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച വ്യക്തികളെ സമ്മേളനത്തിൽ ആദരിക്കും. സാഹിത്യ മത്സര വിജയികൾക്ക് പ്രശസ്തി പത്രങ്ങളും നൽകും. "സാമൂഹ്യ സേവന രംഗത്ത് ബിസിനസുകാരുടെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാറും നടക്കും.
അഭിലാഷ് ജോൺ (ചെയർമാൻ), ബിനു മാത്യൂ (സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ), വിൻസന്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോർഡിനേറ്റർ), ജോർജ് നടവയൽ (കേരള ഡേ ചെയർമാൻ), ജോബി ജോർജ് (ഓണം ചെയർ), ജോൺ പണിക്കർ (ജോയിന്റ് സെക്രട്ടറി), രാജൻ സാമുവേൽ (ജോയിന്റ് ട്രഷറർ), സുധാ കർത്താ, ജോർജ് ഓലിക്കൽ,
അലക്സ് തോമസ്, സാജൻ വർഗീസ്, സുരേഷ് നായർ (വൈസ് ചെയർ പേഴ്സൺസ്), സുമോദ് നെല്ലിക്കാല (പിആർഒ), അലസ്ക് ബാബു (യൂത്ത് കോർഡിനേറ്റർ), റോണി വർഗീസ്, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, ആഷാ അഗസ്റ്റിൻ, സാറാ ഐപ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസന്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്, സദാശിവൻ കുഞ്ഞി എന്നിവരാണ് സംഘാടക സമിതി.
|
മിൽവാക്കി അതിരൂപത ആർച്ച് ബിഷപ്പായി ജെഫ്രി എസ്. ഗ്രോബിനെ നിയമിച്ചു
മിൽവാക്കി: മിൽവാക്കിയിലെ കത്തോലിക്കാ അതിരൂപതയുടെ 12ാമത് പുതിയ ആർച്ച് ബിഷപ്പായി
ജെഫ്രി എസ്. ഗ്രോബിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച അറിയിച്ചു.
75ാം ജന്മദിനത്തിൽ വിരമിക്കൽ നോട്ടീസ് നൽകിയ ഏറ്റവും ആദരണീയനായ ജെറോം ഇ. ലിസ്റ്റെക്കിയുടെ പിൻഗാമിയായി 63 കാരനായ ഗ്രോബ് അധികാരമേറ്റു.
വിസ്കോൺസിൻ ഗ്രാമത്തിൽ വളർന്ന ഗ്രോബ് 1992ൽ ഷിക്കാഗോ അതിരൂപതയുടെ വൈദികനായി നിയമിക്കപ്പെട്ടു. കാനോൻ നിയമത്തിൽ ലൈസൻസും പിന്നീട് ഡോക്ടറേറ്റും നേടിയ ശേഷം അദ്ദേഹം അതിരൂപത ട്രൈബ്യൂണലിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു.
വിശുദ്ധ ദൈവശാസ്ത്രത്തിൽ ലൈസൻസും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2020 സെപ്റ്റംബറിൽ ഫ്രാൻസിസ് മാർപാപ്പ ഗ്രോബിനെ ഷിക്കാഗോയിലെ സഹായ മെത്രാനായി നിയമിച്ചിരുന്നു
|
ട്രംപിനെതിരായ ക്രിമിനൽ കേസുകൾ അധികാരമേൽക്കുന്നതിന് മുമ്പ് അവസാനിപ്പിക്കാൻ നീക്കം
ന്യൂയോർക്ക്: നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ രണ്ട് ഫെഡറൽ ക്രിമിനൽ കേസുകൾ എങ്ങനെ അവസാനിപ്പിക്കാമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ വിലയിരുത്തുകയാണ്. സിറ്റിംഗ് പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന ദീർഘകാല ഡിപ്പാർട്ട്മെൻ്റ് നയം അനുസരിച്ച് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് കലണ്ടർ പരിഗണിക്കാതെ ട്രംപിനെതിരായ തെരഞ്ഞെടുപ്പ് ഇടപെടൽ കേസിൽ അടുത്ത ആഴ്ചകളിൽ സുപ്രധാനമായ നടപടികൾ സ്വീകരിച്ച പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്തിന്റെ തെരഞ്ഞെടുപ്പിന് മുമ്പുള്ള നിയമപരമായ നിലപാടിൽ നിന്ന് വ്യത്യസ്തമാണ് ഏറ്റവും പുതിയ ചർച്ചകൾ.
|
അവതാരകനും എമ്മി അവാർഡ് ജേതാവുമായ ചൗൻസി ഗ്ലോവർ അന്തരിച്ചു
ലോസ് ആഞ്ചലസ് : അവതാരകനും എമ്മി അവാർഡ് ജേതാവുമായ ചൗൻസി ഗ്ലോവർ (39) അന്തരിച്ചു. ഗ്ലോവറിന്റെ കുടുംബമാണ് മരണവിവരം അറിയിച്ചത്. അതേസമയം മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കെസിഎഎൽ ന്യൂസിൽ അവതാരകനായിരുന്നു.
ഹൂസ്റ്റണിലെ എബിസി അഫിലിയേറ്റ് കെടിആർകെയിൽ എട്ട് വർഷം ജോലി ചെയ്തതിന് ശേഷം 2023 ഒക്ടോബറിലാണ് ഗ്ലോവർ കെസിഎഎൽ ന്യൂസിൽ, അവതാരകനാകുന്നത്. മൂന്ന് തവണ എമ്മി അവാർഡ് നേടിയ ഗ്ലോവർ ജോർജിയയിലെ ഡബ്ല്യുടിവിഎം ന്യൂസിലാണ് തന്റെ കരിയർ ആരംഭിക്കുന്നത്.
|
ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളീബോൾ ടൂർണമെന്റിനുള്ള കമ്മിറ്റികളെ തെരഞ്ഞെടുത്തു
ഹൂസ്റ്റൺ: ഹൂസ്റ്റൺ ചാലഞ്ചേഴ്സ് സംഘടിപ്പിക്കുന്ന 35ാമത് ജിമ്മി ജോർജ് ടൂർണമെന്റ് ഗംഭീരമാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യയോഗം മിസ്സൗറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ ചേർന്നു. ടൂർണമെന്റ് നടത്തിപ്പിനു നേതൃത്വം നൽകുന്നതിനായി ജോജി ജോസഫിനെ ജനറൽ കൺവീനറായും, വിനോദ് ജോസഫിനെ ജനറൽ കോർഡിനേറ്ററായും തെരഞ്ഞെടുത്തു. ടീം മാനേജർ ആയി ടോണി മങ്ങളിയേയും , ടീം കോച്ച് ആയി ജോസ് കുന്നത്തിനേയും , കാപ്റ്റനായി അലോഷി മാത്യുവിനേയും തെരഞ്ഞെടുത്തു.
നോർത്തമേരിക്കൻ മലയാളികൾക്കിടയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ കായിക മഹോത്സവമായ ജിമ്മി ജോർജ് വോളീബോൾ ടൂർണമെൻ്റിൽ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി പന്ത്രണ്ടോളം ടീമുകളാണ് മത്സരിക്കുന്നത്. കൂടാതെ 45 വയസിന് മുകളിലുള്ളവർക്കായും, 18 വയസ്സിന് താഴെ പ്രായമുള്ളവർക്കായും പ്രത്യേകമത്സരവും ഉണ്ടായിരിക്കും.
ഹൂസ്റ്റണോട് അടുത്ത് കിടക്കുന്ന ആൽവിൻ സിറ്റിയിലുള്ള 6 വോളീബോൾ കോർട്ടുകളുള്ള Upside sports plex ൽ വച്ച് 2025 മേയ് 24 ,25 തീയതികളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഒരുക്കൾക്കായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പുരുഷൻമാരും , സ്ത്രീകളും, യുവാക്കളും അടങ്ങുന്ന 15ാളം കമ്മിറ്റികളും രൂപീകരിച്ചു.
മെമോറിയൽ ഡേ വീക്കെന്റിൽ നടക്കുന്ന ഈ മത്സരങ്ങൾ കാണുന്നതിനും ആസ്വദിക്കുന്നതിനുമായി ഏവരേയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ഹൂസ്റ്റൺ ചാലഞ്ചേഴ്സ് ക്ലബ് സെക്രട്ടറി തോമസ് ജോർജ് പറഞ്ഞു.
|
കമല ഹാരിസിന്റെ തോൽവി: ഡെമോക്രാറ്റിക് പാർട്ടിയെ വിമർശിച്ചു ബെർണി സാൻഡേഴ്സ്
വെർജീനിയ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് കമല ഹാരിസ് തോറ്റതിനുശേഷം ഡെമോക്രാറ്റിക് പാർട്ടിയുടെ വിനാശകരമായ പ്രചാരണത്തെ കുറിച്ച് വെർമോണ്ട് സെനറ്റർ ബെർണി സാൻഡേഴ്സ് രൂക്ഷമായ പ്രസ്താവന നടത്തി. ഇസ്രയേലിനുള്ള സൈനിക സഹായത്തിനായി തുടർച്ചയായി ചെലവഴിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.
ഭൂരിഭാഗം അമേരിക്കക്കാരുടെയും ശക്തമായ എതിർപ്പ് വകവയ്ക്കാതെ, പാലസ്തീൻ ജനതയ്ക്കെതിരായ നെതന്യാഹു ഗവൺമെന്റിന്റെ സമഗ്രമായ യുദ്ധത്തിന് ഞങ്ങൾ ശതകോടികൾ ചെലവഴിക്കുന്നത് തുടരുന്നു, ഇത് ബഹുജന പോഷകാഹാരക്കുറവിലേക്കും ആയിരക്കണക്കിന് കുട്ടികളുടെ പട്ടിണിയിലേക്കും നയിച്ചുവെന്ന് സാൻഡേഴ്സ് പറഞ്ഞു.
യുഎസ് സെനറ്റിലെ നാലാമത്തെ ആറ് വർഷത്തെ ടേമിലേക്ക് ചൊവ്വാഴ്ച വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ച സാൻഡേഴ്സ്, പാഠം പഠിക്കാനുള്ള പാർട്ടിയുടെ കഴിവിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു.
|
നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള ബൈബിൾ വ്യാഖ്യാന ഓൺലൈൻ ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റൺ: ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചു ബൈബിൾ പഠനത്തിനു തയ്യാറാക്കിയ പുതിയ പ്ലാറ്റ്ഫോം, ബൈബിൾ ഇൻ്റർപ്രിട്ടേഷൻ. എഐ (BibleInterpretation.ai, ഹൂസ്റ്റണിലെ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ മുഖ്യ തിരുന്നാളിന്റെ കലോത്സവത്തോടനുബന്ധിച്ച് പൂനയിലെ സീറോമലങ്കര കത്തോലിക്കാ രൂപതാധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മാർ പാകോമിയോസ് ഉദ്ഘാടനം ചെയ്തു. ഈ പ്ലാറ്റ്ഫോം, വിശുദ്ധ ഗ്രന്ഥത്തെ കൂടുതൽ എളുപ്പത്തിൽ അപഗ്രധിക്കുവാനും പഠിപ്പിക്കുവാനും എല്ലാവർക്കും സഹായകമാണ്.
കത്തോലിക്കാ പ്രബോധനങ്ങൾക്കധിഷ്ടിതമായ ബൈബിൾ വിശദീകരണങ്ങൾ കൂടുതൽ എളുപ്പമാക്കുന്ന ഈ സൈറ്റ് വികസിപ്പിക്കുന്നതിനു തയ്യാറായ റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റ ദീർഘവീക്ഷണത്തെ ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് പക്കോമിയോസ് പ്രശംസിച്ചു. “ബൈബിൾ ഇൻ്റർപ്രട്ടേഷൻ. എഐ സഭാമക്കളുടെയും പ്രബോധകരുടെയും ആത്മീയ യാത്രയിൽ പുതിയൊരു വഴിത്തിരിവായിരിക്കും,” അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വച്ചുകൊണ്ട്, മതാദ്ധ്യാപകർ, പ്രാർത്ഥനാ ഗ്രൂപ്പുകൾ, വൈദികർ, ബൈബിൾ പ്രഭാഷകർ തുടങ്ങിയവർക്ക് ഈ പ്ലാറ്റ്ഫോം വളരെ സഹായകരമായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈദികർക്കും ബൈബിൾ പ്രഘോഷകർക്കും: വചനപ്രഘോഷണം ഒരുങ്ങുന്നതിനും അതിനു വേണ്ട ബൈബിൾ പശ്ചാത്തലം മനസ്സിലാക്കുന്നതിനും പ്രസംഗ സംഗ്രഹം തയ്യാറാക്കുന്നതിനും ബൈബിൾ ഇൻ്റർപ്രട്ടേഷൻ.എഐ പ്രയോജനപ്പെടുന്നു.
പ്രാർഥനാ ഗ്രൂപ്പ് നേതാക്കൾക്ക്: പ്രാർഥനാ ഗ്രൂപ്പുകളുടെ നേതാക്കൾക്ക് ബൈബിൾ സന്ദേശങ്ങൾ വിശദീകരിക്കുന്നതിനായി സാങ്കേതിക പിന്തുണ നൽകുന്നു. ബൈബിൾ പാരമ്പര്യവും സഭാപ്രബോധനങ്ങളും സംയോജിപ്പിച്ച ആകർഷകമായ അവതരണത്തിന് ഇതു സഹായിക്കുന്നു.
വ്യക്തിഗത പഠനത്തിനും ബൈബിൾ ഗ്രൂപ്പുകൾക്കുമായി: ഏവർക്കും ഉപയോഗിക്കാൻ എളുപ്പമുള്ള ഈ പ്ലാറ്റ്ഫോം, ബൈബിൾ സ്വതന്ത്രമായി പഠിക്കാൻ അവസരം നൽകുന്നു. ജീവിത പ്രശ്നങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താനും വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ ധ്യാനിച്ചു പ്രാർഥിക്കാനും ഇത് പ്രയോജനപ്രദമാണ്.
ബൈബിൾ ഇൻ്റർപ്രിട്ടേഷൻ. എഐ സാധ്യമാക്കുന്നത് ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനാണ്. ജീവകാരുണ്യഅജപാലന ശുശ്രൂഷകൾക്ക് പിന്തുണ നൽകുന്നതിന് ഹൂസ്റ്റൺ ക്നാനായ ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷൻ. ഫാ. ഏബ്രഹാം മുത്തോലത്ത്, അദ്ദേഹത്തിന്റെ സഹോദരൻ എം.സി. ജേക്കബ്, ഫാ. ജോഷി വലിയവീട്ടിൽ, ഇടവക ട്രസ്റ്റിമാർ, മറ്റ് കമ്മറ്റിക്കാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് bibleinterpretation.ai ഉദ്ഘാടനം ചെയ്തത്.
|
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഐപിഎൽ
ഡിട്രോയിറ്റ്: ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഹൂസ്റ്റണിലെ ഇന്റർനാഷനൽ പ്രയർ ലൈൻ 547ാം സെഷൻ. ഓൺലൈനായി നടന്ന യോഗത്തിൽ ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവൽ (ഡിട്രോയിറ്റ്) അനുശോചന സന്ദേശം അറിയിച്ചു.
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ ഇന്റർനാഷനൽ പ്രയർ ലൈൻ പ്രവർത്തങ്ങളുമായി സഹകരിക്കുകയും ആവശ്യമായ ഭൗതീക ആത്മീയ പിന്തുണ നൽകുകയും ചെയ്തിരുന്നതായി സി.വി. സാമുവൽ അനുസ്മരിച്ചു.
ബാവയുടെ വിയോഗത്തിൽ വേദനിക്കുന്ന യാക്കോബായ സഭാ വിശ്വാസികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. തുടർന്ന് സാറാമ്മ സാമുവൽ (ന്യൂയോർക്ക്) പ്രാരംഭ പ്രാർഥന നടത്തി.
സി.വി. സാമുവൽ സ്വാഗതം ആശംസിച്ചു. ബഥനി മാർത്തോമ്മാ ചർച്ച്, ന്യൂയോർക് വികാരി റവ. ജോബിൻ ജോൺ മുഖ്യ സന്ദേശം നൽകി. ഡോ. ജോർജ് വർഗീസ് (മോനി) ഡബ്ല്യുഡിസി മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
രാജു ചിറമണ്ണേൽ പാഠഭാഗം വായിച്ചു. ടി. എ. മാത്യു (ഹൂസ്റ്റൺ) നന്ദി പറഞ്ഞു. സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ഷിജു ജോർജ്ജ് സാങ്കേതിക പിന്തുണ നൽകി.
|
ഷാർലറ്റിൽ തരംഗമായി മന്ത്ര കൺവൻഷൻ ശുഭാരംഭവും കലാസന്ധ്യയും
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതിവേഗം ജനപ്രിയമായി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) ഷാർലറ്റിൽ 2025 ജൂലൈയിൽ നടക്കുന്ന കൺവെൻഷനു മുന്നോടിയായി ശുഭാരംഭവും കലാസന്ധ്യയും ഷാർലറ്റ് ഹിന്ദു സെന്ററിൽ നടന്നു.
നാളികേരം ഉടച്ചു പ്രസിഡന്റ് ശ്യാം ശങ്കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷിബു ദിവാകരൻ അധ്യക്ഷത വഹിച്ചു. ശശിധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റീ ചെയർ വിനോദ് കേയാർ .കെ, പ്രസിഡന്റ് ഇലക്ട് കൃഷ്ണ രാജ് മോഹനൻ, വൈസ് പ്രസിഡന്റ് ഡീറ്റ നായർ, മുൻ പ്രസിഡന്റ് ഹരി ശിവരാമൻ തുടങ്ങി മന്ത്രയുടെ നേതൃ നിരയിലുള്ളവരെല്ലാം സന്നിഹിതർ ആയിരുന്നു.
2016ൽ ആരംഭിച്ചു ഷാർലറ്റിലെ പ്രമുഖ ഹൈന്ദവ സംഘടനകളിൽ ഒന്നായി മാറിയ കൈരളി സത്സഗ് ഓഫ് കരോളിനാസുമായി സഹകരിച്ചാണ് മന്ത്ര കൺവൻഷൻ നടത്തുന്നത്. ഈ സംഘടനയുടെ നേതൃനിരയിലുള്ള അംബിക ശ്യാമള, ലിനേഷ് പിള്ള, അജയ് നായർ, മുരളി വല്ലത്, മന്ത്ര കൺവെൻഷൻ ചെയർ വിനോദ് ശ്രീകുമാർ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി
മന്ത്രയുടെ വിവിധ ഭാരവാഹികൾ ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു. വരും മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കിക്ക് ഓഫ് ഉൾപ്പടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ മന്ത്ര ലക്ഷ്യമിടുന്നു.
ഭരതനാട്യം, മോഹിനിയാട്ടം സെമി ക്ലാസിക്കൽ ഡാൻസ്, ബോളിവുഡ് ഡാൻസ് ഉൾപ്പടെ പ്രമുഖ കലാകാരന്മാർ അണി നിരക്കുന്ന കലാ സന്ധ്യ ചടങ്ങിന് പ്രൗഢി കൂട്ടി ഷാർലറ്റിൽ മന്ത്രയുടെ കൺവൻഷനുള്ള ഒരുക്കങ്ങൾ തകൃതി ആയി നടന്നു വരുന്നു.
നോർത്ത് അമേരിക്കയിലെ ദേശീയ ഹൈന്ദവ സംഘടനാ രംഗത്ത് വർഷങ്ങളായി നിസ്വാർഥമായി പ്രവർത്തിക്കുന്ന പരിചിത മുഖങ്ങൾ ഏറെയും മന്ത്രയുടെ പിന്നിൽ അണി നിരക്കുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടാണ് ഹൂസ്റ്റണിൽ തുടങ്ങിയ മന്ത്രയുടെ ജൈത്ര യാത്ര ഷാർലറ്റിലും തുടർന്ന് പോരുന്നത്.
ഹൈന്ദവ ധർമ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പൈതൃകമായി കിട്ടിയ അറിവുകൾ പങ്കു വയ്ക്കുന്നതിനും അതോടൊപ്പം നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഹൈന്ദവ നെറ്റ്വർക്കിന്റെ ഭാഗമായിക്കൊണ്ട് മന്ത്രയുടെ പിന്നിൽ അണി ചേരാൻ ഷാർലറ്റ് ഒരുങ്ങി കഴിഞ്ഞു.
|
50 വയസിന് മുകളിൽ പ്രായമുള്ളവർ ന്യൂമോകോക്കൽ വാക്സീനെടുക്കണമെന്ന് സിഡിസി
ന്യൂയോർക്ക്: അഞ്ച് വയസിന് താഴെയുള്ള കുട്ടികളും 50 വയസിന് മുകളിൽ പ്രായമുള്ള മുതിർന്നവരും ന്യൂമോകോക്കൽ വാക്സീനെടുക്കണമെന്ന് ശുപാർശ ചെയ്ത് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ.
ഇത് ആദ്യമായാണ് വാക്സീൻ എടുക്കേണ്ടവരുടെ പ്രായം 65ൽ നിന്ന് 50 ആക്കുന്നത്. ന്യൂമോകോക്കൽ രോഗത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ഇത് ആളുകളെ സഹായിക്കുമെന്ന് സിഡിസി പറഞ്ഞു.
ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, രക്തപ്രവാഹത്തിലെ അണുബാധകൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്കും ന്യൂമോകോക്കൽ ബാക്ടീരിയ കാരണമാകുന്നു. പ്രായമായവർക്ക് ന്യൂമോകോക്കൽ രോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും സിഡിസി പറഞ്ഞു.
സിഡിസിയുടെ കണക്കനുസരിച്ച്, യുഎസിലുടനീളം, മൈകോപ്ലാസ്മ ന്യൂമോണിയ ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധകൾ വർധിക്കുന്നതിനാലാണ് പുതിയ നിർദേശം.
|
ഷിക്കാഗോയിൽ വെടിവയ്പ്; പോലീസുകാരനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു
ഷിക്കാഗോ: ഈസ്റ്റ് ചാത്തമിലുണ്ടായ വെടിവയ്പിൽ ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. സൗത്ത് ഇംഗ്ലിസൈഡ് അവന്യൂവിലാണ് സംഭവം.
മൂന്ന് പേർ സഞ്ചരിച്ചിരുന്ന വാഹനം പരിശോധനയ്ക്കായി തടഞ്ഞ പോലീസിന് നേർക്ക് യാത്രികർ വെടിയുതിർക്കുകയായിരുന്നു. എൻറിക് മാർട്ടിനെസ്(26) എന്ന ഉദ്യോഗസ്ഥനാണ് വെടിയേറ്റത്.
ഉടൻ തന്നെ മാർട്ടിനെസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരാളും വെടിയേറ്റ് മരിച്ചു.
സംഭവസ്ഥലത്ത് നിന്ന് ഒരു സെമി ഓട്ടോമാറ്റിക് ആയുധവും കണ്ടെത്തി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
|
ട്രംപിന് അഭിനന്ദനം നേർന്ന് അമേരിക്കൻ മലയാളി വെൽഫയർ അസോസിയേഷൻ
ഡാളസ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിൽ ഡൊണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ നേർന്ന് അമേരിക്കൻ മലയാളി വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് എബി തോമസ്.
അമേരിക്കൻ ജനതയുടെ ജീവിതം മെച്ചപ്പെടുന്നതിനും ആഗോള സമാധാനവും സ്ഥിരതയും സമൃദ്ധിയും നല്കുവാനാനുള്ള ഭരണ വൈഭവം പ്രസിഡന്റിന് കഴിയട്ടെ എന്ന് എബി തോമസ് ആശംസ കുറിപ്പിലൂടെ അറിയിച്ചു.
|
കൊലപാതക കേസ്: ഒഹായോ മുൻ പോലീസ് ഉദ്യോഗസ്ഥൻ കുറ്റകാരനാണെന്ന് കോടതി
ഒഹായോ: കൊളംബസിൽ 2020 ഡിസംബർ 22ന് കറുത്തവർഗക്കാരനായ ആന്ദ്രേ ഹില്ലിനെ(47) കൊലപ്പെടുത്തിയ കേസിൽ വെള്ളക്കാരനായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ആദം കോയിനെ(48) കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.
കൊലപാതകം, അശ്രദ്ധമായ നരഹത്യ, ക്രൂരമായ ആക്രമണം എന്നീ മൂന്ന് കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോയിക്കു ജീവപര്യന്തം തടവ് ശിക്ഷയാണ് ജൂറി നിർദേശിച്ചിരിക്കുന്നത്.
സംഭവ ദിവസം പുലർച്ചെ 1.30 ഓടെ ഒരു വാഹനം ഓണാക്കുന്നതും ഓഫാക്കുന്നതും സംബന്ധിച്ചു റിപ്പോർട്ടു ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആദം ഹില്ലിന് നേരെ വെടിയുതിർക്കുകയായിരുന്നു.
വീടിന്റെ ഗാരേജിൽ നിന്ന് പുറത്തുകടക്കാൻ ആദം ഹില്ലിനോട് ഉത്തരവിട്ടിരുന്നു. നാല് തവണ വെടിയുതിർത്തപ്പോൾ ഹിൽ റിവോൾവർ കൈവശം വച്ചിരിക്കുകയാണെന്ന് താൻ തെറ്റിദ്ധരിച്ചുവെന്ന് വിചാരണയ്ക്കിടെ ആദം മൊഴി നൽകി.
ഹിൽ വീട്ടുടമയുടെ അതിഥിയാണെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായി. വെടിവയ്പ്പിന് തൊട്ടുപിന്നാലെ കൊളംബസ് പോലീസ് ഡിപ്പാർട്ട്മെന്റ് ആദത്തെ പുറത്താക്കിയിരുന്നു.
|
ജനപ്രതിനിധി സഭയിലേക്ക് ആറ് ഇന്ത്യൻ വംശജർ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് ആറ് ഇന്ത്യൻ വംശജർ. ഇന്ത്യൻഅമേരിക്കൻ അഭിഭാഷകനായ സുഹാസ് സുബ്രഹ്മണ്യൻ വിർജീനിയയിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കിഴക്കൻ തീര മേഖലയിൽനിന്ന് ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ വിജയിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ മൈക്ക ക്ലാൻസിയെയാണ് സുബ്രഹ്മണ്യൻ പരാജയപ്പെടുത്തിയത്. ബറാക് ഒബാമയുടെ കാലത്ത് വൈറ്റ്ഹൗസ് ഉപദേഷ്ടാവ് ആയിരുന്നു സുബ്രഹ്മണ്യൻ.
നിലവിൽ ജനപ്രതിനിധി സഭയിൽ അംഗങ്ങളായിരുന്ന ഡോ. അമി ബേര, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ, ശ്രീ തനേദാർ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. അമി ബേര തുടർച്ചയായി ഏഴു തവണയും രാജാ കൃഷ്ണമൂർത്തി തുടർച്ചയായി അഞ്ചു തവണയും തെരഞ്ഞെടുക്കപ്പെട്ടു.
|
ഇന്ത്യ കരുതലോടെ നീങ്ങണം
വാഷിംഗ്ടൺ ഡിസി: ഡോണൾഡ് ട്രംപിന്റെ വിജയം ലോകം പ്രതീക്ഷിച്ചതാണെങ്കിലും അല്പമൊരു അന്പരപ്പോടെയാണ് ഈ വിജയത്തെ കാണുന്നത്. ഇഞ്ചോടിഞ്ച് മത്സരമായിരുന്നുവെന്നാണ് എല്ലാവരും ഇലക്ഷനുമുന്പ് പ്രവചിച്ചിരുന്നത്.
എന്നാൽ, ട്രംപിന്റെ വിജയം വളരെ വ്യക്തമാണ്. ട്രംപിന്റെ പ്രസിഡൻസി എങ്ങനെയായിരിക്കും എന്തൊക്കെയായിരിക്കും മാറ്റങ്ങൾ കൊണ്ടുവരുന്നത് എന്നതിനെക്കുറിച്ചൊക്കെ ലോകമെന്പാടുമുള്ള നയതന്ത്ര വിദഗ്ധരും രാജ്യനേതാക്കന്മാരും ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്.
ട്രംപിനെക്കുറിച്ച് ഐകകണ്ഠ്യേനെയുള്ള അഭിപ്രായം അദ്ദേഹം പ്രവചനങ്ങൾക്ക് അതീതനാണെന്നാണ്. ഓരോ കാര്യങ്ങളും ഓരോ വീക്ഷണങ്ങളും എടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ആരുടെയും ഉപദേശം സ്വീകരിച്ചല്ല അല്ലെങ്കിൽ ആരുമായും ആലോചിച്ചല്ല എന്നാണ്.
എടുത്തുചാടി പല തീരുമാനങ്ങളെടുക്കുന്നതും പലതും ചെയ്യുന്നതും അദ്ദേഹത്തിന്റെ പതിവാണ്. അതിനാൽ ട്രംപ് ആഗോള സംവിധാനത്തിലാകെ പ്രവചനാതീതമായി പലതും കൊണ്ടുവരും എന്നുള്ളതാണ് ആദ്യത്തെ യാഥാർഥ്യം.
ഇന്ത്യയുടെ കാര്യമെടുത്താൽ, ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ നല്ല വ്യക്തിബന്ധത്തിലാണ്. അത് ഒരു പരിധിവരെ ഇന്ത്യക്ക് അനുകൂലമാകും എന്നുള്ളത് ശരിയാണ്. മാത്രമല്ല, ഇന്ത്യൻ സമൂഹം അദ്ദേഹത്തിനു നല്ല പിന്തുണ നൽകിയിരുന്നു.
ഇപ്പോൾ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ട്രംപിനെ ആദ്യമായി അനുമോദിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണ്. എന്നാൽ, എത്രതന്നെ വ്യക്തിബന്ധങ്ങളുണ്ടെങ്കിലും രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ സാധിക്കില്ല.
ട്രംപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ നന്പർ വൺ അജൻഡ അമേരിക്ക ഒന്നാമത് എന്നുള്ളതാണ്. അമേരിക്ക ഫസ്റ്റ് എന്ന അജൻഡ അദ്ദേഹം മുന്നോട്ടെടുക്കുന്പോൾ പല വിഷയങ്ങളിലും ഇന്ത്യയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം.
അതുകൊണ്ട് പല ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് കാലാവസ്ഥാ വ്യതിയാനത്തിൽ വിശ്വസിക്കാത്ത വ്യക്തിയാണ് ട്രംപ്. അതുപോലെതന്നെ ഐക്യരാഷ്ട്ര സഭയോടും അന്താരാഷ്ട്ര സംവിധാനങ്ങളോടുമെല്ലാം അദ്ദേഹത്തിനു പുച്ഛമാണ്.
അത്തരം നിലപാടുകളെല്ലാം ഇനിയും തുടരുമെന്നു പ്രതീക്ഷിക്കാം. അങ്ങിനെയാണെങ്കിൽ അത് ഇന്ത്യയുമായി വലിയൊരു അഭിപ്രായവ്യത്യാസത്തിനു വഴിയൊരുക്കും. ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ജോലിക്കാരെ സ്വാഗതം ചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നയം നടപ്പാക്കിവരുന്പോൾ ഇന്ത്യക്കാരെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ഗ്രീൻകാർഡിനും എച്ച് വൺ വീസയ്ക്കുംവേണ്ടി കാത്തിരിക്കുന്ന ഇന്ത്യക്കാരെ ട്രംപിന്റെ നയങ്ങൾ ബാധിക്കുമെന്നുള്ളത് ഉറപ്പാണ്. അമേരിക്കയ്ക്ക് എന്താണോ താത്പര്യം അതു മാത്രമേ അവർ ചെയ്യുകയുള്ളൂ.
ഇന്ത്യ സ്വന്തം സ്വതന്ത്ര വിദേശ നയവും നിലപാടുകളും നിലനിർത്താൻ ശ്രമിക്കുന്പോൾ ചിലപ്പോൾ അത് അമേരിക്ക ആദ്യം എന്ന നയവുമായി ഒത്തുപോകാതെ വന്നാൽ, അമേരിക്ക ചൈനയ്ക്കെതിരേയോ മറ്റ് രാജ്യങ്ങൾക്കെതിരേയോ ചെയ്യുന്ന കാര്യങ്ങൾക്ക് ഇന്ത്യ കൂട്ടുനിൽക്കുന്നില്ല എന്നു കണ്ടാൽ, ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളാകാൻ സാധ്യതയുണ്ട്.
വിദേശനയത്തിൽ ട്രംപിന്റെ ഏറ്റവും മുന്തിയ പരിഗണന റഷ്യയുക്രെയ്ൻ യുദ്ധമാകും. പുടിനുമായി നല്ല ബന്ധമുണ്ട്. 24 മണിക്കൂറിനുള്ളിൽ ഈ വിഷയം പരിഹരിക്കും എന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്.
യുക്രെയ്നു വിരുദ്ധമായും റഷ്യക്ക് അനുകൂലമായുമുള്ള നിലപാട് അമേരിക്ക എടുത്തുകഴിഞ്ഞാൽ അത് റഷ്യയുടെ വിജയത്തിൽ കലാശിക്കും. യുക്രെയ്നു റഷ്യക്കു മുന്നിൽ കീഴടങ്ങേണ്ടിവരും. എന്നാൽ, മധ്യേഷ്യയിൽ ട്രംപിന്റെ മുൻഗാമികളിൽ ഭൂരിഭാഗംപേരും കണ്ണടച്ച് ഇസ്രയേലിനെ പിന്തുണച്ചവരാണ്.
അപ്പോൾ ട്രംപ് ഇസ്രയേലിന് കൂടുതൽ പിന്തുണ വാഗ്ദാനം ചെയ്താൽ പലരും പ്രതീക്ഷിക്കുന്നത് നെതന്യാഹുവുമായി ചർച്ചചെയ്ത് ഗാസയിലെ യുദ്ധം നിർത്തും എന്നാണ്. ഇന്ന് യുഎസിനെ നേരിടുന്ന ഏറ്റവും പ്രബലശക്തി ചൈനയാണ്.
ചൈനയും യുഎസും തമ്മിലുള്ള ബന്ധം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധംപോലെതന്നെ മത്സരവും സഹകരണവും നിറഞ്ഞതായിരിക്കും. അപ്പോൾ ട്രംപ് ചൈനയുമായി ചർച്ചയിലൂടെ ഒരു ഡീലിൽ എത്താൻ സാധിച്ചാൽ യുഎസുമായി ചൈനയ്ക്ക് നല്ല ബന്ധമുണ്ടാവും ചൈനയ്ക്ക് കൂടുതൽ പ്രധാന്യം ലോകത്ത് ലഭിക്കുകയും ചെയ്യും.
എന്നാൽ നേരേമറിച്ച് യുഎസും ചൈനയും തമ്മിൽ നല്ല ബന്ധത്തിലായില്ലെങ്കിൽ അതു കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങും. ഇത് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യാപാരരംഗത്ത് ട്രംപിന് ഇന്ത്യയുമയി പ്രശ്നങ്ങളുണ്ട്.
അമേരിക്കൻ സാധനങ്ങൾ ഇന്ത്യ കൂടുതലായി ഇറക്കുമതി ചെയ്യുന്നില്ല എന്ന പരാതി അദ്ദേഹത്തിന് നേരത്തേതന്നെയുണ്ട്. ഹാർഡ്ലി ഡേവിഡ്സൺ ബൈക്കിന്റെ കാര്യത്തിൽ ട്രംപ് നേരത്തേ ഇന്ത്യയുമായി സംസാരിച്ചിട്ടുണ്ട്. അപ്പോൾ വ്യാപാരരംഗത്ത് ഇന്ത്യയും യുഎസും തമ്മിൽ ബുദ്ധിമുട്ടുകളുണ്ടാകും എന്നുതന്നെ വിലയിരുത്താം.
ട്രംപ് ഭരണത്തിൽ വരുന്നതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന് വലിയൊരു കോട്ടം സംഭവിക്കില്ല. മറിച്ച് ഉയരത്തിൽനിന്ന് ഉയരത്തിലേക്കു നീങ്ങും എന്ന് പ്രതീക്ഷിക്കാം. എങ്കിലും അത് വളരെ സമാധാനപരമായിരിക്കും ശാന്തമായിരിക്കും ബുദ്ധിമുട്ടുകളില്ലാത്ത ഒരു ബന്ധമായിരിക്കും എന്ന് പ്രതീക്ഷിക്കരുത്.
വളരെ ഗൗരവത്തോടെ, വളരെ സൂക്ഷിച്ചുവേണം അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വളർത്തിയെടുക്കാൻ. നമ്മുടെ സ്വാതന്ത്ര്യത്തെയും താത്പര്യങ്ങളെയും ഒരുതരത്തിലും അടിയറവയ്ക്കാതെ ട്രംപുമായും അദ്ദേഹത്തിന്റെ സർക്കാരുമായുമുള്ള ബന്ധം നമ്മൾ ശക്തിപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്.
|
കുടിയേറ്റം എന്ന ട്രംപ്കാര്ഡ്
വാഷിംഗ്ടണ് ഡിസി: കുടിയേറ്റക്കാരുടെ നാടെന്ന് അറിയപ്പെടുന്ന അമേരിക്കയില് 47ാം പ്രസിഡന്റായി ഡോണള്ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് കുടിയേറ്റമെന്ന ട്രംപ്കാര്ഡ് ഉപയോഗിച്ച്. പ്രചാരണത്തിന്റെ തുടക്കം മുതല് ഒടുക്കംവരെ കുടിയേറ്റമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിഷയം.
കുടിയേറ്റക്കാര് ഉള്പ്പെടെയുള്ളവരുടെ ഊറ്റമായ പിന്തുണയാണ് ട്രംപിനു ലഭിച്ചത്. കമല ഹാരിസ് പ്രതിരോധത്തിലായതും ഇതേ വിഷയത്തില്. ഞായറാഴ്ച ജോര്ജിയയില് നടന്ന സമാപന റാലിയില് താന് "ഏലിയന് എനിമീസ് ആക്ട് 1798' പുറത്തെടുക്കുമെന്ന് ട്രംപ് ആവര്ത്തിച്ചു.
രണ്ടാം ലോകയുദ്ധ കാലത്ത് യുദ്ധത്തടവുകാര്ക്കെതിരേ പ്രയോഗിച്ച നിയമമാണിത്. അമേരിക്കയോട് ശത്രുതയുള്ള രാജ്യങ്ങളിലെ പൗരന്മാരെ തടവിലാക്കാനും പുറത്താക്കാനും അധികാരം നല്കുന്ന നിയമം.
ഇതുപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ ഇറക്കുമെന്നും അതിര്ത്തി അടയ്ക്കുമെന്നും അമേരിക്കക്കാരെ കൊല്ലുന്ന കുടിയേറ്റക്കാര്ക്ക് വധശിക്ഷ നല്കുമെന്നും ട്രംപ് കൂട്ടിച്ചേര്ത്തു.
അമേരിക്കയില് ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ അധിനിവേശം ഉണ്ടായെന്നും അവര് വളര്ത്തുമൃഗങ്ങളെവരെ പിടിച്ചു തിന്നെന്നും എകെ 47 തോക്കുമായാണ് അവര് വന്നതെന്നുമൊക്കെ ട്രംപ് പ്രസംഗിച്ചു.
കുടിയേറ്റക്കാര് തങ്ങളുടെ വിഭവങ്ങളും ജോലികളും തട്ടിയെടുക്കുന്നുണ്ടെന്ന് അമേരിക്കക്കാര് കരുതുന്നു. സാധാരണ ജോലി മുതല് ഉയര്ന്ന ജോലിവരെ കുടിയേറ്റക്കാര് കവര്ന്നെടുത്തു. ഇന്ത്യക്കാര് ഉള്പ്പെടുന്ന കുടിയേറ്റക്കാരാണ് അമേരിക്കയില് ഏറ്റവും വരുമാനമുള്ളവര്. അതേസമയം വരുമാനത്തില് വെള്ളക്കാര് ഏഴാമതാണ്.
ഐടി, ആരോഗ്യംരംഗം തുടങ്ങിയ മേഖലകളിലെ ആധിപത്യവും സമ്പാദ്യശീലവുമാണ് ഇന്ത്യക്കാരെ ഒന്നാമതാക്കിയത്. ട്രംപിന്റെ നിലപാട് അനധികൃത കുടിയേറ്റക്കാരെ മാത്രമേ ബാധിക്കുകയുള്ളോ അതോ ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങളിലെ കുടിയറ്റക്കാരെ ബാധിക്കുമോയെന്ന് കണ്ടറിയണം.
സാമ്പത്തികവിഷയങ്ങളാണ് ട്രംപിനെ സഹായിച്ച മറ്റൊരു ഘടകം. അമേരിക്കയില് നാണ്യപ്പെരുപ്പം ഉയര്ന്നു നിൽക്കുകയും സാധാരണക്കാരെ ബാധിക്കുകയും ചെയ്തു. പലിശനിരക്കും തൊഴിലില്ലായ്മയും ഉയര്ന്നുതന്നെ. സാമ്പത്തിക പ്രശ്നങ്ങള് പരിഹരിക്കാന് ട്രംപാണ് കുടുതല് മെച്ചമെന്ന് അമേരിക്കക്കാര് വിശ്വസിക്കുന്നു.
യുക്രെയ്ൻ യുദ്ധവും ഗാസായുദ്ധവും പരിഹരിക്കാനും ട്രംപിനു സാധിക്കും. അമേരിക്കയുടെ ആയുധവും പണവും യുദ്ധത്തിനു വിനിയോഗിക്കുന്നതിനെ ജനങ്ങള് വെറുക്കുന്നു. ലോകപോലീസെന്ന പദവി വീണ്ടെടുക്കാന് ട്രംപിനു കഴിയുമെന്നും ഭീകര പ്രസ്ഥാനങ്ങളെ നിലയ്ക്കു നിര്ത്തുമെന്നും അവര് വിശ്വസിക്കുന്നു.
ഗര്ഭച്ഛിദ്രം ഏശിയില്ല
കമല ഹാരിസിന്റെ പ്രചാരണായുധം ഗര്ഭച്ഛിദ്രമായിരുന്നു. സ്ത്രീകളുടെ ഇടയില് പ്രചുരപ്രചാരം നേടിയ വിഷയം. 2022 വരെ അമേരിക്കയില് ഗര്ഭച്ഛിദ്രം അനുവദനീയമായിരുന്നത് ഫെഡറല് കോടതിയാണ് റദ്ദാക്കിയത്. ഇപ്പോള് സംസ്ഥാനങ്ങള് അവര്ക്ക് ഇഷ്ടമുള്ള രീതിയിലാണിത് നടപ്പാക്കുന്നത്.
ഗര്ഭച്ഛിദ്രം വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും താനത് പുനഃസ്ഥാപിക്കുമെന്നുമായിരുന്നു കമലയുടെ വാഗ്ദാനം. എന്നാല് പരമ്പരാഗത മതവിശ്വാസികളും സഭകളും ഗര്ഭച്ഛിദ്രത്തെ അനുകൂലിക്കുന്നില്ല. പ്രൊട്ടസ്റ്റന്റ് മതവിശ്വാസിയായ ട്രംപിന് എല്ലാ ക്രൈസ്തവ വിഭാഗങ്ങളും പിന്തുണ നല്കി.
60 ശതമാനം വെള്ളക്കാരുള്ള നാടാണ് അമേരിക്ക. മെക്സിക്കന്, പോര്ട്ടോറിക്കന് ഉള്പ്പെടെ 19 ശതമാനം ഹിസ്പാനിക്, 13 ശതമാനം കറുത്ത വംശജര് തുടങ്ങിയവരാണ് ഡെമോക്രാറ്റുകളുടെ നട്ടെല്ല്. എന്നാല് അതില്പ്പോലും വിള്ളല് വീണെന്ന് സംശയിക്കുന്നു.
പോര്ട്ടോറിക്കക്കാരെ മാലിന്യമെന്ന് അധിക്ഷേപിച്ചിട്ടും അവര് ഏറെയുള്ള പെന്സില്വേനിയയിലോ ഫ്ളോറിഡയിലോ അതു പ്രതിഫലിച്ചില്ല. ഭൂരിപക്ഷ സമൂഹത്തിന്റെ പ്രതിനിധിയാണ് ട്രംപെന്ന വികാരം ആളിക്കത്തിച്ചു.
1789ല് ജോര്ജ് വാഷിംഗ്ടണ് അമേരിക്കന് പ്രസിഡന്റായശേഷം ഇതുവരെയുള്ള 47 പ്രസിന്റുമാരില് ബറാക് ഒബാമ മാത്രമാണ് കറുത്തവംശജന്. ഒരു വനിത അമേരിക്കന് പ്രസിഡന്റായിട്ടില്ല. ഹിലാരി ക്ലിന്റനായിരുന്നു ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാര്ഥി.
കമല ഹാരിസ് ജയിച്ചിരുന്നെങ്കില് ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന അത്യപൂര്വ ബഹുമതി സ്വന്തമാക്കാമായിരുന്നു. ആദ്യത്തെ ഇന്ത്യന് വംശജയെന്ന പദവിയും.
എന്നാല് അമേരിക്കന് പ്രസിഡന്റായി, സര്വസൈന്യാധിപയായി ഒരു സ്ത്രീയെ ഉള്ക്കൊള്ളാന് അവര് ഇനിയും തയാറല്ല. രണ്ടു വനിതാ സ്ഥാനാര്ഥികളെയും തോല്പിച്ച റിക്കാര്ഡും ട്രംപിനുള്ളത്.
തമിഴ്നാട്ടില് വേരുള്ള കമല ഹാരിസ് ഇന്ത്യന് വംശജയാണെങ്കിലും അമേരിക്കയിലുള്ള ഇന്ത്യക്കാരും മലയാളികളും ട്രംപിന്റെ പക്ഷത്താണ്. മോദിയോടുള്ള പ്രതിപത്തിയും കുടിയേറ്റ വിരുദ്ധതയും അവരെ ട്രംപിലേക്ക് അടുപ്പിച്ചു.
ഇന്ത്യന് വംശജര് ഒന്നരശതമാനത്തോളമേ ഉള്ളുവെങ്കിലും സാമ്പത്തികമായും മറ്റും ഉയര്ന്ന നിലയിലാണ്. തനിക്ക് ഇന്ത്യന് വേരുണ്ടെന്ന് കമല ദീപാവലി ദിവസമാണ് തുറന്നു പറഞ്ഞത്. വോട്ട് ബാങ്കുള്ള കറുത്തവംശത്തില്പ്പെട്ടവളായി അറിയപ്പെടാനാണ് അവര് കൂടുതല് ആഗ്രഹിച്ചത്.
വ്യക്തി സ്വാതന്ത്ര്യം, ജനാധിപത്യസംരക്ഷണം എന്നിവയായിരുന്നു കമല ഹാരിസിന്റെ മുദ്രാവാക്യങ്ങള്. ട്രംപിനെ ഏകാധിപതിയായി വിശേഷിപ്പിച്ചു. ഇവ രണ്ടും അപകടമാകുമെന്ന് മുന്നറിയിപ്പു നല്കി. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ എന്ന ട്രംപിന്റെ മുദ്രാവാക്യത്തിനു നല്ല സ്വീകാര്യത കിട്ടി.
കടുത്ത വെല്ലുവിളികള്
കടുത്ത വെല്ലുവിളികള് നേരിട്ടുതന്നെയാണ് ട്രംപ് ലക്ഷ്യത്തിലെത്തിയത്. പ്രധാനപ്പെട്ട മീഡിയകളെല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. ബുദ്ധിജീവികള്, സംസ്കാരിക പ്രവർത്തകര്, പരിസ്ഥിതി പ്രവര്ത്തകര് തുടങ്ങിയവരൊക്കെ അദ്ദേഹത്തെ എതിര്ത്തു.
അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന ചീഫ് ഓഫ് സ്റ്റാഫ് ജോണ് കെല്ലി ഉള്പ്പെടെയുള്ള സഹപ്രവര്ത്തകര്, മുന് സെനറ്റര് മിറ്റ് റോണി ഉള്പ്പെടെയുള്ള റിപ്പബ്ലിക്കന് നേതാക്കള് തുടങ്ങിയവരൊക്കെ അദ്ദേഹത്തെ എതിര്ത്ത് രംഗത്തുവന്നു.
രണ്ടു തവണ ട്രംപിനെ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റും കോണ്ഗ്രസും സംരക്ഷിച്ചു. ഇംപീച്ച് ചെയ്താല് പിന്നീട് പദവികള് വഹിക്കാനാവില്ല. 26 സ്ത്രീകളാണ് ട്രംപിനെതിരേ പരാതി നല്കിയത്.
വഞ്ചനാക്കുറ്റം, സാമ്പത്തിക കുറ്റം തുടങ്ങിയ ഇനങ്ങളില് 34 കേസുകളുണ്ട്. ചില കേസുകളില് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. അതിന്റെ അപ്പീലും മറ്റും നടന്നുവരുന്നു. ഈ കേസുകള് അദ്ദേഹത്തിനു ഭാവിയില് തടസങ്ങള് ഉയര്ത്തിയേക്കാം.
തെരഞ്ഞെടുപ്പില് ട്രംപ് തോറ്റിരുന്നെങ്കിലോ? അമേരിക്കയിലെ വിഖ്യാതമായ പ്യൂ റിസേര്ച്ച് നടത്തിയ സര്വേയില് പങ്കെടുത്ത 72 ശതമാനം പേരും പറഞ്ഞത് അദ്ദേഹം തോല്വി അംഗീകരിക്കില്ല എന്നാണ്.
2020ല് തോറ്റപ്പോള് അമേരിക്കന് പാര്ലമെന്റ് മന്ദിരമായ ക്യാപിറ്റോള് ഹില്ലിലേക്ക് ട്രംപിന്റെ അനുയായികള് നടത്തിയ ആക്രമണം ജനം മറന്നിട്ടില്ല. എന്തായാലും ട്രംപിന്റെ ജയം അത്തരം അനിഷ്ടസംഭവങ്ങള്കൂടി ഒഴിവാക്കിയിരിക്കുന്നു.
|
ട്രംപിനു രണ്ടാമൂഴം
വാഷിംഗ്ടൺ ഡിസി: റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിലേക്ക് ചരിത്രപരമായ തിരിച്ചുവരവ്. 538 അംഗ ഇലക്ടറൽ വോട്ടിൽ ഫലം പുറത്തുവന്നതിൽ 279 നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിലെ കമല ഹാരിസായിരുന്നു എതിർസ്ഥാനാർഥി. കമലയ്ക്ക് 223 വോട്ടാണു കിട്ടിയത്. 270 വോട്ടാണു വിജയത്തിനു വേണ്ടത്.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് എഴുപത്തിയെട്ടുകാരനായ ട്രംപ്. 132 വർഷത്തിനുശേഷം ആദ്യമായാണ് പ്രസിഡന്റായശേഷം പരാജയപ്പെട്ടയാൾ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
രണ്ടു തവണയും വനിതകളെ പരാജയപ്പെടുത്തി പ്രസിഡന്റായെന്ന റിക്കാർഡും ട്രംപ് സ്വന്തമാക്കി. അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റാകുന്ന ഡോണൾഡ് ട്രംപ് ജനുവരി 20നു സ്ഥാനമേൽക്കും.
ജനകീയ വോട്ടിലും മുന്നിലെത്തിയത് ട്രംപാണ്. അദ്ദേഹത്തിന് ജനകീയ വോട്ടിന്റെ 51 ശതമാനത്തിലേറെ ലഭിച്ചു. കമല ഹാരിസിന് 47.4 ശതമാനം ജനകീയ വോട്ടാണു ലഭിച്ചത്. 2017ൽ ട്രംപ് പ്രസിഡന്റായപ്പോൾ ജനകീയ വോട്ടിൽ മുന്നിലെത്തിയത് എതിരാളി ഹില്ലരി ക്ലിന്റനായിരുന്നു.
“അഭൂതപൂർവവും ശക്തവുമായ ജനവിധി അമേരിക്ക നമുക്ക് തന്നു. ഇത് അമേരിക്കൻ ജനതയുടെ ഉജ്വല വിജയമാണ്”ട്രംപ് പറഞ്ഞു. ഫലപ്രഖ്യാപനത്തിനുശേഷം ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ജെ.ഡി. വാൻസ് യുഎസ് വൈസ് പ്രസിഡന്റാകും.
നോർത്ത് കരോളൈന, ജോർജിയ, പെൻസിൽവേനിയ, വിസ്കോൺസിൻ, മിഷിഗൺ, നെവാഡ, അരിസോണ എന്നീ ഏഴു ചാഞ്ചാടുന്ന സംസ്ഥാനങ്ങളിൽ നേടിയ മുൻതൂക്കമാണ് ട്രംപിനു വിജയമൊരുക്കിയത്. 2020ൽ ഈ സംസ്ഥാനങ്ങളിൽ ആറെണ്ണത്തിൽ ജോ ബൈഡനാണു ലീഡ് നേടിയത്.
ഫ്ളോറിഡ, ടെക്സസ്, സൗത്ത് കരോളൈന, ഇന്ത്യാന തുടങ്ങിയ സംസ്ഥാനങ്ങൾ ട്രംപിനൊപ്പം നിലകൊണ്ടു. കലിഫോർണിയ, ന്യൂയോർക്ക്, ന്യൂമെക്സിക്കോ, വിർജീനിയ തുടങ്ങിയ ശക്തികേന്ദ്രങ്ങൾ ഡെമോക്രാറ്റുകൾ നിലനിർത്തി. കറുത്ത വർഗക്കാരുടെയും ലാറ്റിൻ അമേരിക്കക്കാരുടെയും പിന്തുണ പൂർണമായി ലഭിക്കാത്തതാണ് കമല ഹാരിസിന്റെ പരാജയത്തിനു കാരണമായതെന്നാണു വിലയിരുത്തൽ.
നാലു വർഷത്തിനുശേഷം ആദ്യമായി സെനറ്റിൽ റിപ്പബ്ലിക്കൻമാർക്കു ഭൂരിപക്ഷം ലഭിച്ചു. 100 സീറ്റുകളുള്ള സെനറ്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 51 സീറ്റാണ്. ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻമാർ ഭൂരിപക്ഷം നേടുമെന്നാണു സൂചന. സെനറ്റിനൊപ്പം ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടുന്നത് ഡോണൾഡ് ട്രംപിനെ കൂടുതൽ കരുത്തനാക്കും.
“സുവർണയുഗം സൃഷ്ടിക്കും”
വാഷിംഗ്ടൺ: അമേരിക്കന് ജനതയുടെ മഹത്തായ വിജയമെന്നാണു പ്രസിഡന്റ് പദവിയിലേക്കുള്ള തിരിച്ചുവരവിനെ ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്നലെ പുലർച്ചെ ഫ്ളോറിഡയിലെ പാം ബീച്ചിലെ പാം ബീച്ച് കണ്വന്ഷന് സെന്ററില് ജനക്കൂട്ടത്തോടു സംസാരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കയ്ക്ക് ഒരു സുവർണയുഗം വാഗ്ദാനം ചെയ്യുകയാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതിന് ഈ വിജയം സഹായിക്കുമെന്നും ട്രംപ് പറഞ്ഞു. ശക്തവും സമൃദ്ധവുമായൊരു അമേരിക്ക കെട്ടിപ്പടുക്കും വരെ വിശ്രമമില്ല. എല്ലാ ദിവസവും ശരീരത്തിലെ ഓരോ ജീവശ്വാസവും ജനങ്ങള്ക്കുവേണ്ടി പോരാടാന് ഉപയോഗിക്കും. നമ്മുടെ രാജ്യത്തെ സഹായിക്കാന് പോകുകയാണ് നാം.
നമ്മുടെ അതിര്ത്തികള് ഉറപ്പിക്കാന് തീരുമാനിച്ചിരിക്കുകയാണ്. തന്റെ വിജയത്തിനായി പ്രവര്ത്തിച്ച ശതകോടീശ്വരന് ഇലോണ് മസ്കിനെ പുതിയൊരു നക്ഷത്രത്തിന്റെ പിറവിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഭാര്യ മെലാനിയ ഉൾപ്പെടെ കുടുംബാംഗങ്ങളും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാന്സ്, ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു.
|
ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നോര്ത്ത് അമേരിക്കന് അലുംമ്നി അസോസിയേഷന് ഉദ്ഘാടനം ശനിയാഴ്ച ന്യൂയോര്ക്കില്
ന്യൂയോര്ക്ക്: ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ നോര്ത്ത് അമേരിക്കയിലെ അലുംമ്നി അസോസിയേഷന് ശനിയാഴ്ച(നവംബര് ഒമ്പത്) ന്യൂയോര്ക്കില് ഉദ്ഘാടനം ചെയ്യും.
ന്യൂയോര്ക്കിലെ മന്ഹാട്ടന് സെന്റ് ആന്റണീസ് ചര്ച്ചില് നടക്കുന്ന ചടങ്ങില് ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാന്സലര് റവ. ഡോ. ജോസഫ് സി. ചേന്നാട്ടശേരി സംബന്ധിക്കും.
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ വിദേശത്തുള്ള പ്രഥമ അലുംമ്നി അസോസിയേഷനാണിത്. അമേരിക്കയിലും കാനഡയിലുമുള്ള പൂര്വവിദ്യാര്ഥികള് ഈ ചടങ്ങില് പങ്കെടുക്കും.
വൈസ് ചാന്സലറുടെ സാന്നിധ്യത്തില് നോര്ത്ത് അമേരിക്കന് അലുംമ്നി അസോസിയേഷനന് ഭാരവാഹികള് ചടങ്ങില് സ്ഥാനമേല്ക്കും. കൂടുതല് വിവരങ്ങള്ക്ക് [email protected] എന്ന വിലാസത്തില് ബന്ധപ്പെടുക.
വിദ്യാഭ്യാസവിചക്ഷണനും സാമൂഹ്യ പരിഷ്കര്ത്താവുമായിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ വിദ്യാഭ്യാസ ദര്ശനങ്ങള്ക്കനുസൃതമായി രൂപം കൊണ്ടതാണ് ബംഗളൂരുവിലെ ക്രൈസ്റ്റ് ഡീംഡ് സര്വകലാശാല.
അദ്ദേഹം സ്ഥാപിച്ച സന്യാസസമൂഹമായ സിഎംഐ സഭയാണ് 1969ല് ക്രൈസ്റ്റ് സര്വകലാശാല സ്ഥാപിച്ചത്. പഠനം, ഗവേഷണം, എന്നിവ കൂടാതെ സേവനരംഗത്തും ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മികച്ച സംഭാവനകള് നല്കിപ്പോരുന്നു.
ആര്ക്കിടെക്ചര്, മാനവിക വിഷയങ്ങള്, ബിസിനസ് മാനേജ്മെന്റ്, എന്ജിനിയറിംഗ്, നിയമം തുടങ്ങി വിവിധ വിഷയങ്ങളിലായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്നിന്നും അറുപതു രാജ്യങ്ങളില്നിന്നുമായി 25,000 വിദ്യാര്ഥികള് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ കാമ്പസുകളില് പഠിക്കുന്നു.
ബംഗളൂരുവിനു പുറമേ പുനയിലെ ലവാസ, ഡല്ഹി എന്നിവിടങ്ങളിലും ക്രൈസ്റ്റ് ഡീംഡ് സര്വകലാശാലയയുടെ കാമ്പസുകള് പ്രവര്ത്തിക്കുന്നു.
|
സ്നേഹ വീട് പദ്ധതി: ആദ്യ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു
തിരുവനന്തപുരം: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഭവന രഹിതർക്കായുള്ള സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ആദ്യ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎയാണ് താക്കോൽ ദാനം നിർവഹിച്ചത്. വീട്ടുടമ അനിത താക്കോൽ ഏറ്റുവാങ്ങി. അമേരിക്കയിലെ പ്രമുഖ വ്യവസായിയും വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം രക്ഷാധികാരിയുമായ ഡോ. ബാബു സ്റ്റീഫനാണ് ഭവന നിർമാണത്തിനായുള്ള സാമ്പത്തിക സഹായം നൽകിയത്.
ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ കെ. വിജയചന്ദ്രൻ, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. ബാബു സ്റ്റീഫന് വേണ്ടി ഗ്ലോബൽ ജോയിന്റ് സെക്രട്ടറി കെ. വിജയചന്ദ്രൻ ഉപഹാരം ഏറ്റുവാങ്ങി.
സംസ്ഥാന ശിശു ക്ഷേമ സമിതി സെക്രട്ടറി ദീപക്, മുൻ മേയർ ശ്രീകുമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു
|
പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ; ട്രംപിന് ആശംസ നേർന്ന് മോദി
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തില് ഡോണള്ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ വിജയത്തിൽ തന്റെ സുഹൃത്ത് ട്രംപിനെ അഭിനന്ദിക്കുന്നു എന്ന് മോദി എക്സിൽ കുറിച്ചു.
ലോകസമാധാനത്തിനായും സുസ്ഥിരതയ്ക്കായും സമൃദ്ധിക്കായും ഒരുമിച്ച് പ്രവര്ത്തിക്കാമെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാവുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ട്രംപിനൊപ്പമുള്ള വിവിധ ചിത്രങ്ങളും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു.
|
സ്വിംഗ് സ്റ്റേറ്റുകളും ഒപ്പംനിന്നു, വിജയമുറപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി; നന്ദിപറഞ്ഞ് ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് വിജയമുറപ്പിച്ച് ഡോണൾഡ് ട്രംപിന്റെ തേരോട്ടം. 247 ഇലക്ടറല് വോട്ടുകള് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
210 വോട്ടുകള് മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാര്ഥി കമല ഹാരിസിന് നേടാന് കഴിഞ്ഞത്. 538 ഇലക്ടറല് കോളജ് വോട്ടില് 270 വോട്ട് നേടുന്നയാള് വൈറ്റ് ഹൗസിലെത്തും. വോട്ടെണ്ണല് പുരോഗമിക്കുമ്പോള് 23 സംസ്ഥാനങ്ങള് ട്രംപിനൊപ്പം നില്ക്കുമ്പോൾ 11 സംസ്ഥാനങ്ങള് മാത്രമാണ് കമലയ്ക്കൊപ്പമുള്ളത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നിര്ണായകമായി സ്വാധീനിക്കുന്ന സ്വിംഗ് സ്റ്റേറ്റുകളായ പെന്സില്വാനിയ, അരിസോണ, ജോര്ജിയ, മിഷിഗണ്, നെവാഡ, നോര്ത്ത് കാരളൈന, വിസ്കോൺസിന് എന്നിവിടങ്ങളിലെല്ലാം ട്രംപാണ് ലീഡ് ചെയ്യുന്നത്.
സ്വിംഗ് സ്റ്റേറ്റുകളിൽ നോർത്ത് കാരളൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപിനൊപ്പമാണ്. അതേസമയം, നെബ്രാസ്കയില്നിന്ന് ഡെബ് ഫിഷര് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ യുഎസ് പാര്ലമെന്റിന്റെ സെനറ്റിലും റിപ്പബ്ലിക്കന് പാര്ട്ടി ഭൂരിപക്ഷം നേടിക്കഴിഞ്ഞു.
വിജയമുറപ്പിച്ചതിനു പിന്നാലെ ഡോണൾഡ് ട്രംപ് ഫ്ളോറിഡയിൽ അണികളെ അഭിസംബോധന ചെയ്തു. ഔദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.
നാം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്, ഇത് രാജ്യം ഇതുവരെ കാണാത്ത രാഷ്ട്രീയ വിജയമാണ്. അമേരിക്കയുടെ സുവർണകാലമാണ് വരാനിരിക്കുന്നതെന്നും ജനങ്ങൾക്ക് നന്ദി പറയുന്നുവെന്നും ട്രംപ് പ്രസംഗത്തിൽ അറിയിച്ചു. ഭാര്യ മെലാനിയയ്ക്കും ട്രംപ് നന്ദി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും അണികളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്ന കമല ഹാരിസ് തന്റെ ഇലക്ഷന് നൈറ്റ് പ്രസംഗം റദ്ദാക്കിയതായി റിപ്പോര്ട്ടുകളുണ്ട്.
|
ഖലിസ്ഥാൻ വാദികളുടെ ആക്രമണം: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു
ഒട്ടാവ: കാനഡയിലെ ഹിന്ദുക്ഷേത്രത്തിൽ സിക്ക് വിഘടനവാദികൾ ആക്രമണം നടത്തിയ സംഭവത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധം അറിയിച്ചു. കാനഡിയിലെ ഹിന്ദു സമൂഹത്തിന് നേരെ അതിക്രമങ്ങൾ തുടർക്കഥയാവുകയാണെന്നും ഹിന്ദുക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും കെഎച്ച്എഫ്സി അറിയിച്ചു.
സ്ഥലം എംപി പി. ചന്ദ്ര, എംപി സോണിയ സിദ്ധു, ബ്രാംപ്ടൻ മേയർ പാട്രിക് ബ്രൗൺ എന്നിവരെ കെഎച്ച്എഫ്സി ഭാരവാഹികൾ വിളിച്ച് ആശങ്ക അറിയിക്കുകയും ആക്രമണം നടത്തിയവരെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
ഒന്റാറിയോയിലെ ബ്രാംപ്ടണിലെ ഹിന്ദു മഹാസഭ മന്ദിറിനു നേരേയാണ് കഴിഞ്ഞദിവസം ഖലിസ്ഥാൻ പതാകകളും വടികളുമായി എത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്. വിശ്വാസികളെ ആക്രമിക്കുന്നതിനിടെ അക്രമികളെ കനേഡിയൻ പോലീസ് ഇടപെട്ട് നീക്കിയെങ്കിലും ഏതാനും പേർ ആക്രമണത്തിനിരയായി.
ഖലിസ്ഥാൻ അനുകൂല പതാകകളുമായി എത്തിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ഇന്ത്യ അപലപിച്ചു.
തീവ്രവാദികളും വിഘടനവാദ സംഘങ്ങളും നടത്തിയ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പത്രക്കുറിപ്പിൽ അറിയിച്ചു.
കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ട്. ആരാധനാലയങ്ങളെ ഇത്തരം ആക്രമണങ്ങളിൽനിന്നു രക്ഷിക്കാൻ നടപടി വേണമെന്ന് കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖലിസ്ഥാന് ഭീകരന് ഹര്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനുപിന്നില് ഇന്ത്യയാണെന്ന ട്രൂഡോയുടെ ആരോപണത്തെത്തുടര്ന്ന് ഇന്ത്യ കാനഡ ബന്ധം താറുമാറായ സാഹചര്യത്തിലാണു ക്ഷേത്രത്തിനുനേരെയുള്ള ആക്രമണം.
|
കമല ഹാരിസിനുവേണ്ടി തിരുവാരൂരിൽ അഭിഷേകവും അർച്ചനയും
തിരുവാരൂർ: യുഎസിൽ പ്രസിഡന്റിനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനുവേണ്ടി തമിഴ്നാട്ടിലെ തിരുവാരൂരിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകൾ.
അഭിഷേകവും അർച്ചനയും ഉൾപ്പെടെ വഴിപാടുകളാണ് കമലയുടെ വിജയത്തിനുവേണ്ടി ധർമശാസ്ത പെരുമാൾ ക്ഷേത്രത്തിൽ ഗ്രാമവാസികൾ നടത്തിയത്.
കമല ഹാരിസ് വിജയിച്ചാൽ അന്നദാനവഴിപാടും നടത്തുമെന്ന് പ്രദേശത്തെ കൗൺസിലൽ അരുൾമൊഴി പറഞ്ഞു. കമല വിജയിച്ചാൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ.
കമല ഹാരിസിന്റെ അമ്മ ശ്യാമളയുടെ അച്ഛൻ പി.വി. ഗോപാലനും ഭാര്യ രാജവും കഴിഞ്ഞിരുന്നത് ഇവിടെയാണ്. തുടർന്ന് ദന്പതികൾ 1930ൽ ചെന്നൈയിലേക്ക് കുടിയേറുകയായിരുന്നു. ചെന്നൈയിൽവച്ചാണ് ശ്യാമള ജനിച്ചത്.
1958ൽ തന്റെ 19ാം വയസിൽ പഠനത്തിനായി യുഎസിലേക്കുപോയ ശ്യാമള ജമൈക്കൻ സ്വദേശി ഡൊണാൾഡ് ജെ. ഹാരിസിനെ വിവാഹം ചെയ്തു. പിന്നീട് ഇവർ വിവാഹമോചിതരായി. ദന്പതികളുടെ മൂത്ത മകളാണ് കമല. ഇളയയാൾ മായ.
|
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് മുന്നേറുന്നു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ റിപ്ലബിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നേറുന്നു.
ഡോണൾഡ് ട്രംപിന് 101 ഇലക്ട്രറൽ വോട്ടും കമലയ്ക്ക് 71 ഇലക്ട്രറൽ വോട്ടും എന്ന നിലയിലാണ് ഇപ്പോൾ. ഇന്ത്യാനയിലും കെന്റക്കിയിലും വെസ്റ്റ് വിർജീനിയയിലും സൗത്ത് കരോലിനയിലും ഫ്ലോറിഡയിലും ട്രംപ് മുന്നേറുന്നു.
വെർമോൺടിലും,റോഡ് ഐലൻഡിലും, കണക്റ്റികട്ട് എന്നിവിടങ്ങളിൽ കമല ഹാരീസ് ലീഡ് ചെയ്യുന്നുണ്ട്. പല സംസ്ഥാനങ്ങളിലും പോളിംഗ് ഇപ്പോഴും പുരോഗമിക്കുന്നു.
നേരത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ വോട്ടുരേഖപ്പെടുത്തി. ഫ്ലോറിഡയിലെ പാം ബീച്ചിലെ പോളിംഗ് സ്റ്റേഷനിൽ ഭാര്യ മെലാനിയയ്ക്കൊപ്പമെത്തിയാണ് ട്രംപ് വോട്ടുരേഖപ്പെടുത്തിയത്.
വലിയ ആത്മവിശ്വാസത്തിലാണ് താനെന്ന് വോട്ടുരേഖപ്പെടുത്തിയ ശേഷം ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
|
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇന്ത്യാനയിലും കെന്റക്കിയിലും ട്രംപ് മുന്നിൽ, വെർമോൺടിൽ കമല
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഇന്ത്യാനയിലും കെന്റക്കിയിലും ഡോണൽഡ് ട്രംപ് ആണ് മുന്നിൽ. വെർമോൺടിൽ കമല ഹാരീസ് ലീഡ് ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും പോളിംഗ് ഇപ്പോഴും പുരോഗമിക്കുന്നു.
നേരത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ വോട്ടുരേഖപ്പെടുത്തി. ഫ്ലോറിഡയിലെ പാം ബീച്ചിലെ പോളിംഗ് സ്റ്റേഷനിൽ ഭാര്യ മെലാനിയയ്ക്കൊപ്പമെത്തിയാണ് ട്രംപ് വോട്ടുരേഖപ്പെടുത്തിയത്.
വലിയ ആത്മവിശ്വാസത്തിലാണ് താനെന്ന് വോട്ടുരേഖപ്പെടുത്തിയ ശേഷം ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസും വോട്ടു രേഖപ്പെടുത്തി. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസ് നേരത്തെ തപാൽ വോട്ടു ചെയ്തിരുന്നു.
|
ഓള് സെയിന്റ്സ് ഡേയിൽ "ഹോളിവീൻ’ സംഘടിപ്പിച്ചു
കൊപ്പേൽ: സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്കാ ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ വിപുലമായി ആഘോഷിച്ചു. ലോകം ഹാലോവീൻ ആഘോഷങ്ങളുടെ പിടിയിലായിരിക്കുമ്പോൾ, ഇടവകയിൽ വിശുദ്ധരെയും വിശുദ്ധമായ ആചാരങ്ങളെയും മുൻനിർത്തിയായിരുന്നു ആഘോഷം.
ഒക്ടോബർ 31ന് രാവിലെ തുടങ്ങിയ ചടങ്ങുകൾ, വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിന്റെയും അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യന്റെയും നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയായിരുന്നു ആരംഭിച്ചത്.
ഹാലോവീന്റെ പേടിപ്പിക്കുന്ന വേഷവിഭവങ്ങൾ ഒഴിവാക്കി, വിശുദ്ധരുടെ പുണ്യജീവിതം കുട്ടികളിൽ അവതരിപ്പിക്കുന്നതിൽ ഇടവക ശ്രദ്ധകേന്ദ്രീകരിച്ചു.
രാത്രി ഏഴിന് വിശുദ്ധ കുർബാന നടന്നു. നവംബർ ഒന്നിന് സകല വിശുദ്ധരുടെയും ദിനമായി ആഘോഷിക്കുന്നതിനായി വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടി. വിശുദ്ധ കുർബാനയ്ക്ക് ശേഷം, വിശുദ്ധരുടെ വേഷങ്ങളിൽ കുട്ടികൾ പങ്കെടുത്ത ഓൾ സെയിന്റ്സ് ഡേ പരേഡും നടന്നു.
സെന്റ് പീറ്ററിന്റെ ഫിഷിംഗ് ഗെയിം, സെന്റ് ആന്റണിയുടെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഗെയിം തുടങ്ങി വിവിധ ഗെയിമുകളിലൂടെ വിശുദ്ധരുടെ ജീവിതം കുട്ടികൾ പഠിച്ചു. വിശുദ്ധരുടെ പ്രമേയത്തിലുള്ള വിഭവങ്ങളും ലഘുഭക്ഷണങ്ങളും ഒരുക്കി.
വിശ്വാസത്തിന്റെയും വിശുദ്ധരുടെയും മാതൃക അനുസരിച്ച് തിരുനാളുകൾ ആഘോഷിക്കുന്നതിൽ നേതൃത്വം നൽകിയ വികാരിമാർക്കും യുവജന നേതൃത്വത്തിനും മതബോധന അധ്യാപകർക്കും ഇടവക സമൂഹം നന്ദി രേഖപ്പെടുത്തി.
|
എലീനർ റൂസ്വെൽറ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സിസ്റ്റർ രഞ്ജന്
ഡാളസ്: യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓഫ് യുഎസ്എ (യുഎൻഎയുഎസ്എ) ഡാളസിന്റെ എലീനർ റൂസ്വെൽറ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബി.കെ. സിസ്റ്റർ രഞ്ജന് നൽകി ആദരിച്ചു .
ഈ അംഗീകാരം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) മുന്നോട്ട് കൊണ്ടുപോകുന്നതിന് സിസ്റ്റർ രഞ്ജന്റെ മികച്ച സംഭാവനകളെ ആദരിച്ചാണ് അവാർഡ് ലഭിച്ചത്.
ഒക്ടോബർ 26നാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. സിസ്റ്റർ രഞ്ജന്റെ സമർപ്പണം പലർക്കും പ്രചോദനം നൽകിയിട്ടുണ്ട്. ഈ അംഗീകാരം ബ്രഹ്മാകുമാരികൾ ചെയ്യുന്ന ഫലപ്രദമായ പ്രവർത്തനങ്ങളുടെ തെളിവാണ്.
സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്താൻ സിസ്റ്റർ രഞ്ജൻ യുഎന്നിന്റെ സഹകരണവും പിന്തുണയും തുടരും.
|
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ ലോക സൺഡേ സ്കൂൾ ദിനം ആഘോഷിച്ചു
മെസ്ക്വിറ്റ്(ഡാളസ്): ലോക സൺഡേ സ്കൂൾ ദിനം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബർ മൂന്നിന് രാവിലെ പത്തിന് ദേവാലയ പരിസരത്തു സൺഡേ സ്കൂൾ വിദ്യാർഥികൾ അണിനിരന്ന റാലിക്കു ലീന പണിക്കർ, തോമസ് ഈശോ, ജോതം സൈമൺ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ദേവാലയത്തിനകത്തു പ്രവേശിച്ചശേഷം വിശ്വാസികൾക്ക് അഭിമുഖമായി ഒത്തുകൂടിയ വിദ്യാർഥികൾ ക്വയർ മാസ്റ്റർ സുബി കൊച്ചമ്മയുടെ നേതൃത്വത്തിൽ "നന്മയിൻ ദീപം തെളിയുകയായിന എന്ന ഉദ്ഘാടന ഗാനം ഗാനമാലപിച്ചു.
ലോക സൺഡേ സ്കൂൾ ദിനം പ്രത്യേക ആരാധനക്കു വികാരി റവ ഷൈജു സി. ജോയിക്കൊപ്പം ജാനറ്റ് ഫിലിപ്പ്, രോഹൻ ചേലഗിരി, & ലിയ തരിയൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന വിശുദ്ധകുർബാനയ്ക്ക് റവ. ഷൈജു സി. ജോയി മുഖ്യ കാർമികത്വം വഹിച്ചു.
അബിയൻ അലക്സ്, ജേഡൻ ജേക്കബ് എന്നിവർ സഹകാർമികരായിരുന്നു. ഏബൽ ചാക്കോ, ക്രിസ്റ്റീൻ അലക്സ് എന്നിവർ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ട്വിങ്കിൾ ടോബി സന്ദേശം നൽകി. എലീജ റിനു തോമസ് പ്രാർഥിച്ചു.
തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ലീ മാത്യു ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. സൺഡേ സ്കൂളിലെ അധ്യാപകർക്ക് തുടർച്ചയായ മൂന്ന് വർഷത്തിനുള്ള സേവനത്തിനു റവ. ഷൈജു സി. ജോയ്, ബിനി ടോബി, രേഷ്മ ജെഹോഷ് എന്നിവർ ചേർന്നു അവാർഡുകൾ നൽകി ആദരിച്ചു.
ഭദ്രാസനാടിസ്ഥാനത്തിൽ ലഭിച്ച മെറിറ്റ് അവാർഡുകളുടെ വിതരണവും നിർവഹിച്ചു. റവ.ഫാ, ഷൈജു സി.ജോയ് പ്രാർഥനയോടെ ആഘോഷങ്ങൾ സമാപിച്ചു.
|
ഒർലാൻഡോ പള്ളിയിൽ അനുസ്മരണ പ്രാർഥനയും ചാത്തുരുത്തിൽ തിരുമേനിയുടെ ഓർമയും നടത്തി
ഫ്ലോറിഡ: ഒർലാൻഡോ സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ ഭാരതത്തിലെ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനുസ്മരണ പ്രാർഥനയും ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമയും നടത്തപ്പെട്ടു .
കാതോലിക്കാ ബാവായുടെ വിയോഗദിനമായിരുന്ന ഒക്ടോബർ 31ന് വൈകിട്ട് സന്ധ്യാനമസ്കാരവും അനുസ്മരണ പ്രാർഥനകളും ഇടവക വികാരി റവ .ഫാ. ബെന്നി ജോർജിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.
കൂടാതെ കബറടക്ക ശുശ്രൂഷകൾ നടത്തപ്പെട്ട നവംബർ രണ്ടിന് പ്രഭാത നമസ്കാരത്തിനും വി. കുർബാനയ്ക്കും ശേഷം ശ്രേഷ്ഠ ബാവയ്ക്ക് വേണ്ടിയുള്ള പ്രത്യേക ധൂപപ്രാർഥനകളും അനുസ്മരണ പ്രസംഗവും റവ. ഫാ. ജെയിംസ് മുളംതാനത്തിന്റെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെട്ടു .
ശ്രേഷ്ഠ ബാവയുടെ സഭയെക്കുറിച്ചുള്ള ദീർഘവീക്ഷണവും അചഞ്ചലമായ അന്ത്യോഖ്യാ വിശ്വാസവും പെരുമാറ്റത്തിലെ വിനയവും പ്രാർഥന നോമ്പ് മുതൽ കാര്യങ്ങളിലുള്ള തീഷ്ണതയും ദൈവമാതാവിനോടുള്ള പ്രത്യേക ഭക്ത്യാദരവുകളും എല്ലാവരും മാതൃകയാക്കേണ്ടതാണെന്നു വന്ദ്യ വൈദീകർ ഓർമിപ്പിച്ചു.
നേരത്തെ തീരുമാനിച്ചതനുസരിച്ചു പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മദിനം ലളിതമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ധൂപപാർഥനയ്ക്കും കൈമുത്തിനും ശേഷം നേർച്ചവിളമ്പോടെ ഓർമ്മ ചടങ്ങുകൾ അവസാനിച്ചു
കൂടുതൽ വിവരങ്ങൾക്ക്: റവ .ഫാ . ബെന്നി ജോർജ് (വികാരി) 9789303047, എൽദോ മാത്യു (ട്രസ്റ്റി ) 4077299092, സിജു ഏലിയാസ് (സെക്രട്ടറി ) 8133686820.
|
എഎൽഎഫിനായി ഒരുങ്ങി ന്യൂജഴ്സിയും സീയാറ്റലും
ന്യൂജഴ്സി: ദേശീയ അന്തർദേശീയ തലത്തിലുള്ള എഴുത്തുകാരെയും കവികളെയും ഉൾപ്പെടുത്തി അമേരിക്കയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ അല ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
ന്യൂജഴ്സി, സീയാറ്റൽ എന്നിവിടങ്ങളിൽ വച്ച് എഎൽഎഫാണ് നടത്തുന്നത്. ഇത് അലയുടെ ആഭിമുഖ്യത്തിലുള്ള ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ ആണ്.
ട്രാൻസെൻഡിംഗ് ബോർഡേഴ്സ്, കണക്ടിംഗ് കൾച്ചറസ് എന്ന വിഷയത്തെ ആസ്പദമാക്കി ഈ മാസം 16ന് ന്യൂജഴ്സിയിലും 23ന് സീയാറ്റലിലും വച്ചാണ് പ്രസ്തുത പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പ്രശസ്ത എഴുത്തുകാരായ ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോ. സുനിൽ പി. ഇളയിടം, ആമിനാറ്റ ഫോർണ, പ്രഫ. ഗബീബ ബദേറൂൺ, ശോഭ തരൂർ ശ്രീനിവാസൻ, മൻറീത്ത് സോദി, വിജയ് ബാലൻ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെ ആസ്പദമാക്കി പ്രശസ്ത നാടക സംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂർ ഒരുക്കിയ നാടകവും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
ഫെസ്റ്റിവലിനോടനുബന്ധിച്ച് ബുക്ക് സ്റ്റാളുകൾ, എഴുത്തുപുരകൾ, ആർട്ട് വർക്ക്ഷോപ്പ്, ഭക്ഷണശാലകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
|
സൗത്ത് കരോലിനയിൽ റിച്ചഡ് മൂറിന്റെ വധശിക്ഷ നടപ്പിലാക്കി
സൗത്ത് കരോലിന: കൺവീനിയൻസ് സ്റ്റോർ ക്ലാർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ റിച്ചഡ് മൂറിന്റെ വധശിക്ഷ നടപ്പിലാക്കി.
ജയിൽ ഡയറക്ടർ, പാസ്റ്റർമാർ, കുടുംബാംഗങ്ങൾ എന്നിവർ വധശിക്ഷ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിരുന്നുവെങ്കിലും അത് അംഗീകരിച്ചില്ല.
മാരകമായ വിഷം കുത്തിവച്ചാണ് ശിക്ഷ നടപ്പാക്കിയത്. വൈകുന്നേരം 6.24 ന് മരണം സ്ഥിരീകരിച്ചു. 2001ലാണ് മൂറിന് വധശിക്ഷ വിധിച്ചത്.
|
ഡാളസ് കേരള അസോസിയേഷൻ ജന്മദിനാഘോഷം 16ന്
ഡാളസ്: കേരള അസോസിയേഷൻ കേരളത്തിന്റെ 68ാമത് പിറന്നാൾ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഈ മാസം 16ന് കേരളീയം എന്നപേരിലാണ് കേരളം പിറവി സംഘടിപ്പിക്കുന്നത്.
ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, കേരളനടനം, തെയ്യം തുടങ്ങിയ കേരളത്തനിമയാർന്ന കലാപരിപാടികളുമായി തകർപ്പൻ ഒരാഘോഷമാണ് കേരളീയം.
വൈകുന്നേരം ആറ് മുതൽ 8.30 വരെ ഗാർലൻഡിലെ സെന്റ് തോമസ് സീറോമലബാർ ചർച്ച് ജൂബിലി ഹാളിലാണ് പരിപാടികൾക്ക് തിരശീല ഉയരുന്നത്. എല്ലാവരെയും കേരളീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.
പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ദീപക് മടത്തിൽ, സുബി ഫിലിപ്പ്, വിനോദ് ജോർജ് ,സാബു മാത്യു, ജെയ്സി രാജു, സാബു മുക്കാലടിയിൽ, അഗസ്റ്റിൻ ബേബിറ്റ് കൊടുവത്ത് ഫ്രാൻസിസ് ആംബ്രോസ് ഡിംപിൾ ജോസഫ് എന്നിവരാണ് കേരളീയം വൻ വിജയമാകുന്നതിനു പ്രവർത്തിക്കുന്നത്.
|
ജഴ്സി സിറ്റിയിൽ ശാന്തിഗ്രാം വെൽനെസ് കേരള ആയുർവേദ പ്രവർത്തനമാരംഭിച്ചു
ന്യൂജഴ്സി: അമേരിക്കയിൽ ആയുർവേദത്തിനു പുതിയ മേൽവിലാസം സൃഷ്ടിച്ചു മുന്നേറുന്ന ശാന്തിഗ്രാം വെൽനസ് കേരള ആയുർവേദ ജഴ്സി സിറ്റിയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ന്യൂജഴ്സി സ്റ്റേറ്റ് സെനറ്റർ രാജ് മുഖർജി, ജേഴ്സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ്പ് എന്നിവരുൾപ്പെടെയുള്ള ന്യൂജഴ്സിയിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കേരള ആയുർവേദ ചികിത്സകൾ ന്യൂജഴ്സിയിലേക്ക് കൊണ്ടുവരുന്നതിലുള്ള ശാന്തിഗ്രാമിന്റെ പങ്കിനെ സെനറ്റർ മുഖർജി അഭിനന്ദിച്ചു. ആയുർവേദത്തിലൂടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സമർപ്പണത്തിന് ശാന്തിഗ്രാമിന്റെ സ്ഥാപകനും പ്രസിഡന്റും സിഇഒയുമായ ഡോ. ഗോപിനാഥൻ നായരെ അംഗീകരിക്കുന്ന സംസ്ഥാന സെനറ്റിന്റെയും അസംബ്ലിയുടെയും സംയുക്ത പ്രമേയം അദ്ദേഹം വായിച്ചു.
മേയർ സ്റ്റീവൻ എം. ഫുലോപ്പും കൗൺസിൽ അംഗങ്ങളും ഇൻസ്പെക്ടർ ഉസ്മാനി ഗനിയും പുതിയ സംരംഭത്തിന് ആശംസകൾ നേർന്നു. ശാന്തിഗ്രാമിന് സിറ്റിയുടെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
പരിപാടിയിൽ പങ്കെടുത്ത ഉപഭോക്താക്കൾ ശാന്തിഗ്രാമിന്റെ ചികിത്സകളിൽ നിന്ന് അവർക്കുണ്ടായ നേട്ടങ്ങളും രോഗശാന്തിയടക്കമുള്ള അനുഭവങ്ങളും സാക്ഷ്യപ്പെടുത്തി.
ആരോഗ്യത്തിനും ക്ഷേമത്തിനും ആയുർവേദ ചികിത്സകൾക്കുള്ള സ്വാധീനം അടിവരയിടുന്ന ഇക്കാര്യങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് ഡോ. ഗോപിനാഥൻ നായർ തന്റെ ഉദ്യമത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പങ്കുവച്ചു.
യോഗയ്ക്കും ആയുർവേദത്തിനും ആവശ്യക്കാർ ഏറെയുള്ള ന്യു യോർക്ക് സിറ്റിക്കു സമീപത്തുള്ള ഈ കേന്ദ്രം ഒരു നാഴികക്കല്ലാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ജേർണൽ സ്ക്വയർ പാത്ത് ട്രെയിൻ സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന ഈ പുതിയ കേന്ദ്രം, അമേരിക്കയിലും പുറത്തും ലോക ആയുർവേദ ദിനം ആഘോഷിക്കുന്ന സമയത്തുതന്നെ പ്രവർത്തനസജ്ജമാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ശാന്തിഗ്രാമിന്റെ അമരക്കാരനായ ഡോ. ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു.
5000 വർഷം പഴക്കമുള്ള ആയുർവേദ ശാസ്ത്രത്തെ ആരോഗ്യരംഗത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശാന്തിഗ്രാമിന്റെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇത്.
ന്യൂജഴ്സിയിലെ ഹാമിൽട്ടണിൽ ഉടൻ തന്നെ ആരംഭിക്കുന്ന കേന്ദ്രത്തിന്റെയും വിപുലീകരണ പദ്ധതിയുടെയും ഭാഗമാണ് ന്യൂയോർക്കിലെ മൻഹാട്ടന് സമീപം സ്ഥിതി ചെയ്യുന്ന ജേഴ്സി സിറ്റിയിലെ ശാന്തിഗ്രാം കേന്ദ്രം.
ഈ വിപുലീകരണം ഒരു പ്രമുഖ ദേശീയ ആയുർവേദ കമ്പനി എന്ന നിലയിലുള്ള ശാന്തിഗ്രാമിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം സമഗ്രവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ തെറപ്പികൾ വാഗ്ദാനം നൽകുകയും ചെയ്യുന്നു.
മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ്, ജീവിതശൈലി അവസ്ഥകൾ, വയോജന പരിചരണം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ആയുർവേദ മന്ത്ര എന്ന ടിവി ഏഷ്യ സീരീസ് ഹോസ്റ്റ് ചെയ്ത ലോകപ്രശസ്ത ആയുർവേദ വിദഗ്ധയും ശാന്തിഗ്രാമിന്റെ ചീഫ് കൺസൾട്ടന്റുമായ ഡോ. അംബിക നായരുടെ സേവനം അപ്പോയ്മെന്റ് എടുത്താൽ ശാന്തിഗ്രാം വെൽനെസ് സെന്ററിൽ ലഭിക്കുന്നതാണ്.
സ്പെഷ്യലൈസ്ഡ് വെൽനസ് സേവനങ്ങളാണ് ശാന്തിഗ്രാമിന്റെ സവിശേഷതകളിലൊന്ന്. 24/7 ആയുർവേദ വെൽനസ് കൺസൾട്ടേഷൻ പ്ലാറ്റ്ഫോം സജ്ജീകരിച്ചിട്ടുമുണ്ട്.
ശാന്തിഗ്രാം വെൽനസിന് ഫ്രാഞ്ചൈസി നൽകുന്നതിന് ഫെഡറൽ അംഗീകാരമുണ്ടെന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഫ്രാഞ്ചൈസി മാതൃകയിൽ ശാന്തിഗ്രാം വെൽനസ് സെന്ററുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ഡോ. ഗോപിനാഥൻ നായർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ശാന്തിഗ്രാം വെൽനസ് കേരള ആയുർവേദ, 1681 സ്റ്റേറ്റ് റൂട്ട് 27, എഡിസൺ ന്യൂജേഴ്സി 08817 എന്ന വിലാസത്തിലോ +17329158813 എന്ന നമ്പറിലോ ബന്ധപ്പെടാം.
ഇമെയിൽ: [email protected]. വെബ്സൈറ്റ്: www.santhigram.com.
|
അമേരിക്ക ആർക്കൊപ്പം?; വന്പൻ പ്രവചനവുമായി ‘കുള്ളൻ ഹിപ്പൊ’
പട്ടായ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ അടുത്ത പ്രസിഡന്റ് ആരാണെന്നുള്ള കുള്ളൻ ഹിപ്പൊപ്പൊട്ടാമസ് മൂ ഡെംഗിന്റെ പ്രവചനം പുറത്ത്.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിനെയാണ് വൈറൽ ഹിപ്പോ തെരഞ്ഞെടുത്തത്. തായ്ലൻഡിലെ പട്ടായയിലെ ഖാവോ ഖീ ഓപൺ മൃഗശാലയിൽ ഹിപ്പോ തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നത് കാണാൻ ആയിരക്കണക്കിന് സന്ദർശകർ എത്തിയിരുന്നു.
പഴങ്ങൾ കൊണ്ടുള്ള വിഭവങ്ങളിൽ ഇരു സ്ഥാനാർഥികളുടെയും പേരുകൾ എഴുതിയാണ് മൃഗശാല അധികൃതർ മൂ ഡെംഗിന് മുൻപിൽ വച്ചത്. ഇതിൽ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്കാണ് മൂ ഡെംഗ് തെരഞ്ഞെടുത്തത്.
പശ്ചിമ ആഫ്രിക്ക സ്വദേശികളാണ് പിഗ്മി ഹിപ്പോ അഥവാ ഡ്വാർഫ് ഹിപ്പോകൾ. വംശനാശ ഭീഷണി നേരിടുന്ന ജീവി വിഭാഗമാണ് ഇവ. ലോകത്തിൽ തന്നെ 3000 താഴെ പിഗ്മി ഹിപ്പോകളാണ് അവശേഷിക്കുന്നത്.
|
അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഉദ്വേഗം, അനിശ്ചിതത്വം
വാഷിംഗ്ടണ് ഡിസി: അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള് മാത്രം അവശേഷിക്കെ, ആരായിരിക്കും ജയിക്കുക എന്നതു സംബന്ധിച്ച് തികഞ്ഞ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഡെമോക്രാറ്റിക് പാര്ട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യന് വംശജയുമായ കമല ഹാരിസ് ജയിക്കുമോ എന്നതു സംബന്ധിച്ച ഉദ്വേഗം ഇന്ത്യയിലുമുണ്ട്.
റിപ്പബ്ലിക്കന് പാര്ട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡോണള്ഡ് ട്രംപിന് പ്രസിഡന്റ് പദത്തിലേക്കുള്ള അവസാന അവസരമാണിത്. ഏതാണ്ട് ഒരു വര്ഷമായി നടന്നുവരുന്ന തെരഞ്ഞെടുപ്പു പ്രക്രിയ അവസാന ലാപ്പിലെത്തുമ്പോള് ഫലം പ്രവചനാതീതം.
മുൻകൂർ വോട്ട് ചെയ്യാനുള്ള സൗകര്യം (ഏര്ളി വോട്ടിംഗ്) ഏതാണ്ട് എട്ടു കോടിയിലധികം പേര് ഉപയോഗപ്പെടുത്തി. ഒന്പത് സംസ്ഥാനങ്ങളില് പകുതിയിലധികം പേര് വോട്ട് ചെയ്തു. മൊത്തം 24 കോടി വോട്ടര്മാരാണുള്ളത്.
മുൻകൂർ വോട്ട് ചെയ്തവരുടെ ഇടയില് നടത്തിയ സര്വെയില് കമലയ്ക്ക് ലീഡുണ്ട്. പരമ്പരാഗതമായി ഡെമോക്രാറ്റുകള് മുൻകൂർ വോട്ട് ചെയ്യുന്നവരാണ്. ചില സംസ്ഥാനങ്ങളില് മുൻകൂർ വോട്ടുകള് എണ്ണിവയ്ക്കാറുണ്ട്.
അമേരിക്കയിലെ ഓരോ സംസ്ഥാനത്തും അവര്ക്ക് ഇഷ്ടമുള്ള രീതിയാണ് പിന്തുടരുന്നത്. കോവിഡിനെത്തുടര്ന്ന് 2020ല് വലിയതോതില് മുൻകൂർ വോട്ടും പോസ്റ്റല് വോട്ടും നടന്നതിനാല് അവ തെരഞ്ഞെടുപ്പു ദിവസം എണ്ണിത്തീരാന് വൈകിയിരുന്നു.
ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മത്സരമായതിനാല് അത് അഭ്യൂഹങ്ങള്ക്കും പിന്നീട് കേസിനും വഴിതുറന്നു. അതുകൊണ്ട് ഇത്തവണ ഓരോ സംസ്ഥാനവും യുക്തമായ ക്രമീകരണം ചെയ്തിട്ടുണ്ട്. ട്രെന്ഡിന്റെ അടിസ്ഥാനത്തില് ആദ്യം ടിവി ചാനലുകളിലാണ് ഫലം വരുന്നത്.
കത്തുന്ന വിഷയങ്ങള്
എട്ടു വിഷയങ്ങളെ ചുറ്റിപ്പറ്റിയാണു പ്രചാരണം പൊടിപൊടിച്ചത്. ഇതില് നാലെണ്ണത്തില് വീതം ട്രംപിനും കമലയ്ക്കും മേല്ക്കൈയുണ്ട്. സമ്പദ്ഘടന, കുടിയേറ്റം, കുറ്റകൃത്യ നിയന്ത്രണം, വിദേശനയം എന്നിവയില് ട്രംപിനു മേല്ക്കൈ.
ആരോഗ്യരംഗം, ഗര്ഭഛിദ്രം, പരിസ്ഥിതി, വിദ്യാഭ്യാസരംഗം എന്നിവയില് കമലയ്ക്ക് മുന്തൂക്കം. സ്ത്രീയായതിനാലും ഗര്ഭഛിദ്രം അവകാശമാണെന്നു വാദിക്കുന്നതിനാലും സ്ത്രീകളുടെ ഇടയില് കമലയ്ക്കു നല്ല പിന്തുണയുണ്ട്. നിലവിലുള്ള ബൈഡന് സര്ക്കാരിനെതിരേയുള്ള ജനവികാരമാണ് കമലയുടെ പ്രധാന ദൗര്ബല്യം.
നാലുവര്ഷംകൊണ്ട് നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടോ എന്ന ട്രംപിന്റെ ചോദ്യത്തിന് ഇല്ലെന്നു തന്നെയാണ് ഭൂരിപക്ഷം അമേരിക്കക്കാരുടെയും മറുപടി. സാമ്പത്തികമേഖല കൈകാര്യം ചെയ്യാനും കുടിയേറ്റം നിയന്ത്രിക്കാനും ട്രംപാണു മെച്ചമെന്ന് മിക്കവരും കരുതുന്നു.
താന് പ്രസിഡന്റായിരുന്നപ്പോള് പുതുതായി ഒരു യുദ്ധവും തുടങ്ങിവച്ചില്ലെന്നും ലോകത്ത് പൊതുവേ സമാധാനം നിലനിന്നിരുന്നുവെന്നും ട്രംപ് പറയുന്നു. ഇപ്പോള് ഗാസയും പശ്ചിമേഷ്യയും പുകയുന്നു. ഇറാന് പുതിയ യുദ്ധത്തിനു കോപ്പുകൂട്ടുന്നു.
യുക്രെയ്ൻ യുദ്ധം അവിരാമം തുടരുന്നു. ലോക പോലീസുകാരന് എന്ന പദവി അമേരിക്കയ്ക്കു നഷ്ടപ്പെട്ടതില് വലിയൊരു ജനവിഭാഗത്തിന് അസംതൃപ്തിയുള്ളത് ട്രംപിന് അനുകൂലമാണ്.
കാലാവസ്ഥാ വ്യതിയാനത്തെ ലോകം നേരിടുന്ന ഗുരുതരമായ വിഷയമായി ഏറ്റെടുക്കുന്നത് ഡെമോക്രാറ്റുകളാണ്. ഫോസില് ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, ബദല് ഊര്ജസ്രോതസുകള് വികസിപ്പിക്കുക, ആഗോള സമൂഹവുമായി കൈകോര്ത്ത് പ്രവര്ത്തിക്കുക തുടങ്ങിയ കാര്യങ്ങളില് ബൈഡന് ഭരണകൂടം നല്ല തുടക്കമിട്ടു.
എന്നാല് ട്രംപ് കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്നു പറയുകയും കാലാവസ്ഥ ഉച്ചകോടി ബഹിഷ്കരിക്കുകയും ചെയ്തു. പ്രധാന വിഷയങ്ങള്ക്കൊപ്പം അടിയൊഴുക്കുകളും ഏറെയുണ്ടായി. വ്യക്തിഹത്യ, വംശീയത, വര്ഗീയത തുടങ്ങിയവയൊക്കെ തരാതരം പോലെ പ്രയോഗിക്കപ്പെട്ടു.
ട്രംപിന്റെ പരസ്ത്രീ ബന്ധങ്ങള്, കേസുകള് തുടങ്ങിയവ വീണ്ടും ചര്ച്ചയായി. കമല ഹാരിസ് കറുത്ത വര്ഗക്കാരിയായും കുട്ടികളില്ലാത്തവളായും ചിത്രീകരിക്കപ്പെട്ടു. സഖാവ് എന്നു വിളിച്ച് അവരെ കമ്യൂണിസ്റ്റായി ബ്രാന്ഡ് ചെയ്തു.
അമേരിക്കക്കാര്ക്ക് ഇത്തവണ ഒരാളെ തെരഞ്ഞെടുക്കാന് തലപുകഞ്ഞ് ആലോചിക്കേണ്ടിവരും. ഒരുപാട് വിഷയങ്ങള്, വ്യത്യസ്ത നിലപാടുകള്. ട്രംപിനെയും കമലയെയും താരതമ്യം ചെയ്യേണ്ടിവരും. വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന വ്യക്തിത്വങ്ങള്.
കമല ഹാരിസ് ഇതിനോടകംതന്നെ ചരിത്രം രചിച്ചുകഴിഞ്ഞു. അമേരിക്കന് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ വംശജയാണവർ. ബറാക് ഒബാമയാണ് ആദ്യത്തെ ആഫ്രിക്കൻ വംശജൻ.
ജയിച്ചാല് അമേരിക്കന് പ്രസിഡന്റാകുന്ന ആദ്യത്തെ വനിത. ഹില്ലരി ക്ലിന്റണ് ആദ്യ വനിതാ സ്ഥാനാര്ഥിയായെങ്കിലും തോറ്റു. ഒരു വനിതയെ അമേരിക്കന് പ്രസിഡന്റാക്കുന്നതിലെ വിമുഖതയാണ് എല്ലാ സര്വേകളിലും മുന്നിട്ടുനിന്ന ഹില്ലരിയെ 2016ല് വീഴ്ത്താന് ട്രംപിനെ സഹായിച്ചത്. അതു കമലയെ വീഴ്ത്തുമോ?
ദുഃസ്വപ്നം
2020ല് റിപ്പബ്ലിക്കന് പാര്ട്ടി അമേരിക്കന് പാര്ലമെന്റിന്റെ ആസ്ഥാനമന്ദിരമായ ക്യാപ്പിറ്റോള് ഹില്ലിലേക്കു നടത്തിയ മാര്ച്ചും തുടർന്നുണ്ടായ അതിക്രമങ്ങളും ഈ തെരഞ്ഞെടുപ്പുകാലത്ത് വീണ്ടും ചര്ച്ചാവിഷയമായി.
പെന്സില്വേനിയയുടെ ഫലം നാലു ദിവസം കഴിഞ്ഞ് പ്രഖ്യാപിച്ചപ്പോഴാണു ജോ ബൈഡന് 270 കടന്നത്. അപ്പോഴും പല സംസ്ഥാനങ്ങളിലും വോട്ടെണ്ണല് കഴിഞ്ഞിരുന്നില്ല. കോടതി കയറി ഫലപ്രഖ്യാപനം പലയിടത്തും നീണ്ടു.
2021 ജനുവരി 20ന് ബൈഡന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് ജനുവരി ആറിന് ട്രംപിന്റെ അനുയായികള് ക്യാപ്പിറ്റോള് മന്ദിരത്തിൽ ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു. ട്രംപ് ഇതിനെ ഇപ്പോഴും ന്യായീകരിക്കുന്നു. വൈറ്റ് ഹൗസില്നിന്ന് അന്ന് ഇറങ്ങരുതായിരുന്നെന്ന് അദ്ദേഹം ഇപ്പോഴും പറയുന്നു.
ട്രംപ് തോറ്റാല് ചരിത്രം ആവര്ത്തിക്കുമെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും കരുതുന്നതായി പ്യൂ റിസര്ച്ച് സെന്ററിന്റെ സര്വേയില് പറയുന്നു. അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുകയും ചെയ്യും.
|
ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: കാനഡയിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണെന്നും മോദി പറഞ്ഞു. കാനഡയിലെ ബ്രാംപ്ടണിൽ ഖലിസ്ഥാൻ വാദികൾ ആണ് ഹിന്ദു ക്ഷേത്രം ആക്രമിച്ചത്.
ബ്രാംപ്ടണിലെ ഹിന്ദു മഹാ സഭ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരുപറ്റം ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ക്ഷേത്രത്തിലേക്ക് പ്രകടനം നടത്തുകയായിരുന്നു.
ക്ഷേത്ര കാവടത്തിൽ നിന്ന ഭക്തരെയും ഇന്ത്യയുടെ പതാക ഏന്തിയ ആളുകളെയും ക്ഷേത്ര മതിലിന് അകത്തേക്ക് കടന്നു കയറിയ ഖലിസ്ഥാൻ അനുകൂലികൾ മർദിച്ചു. സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല.
ആക്രമണത്തെ അപലപിച്ച് നേരത്തെ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
|
പെറുവിൽ ഫുട്ബോൾ താരം ഇടിമിന്നലേറ്റ് മരിച്ചു
ലിമ: തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ ഫുട്ബോൾ താരം ഇടിമിന്നലേറ്റ് മരിച്ചു. ഫുട്ബോൾ മത്സരത്തിനിടെയാണ് താരത്തിന് ഇടിമിന്നലേറ്റത്. യുവന്റഡ് ബെല്ലവിസ്റ്റ എന്ന പ്രാദേശിക ക്ലബിന്റെ താരമായ ജോസ് ഹ്യൂഗോ ഡി ലാ ക്രൂസ് മെസ(39)യാണ് മരിച്ചത്.
മറ്റ് ചില കളിക്കാർക്കും പൊള്ളലേറ്റിട്ടുണ്ട്. ഞായറാഴ്ച പെറുവിലെ ഹുവാങ്കയോയിലെ രണ്ട് ക്ലബ്ബുകളായ യുവന്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണമായ സംഭവം.
മഴ കനത്തതിനെ തുടര്ന്ന് കളിക്കാരോട് മൈതാനത്ത് നിന്ന് കയറാന് റഫറി ആവശ്യപ്പെട്ടിരുന്നു. കളിക്കാര് മൈതാനത്തിന് പുറത്തേക്ക് പോവുമ്പോഴാണ് താരത്തിന് മിന്നലേറ്റത്. ടീമിന്റെ ഗോള്കീപ്പര് ജുവാന് ചോക്ക ലാക്റ്റ ഗുരുതരാവസ്ഥയിലാണ്.
|
കാനഡയിലെ ഖലിസ്ഥാൻ ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ബ്രാംപ്ടൺ: കാനഡ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹരീന്ദർ സോഹി എന്ന ഉദ്യോഗസ്ഥനെ പീൽ റീജിനൽ പോലീസാണ്സസ്പെൻഡ് ചെയ്തത്.
പോലീസ് സർജന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന ഹരീന്ദർ സോഹി ഖലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി. വീഡിയോയിൽ ഖലിസ്ഥാനി പതാകയുമായി സോഹി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യമാണ്.
കഴിഞ്ഞ ദിവസം ഒരു പറ്റം ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ബ്രാംപ്ടണിലെ ക്ഷേത്രത്തിലേക്ക് പ്രകടനം നടത്തുകയായിരുന്നു. ക്ഷേത്ര കാവടത്തിൽ നിന്ന ഭക്തരെയും ഇന്ത്യയുടെ പതാക ഏന്തിയ ആളുകളെയും ക്ഷേത്ര മതിലിനു അകത്തേക്ക് കടന്നു കയറിയ ഖലിസ്ഥാൻ അനുകൂലികൾ മർദിച്ചു.
|
വൈറ്റ്ഹൗസിലേക്ക് ട്രംപോ കമലയോ ?
വാഷിംഗ്ടൺ ഡിസി: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസും പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഏറ്റുമുട്ടുന്നു.
പ്രചാരണത്തിൽ ഇരുവരും ഇഞ്ചോടിച്ചു പോരാട്ടം നടത്തിയതായി അഭിപ്രായ സർവേകൾ പറയുന്നു. കുടിയേറ്റം, ഗർഭഛിദ്രാവകാശം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പിന് മണിക്കൂറുകള് മാത്രം അവശേഷിക്കെ, ആരായിരിക്കും ജയിക്കുക എന്നതു സംബന്ധിച്ച് തികഞ്ഞ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
കമല ഹാരിസ് ജയിക്കുമോ എന്നതു സംബന്ധിച്ച ഉദ്വേഗം ഇന്ത്യയിലുമുണ്ട്. ഡോണള്ഡ് ട്രംപിന് പ്രസിഡന്റ് പദത്തിലേക്കുള്ള അവസാന അവസരമാണിത്. ഏതാണ്ട് ഒരു വര്ഷമായി നടന്നുവരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അവസാന ലാപ്പിലെത്തുമ്പോള് ഫലം പ്രവചനാതീതം.
മുൻകൂർ വോട്ട് ചെയ്യാനുള്ള സൗകര്യം (ഏര്ളി വോട്ടിംഗ്) ഏതാണ്ട് എട്ടു കോടിയിലധികം പേര് ഉപയോഗപ്പെടുത്തി. ഒന്പത് സംസ്ഥാനങ്ങളില് പകുതിയിലധികം പേര് വോട്ട് ചെയ്തു. മൊത്തം 24 കോടി വോട്ടര്മാരാണുള്ളത്.
മുൻകൂർ വോട്ട് ചെയ്തവരുടെ ഇടയില് നടത്തിയ സര്വേയില് കമലയ്ക്ക് ലീഡുണ്ട്. പരമ്പരാഗതമായി ഡെമോക്രാറ്റുകള് മുൻകൂർ വോട്ട് ചെയ്യുന്നവരാണ്. വോട്ടെടുപ്പിനു മുന്പായുള്ള അഭിപ്രായ സർവേകളുടെ ശരാശരി എടുത്താൽ ട്രംപിനും കമലയ്ക്കും 50 ശതമാനത്തിനു മുകളിൽ പിന്തുണയില്ല.
ട്രംപിന് 46.9 ശതമാനമാണ് പിന്തുണ; കമലയ്ക്കുള്ള പിന്തുണ 47.9 ശതമാനം. ബുധനാഴ്ച രാവിലെയോടെ വിജയിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കും. 538 ഇലക്ടറല് വോട്ടില് 270 വോട്ട് നേടുന്നയാള് വൈറ്റ് ഹൗസിലെത്തും. കമല ജയിച്ചാൽ അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യ വനിത, ഏഷ്യൻ വംശജ എന്നീ ബഹുമതികൾ സ്വന്തമാക്കും.
വോട്ടെടുപ്പ് സമയം
ആറു സമയമേഖലകളുള്ള അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവേ, പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് എട്ടുവരെയാണ് പോളിംഗ് (ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 4.30 മുതൽ ബുധനാഴ്ച രാവിലെ 6.30 വരെ).
വോട്ടെടുപ്പ് അവസാനിക്കും മുന്പേ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞാലേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ. ഇതിനു മുന്പേ അമേരിക്കൻ മാധ്യമങ്ങൾ വിജയിയെക്കുറിച്ചുള്ള സൂചനകൾ നല്കും.
സ്ഥാനാർഥികൾ
പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്കുവേണ്ടി മത്സരിക്കുന്നത് ഇന്ത്യൻ വംശജ കമല ഹാരിസ് ആണ്. പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും.
ബൈഡൻ രണ്ടാംമൂഴത്തിന് മത്സരത്തിനിറങ്ങിയതാണ്. എന്നാൽ പ്രായാധിക്യത്തെക്കുറിച്ചുള്ള വിമർശനങ്ങളേറിയപ്പോൾ അദ്ദേഹം പിന്മാറി. വൈസ് പ്രസിഡന്റ് കമല ഡെമോക്രാറ്റിക് സ്ഥാനാർഥിയായി.
മിന്നസോട്ട ഗവർണർ ടിം വാൽസ് ആണ് കമലയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി (റണ്ണിംഗ് മേറ്റ്). ഒഹായോയിൽനിന്നുള്ള സെനറ്റൽ ജെ.ഡി. വാൻസ് ആണ് ട്രംപിന്റെ റണ്ണിംഗ് മേറ്റ്.
ചെറുകിട പാർട്ടിക്കാരും സ്വതന്ത്രരും മത്സരരംഗത്തുണ്ടെങ്കിലും ഇവരാരെങ്കിലും വിജയിക്കുമെന്നോ, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുംവിധം വോട്ടു നേടുമെന്നോ പ്രതീക്ഷിക്കപ്പെടുന്നില്ല.
തെരഞ്ഞെടുപ്പു വിഷയങ്ങൾ
ഡെമോക്രാറ്റുകൾ പൗരാവകാശങ്ങൾക്കും സാമൂഹ്യസുരക്ഷയ്ക്കും ഉന്നൽ നല്കുന്ന ലിബറൽ പാർട്ടിക്കാരാണ്. നികുതി വെട്ടിക്കുറയ്ക്കുക, സർക്കാരിന്റെ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തുക, കുടിയേറ്റം തടയുക, ഗർഭച്ഛിദ്രം വിലക്കുക തുടങ്ങിയ കാര്യങ്ങൾക്കായി വാദിക്കുന്ന യാഥാസ്ഥിതികരാണ് റിപ്പബ്ലിക്കന്മാർ.
പ്രസിഡന്റ് ബൈഡന്റെ ഭരണത്തുടർച്ച ഏതാണ്ട് അതേപടി വാഗ്ദാനം ചെയ്താണ് കമല പ്രചാരണം നടത്തിയത്. ഗർഭച്ഛിദ്രം നടത്താൻ വനിതകൾക്ക് അവകാശമുണ്ടെന്ന് കമല വാദിക്കുന്നു. ട്രംപ് വീണ്ടും അധികാരത്തിലേറിയാൻ അമേരിക്ക അരാജകത്വത്തിലേക്കു നിപതിക്കുമെന്നും ഡെമോക്രാറ്റ് ഭരണത്തിലാണ് ശോഭനഭാവിയെന്നും പറയുന്നു.
അമേരിക്കൻ ജനതയെ പ്രതിനിധീകരിക്കുന്ന പോരാളിയാണു താന്നെന്ന് ട്രംപ് അവകാശപ്പെടുന്നു. കടുത്ത കുടിയേറ്റവിരുദ്ധതയിലൂന്നിയാണ് അദ്ദേഹത്തിന്റെ പ്രചാരണങ്ങൾ. താൻ ജയിച്ചില്ലെങ്കിൽ അമേരിക്കയ്ക്കു നാശമെന്നൊക്കെയാണ് ട്രംപ് പറയുന്നത്.
അഭിപ്രായ സർവേകൾ
ബൈഡനും ട്രംപും തമ്മിൽ പ്രചാരണം നടത്തിയ കാലത്ത്, അഭിപ്രായ സർവേകളിൽ ട്രംപിനു നല്ല മേൽക്കൈ ഉണ്ടായിരുന്നു. ബൈഡൻ പിന്മാറി കമല വന്നപ്പോൾ ട്രംപ് താഴേക്കു പോയി. പിന്നീട് ട്രംപ് നില മെച്ചപ്പെടുത്തി.
വോട്ടെടുപ്പിനു മുന്പായുള്ള സർവേകളുടെ ശരാശരി എടുത്താൽ ട്രംപിനും കമലയ്ക്കും 50 ശതമാനത്തിനു മുകളിൽ പിന്തുണയില്ല. ട്രംപിന് 46.9 ശതമാനമാണ് പിന്തുണ; കമലയ്ക്കുള്ള പിന്തുണ 47.9 ശതമാനം.
ജയിക്കാൻ 270
ജനങ്ങളുടെ വോട്ട് ഏറ്റവും കൂടുതൽ കിട്ടുന്നയാളല്ല, ഇലക്ടറൽ കോളജിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നയാളാണ് ജയിക്കുന്നത്. ജനസംഖ്യ അടിസ്ഥാനമാക്കി അമേരിക്കയിലെ 50 സംസ്ഥാനങ്ങൾക്ക് നിശ്ചിത ഇലക്ടറൽ വോട്ടുകൾ അനുവദിച്ചിട്ടുണ്ട്. കലിഫോർണിയയിൽ 54ഉം അലാസ്കയിൽ മൂന്നും ഇലക്ടറൽ വോട്ടുകളാണുള്ളത്.
ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിക്കുന്ന സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ വോട്ടുകളും കിട്ടും. മൊത്തം 538 ഇലക്ടറൽ വോട്ടുകളാണുള്ളത്. ജയിക്കാൻ വേണ്ടത് 270.
മിക്ക സംസ്ഥാനങ്ങളും ഡെമോക്രാറ്റുകളുടെയോ റിപ്പബ്ലിക്കന്മാരുടെയോ കോട്ടകളാണ്. പെൻസിൽവേനിയ, നോർത്ത് കരോളൈന, ജോർജിയ, മിഷിഗൺ, അരിസോണ, വിസ്കോൺസിൻ, നെവാഡ എന്നീ ഏഴു സംസ്ഥാനങ്ങൾ ഇക്കുറി ആരെ പിന്തുണയ്ക്കുമെന്നതിൽ വ്യക്തതയില്ല.
ചാഞ്ചാട്ട മനോഭാവമുള്ള ഈ ഏഴു സംസ്ഥാനങ്ങളിലെ വോട്ടുകൾ വിജയിയെ നിശ്ചയിക്കാം. അവസാന ദിവസങ്ങളിൽ ട്രംപിന്റെയും കമലയുടെയും പ്രചാരണം ഈ സംസ്ഥാനങ്ങളിലായിരുന്നു.
|
ഷിക്കാഗോ സീറോമലബാര് രൂപതയുടെ എപ്പാര്ക്കിയല് അസംബ്ലി സമാപിച്ചു
ഷിക്കാഗോ: ഒക്ടോബര് 28 മുതല് 31 വരെ മന്ഡലീന് സെമിനാരിയില് വച്ച് നടന്ന ഷിക്കാഗോ സീറോമലബാര് രൂപതയുടെ രണ്ടാമത് എപ്പാര്ക്കിയല് അസംബ്ലി സമാപിച്ചു.
ഷിക്കാഗോ സീറോമലബാര് രൂപതയിലെ വിവിധ ഇടവകകളില് നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും സന്യസ്തരും ആത്മീയരും അടങ്ങുന്ന നൂറ്റി ഒൻപത് പ്രതിനിധികളാണ് അസംബ്ലിയില് പങ്കെടുത്തത്.
സീറോമലബാര് സഭയുടെ പാരമ്പര്യവും ആരാധനാ ക്രമവും എന്നീ വിഷയങ്ങളില് വടവാതൂര് സെമിനാരി പ്രസിഡന്റ് റവ. ഫാ. ഡോ. പോളി മണിയാട്ട് പ്രഭാഷണം നടത്തി.
ഷിക്കാഗോ സീറോമലബാര് രൂപതയുടെ എപ്പാര്ക്കിയില് അസംബ്ലി ഒക്ടോബര് 28ന് വൈകുന്നേരം രൂപത അധ്യക്ഷന് മാര് ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് പസായിക് റുതേനിയന് ഗ്രീക്ക് കാത്തലിക്ക് ബിഷപ് മാര് കര്ട്ട് ബര്നെറ്റെ ഉദ്ഘാടനം ചെയ്തു.
ഷിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ് മാര് ജേക്കബ് അങ്ങാടിയത്ത് മുഖ്യ പ്രഭാഷണം നടത്തി. തുടര്ന്നുള്ള ദിവസങ്ങളില് വിവിധ വിഷയങ്ങളില് ചര്ച്ചകളും അവലോകനങ്ങളും നടന്നു. സമാപന സമ്മേളനം ഒക്ടോബര് 31ന് ഔര് ലേഡി ഓഫ് ലബനോന് ലൊസാഞ്ചലസ് ബിഷപ് മാര് ഏലിയാസ് സെയ്ഡന് നിര്വഹിച്ചു.
ബിഷപ് മാര് ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഷിക്കാഗോ രൂപതയുടെ സ്ഥാപക ബിഷപ്, മാര് ജേക്കബ് അങ്ങാടിയത്ത് പ്രഭാഷണം നടത്തി. ഇടുക്കി രൂപത ബിഷപ് മാര് ജോണ് നെല്ലിക്കുന്നേല്, അമേരിക്കയിലെ സീറോമലങ്കര രൂപത ബിഷപ് ഫിലിപ്പോസ് മാര് സ്റ്റെഫാനോസ് എന്നിവരു പ്രഭാഷണങ്ങൾ നടത്തി.
നാലു ദിവസം നീണ്ടു നിന്ന എപ്പാര്ക്കിയല് അസംബ്ലിക്ക് രൂപത വികാരി ജനറാള്മാരായ, ഫാ. ജോണ് മേലേപ്പുറം, ഫാ. തോമസ് മുളവനാല്, ഫാ. തോമസ് കടുകപ്പള്ളി, ചാന്സലര് റവ. ഫാ. ഡോ. ജോര്ജ് ദാനവേലില്, പ്രെക്യുറേറ്റര് ഫാ. കുര്യന് നെടുവേലി ചാലുങ്കല് തുടങ്ങി വിവധ വൈദികരും ആത്മീയരും നേതൃത്വം നല്കി.
സമാപന സമ്മേളനത്തില് മേയ് 23, 24, 25 തീയതികളില് ന്യൂജഴ്സിയിലെ സോമര്സെറ്റില് വച്ച് നടക്കുന്ന യുക്രിസ്റ്റിക് കോണ്ഗ്രസിന്റെ ലോഗോ പ്രകാശനവും നടന്നു.
|
പാസഡീന മലയാളി അസോസിയേഷൻ വാർഷിക ആഘോഷം വർണശബളമായി
ഹൂസ്റ്റൺ: പാസഡീന മലയാളി അസോസിയേഷൻ വാർഷിക ആഘോഷം അതിമനോഹരവും വർണശബളമായി ട്രിനിറ്റി മർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടത്തി. ബബിത റിച്ചാർഡ് ആലപിച്ച പ്രാത്ഥനാ ഗാനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ജഡ്ജ് സുരേന്ദ്രൻ പട്ടേൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രഷറർ ജോൺ ജോസഫ് സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രസിഡന്റ് തോമസ് ഉമ്മൻ അധ്യക്ഷ പ്രസംഗം നടത്തി.
അസോസിയേഷൻ നടത്തിയ ചാരിറ്റി അടക്കമുള്ള എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും സഹായിക്കുകയും ചെയ്തവർക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. സെക്രട്ടറി റിച്ചാർഡ് സ്ക്കറിയ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ കായിക പരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാനം മുഖ്യാതിഥി ജഡ്ജ് സുരേന്ദ്രൻ പട്ടേൽ വിതരണം ചെയ്തു. പ്രോഗ്രാം കോഓർഡിനേനേറ്ററും അസോസിയേഷൻ ആസ്ഥാന കലാകാരൻ എന്നറിയപ്പെടുന്ന ജോമോൻ ജേക്കബ് ആണ് കലാപരിപാടികൾക്ക് നേതൃത്വം കൊടുത്തത്.
ഡാൻസ്, പാട്ട്, കവിത, സ്കിറ്റ്, മാജിക് തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികൾ എല്ലാവരെയും വളരെ അധികം സന്തോഷിപ്പിച്ചു. വളരെ പ്രശസ്തമായ "റസ്പൂട്ടിൻ' എന്ന ഗാന അവതരണം ശ്രോതാക്കളെ ആവേശം കൊള്ളിക്കുന്ന ഒരു മ്യൂസിക്കൽ പ്രോഗ്രാം ആയിരുന്നു.
പരിപാടിയുടെ അവസാനം റാഫിൾ ഡ്രോ നടത്തുകയും ആകർഷക സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഹെൻറി അബാക്കസ്, ജോഷി വർഗീസ് എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. രുചികരമായ ഡിന്നറോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
വാർഷികാഘോഷ വിജയത്തിനായി പ്രസിഡന്റ് തോമസ് ഉമ്മൻ നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ സെക്രട്ടറി റിച്ചാഡ് സ്കറിയ, ട്രഷറർ ജോൺ ജോസഫ്, കമ്മിറ്റി അംഗങ്ങളായ ജോമി ജോം, റോബിൻ ഫെറി, ഫെലിക്സ് കാരിക്കൽ, ആന്തണി റസ്റ്റം, പോൾ യോഹന്നാൻ, സലീം അറക്കൽ, രാജൻ ജോൺ, സുജ രാജൻ, ജോമോൻ ജേക്കബ് എന്നിവർ പ്രവർത്തിച്ചു.
|
സിറ്റി കമ്മിഷണർ മത്സരം: സാജൻ കുര്യന് പിന്തുണയുമായി മലയാളികൾ രംഗത്ത്
ഫ്ലോറിഡ: പാമ്പനോ ബീച്ച് സിറ്റി കമ്മിഷണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാജൻ കുര്യൻ വിവിധ വിഭാഗങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അംഗീകാരങ്ങളും എൻടോഴ്സ്മെന്റുകളും ലഭിച്ചു വിജയം ഉറപ്പാക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടൊപ്പം നവംബർ അഞ്ചിനു നടക്കുന്ന ഇലക്ഷനിലാണ് പാമ്പനോ ബീച്ച് സിറ്റിയിൽ സാജൻ മറ്റുരയ്ക്കുന്നത്. സിറ്റിയിലെ പല ഇടങ്ങളിലും വലിയ ബോർഡുകൾ സ്ഥാപിച്ചും ആയിരക്കണക്കിന് ഫ്ളയറുകൾ വിതരണം ചെയ്തും സാജൻ മത്സരരംഗത്ത് മുന്നിൽ തന്നെയാണ്.
ഡെമോക്രാറ്റിക് പാർട്ടിയുടെ അംഗീകാരം തനിക്കു ഉണ്ടെങ്കിൽ തന്നെ നോൺ പാർട്ടിസൺ ആയ മത്സരമാണ് ഈ സീറ്റ്. മറ്റു രണ്ടു മത്സരാർഥികൾ കൂടി സാജനോടൊപ്പം രംഗത്തുണ്ട്. ഇതിനോടകം പല കോക്കസ് മീറ്റിംഗുകളും മറ്റു തിരഞ്ഞെടുപ്പ് യോഗങ്ങളും സിറ്റിയിലുടനീളം നടത്തിയത് സാജന്റെ വിജയ സാധ്യത വർധിപ്പിക്കുമെന്നാണ് സൂചന.
കൗൺട്ടി, സ്റ്റേറ്റ് തലങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃരംഗത്ത് പ്രവർത്തിക്കുന്ന സാജന് സാധാരണ ജനങ്ങളുടെ ഇടയിൽ നല്ല അംഗീകാരമുണ്ട്.
ബ്രോവാർഡ് ഷെരീഫിസ് ഡപ്യൂട്ടീസ് ആൻഡ് സെർജന്റ്സ്, ഫ്രെറ്റർനൽ ഓർഡർ ഓഫ് പൊലീസ്, സർവീസ് എംപ്ലോയീസ് ഇന്റർനാഷനൽ യൂണിയൻ, ഏഷ്യൻ പസഫിക് ഐലണ്ടർസ് കോക്കസ്, ഹിസ്പാനിക് വോട്ട് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി, ഇന്റർനാഷനൽ യൂണിയൻ ഓഫ് പോലീസ് അസോസിയേഷൻസ് എന്നിവയുടെ അംഗീകാരം ഇതിനോടകം സാജൻ കുര്യന് ലഭിച്ചിട്ടുണ്ട്.
മലയാളി വോട്ടർമാർ നന്നേ കുറവുള്ള ഈ സിറ്റിയിൽ സുഹൃത്തുക്കളുടെ ഒരൂ നല്ല സംഘം വീടുകൾ കയറി ഇറങ്ങി വോട്ട് പിടിക്കാനും ബൂത്തുകളിൽ പ്രവർത്തിക്കാനും സാജനോടൊപ്പം അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്.
|
യുഎസിൽ ഫേസ്ബുക്കിലൂടെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ
ഹൂസ്റ്റൺ: ഫേസ്ബുക്കിലൂടെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതിന് ടെക്സസിൽ 21 വയസുകാരിയായ ജുനൈപ്പർ ബ്രൈസനെ പോലീസ് അറസ്റ്റ് ചെയ്തു ഹാരിസ് കൗണ്ടി ജയിലിൽ അടച്ചു.
ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളെ തിരയുകയാണെന്ന് കാണിച്ച് യുവതിയുടെ കുടുംബാംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
കുഞ്ഞിനെ വിൽക്കുന്നതിനായി ബ്രൈസൻ ഏഴ് വ്യത്യസ്ത ആളുകളോട് സംസാരിച്ചുവെന്നും പോലീസ് പറഞ്ഞു.
|
അമേരിക്കയിൽ സമയം ഒരു മണിക്കൂർ പിന്നോട്ട്
ഡാളസ്: അമേരിക്കൻ ഐക്യനാടുകളിൽ ഞായറാഴ്ച പുലർച്ചെ രണ്ടിന് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പിന്നോട്ട് തിരിച്ചുവയ്ക്കും. വസന്ത കാലത്ത് ഒരു മണിക്കൂർ പിന്നോട്ടും ശൈത്യകാലത്തിന്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും സമയം മാറ്റുന്ന ഈ രീതി ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ആരംഭിച്ചതാണ്.
നേരത്തെ മാർച്ച് 10ന് പുലർച്ചെ രണ്ടിനാണ് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചുവച്ചത്. സ്പ്രിംഗ് (വസന്തം), വിന്റർ (ശൈത്യം) സീസണുകളിൽ സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സമയത്ത് പകലിന്റെ ദൈർഘ്യം വർധിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കുകയും മിച്ച വൈദ്യുതി യുദ്ധത്തിന് ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു അക്കാലത്തെ മറ്റൊരു ലക്ഷ്യം.
സ്പ്രിംഗ് ഫോർവേർഡ്, ഫാൾ ബാക്ക്വേർഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സമയമാറ്റം അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.
അരിസോന, ഹവായ്, വെർജിൻ ഐലൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമയമാറ്റം നടത്താറില്ല.
|
പെന്സില്വേനിയ പിടിച്ചാല് വൈറ്റ്ഹൗസ് പോരും
വാഷിംഗ്ടണ് ഡിസി: 2020ലെ അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് രാജ്യത്തെ മുൾമുനയില് നിര്ത്തിയത് പെന്സില്വേനിയയാണ്. നവംബർ മൂന്നിലെ തെരഞ്ഞെടുപ്പു കഴിഞ്ഞ് പെന്സില്വേനിയയില് വോട്ട് എണ്ണിത്തീര്ന്നത് നവംബർ ഏഴിന്.
19 ഇലക്ടറൽ വോട്ട് ഇവിടെനിന്നു ലഭിച്ചതിനെത്തുടര്ന്നാണ് ബൈഡന് 270 എന്ന കടമ്പ കടന്ന് പ്രസിഡന്റായത്. മിഷിഗണ്, വിസ്കോൺസിന് തുടങ്ങിയ ചാഞ്ചാടുന്ന സംസ്ഥാനങ്ങളിലെ അന്തിമഫലം അപ്പോഴും പുറത്തുവന്നിരുന്നില്ല.
കോവിഡിനെത്തുടര്ന്ന് 38% ആളുകള് രേഖപ്പെടുത്തിയ പോസ്റ്റല് വോട്ടും മുൻകൂർ വോട്ടും എണ്ണിത്തീരാന് വൈകിയതാണ് രാജ്യത്തെ ഉദ്വേഗത്തിലാക്കിയത്. 2016ല് പോസ്റ്റല് വോട്ട് വെറും 4% ആയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞശേഷമേ പോസ്റ്റല് വോട്ട് എണ്ണാവൂ എന്ന് പെന്സില്വേനിയയിലും മറ്റു ചില സംസ്ഥാനങ്ങളിലും നിയമമുണ്ടായിരുന്നു.
ഇത്തവണ മത്സരം എത്ര കടുത്താലും ചരിത്രം ആവര്ത്തിക്കില്ലെന്ന് അധികൃതര് പറയുന്നു. ചാഞ്ചാടുന്ന മിക്ക സംസ്ഥാനങ്ങളിലും മുൻകൂർ വോട്ടും പോസ്റ്റല് വോട്ടും നേരത്തേ എണ്ണാന് നിയമഭേദഗതി കൊണ്ടുവന്നു. എന്നാല് ചാഞ്ചാടുന്ന സംസ്ഥാനമായ നോര്ത്ത് കരോളൈന ഉള്പ്പെടെ ചില സംസ്ഥാനങ്ങളില് ഇതിന് അനുവാദമില്ല.
അതുകൊണ്ട് അവിടങ്ങളിലെ ഫലം വൈകാം. മിക്ക സംസ്ഥാനങ്ങളിലും രാത്രി എട്ടോടെ വോട്ടെടുപ്പ് അവസാനിക്കും. തുടര്ന്ന് ഉടൻതന്നെ വോട്ടെണ്ണല് തുടങ്ങും. ചില സംസ്ഥാനങ്ങളില് ടൈം സോണ് വ്യത്യാസമുള്ളതിനാല് അതനുസരിച്ചായിരിക്കും വോട്ടെണ്ണല്.
ചാഞ്ചാടുന്നതുമായ ഏഴു സംസ്ഥാനങ്ങളില് ഏറ്റവും കൂടുതല് ഇലക്ടറല് കോളജ് അംഗങ്ങളുള്ള (19) സംസ്ഥാനമായതിനാല് ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നതും ഇവിടെയാണ്. പെന്സില്വേനിയ പിടിച്ചാല് വൈറ്റ്ഹൗസ് പിടിച്ചുവെന്നു പറയാം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിനു വെടിയേറ്റ സ്ഥലംകൂടിയാണിത്. വെടിയേറ്റ ട്രംപ് രക്തമൊലിക്കുന്ന ചെവിയുമായി ചാടിയെഴുന്നേറ്റ് ജനങ്ങളെ അഭിവാദ്യം ചെയ്തു. മാലിന്യം കൊണ്ടുപോകുന്ന ട്രക്കില് കയറിയും തൊഴിലാളികളുടെ വസ്ത്രം ധരിച്ചും ട്രംപ് ഷോ കാണിച്ചതും ഇവിടെവച്ചാണ്.
കമല ഹാരിസ് ഏറ്റവും കൂടുതല് പ്രചാരണം നടത്തുന്നതും ഇവിടെത്തന്നെ. ഡെമോക്രാറ്റുകള്ക്കുവേണ്ടി മുന് പ്രസിഡന്റ് ഒബാമ ഉള്പ്പെടെയുള്ള നേതാക്കള് ഇവിടെ പ്രചാരണം അഴിച്ചുവിടുന്നു.
അമേരിക്കയുടെ പരിച്ഛേദമാണു പെന്സില്വേനിയ. വെള്ളക്കാരായ ഇവാഞ്ചലിക്കല് പ്രൊട്ടസ്റ്റന്റ്, നോണ് ഇവാഞ്ചലിക്കല് പ്രൊട്ടസ്റ്റന്റ്, വെള്ളക്കാരായ കത്തോലിക്കര്, കറുത്ത വംശജരായ പ്രൊട്ടസ്റ്റന്റ് തുടങ്ങിയവരാണ് കൂടുതല്.
ഡെമോക്രാറ്റിക് പാര്ട്ടിക്ക് നേരിയ മുന്തൂക്കമുള്ള സംസ്ഥാനമാണ്. 1992 മുതല് തുടര്ച്ചയായി ഡെമോക്രാറ്റ് സ്ഥാനാര്ഥിയെ ജയിപ്പിക്കുന്നതിന് ഏക അപവാദം 2016ലെ ട്രംപിന്റെ വിജയമാണ്.
|
കാനഡയിലെ ബ്രാംപ്ടണിൽ ഖലിസ്ഥാൻ ആക്രമണം
ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച് ഖലിസ്ഥാൻ വാദികൾ. ബ്രാംപ്ടണിലെ ഹിന്ദു മഹാ സഭ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരുപറ്റം ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ക്ഷേത്രത്തിലേക്ക് പ്രകടനം നടത്തുകയായിരുന്നു.
ക്ഷേത്ര കാവടത്തിൽ നിന്ന ഭക്തരെയും ഇന്ത്യയുടെ പതാക ഏന്തിയ ആളുകളെയും ക്ഷേത്ര മതിലിന് അകത്തേക്ക് കടന്നു കയറിയ ഖലിസ്ഥാൻ അനുകൂലികൾ മർദിക്കുച്ചു. സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല.
എന്നാൽ പ്രതിഷേധത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് പീൽ റീജിണൽ പോലീസ് പറഞ്ഞു. കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡം പ്രകാരം പ്രതിഷേധിക്കാനുള്ള വ്യക്തിഗത അവകാശത്തെ തങ്ങൾ മാനിക്കുന്നുണ്ടെങ്കിലും പൊതു ക്രമം നിലനിർത്തുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് പീൽ പോലീസ് വ്യക്തമാക്കി.
ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിൽ നടന്ന ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് ഫെഡറൽ മന്ത്രി അനിത ആനന്ദ് എക്സിൽ കുറിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മതങ്ങൾക്കും ആരാധനാലയങ്ങൾ സന്ദർശിക്കാനും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാനും അവകാശമുണ്ട് എന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
|
ബോധിവൃക്ഷത്തണലിൽ ശനിയാഴ്ച; അറ്റോർണി ജയശ്രീ പട്ടേൽ മുഖ്യാതിഥി
ന്യൂജഴ്സി: ട്രൈ സ്റ്റേറ്റ് ന്യൂജഴ്സിയിലെ പ്രശസ്തരായ രാജൻ മിത്രാസ്, ജോസ് കുട്ടി വലിയ കല്ലുങ്കൽ, ബൈജു വറുഗീസ് തുടങ്ങിയവരൊക്കെ സോഷ്യൽ മീഡിയയിൽ ആവോളം പുകഴ്ത്തിയ ഫൈൻ ആർട്സ് മലയാളത്തിന്റെ പുതിയ സ്റ്റേജ് പ്രൊഡക്ഷനായ ബോധിവൃക്ഷത്തണലിൽ ശനിയാഴ്ച 5.30ന് ടാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ മിഡിൽ സ്കൂളിലാണ് അരങ്ങേറുന്നത്.
പ്രശസ്ത അറ്റോർണി ജയശ്രീ പട്ടേൽ ആണ് മുഖ്യാതിഥി. ഡോ. എം.വി. പിള്ളയെ ആയിരുന്നു മുഖ്യാതിഥിയായി സംഘാടകർ കണ്ടെത്തിയിരുന്നത്. എന്നാൽ അസൗകര്യം മൂലം അദ്ദേഹം പിന്മാറുകയായിരുന്നു.
മലയാള സാഹിത്യത്തെയും നാടകങ്ങളെയും ഇതുപോലെ സ്നേഹിക്കുന്ന മറ്റൊരാളെ കണ്ടെത്തുക ദുഷ്കരമായിരുന്നു എന്ന് പേട്രൺ പി.ടി. ചാക്കോ (മലേഷ്യ) പറഞ്ഞു. അക്കരക്കാഴ്ചകൾ ഫെയിം സജിനി സഖറിയ ഉൾപ്പെടെയുള്ളവർ പരിപാടിക്ക് എത്തും.
2001 മുതൽ ഇതപര്യന്തമുള്ള നാടകങ്ങളിലെ സംവിധായകനായ റെഞ്ചി കൊച്ചുമ്മന്റെ തൊപ്പിയിലെ മറ്റൊരു തൂവലാണ് ഈ നാടക സംവിധാനം. ഫൈൻ ആർട്സിലെ മറ്റൊരു കലാകാരനായ ജോസ് കാഞ്ഞിരപ്പള്ളിക്കായിരുന്നു കേരളത്തിൽ നിന്നും നാടകം കണ്ടെത്തുന്നതിന്റെ ചുമതല.
ഫൈൻ ആർട്സ് മലയാളത്തിന്റെ ലോഗോ ഡിസൈൻ ചെയ്തതും വിഡിയോ വോൾ രൂപകല്പന ചെയ്തതും മറ്റൊരു കലാകാരനായ റ്റീനോ തോമസ് ആണ്. ഇതാദ്യമായാണ് ഫൈൻ ആർട്സിനായി വിഡിയോ വോൾ രംഗത്ത് എത്തുന്നത്. സുവനീർ പ്രസിദ്ധീകരണം അവസാന റൗണ്ടിലായതായി എഡിറ്റർ എഡിസൺ എബ്രഹാം അറിയിച്ചു.
സണ്ണി റാന്നി, സജിനി സഖറിയ, റോയി മാത്യു, ഷിബു ഫിലിപ്, ഷൈനി എബ്രഹാം, റിജോ എരുമേലി, ജോർജി സാമുവൽ, ജോർജ് മുണ്ടൻചിറ, ജോസ്ലിൻ മാത്യു, സന്തോഷ്, ജോയൽ ജോർജി, റൂബി ജോർജി, ബേബി ബ്രാണ്ടൻ പട്ടേൽ, ബേബി സവാനാ തോമസ് എന്നിവരാണ് രംഗത്ത്.
എഡിസൺ എബ്രഹാം സുവനീർ എഡിറ്റർ, ജോൺ (ക്രിസ്റ്റി) സഖറിയ, ഷീജ മാത്യു, ജിനു പ്രമോദ് ഓഡിറ്റോറിയം മാനേജ്മെന്റ്, റ്റീനോ തോമസ് വിഡിയോ വോൾ, ജിജി എബ്രഹാം ലൈറ്റ്സ്, പി.ടി. ചാക്കോ ഗാനരചന, റീനാ മാത്യു സംഗീത ഏകോപനം,
ജോർജ് തുമ്പയിൽ, ചാക്കോ ടി ജോൺ സ്റ്റേജ് മാനേജ്മെന്റ്, സണ്ണി കല്ലൂപ്പാറ, കുഞ്ഞുമോൻ വാളക്കുഴി മേക്കപ്പ്, സ്റ്റീവൻ എബ്രഹാം ഫോട്ടോഗ്രാഫർ, റയാൻ തോമസ് വീഡിയോ എഡിറ്റിംഗ്, ഷൈനി എബ്രഹാം പ്രൊഡ്യുസർ.
പ്രാക്ടീസ് സെഷനുകൾ, റിഹേഴ്സൽ സപ്പോർട്ട് എന്നിവയ്ക്ക് വീടുകൾ തുറന്ന് നൽകിയ ജിജി എബ്രഹാം, ഷൈനി എബ്രഹാം എന്നിവർക്കും റോയി മാത്യു/ റീനാ മാത്യു എന്നിവർക്കും പ്രസിഡന്റ് ജോൺ (ക്രിസ്റ്റി) സഖറിയ നന്ദി അറിയിച്ചു.
ന്യൂജഴ്സി, ന്യൂയോർക്ക്, ഫിലഡൽഫിയ എന്നിവിടങ്ങളിലെ മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നാടകത്തിന്റെ ഏതാനും ചില ടിക്കറ്റുകൾ മാത്രമേ ലഭ്യമായിട്ടുള്ളു. അവ https://fineartsmalayalamnj.com എന്ന ഓൺലൈൻ ലിങ്കിൽ ലഭ്യമാണെന്നും ട്രഷറർ എഡിസൺ എബ്രഹാം അറിയിച്ചു.
വിവരങ്ങൾക്ക്: ജോൺ (ക്രിസ്റ്റി)സഖറിയ 908) 883 1129, റോയി മാത്യു 201 214 2841.
|
ഫൊക്കാന ഇന്റർനാഷണൽ: പ്രവർത്തനോദ്ഘാടനം നവംബർ ഒന്പതിന്
ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷണലിന്റെ പ്രവർത്തനോദ്ഘാടനം നവംബർ ഒന്പതിന് ന്യൂയോർക്കിൽ നടക്കും. ഫൊക്കാന ഇന്റർനാഷണലിനെ നയിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളാണ് മുന്നോട്ടുവന്നിരിക്കുന്നത്.
സംഘടനയ്ക്ക് സാർവദേശീയ മുഖം നൽകുക എന്ന കാഴ്ചപ്പാടിലാണ് പുതിയ ഭാരവാഹികൾ പ്രവർത്തിക്കുക. 22 രാജ്യങ്ങളിൽ നിന്നും ഇതിനകം തന്നെ അംഗസംഘടനകൾ മുന്നോട്ടുവന്നിട്ടുണ്ട്. യുവാക്കളും സ്ത്രീകളും സംരംഭകരും ഉൾപ്പടെ എല്ലാ മേഖലകളിലും കഴിവുതെളിയിച്ചവരെയാണ് സംഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിചയ സമ്പന്നരായ സണ്ണി മറ്റമന(പ്രസിഡന്റ്), എബ്രഹാം ഈപ്പൻ (ജനറൽ സെക്രട്ടറി), സണ്ണി ജോസഫ് (ട്രെഷറർ), കല ഷാഹി (ഇന്റർനാഷണൽ കോഓർഡിനേറ്റിംഗ് ചെയർ പേഴ്സൺ), റജി കുര്യൻ(ഇന്റർനാഷണൽ കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ അറുപതംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ആയിരിക്കും 202426 വർഷത്തിൽ സംഘടനയെ നയിക്കുക.
നവംബർ ഒന്പതിന് നടക്കുന്നത് ഫൊക്കാന ഇന്റർനാഷൻ എക്സിക്യൂട്ടീവ് യോഗമാണെങ്കിലും സംഘടനയെ സ്നേഹിക്കുന്ന എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പത്രക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റോബർട്ട് അരീച്ചിറ 845 309 6849, ഡോ. അജു ഉമ്മൻ 347 869 7641.
|
ലാന സാഹിത്യോത്സവം: വേദിയെ ധന്യമാക്കാൻ ദിവ്യ വാര്യരുടെ മോഹിനിയാട്ടവും
ന്യൂയോർക്ക്: ന്യൂയോർക്ക് അക്ഷരനഗരിയിൽ വച്ച് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ (നവംബർ 1, 2, 3) ലാന സാഹിത്യോത്സവം നടക്കും. പരിപാടിക്ക് മികവ് പകരുവാൻ പ്രശസ്ത നർത്തകിയും ടെക്സസിലെ ദിവ്യം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് ഡയറക്ടറുമായ ദിവ്യ വാര്യർ മോഹിനിയാട്ടം അവതരിപ്പിക്കും.
സൂര്യ ഫെസ്റ്റിവൽ, സ്വരലയ ഫെസ്റ്റിവൽ കൂടാതെ സിംഗപ്പുരിലെയും അമേരിക്കയലെ വിവിധ വേദികളിൽ ദിവ്യ വാര്യർ നൃത്തം അവതിരിപ്പിച്ചിട്ടുണ്ട്.
മലയാള സാഹിത്യകാരൻ ഇ.സന്തോഷ് കുമാർ വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന ലാന സാഹിത്യോത്സവത്തിൽ നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സാഹിത്യകാരന്മാരും സാഹിത്യപ്രേമികളും പങ്കെടുക്കും.
|
കാതോലിക്കേറ്റ് കോളജ് അലുമ്നി അസോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ
സാൻഫ്രാൻസിസ്കോ: കേരളത്തിലെ ഏറ്റവും പ്രശസ്ത കോളജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ പൂർവ വിദ്യാർഥി കൂട്ടായ്മയായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃനിര നിലവിൽ വന്നു.
ഭാരവാഹികൾ: ഡോ. വർഗീസ് ജോർജ്, അറ്റ്ലാന്റാ (പ്രസിഡന്റ്), മാത്യു ജോർജ്, ഷിക്കാഗോ (വൈസ് പ്രസിഡന്റ്), അലക്സാണ്ടർ മാത്യു, ഷോണി കാൻസസ് (സെക്രട്ടറി) അനിൽ ജോസഫ് മാത്യു, സാൻഫ്രാൻസിസ്കോ (ട്രഷറർ) പ്രഫ. തോമസ് ഡേവിഡ്, അറ്റ്ലാന്റാ (പബ്ലിക് റിലേഷൻസ് ഓഫീസർ).
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വെരി.റവ. ഫാ. രാജു ദാനിയേൽ കോറെപ്പിസ്കോപ്പ (ഡാളസ്) , സുനിൽ നൈനാൻ മാത്യു (വിൺസർ, കാനഡ), ഉമ്മൻ കാപ്പിൽ (ഫിലാഡൽഫിയ), തങ്കച്ചൻ( കോറൽ സ്പ്രിംഗ്സ്, ഫ്ലോറിഡ) ജോൺസൻ മാത്യു (മയാമി, ഫ്ലോറിഡ).
യുഎസ്എയിലും കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളജ് പൂർവ വിദ്യാർഥികളും സംഘടനയിൽ ചേർന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ ശക്തമാക്കുന്നതിനു സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. വർഗീസ് ജോർജ് 706 564 8903, മാത്യു ജോർജ് 630 865 4118, പ്രഫ.തോമസ് ഡേവിഡ് 404 538 0404, അനിൽ ജോസഫ് മാത്യു 209 624 6555.
|
ഭരതകല തിയറ്റേഴ്സ് ഡാളസിന്റെ നാടകം "സ്ഥലത്തെ പ്രധാന കല്യാണം' അരങ്ങിലേക്ക്
ഡാളസ്: ഭരതകല തിയറ്റേഴ്സ് ഡാളസ് അണിയിച്ചൊരുക്കുന്ന നാടകം "സ്ഥലത്തെ പ്രധാന കല്യാണം' ന്യൂയോർക്ക് കേരള സെന്ററിൽ വച്ചു നടക്കും. ലാന സാഹിത്യോത്സവത്തിനോട് അനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ ദാർശനികവും മാനവികവുമായ കഥാപാത്രങ്ങളെ ഇഷ്ടാനുസൃതമാക്കി സ്നേഹത്തിന്റെ വിശുദ്ധമായ വെളിച്ചമായി മാറുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
നാടക രചന ബിന്ദു ടിജി, സംവിധാനം ഹരിദാസ് തങ്കപ്പൻ, സഹസംവിധാനം അനശ്വരം മാമ്പിള്ളി, പശ്ചാത്തല സംഗീതം ഷാലു ഫിലിപ്പ്, ബാനർ ഭരതകല തിയറ്റേഴ്സ് ഡാളസ്, സ്പോൺസർ ടോം ജോർജ് കോലെത്ത്(കെൽട്രോൺ ടാക്സ്), പോസ്റ്റർ ഡിസൈൻ റിജോ തോമസ്.
അരങ്ങത്ത് മീനു ഏലിസബത്ത്, ബിന്ദു ടിജി, ജോസ് ഓച്ചാലിൽ, ഷാജു ജോൺ, സാമൂവൽ യോഹന്നാൻ, ഷാജി മാത്യു, ബാജി ഓടംവേലി, ഹരിദാസ് തങ്കപ്പൻ, അനശ്വരം മാമ്പിള്ളി എന്നിവരാണ്.
ഗൃഹാതുര സ്മരണകളുണര്ത്തുന്ന ഈ നാടക അവതരണം ബഷീറിന്റെ പ്രധാന കഥാപാത്രങ്ങളുടെ ഊഷ്മള ആവിഷ്കാരമായിരിക്കും എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം കേരള സെന്റർ ഓഡിറ്റോറിയത്തിൽ വച്ചാണ് നാടകം ആദ്യം അരങ്ങിലെത്തുന്നത്.
|
ടെക്സസ് ഓക്ലഹോമ റീജിയൺ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് ഓഗസ്റ്റ് ഒന്ന് മുതൽ
പെയർലാൻഡ്: ഷിക്കാഗോ സീറോമലബാർ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള എട്ട് ഇടവകകളും ഒരു മിഷനും ചേരുന്ന ടെക്സസ് ഓക്ലഹോമ റീജിയൺ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു.
രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഫെസ്റ്റ് ഹൂസ്റ്റണിലെ പെയർലാൻഡ് സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ ഇടവകയാണ് ഈ പ്രാവശ്യം ഏറ്റെടുത്ത് നടത്തുന്നത്. സ്റ്റാഫോർഡിലെ ഇമ്മാനുവേൽ ഹാളിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.
അഞ്ഞൂറിലധികം മത്സരാർഥികളും കുടുംബാംഗങ്ങളുമടക്കം രണ്ടായിരത്തിലധികംപേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെസ്റ്റിന്റെ കിക്കോഫ് പിയർലണ്ട് സെന്റ് മേരീസ് സീറോമലബാർ പള്ളിയിൽ നടന്നു.
വികാരി റവ. ഫാ. വർഗീസ് ജോർജ് കുന്നത്തിന്റെ (ഡായി അച്ചൻ) അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഫെസ്റ്റിന്റെ ടൈറ്റിൽ സ്പോൺസർ സിജോ വടക്കൻ സ്പോൺസർ തുക കൈമാറി. പ്രധാന സംഘാടകൻ ഫ്ലെമിംഗ് ജോർജ് നന്ദി പ്രകാശിപ്പിച്ചു.
ഈ ഫെസ്റ്റിന് വേണ്ടി ഷിക്കാഗോ രൂപതയുടെ ബിഷപ് മാർ ജോയ് ആലപ്പാട്ട് രക്ഷാധികാരിയും വികാരി ഫാ. വർഗീസ് ജോർജ് കുന്നത്ത് ഇവന്റ് ഡയറക്ടറായും പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു.
മെയിൻ കോഓർഡിനേറ്റർ ഫ്ലെമിംഗ് ജോർജ്, കൈക്കാരൻമാരായ ബെന്നിച്ചൻജോസഫ്, സിബി ചാക്കോ, ഷാജു നേരെപറമ്പിൽ, റെജി സെബാസ്റ്റ്യൻ, ജോഷി വർഗീസ്, അഭിലാഷ് ഫ്രാൻസിസ്, ആനി അബ്രഹാം, ജയ്സി സൈമൺ, അലീന ജോജോ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
|
ശ്രീനാരായണ ഗുരു മിഷനും മാഗും ചേർന്ന് ഹെൽത്ത് ഫെയർ സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ശ്രീനാരായണ ഗുരു മിഷനും ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷനും (മാഗ്) സംയുക്തമായി ഹെൽത്ത് ഫെയർ സംഘടിപ്പിച്ചു. സ്റ്റാഫ്ഫോർഡിലെ കേരള ഹൗസിൽ നടന്ന ഈ സൗജന്യ ഹെൽത്ത് ഫെയറിൽ നൂറുകണക്കിന് ആളുകൾ വിവിധ മെഡിക്കൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി.
ഡോ. സുജിത് ചെറിയാൻ (പാൽമനോളജി), ഡോ. പൂർണിമ ഹൃദ്യരാജ് (കാർഡിയോളജി), ഡോ. എലൈനാ സുജിത് (എൻഡോക്രിനോളജി), ഡോ. ലക്ഷ്മി ഗോപാലകൃഷ്ണൻ (ഇന്റണൽ മെഡിസിൻ), ഡോ. എമ്മ അസാരെ (ഗൈനക്കോളജി), ഡോ. ധന്യാ വിജയകുമാർ (ന്യൂറോളജി), ഡോ. ബസന്ത് ആര്യാ (കാർഡിയോളജി),
ഡോ. സുനന്ദാ മുരളി (സൈക്കാട്രി), ഡോ. അർച്ചനാ വർമ്മ (പീഡിയാട്രിക്), ഡോ. അരുൺ ആൻഡ്രുസ് (സൈകാട്രി), ഡോ. സ്നേഹാ സേവിയർ (ഡെന്റിസ്റ്റ്), ഡോ. നിഷാ സുന്ദരഗോപൻ (ഡെന്റിസ്റ്റ്), ഡോ. ലാരി പുത്തൻപറമ്പിൽ (ഒപ്താൽമോളജി), ഡോ. എസ്താ ഫെനിയ ഫെർണാണ്ടാസ് (ഗൈനക്കോളജി) എന്നീ വിദഗ്ധ ഡോക്ടർമാർ സൗജന്യ പരിശോധനകൾ നടത്തി.
വാഷിംഗ്ടൺ ഡിസിയിൽ നിന്ന് എത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജ് അപ്രതീക്ഷിതമായി പരിപാടിയിൽ സന്ദർശനം നടത്തി. മാഗ് സെക്രട്ടറി സുബിൻ കുമാരനും ട്രഷറർ ജോസ് കെ. ജോണിനുമൊപ്പം മന്ത്രി ഹെൽത്ത് ഫെയറിലെത്തിയത്.
അനിതാ മധു, രേഷ്മാ വിനോദ്, ഷൈജി അശോകൻ, അനില സന്ദീപ് തുടങ്ങിയ കോഓർഡിനേറ്റർമാരുടെ സംഘടനാ മികവും യൂത്ത് വെളായന്റിയർമാരുടെ സഹകരണവും ഈ പരിപാടിയുടെ വിജയത്തിന് നിർണായകമായി.
മാഗ് പ്രസിഡന്റ് മാത്യു മുണ്ടാക്കൻ, ശ്രീ നാരായണ ഗുരു മിഷന് പ്രസിഡന്റ് അനിയൻ തയ്യിൽ, ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, മാഗ് പ്രസിഡന്റ് സുബിൻ കുമാരൻ, മാഗ് മുൻ പ്രസിഡന്റ് വിനോദ് വാസുദേവൻ എന്നിവർ സന്നദ്ധപ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
സുരേഷ് രാമകൃഷ്ണൻ അപ്ന ബസാർ, ട്രാൻസ് കെയർ ഹോം ഹെൽത്ത് കെയർ, ജെ.സി വിക്ടറി, ഡോ. സോണിയ ഈപ്പൻ എന്നിവർ ഈ പരിപാടിയുടെ സ്പോൺസർമാരായിരുന്നു.
|
ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ വെള്ളിയാഴ്ച മുതൽ
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും ആ പുണ്യ പിതാവിന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ ധന്യമായ ഡാളസ് ഗ്രിഗോറിയോസ് ദേവാലയത്തിലെ പരുമല തിരുമേനിയുടെ 122ാം ഓർമപ്പെരുന്നാൾ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യാപ്രാർഥനയും തുടർന്ന് ധ്യാന പ്രസംഗവും മധ്യസ്ഥ പ്രാർഥനയും ശനിയാഴ്ച രാവിലെ ഒന്പതിന് എംജിഒസിഎം റീട്രെട്ടും വെകുന്നേരം നാലിന് ഒസിവൈഎം ഓർഗനൈസേഷൻ നടത്തുന്ന മെൻറൽ ഹെൽത്ത് ആൻഡ് സ്പിരിച്വാലിറ്റി സെമിനാറും ഉണ്ടായിരിക്കും.
വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരവും കൺവൻഷൻ പ്രസംഗവും ഭക്തിനിർഭരമായ റാസയും ആശീർവാദവും ഉണ്ടായിരിക്കും. പെരുന്നാളിന് സമാപന ദിനമായ ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബാനയും 11.30ന് പള്ളിയങ്കണത്തിൽ റാസയും പരിശുദ്ധന്റെ തിരുശേഷിപ്പിൽ മധ്യസ്ഥ പ്രാർഥനയും നേർച്ചവിളമ്പ് എംജിഎം ഓഡിറ്റോറിയത്തിൽ വച്ച് ഉച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
ഈവർഷത്തെ പെരുന്നാളിന് ഡാളസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സഹ വികാരി റവ ഫാ. സക്കറിയ ഡിജു സക്കറിയ മുഖ്യ നേതൃത്വം നൽകും. വികാരി റവ ഫാദർ ജോയൽ മാത്യു, ട്രഷറർ ടോണി ജേക്കബ്, സെക്രട്ടറി ഡെന്നിസ് ഡാനിയേൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വിവിധ ആത്മീയ സംഘടന അംഗങ്ങൾ എന്നിവർ പെരുന്നാൾ നടത്തിപ്പിനായി പ്രവർത്തിച്ചുവരുന്നു.
|
ജയിച്ചാൽ മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തും: ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നു ഡൊണാൾഡ് ട്രംപ്. തന്റെ എതിരാളിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും പ്രസിഡന്റ് ജോ ബൈഡനും യുഎസിലും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരേ നടന്ന ആക്രമണത്തെ അപലപിച്ച ട്രംപ് താനാണു യുഎസിൽ അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇത് സംഭവിക്കാൻ അനുവദിക്കുകയില്ലായിരുന്നുവെന്നു പറഞ്ഞു.
ഇടതുപക്ഷത്തിന്റെ മതവിരുദ്ധ നിലപാടുകളിൽനിന്ന് അമേരിക്കൻ ഹിന്ദു വിഭാഗത്തെ സംരക്ഷിക്കുമെന്നും ട്രംപ് എക്സിലൂടെ വ്യക്തമാക്കി. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപ് നേരത്തെ ഇന്ത്യയ്ക്ക് ദീപാവലി ആശംസകൾ നേർന്നിരുന്നു.
|
മേരി ജേക്കബ് ന്യൂജഴ്സിയിൽ അന്തരിച്ചു
ന്യൂജഴ്സി: കൈപ്പുഴ ചാമക്കാലായിൽ (ആട്ടുകാരൻ) പരേതനായ ചാക്കോച്ചന്റെ (റിട്ട. സൂപ്രണ്ട്, കെഎസ്ആർടിസി) ഭാര്യ മേരി ജേക്കബ് (91) അമേരിക്കയിലെ ന്യൂജഴ്സിയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ന്യൂജഴ്സിയിൽ.
പരേത കൂടല്ലൂർ ഞള്ളങ്ങനാട്ടിൽ കുടുംബാംഗം. മക്കൾ: ആനിയമ്മ, ലൂക്കോസ് ജേക്കബ് (ഫ്ളോറിഡ), മേഴ്സി, ജേക്കബ് ജോൺ, ജോസ് ജേക്കബ്, മാത്യു സി. ജേക്കബ്.
മരുമക്കൾ: പരേതനായ ജോർജുകുട്ടി വാളത്താറ്റ് (കുമരകം), ആഗ്നസ് വെള്ളിയാൻ (ഒളശ), ജയിംസ് മുക്കേട്ട് (വെളിയന്നൂർ), സാലി അരീച്ചിറ (മാൻവെട്ടം), ജെസി ആറ്റുമാലിൽ (വെളിയനാട്), സ്മിത പ്ലാച്ചേരിപ്പുറത്ത് (ചുള്ളിക്കര).
|
കര്ദിനാള് മാര് വര്ക്കി വിതയത്തില് മെമ്മോറിയല് ബാസ്കറ്റ്ബോള് ടൂര്ണമെന്റ് ശനിയാഴ്ച
ഫിലാഡൽഫിയ: ഷിക്കാഗോ സീറോമലബാര് കത്തോലിക്കാ കോണ്ഗ്രസിന്റെ (എസ്എംസിസി) ഫിലാഡൽഫിയ ചാപ്റ്റര് കര്ദിനാള് മാര് വര്ക്കി വിതയത്തില് മെമ്മോറിയല് ബാസ്കറ്റ്ബോള് ടൂര്ണമെന്റ് ശനിയാഴ്ച രാവിലെ എട്ടു മുതല് ഫിലാഡൽഫിയ നോര്ത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബിന്റെ ഇന്ഡോര് ബാസ്കറ്റ്ബോള് കോര്ട്ടില് സംഘടിപ്പിക്കുന്നു.
അമേരിക്കയിൽ സീറോമലബാർ കത്തോലിക്കാ കോണ്ഗ്രസിന്റെ വളർച്ചയ്ക്ക് ദേശീയതലത്തിലും രൂപതാതലത്തിലും വളരെയധികം സംഭാവനകൾ നൽക്കുകയും അതിന്റെ പ്രഥമ ഗ്രാന്റ്പേട്രൻ സ്ഥാനം ഏറെക്കാലം വഹിക്കുകയും 1999 മുതൽ 2011 വരെ സീറോമലബാർസഭാ മേജർ ആർച്ചുബിഷപ്പും അത്യുന്നത കർദിനാളുമായിരുന്ന ദിവംഗതനായ മാർ വർക്കി വിതയത്തിലിന്റെ സ്മരണാർഥം നടത്തുന്ന പത്താമത് ദേശീയബാസ്കറ്റ്ബോൾ ടൂർണമെന്റാണിത്.
വിവിധ ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രാവിലെ എട്ടിന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഏകദിന ടൂര്ണമെന്റില് പ്ലേ ഓഫ് മത്സരങ്ങള്ക്കുശേഷം വൈകുന്നേരം നടക്കുന്ന ഫൈനലില് വിജയിക്കുന്ന ടീമിനു ജോസഫ് കൊട്ടുകാപ്പള്ളി(മേവട) സ്പോണ്സര് ചെയ്യുന്ന കര്ദിനാള് വിതയത്തില് മെമ്മോറിയല് എവര് റോളിംഗ് ട്രോഫിയും റണ്ണര് അപ്പ് ടീമിനു മുന് ചാപ്റ്റര് പ്രസിഡന്റ് റോഷിന് പ്ലാമൂട്ടില് സ്പോണ്സര് ചെയ്യുന്ന എസ്എംസിസി എവര് റോളിംഗ് ട്രോഫിയും ലഭിക്കും.
വ്യക്തിഗത മികവ് പുലര്ത്തുന്നവര്ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും. ദിവംഗതനായ ടോമി അഗസ്റ്റിന്റെ സ്മരണാര്ഥം നല്കപ്പെടുന്ന എംവിപി കപ്പ് കളിയില് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന വ്യക്തിക്കു ലഭിക്കും.
|
ഫൊക്കാന ന്യൂയോര്ക്ക് മെട്രോ റീജിയന്റെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
ന്യൂയോർക്ക്: നോര്ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എക്കാലത്തെയും വലിയ ശക്തി സ്ത്രോതസുകളിലൊന്നായ ന്യൂയോർക്ക് മെട്രോ റീജിയന്റെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ടൈസൺ സെൻട്രലിൽ (26 N Tyson Ave ,Floral Park, NY 11001) വിപുലമായ പരിപാടികളോട് അരങ്ങേറുമെന്നു റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം നിർവഹിക്കും. കൗണ്ടി ലെജിസ്ലേറ്റർ ഡോ . ആനി പോൾ ചീഫ് ഗസ്റ്റ് ആയി പങ്കെടുന്ന പരിപാടിയിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ഫൊക്കാനയുടെ സമുന്നത നേതാക്കളും പങ്കെടുക്കും.
കാലോചിതമായ മാറ്റങ്ങള് ഉള്ക്കൊണ്ട് ഫൊക്കാന ഇന്ന് അമേരിക്കന് മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട സംഘടനയായി മാറിയിരിക്കുകയാണ്. ഫൊക്കാനയുടെ പ്രവര്ത്തനങ്ങള് കൂടുതല് ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയണിലുമുള്ള പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്.
ന്യൂയോർക്ക് റീജിയൺ ഫൊക്കാനയുടെ ഒരു കരുത്താണ്. ശനിയാഴ്ച നടക്കുന്ന റീജണൽ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, റീജണൽ സെക്രട്ടറി ഡോൺ തോമസ്, ട്രഷർ മാത്യു തോമസ്, പ്രോഗ്രാം കോഓർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ലാജി തോമസ് 516 849 0368, ഡോൺ തോമസ് 516 993 0697, ജിൻസ് ജോസഫ് 646 725 1.
|
ടെക്സസിൽ ഏർലി വോട്ടിംഗ് വെള്ളിയാഴ്ച അവസാനിക്കും
ഡാളസ്: ടെക്സസിൽ ഒക്ടോബർ 21 ന് ആരംഭിച്ച ഏർലി വോട്ടിംഗ് വെള്ളിയാഴ്ച അവസാനിക്കും. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിലുള്ള പോരാട്ടത്തിൽ ഏർലി വോട്ടിംഗിൽ വോട്ടർമാർ വൻതോതിൽ സമ്മതിദാന അവകാശം വിനിയോഗിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
ടെക്സസിൽ 18.62 ദശലക്ഷം രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ട്. ചൊവ്വാഴ്ചയാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
|
ബൈഡന്റെ ദീപാവലി ആഘോഷത്തിൽ ഭജനയും
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ദീപാവലി ആഘോഷത്തിൽ ഹിന്ദു ഭക്തിഗാനവും. ‘ഓം ജയ് ജഗദീഷ് ഹരേ’ എന്ന ഭജനയാണ് വൈറ്റ്ഹൗസിലെ മിലിട്ടറി ബാൻഡ് അവതരിപ്പിച്ചത്.
മലയാളിയും ഐഎംഎഫിലെ മുതിർന്ന സാന്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥ് ആണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. പിയാനോ, വയലിൻ, ചെല്ലോ, ഡ്രംസ് എന്നിവ ഉപയോഗിച്ചാണു ഭജന പാടിയിരിക്കുന്നത്.
തിങ്കളാഴ്ച ആയിരുന്നു വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷം. ഇന്ത്യൻ വംശജരായ 600 പേർ പങ്കെടുത്തു. അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലുള്ള ഇന്ത്യൻ വംശജ സുനിത വില്യംസ് വീഡിയോ ലിങ്കിലൂടെ പങ്കെടുത്തു.
വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസ് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിലായതിനാൽ പങ്കെടുത്തില്ല.
|
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യൻ വാർഷിക ഐക്യ സമ്മേളനം
നാഷ്വിൽ: യുഎസിലെ 30 ദശലക്ഷം വിശ്വാസികളെ പ്രതിനിധീകരിക്കുന്ന 37 അംഗ ക്രിസ്ത്യൻ കൂട്ടായ്മകളുടെ പരമോന്നത സംഘടനയായ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യുഎസ്എ, ടെന്നസിയിലെ നാഷ്വില്ലിൽ വാർഷിക ക്രിസ്ത്യൻ ഐക്യ സമ്മേളനം വിളിച്ചുകൂട്ടി.
സഭാ പ്രതിനിധികളുടെ എക്സിക്യൂട്ടീവ് കൗൺസിൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങളെ അപലപിച്ചുകൊണ്ട് ഏകകണ്ഠമായ പ്രമേയം അംഗീകരിച്ചു. ഇന്ത്യൻ ഭരണഘടനയിൽ ആവശ്യപ്പെടുന്നതുപോലെ പൗരന്മാരുടെ മനുഷ്യാവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും മാനിക്കണമെന്ന് ഇന്ത്യൻ ഗവൺമെന്റിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ യോഗത്തിൽ, യുഎസ്എയിലും ലോകമെങ്ങുമുള്ള മത ദേശീയതയെ സഭാ സമിതി അപലപിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവരുന്ന മത ദേശീയതക്കെതിരേ ജാഗ്രത പാലിക്കാൻ ഉപദേശിക്കുകയും ചെയ്തു.
അമേരിക്കയിലെ ചില മേഖലകളിൽ ഹിന്ദു ദേശീയതയ്ക്ക് സാമ്പത്തികമായും മറ്റ് കമ്യൂണിറ്റിതലത്തിലും ലഭിക്കുന്ന പിന്തുണയെക്കുറിച്ച് അവബോധമുണ്ടായിരിക്കാനും അത്തരം പിന്തുണ ഉപയോഗിച്ച് ഹിന്ദു ദേശീയത നൽകാൻ ശ്രമിക്കുന്ന ഏതൊരു പ്രവൃത്തിയും തള്ളിക്കളയാനും പങ്കാളി സഭകളോടും അംഗ സഭകളോടും പ്രമേയം ആവശ്യപ്പെട്ടു.
രാജ്യത്തെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാരിൽ സമ്മർദം ചെലുത്താൻ നിയമനിർമാതാക്കളോടും പ്രാദേശിക നേതാക്കളോടും പ്രമേയം ആവശ്യപ്പെട്ടു. ഈ ചരിത്രപരമായ പ്രമേയം മതങ്ങൾ തമ്മിലുള്ള ബന്ധത്തിലും പങ്കാളികളുമായുള്ള സംഭാഷണങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നു എന്ന് ഫാ. ജോസഫ് വർഗീസ് പറഞ്ഞു.
|
പരമേശ്വരൻ നായർ ഡാളസിൽ അന്തരിച്ചു
ഡാളസ് (ടെക്സസ്): പ്രമുഖ സമൂഹ പ്രവർത്തകനും കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്റെ മുൻ ട്രഷററുമായിരുന്ന പരമേശ്വരൻ നായർ(82) ഡാളസിൽ അന്തരിച്ചു. കേരള ഹിന്ദു സൊസൈറ്റിയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളായിരുന്നു.
ഡാളസിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ രൂപീകരണ വർഷമായ 2011ൽ ക്ഷേത്രത്തിന്റെ ട്രഷററായി സേവനമനുഷ്ഠിച്ചിരുന്നു. സൊസൈറ്റിയുടെ ബോർഡിൽ ഒന്നിലധികം തവണ അംഗമായിരുന്നു.
കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന് വേണ്ടി സെക്രട്ടറി രമേഷ് കുട്ടാട്ട് കുടുംബത്തെ അനുശോചനം അറിയിച്ചു. ഭാര്യ: തങ്കമ്മ നായർ, മക്കൾ: ഡോ.ജിത്തി നായർ, ഡോ.സജയ് നായർ, ദീപക് നായർ, ഡോ.റിൻസി നായർ, കൊച്ചുമക്കൾ: സന്യ, ദിയ, അർജുൻ, കൃഷ.
പൊതുദർശനവും സംസ്കാരവും ഞായറാഴ്ച വൈകുന്നേരം ഒന്ന് മുതൽ രണ്ട് വരെ ഡാളസിലെ ഹ്യൂസ് ഫാമിലി ട്രിബ്യൂട്ട് സെന്ററിൽ (വിലാസം: 9700 Webb Chapel Rd, Dallas, TX 75220) നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ.സജയ് നായര് 972 814 9166.
|
ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ വെള്ളിയാഴ്ച മുതൽ
ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 122ാം ഓർമപ്പെരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ (നവംബർ 1, 2, 3) ഭക്ത്യാദരപൂർവം നടത്തും.
ഓർമ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം വെരി റവ.പ്രഫ. ജോൺ പനാറയിൽ കോർ എപ്പീസ്ക്കോപ്പ പെരുന്നാൾ കൊടിയേറ്റ് നടത്തി. വെള്ളിയാഴ്ച വൈകുന്നേരം 6.45ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയും അതിനെത്തുടർന്ന് പള്ളിയിൽ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള മധ്യസ്ഥ പ്രാർഥനയും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.
ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ആറു വരെ കൂദോശ് ഈത്തോ കോൺഫറൻസ്, 6.30 മുതൽ സന്ധ്യാ നമസ്കാരം ഏഴ് മുതൽ റവ. ഫാ. ഐസക്ക് ബി. പ്രകാശ് വചന പ്രഘോഷണം നടത്തും. അതിനെത്തുടർന്ന് അത്താഴ വിരുന്നും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ സമാപന ദിവസമായ ഞായറാഴ്ച 8.30ന് പ്രഭാത നമസ്കാരം, അതിനെത്തുടർന്ന് 9.30ന് വിശുദ്ധ കുർബാന, 11.30ന് മുത്തുക്കുടകളും കുരിശുകളും കാതോലിക്കേറ്റ് പതാകയും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ റാസ കുരിശടിയിലേക്ക് പുറപ്പെടും.
11.15ന് പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള മധ്യസ്ഥപ്രാത്ഥനയും, ആശീർവാദവും നടക്കും. 12.30ന് വന്നുചേർന്ന ഏവർക്കും വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോടുകൂടി ചടങ്ങുകൾക്ക് സമാപനം കുറിക്കും.
ഈ വർഷത്തെ പെരുന്നാളിന് റവ. ഫാ. വർഗീസ് എം ഡാനിയേൽ, റവ. ഫാ.ഐസക്ക് ബി. പ്രകാശ്, റവ. ഫാ. റ്റോജോ ബേബി, റവ. ഫാ. എബി പൗലോസ് എന്നിവർ ആത്മീയ നേതൃത്വം നൽകും.
വികാരി റവ.ഫാ. ഷിബു വേണാട് മത്തായി, ട്രഷറർ ബീന കോശി, സെക്രട്ടറി റെനി ബിജു, ജിനു എന്നിവർക്കൊപ്പം പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി തോമസ് പോൾ, സന്ദീപ്, ഷിജു എന്നിവർ പെരുന്നാൾ കോഓർഡിനേറ്റേഴ്സായുമുള്ള വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
|
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കടന്നാക്രമിച്ച് ഡോണൾഡ് ട്രംപും കമല ഹാരിസും
ന്യൂയോർക്ക്: പ്രായം തിരിച്ചറിവിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുവാൻ ഒരു തിരിച്ചറിയൽ പരീക്ഷ സ്വയം നടത്തണമെന്ന മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസ്.
അതേസമയം കമല ഹാരിസ് കാര്യങ്ങൾ സുബോധത്തോടെയാണ് പറയുന്നതെന്ന് ഉറപ്പു വരുത്തണമെന്നാണ് ട്രംപിന്റെ ആവശ്യം. തെരഞ്ഞെടുപ്പിന് ആറ് ദിവസങ്ങൾ ശേഷിക്കെ വോട്ടർമാർ ഉണർന്നിരുന്ന് തങ്ങളുടെ വോട്ടവകാശം വിനയോഗിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനം.
ന്യൂയോർക്കിലെ മാഡിസൻ സ്ക്വയറിലെ പ്രചാരണ റാലിയിൽ കമല ഹാരിസിനെ ട്രംപ് കടന്നാക്രമിച്ചു. മിഷിഗണിലെ കലാമസൂയിൽ കമല ഹാരിസും ട്രംപിനെ നിശിതമായി വിമർശിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ റോബർട്ട് എഫ്. കെന്നഡി ജൂനിയർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
പിന്നീട് തന്റെ തീരുമാനം മാറ്റുകയും പേര് ബാലോട്ടിൽ നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചില സംസ്ഥാനങ്ങൾ നാമ നിർദേശ പത്രിക പിൻവലിക്കുവാൻ അനുവാദം നൽകിയിട്ടില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി ചില സംസ്ഥാനങ്ങളിലെ ബാലറ്റുകളിൽ കെന്നഡി ജൂനിയറിന്റെ പേരും ഉണ്ടാവും.
ഏറ്റവും പുതിയ "270 ടു വിൻ ആവറേജ് പോൾ' പ്രകാരം ഹാരിസിന് 18 സംസ്ഥാനങ്ങളിലും ട്രംപിന് 25 സംസ്ഥാനങ്ങളിലുമാണ് ലീഡ്. ചില ലീഡുകൾ നേരിയതാണ്. എപ്പോൾ വേണമെങ്കിലും മാറിമറിയാം. ഓരോ സംസ്ഥാനത്തിന്റെയും ഇലക്ട്റൽ വോട്ടുകൾ വ്യത്യസ്തമാണ്.
അതേസമയം, ചില അഭിപ്രായ സർവേകൾ കമല ഹാരിസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. മുൻ പ്രഥമ ദമ്പതികളായ മിഷേൽ ഒബാമയും ബറാക് ഒബാമയും ഇപ്പോൾ വളരെ സജീവമായി ഹാരിസിന് വേണ്ടി പ്രചാരണം നടത്തുന്നു. ഹാരിസ് വിജയിച്ചാൽ മിഷേലിന് ഒരു കാബിനറ്റ് പദവി ചിലർ പ്രവചിക്കുന്നുമുണ്ട്.
|
വൈഎംഇഎഫ് ഡാളസ് ഒരുക്കുന്ന ഗാനസന്ധ്യ ഞായറാഴ്ച
കാരോൾട്ടൻ(ഡാളസ്): വൈഎംഇഎഫ് ഒരുക്കുന്ന ഗാനസന്ധ്യ ഞായറാഴ്ച(നവംബർ മൂന്ന്) വെെകുന്നേരം ആറിന് കാരോൾട്ടൻ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ വച്ച് നടത്തുന്നു.
കവി ടി. കെ. ശാമുവൽ ഗാനങ്ങളും ഗാനപശ്ചാത്തലവും വിവരണം ആയുള്ള ഒരു അതുല്യ സംഗീത അനുഭവം ഗാനാസ്വാദകരിലേക്കു പകർന്നു നൽകുന്നത് ശ്രുതിലയ ഗാഭീര്യവുമായി കേരളത്തിൽ നിന്നും എത്തിച്ചേർന്നിരിക്കുന്ന ഗായകൻ സ്വരാജാണ്.
ബിജു ചെറിയാൻ ലാലു ജോയ് തോമസ് യുകെ എന്നിവരുടെ നേതൃത്വത്തിലാണ് പശ്ചാത്തലസംഗീതം ഒരുക്കപ്പെടുന്നത്. പ്രവേശം സൗജന്യമായ ഗാനസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വൈഎംഇഎഫ് ഭാരവാഹികൾ അറിയിച്ചു.
|
അമേരിക്കയിൽ ഭൂചലനം; ആളപായമില്ല
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഒറിഗോൺ സംസ്ഥാനത്തെ ബാൻഡൻ നഗരത്തിൽ നിന്ന് 173 മൈൽ (279 കിലോമീറ്റർ) അകലെ പസഫിക് സമുദ്രത്തിന് താഴെയുള്ള ഒരു ഫോൾട്ട് ലൈനിലാണ് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
|
സോഷ്യൽ ക്ലബ് ഓഫ് ന്യൂജഴ്സി അമേരിക്കൻ ഇലക്ഷൻ വാച്ച് നൈറ്റ് നവംബർ അഞ്ചിന്
ന്യൂജഴ്സി: സോഷ്യൽ ക്ലബ് ഓഫ് ന്യൂജഴ്സിയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ ഇലക്ഷൻ വാച്ച് നൈറ്റ് സംഘടിപ്പിക്കുന്നു. അമേരിക്കയിലെ ജനറൽ ഇലക്ഷൻ നടക്കുന്ന നവംബർ അഞ്ചിന് വൈകുന്നേരം ആറിനാണ് പ്രോഗ്രാം ആരംഭിക്കുന്നത്.
ഏതാണ്ട് അർധരാത്രി വരെ നീളുന്ന പരിപാടിയിൽ ന്യൂജഴ്സിയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം മലയാളികൾ പങ്കെടുക്കും. ബെർഗൻ കൗണ്ടി സിറ്റി ഓഫ് പരാമസ് ഫയർ ഡിപ്പാർട്മെന്റ് കമ്പനി വൺ ബിൽഡിംഗ് ഓഡിറ്റോറിയത്തിലാണ് ഇലക്ഷൻ വോട്ട് എണ്ണൽ വിവിധ ചാനലുകളിൽ നേരിട്ട് കാണുവാൻ അവസരമൊരുക്കുന്നത്.
കൗണ്ടിംഗ് നടക്കുന്നതിന്റെ റിയൽ ടൈം അപ്ഡേറ്റുകൾ വലിയ സ്ക്രീനുകളിൽ ഒന്നിച്ചിരുന്നു കാണുകയും അതിനെക്കുറിച്ചുള്ള അവലോകനം നടത്തുകയും ഡിബേറ്റുകൾ, ബെറ്റിംഗ്, റാഫിൾ കൂടാതെ വിജയിയെ പ്രവചിക്കുന്നവർക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഫോക്സ്, എബിസി, സിഎൻഎൻ തുടങ്ങി അനേകം പ്രമുഖ ചാനലുകൾ ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെടും. കൂടാതെ മലയാളം ചാനലുകളുടെ പ്രതിനിധികളും പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് നേരിട്ട് ന്യൂസ് കവറേജ് ചെയ്യുകയും ചെയ്യും.
മലയാളികൾക്കിടയിൽ അമേരിക്കൻ തെരഞ്ഞെടുപ്പിനെക്കുറിച്ചു കൂടുതൽ അറിവുണ്ടാക്കുക, അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് കൂടുതൽ ഇടപെടൽ നടത്തുവാൻ മലയാളിയെ പ്രാപ്തമാക്കുക, അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ചു കൂടുതൽ അവബോധം മലയാളി മാതാപിതാക്കളും യുവജനങ്ങളിലും ഉണ്ടാക്കിയെടുക്കുക എന്നൊരു ലക്ഷ്യം കൂടി ന്യൂജഴ്സി സോഷ്യൽ ക്ലബിന്റെ ഈ ഉദ്യമത്തിൽ ഉണ്ടെന്ന് സംഘാടകർ അറിയിച്ചു.
അമേരിക്കൻ മലയാളികൾക്കിടയിൽ ആദ്യമായാണ് ഇങ്ങനെ ഒരു പരിപാടി ഇലക്ഷൻ സമയത്ത് സംഘടിപ്പിക്കുന്നത്. ബീവറേജ്, മൾട്ടി കുസിൻ ഡിന്നർ എന്നിവയും പ്രോഗ്രാമിന്റെ ഭാഗമാകും.
ഈ പരിപാടികളിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. 2014215303, 9145522936 ,6463732458, 6197293036, 2018328400, 2019254157, 2013705019, 9739858432, 2018931505 9145731616, 2014031179.
|
ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ വ്യക്തിയുമായ എലിസബത്ത് ഫ്രാൻസിസ് 115ാം വയസിൽ അന്തരിച്ചു. ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി എന്നായിരുന്നു ഫ്രാൻസിസ് അറിയപ്പെട്ടിരുന്നത്.
ഒക്ടോബർ 22ന് ഹൂസ്റ്റണിലായിരുന്നു മരണം.1909 ൽ ലൂസിയാനയിൽ ജനിച്ച ഫ്രാൻസിസ് രണ്ട് ലോകമഹായുദ്ധങ്ങൾ, അമേരിക്കയുടെ പൗരാവകാശ പോരാട്ടം, 20 പ്രസിഡന്റുമാർ അധികാരത്തിൽ വരുന്നതും കണ്ട വ്യക്തിയാണ്.
ഈ വർഷത്തെ 115ാം ജന്മദിനത്തിൽ മിഷേൽ ഒബാമയിൽ നിന്ന് ഫ്രാൻസിസിന് കത്ത് ലഭിച്ചിരുന്നു.
|
സ്റ്റാറ്റൻ ഐലൻഡിൽ ബ്ലെസ്ഡ് കുഞ്ഞച്ചൻ ഇടവക തിരുനാൾ ആഘോഷിച്ചു
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് ബ്ലെസ്ഡ് കുഞ്ഞച്ചൻ സിറോമലബാർ മിഷനിൽ തിരുനാളും ഇടവക ദിനവും ആഘോഷിച്ചു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നൊവേനയും ജപമാല സമർപ്പണവും തിരുനാൾ ഒരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഇടവകയിൽ നടന്നു.
ജപമാല സമർപ്പണത്തോടെ ആരംഭിച്ച തിരുനാൾ തിരുക്കർമങ്ങളിൾക്ക് വികാരിയും മിഷൻ ഡയറക്ടറുമായ ഫാ. സോജു വർഗീസ് നേതൃത്വം നൽകി. ഫാ. ജേക്കബ് കിഴക്കേപള്ളി വാതുക്കലാണ് മുഖ്യകാർമ്മികത്വം വഹിച്ചത്.
നൊവേനയ്ക്കും ലദീഞ്ഞിനും ഫാ.സോജു വർഗീസ് കാർമ്മികത്വം വഹിച്ചു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തേവരുപറമ്പിലിന്റെ രൂപക്കൂട് വഹിച്ചുകൊണ്ട് മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും പേപ്പൽ പതാകകളുടെയും അകമ്പടിയോടെ ദേവാലയത്തിൽ പ്രദക്ഷിണം നടത്തി.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുശേഷിപ്പ് എഴുന്നള്ളിച്ചുകൊണ്ട് ഫാ. ജേക്കബ് കിഴക്കേപള്ളി വൈദികരും അതിനു മുന്നിലായി പ്രസുദേന്തിമാരായ തങ്കച്ചൻ മാത്യു കാരക്കാട്ട് കുടുംബവും ഷാജി മാത്യു കാരക്കാട്ട് കുടുംബവും പ്രദക്ഷിണം നടത്തി.
തിരുനാൾ കുർബാനയിൽ ജയ്മോന്റെ നേതൃത്വത്തിൽ ജയ്സൺ ആന്റണി ലിഞ്ജു, ലിയ, ലീമ, ഇവാ എന്നിവർ ചേർന്നു ഗാനശുശ്രൂഷ നടത്തി. സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടത്തിയ ഇടവക ദിനാഘോഷത്തിൽ ഫാ. റോയി കണ്ണഞ്ചിറ രചിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രഘോഷണ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു.
തുടർന്ന് രാത്രി ഒൻപത് വരെ കലാപരിപാടികൾ നടന്നു. സൺഡേ സ്കൂൾ വിദ്യാർഥികളും ഇടവകാംഗങ്ങളും ഗസ്റ്റ് ആർട്ടിസ്റ്റുകളും ചേർന്ന് അവതരിപ്പിച്ച സംഗീത, നൃത്ത കലാ പരിപാടികൾ ഏറെ ആകർഷകമായി. ആഷ്ലി മത്തായി കലാസന്ധ്യക്ക് കോർഡിനേറ്ററായിരുന്നു.
റോയി മുട്ടപ്പള്ളി, തോമസ് ഡിക്രോസ്സ്, ജയ്സൻ ആന്റണി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഇടവക സ്ത്രീകൾ സംഘനൃത്തം അവതരിപ്പിച്ചു. കുട്ടികളുടെ മികവുറ്റ കലാപ്രകടനങ്ങളും അരങ്ങേറി.
ഡെറ്റി ഡാർലി, ലിഷ ലിബിൻ, ലിയ ജോയി തുടങ്ങിയവർ കുട്ടികൾക്ക് നേതൃത്വം നൽകി. ടോം തോമസ്, അലക്സ് ജോസഫ്, ജോർജ്ജ് മുണ്ടിയാനി, അപ്പു ഡാർലി, സ്റ്റാൻലി സഖറിയ എന്നിവർ പെരുന്നാളാഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു.
ദേവസ്യാച്ചൻ കാരക്കാട്ട്, മത്തായി കരിയിലക്കുഴിയിൽ എന്നിവർ അൾത്താര ശുശ്രൂഷയ്ക്കും മിനി ബെന്നി, ആഷ്ലി മാത്യു എന്നിവർ ദേവാലയ അലങ്കാരത്തിനും ജെനി ജോയി, ഷിജു ജോസ്, ജിനോയി തുടങ്ങിയവർ പാരിഷ് ദിനാഘോഷത്തിനും നേതൃത്വം വഹിച്ചു.
ഇടവ വികാരി ഫാ സോജു വർഗീസിന്റെ നന്ദി പ്രകാശനത്തോടെ ആഘോഷങ്ങൾക്ക് സമാപനമായി.
|
വയലാർ അനുസ്മരണവും ഗാനസന്ധ്യയും നാഷ്വില്ലിൽ അരങ്ങേറി
നാഷ്വിൽ: കേരളത്തിന്റെ ജനകീയ കവിയായ വയലാർ രാമവർമയുടെ അൻപതാം ചരമവാർഷികം മുൻനിർത്തി കേരള അസോസിയേഷൻ ഓഫ് നാഷ്വിലും നാഷ്വിൽ സാഹിതിയും സംയുക്തമായി വയലാർ അനുസ്മരണം അവതരിപ്പിച്ചു.
"വയലാർ സ്മൃതി: സംഗീതത്തിന്റെ സൗരഭ്യം' എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രശസ്ത ഗാനരചയിതാവും കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാർ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി.
വയലാർ കവിതകളും സിനിമ ഗാനങ്ങളും കെ ജയകുമാർ രചിച്ച സിനിമ ഗാനങ്ങളും കോർത്തിണക്കി അതിമനോഹരമായ ഗാനസന്ധ്യയും അരങ്ങേറി. വയലാറിന്റെ കവിതകളെ കുറിച്ചും കാലാകാലങ്ങളിൽ വന്ന അദ്ദേഹത്തിന്റെ ചിന്ത ധാരകളെ കുറിച്ചും അത് ഗാനരചനയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമെല്ലാം വളരെ വിശദമായി കെ. ജയകുമാർ അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ അവതരിപ്പിച്ചു.
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ പ്രസിഡന്റ് ഷിബു പിള്ള അധ്യക്ഷത വഹിച്ച പരിപാടിയിൽ ലാന പ്രസിഡന്റ് ശങ്കർ മന ആശംസ അർപ്പിച്ചു. നാഷ്വിൽ സാഹിതി കൺവീനർ അശോകൻ വട്ടക്കാട്ടിൽ സ്വാഗതവും കേരള അസോസിയേഷൻ സെക്രട്ടറി സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി.
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ ഭരണസമിതി അംഗങ്ങൾ ചേർന്ന് കെ ജയകുമാറിന് ഫലകം നൽകി ആദരിക്കുകയും ചെയ്തു.
തുടർന്ന് നാഷ്വില്ലിലെ കലാകാരൻമാരായ സന്ദീപ് ബാലൻ, അനിൽകുമാർ ഗോപാലകൃഷ്ണൻ, ലിനു രാജ്, ലയ ജിജേഷ്, കല്യാണി പതിയാരി, അഭിരാമി അനിൽകുമാർ എന്നിവർ ചേർന്ന് വയലാർ, കെ. ജയകുമാർ എന്നിവരുടെ കവിതകളെയും ഗാനങ്ങളെയും കോർത്തിണക്കി അവതരിപ്പിച്ച ഗാനസന്ധ്യ സ്വരമാധുര്യത്തിന്റെ നല്ലൊരു അനുഭൂതി സമ്മാനിച്ചു.
അതിൽ അവതരിപ്പിച്ച ഓരോ ഗാനങ്ങളെ കുറിച്ചും അതിന്റെ പശ്ചാത്തലത്തെ കുറിച്ചും കെ. ജയകുമാർ അനുഭവങ്ങൾ പങ്കിട്ടത് പങ്കെടുത്തവർക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുകയും ചെയ്തു.
|
ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ
ന്യൂയോർക്ക്: ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപെരുന്നാൾ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.
പരിശുദ്ധ പരുമലതിരുമേനിയുടെ 122ാമത് ഓർമ്മപെരുന്നാൾ നവംബർ 1, 2 (വെള്ളി, ശനി) ദിവസങ്ങളിൽ അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടത്തപ്പെടുന്നു .
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യൂഹാനോൻ മാർ ദിമിത്രയോസ് തിരുമേനി പെരുന്നാൾ ശുശ്രുഷകൾക്കു കാർമികത്വം വഹിക്കുന്നതാണ്. നവംബർ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ ധ്യാനപ്രസംഗവും ഉണ്ടായിരിക്കും.
ശനിയാഴ്ച രാവിലെ എട്ടിന് പ്രഭാതനമസ്കാരവും അഭിവന്ദ്യ തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് ഭക്തിനിർഭരമായ പെരുന്നാൾ റാസയും ശ്ലൈഹിക വാഴ്വും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് റവ:ഫാ:ജെറി വർഗീസ് (വികാരി 516 503 1947) സജി കോശി (സെക്രട്ടറി) :631 514 5946) ജോസഫ് പാപ്പൻ (ട്രഷറർ) :917 853 7281).
Address :987 Elmont Rd North Valley stream, NY 11580.
|
16 മണിക്കൂർ കൊണ്ട് 8,300 മൈല് സഞ്ചരിച്ച് അമേരിക്കൻ എയർലൈൻസ് നോൺസ്റ്റോപ്പ് ഫ്ലൈറ്റ്
ഡാളസ്: അമേരിക്കൻ എയർലൈൻസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നേരിട്ടുള്ള വിമാനം സർവീസ് നടത്തി. എഎഎൽ7 ശനിയാഴ്ച രാത്രി ഡാളസ്ഫോർട്ട് വർത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട് ഏകദേശം 16 മണിക്കൂറ് കൊണ്ട് 8,300 മൈല് സഞ്ചരിച്ച് ബ്രിസ്ബേൻ എയർപോർട്ടിൽ ലാൻഡ് ചെയ്തു.
നോൺസ്റ്റോപ്പ് ഫ്ലെറ്റിൽ മൂന്ന് പൈലറ്റുമാർ, ഒരു റിലീഫ് ക്യാപ്റ്റൻ, 11 ഫ്ലൈറ്റ് അറ്റൻഡുമാർ എന്നിവരായിരുന്നു ജോലിക്കുണ്ടായിരുന്നത്. ബ്രിസ്ബേൻ എയർപോർട്ടിന്റെ യൂട്യൂബ് ചാനലിൽ ലാൻഡിംഗ് ലൈവ് സ്ട്രീം ചെയ്തു. 12,000ത്തിലധികം ആളുകൾ വീഡിയോ കണ്ടു. വിമാനത്തിൽ 285 യാത്രക്കാരാണുണ്ടായിരുന്നത്.
|
മാർത്തോമ്മാ മെറിറ്റ് അവാർഡ്: നോർത്ത് അമേരിക്ക ഭദ്രാസനം നോമിനേഷനുകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: 2024ലെ മാർത്തോമ്മാ മെറിറ്റ് അവാർഡുകൾക്കായി നോർത്ത് അമേരിക്ക ഭദ്രാസനം നോമിനേഷനുകൾ ക്ഷണിക്കുന്നു. ഹൈസ്കൂൾ ക്ലാസ് വാലിഡിക്ടോറിയൻമാരായി ബിരുദം നേടിയവരോ അസാധാരണമായ യോഗ്യതകളുള്ളവരോ (മാനദണ്ഡങ്ങൾക്ക് അനുയോജ്യമായ ഫോമുകൾ ശ്രദ്ധിക്കുക) മാർത്തോമ്മാ ഇടവകകളിലോ സഭകളിലോ അംഗങ്ങളായവരും ആരാധനാ ശുശ്രൂഷകളിൽ പങ്കെടുക്കുകയും ഇടവക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന വിദ്യാർഥികൾ ഈ അവാർഡിന് അർഹരാണ്.
അപേക്ഷകർ ആവശ്യമായ സഹായ രേഖകളോടൊപ്പം ഉചിതമായ ഫോമുകൾ പൂരിപ്പിക്കണം. ഫോമുകൾ അപേക്ഷകൻ ഒപ്പിടുകയും ഇടവക വികാരി പരിശോധിച്ചുറപ്പിക്കുകയും ചെയ്യേണ്ടതാണ് . പൂരിപ്പിച്ച ഫോം അറ്റാച്ചുമെന്റുകൾ സഹിതം ഭദ്രാസന ഓഫിസിൽ ഡിസംബർ 16 നു മുൻപ് ലഭിക്കണമെന്നു സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു.
|
കേരള അസോസിയേഷൻ ഓഫ് ഡാളസ് ചിൽഡ്രൻസ് കലാമത്സരം: വിജയികളെ പ്രഖ്യാപിച്ചു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററുമം സംയുക്തമായി സംഘടിപ്പിച്ച ചിൽഡ്രൻസ് കലാമത്സരം 2024ലെ വിജയികളെ പ്രഖ്യാപിച്ചു.
കുട്ടികളുടെ കലാമത്സര വിജയികൾ
പെൻസിൽ ഡ്രോ ഏഴ് വയസും അതിൽ താഴെയും
ഒന്നാം സമ്മാനം: സെറാ തോമസ്, രണ്ടാം സമ്മാനം: ജോഷ്വ തോമസ്, മൂന്നാം സമ്മാനംദീത്യ ദീപേഷ്.
ഡ്രോയിംഗ് 8 10
ഒന്നാം സമ്മാനം: സാത്വിക് ശ്രീജു, രണ്ടാം സമ്മാനം ഗ്രേസ് മാടമന, മൂന്നാം സമ്മാനം ജോഹാൻ തോമസ്.
പെൻസിൽ ഡ്രോയിംഗ് 1114
ഒന്നാം സമ്മാനം: നിഹാൽ നീരജ്, രണ്ടാം സമ്മാനം: അമൽ അനിൽകുമാർ, മൂന്നാം സമ്മാനം: നവമി അഭിലാഷ് നായർ.
പെൻസിൽ ഡ്രോയിംഗ് 1517
ഒന്നാം സമ്മാനം: അനൗഷ്ക നാരായണൻ.
വാട്ടർ കളർ പെയിന്റിംഗ് ഏഴ് വയസും അതിൽ താഴെയും
ഒന്നാം സമ്മാനം: സെറാ തോമസ്, രണ്ടാം സമ്മാനം: ദീത്യ ദീപേഷ്, മൂന്നാം സമ്മാനം: ജോഷ്വ തോമസ്.
കളർ പെയിന്റിംഗ് 810
ഒന്നാം സമ്മാനം: ജോഹാൻ തോമസ്, രണ്ടാം സമ്മാനം: ജോവാന ചാത്തമ്പാടത്തിൽ, മൂന്നാം സമ്മാനം: ഗ്രേസ് മാടമന.
വാട്ടർ കളർ പെയിന്റിംഗ് 1114
ഒന്നാം സമ്മാനം: സെറാ പാറോക്കാരൻ, രണ്ടാം സമ്മാനം: അമൽ അനിൽകുമാർ, മൂന്നാം സമ്മാനം ജെറമി തോമസ്.
മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർഥികളെയും തങ്ങൾ അഭിനന്ദിക്കുന്നു. പങ്കെടുത്ത എല്ലാവർക്കും രക്ഷിതാക്കൾക്കും സന്നധപ്രവർത്തകർക്കും നന്ദി. വിജയികൾക്ക് പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങളിൽ ട്രോഫികൾ സമ്മാനികുമെന്നു അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.
|
സുജാ തോമസിന് കേരള സെന്ററിന്റെ നഴ്സിംഗ് ലീഡർഷിപ് അവാർഡ്
ന്യൂയോർക്ക്: നഴ്സിംഗ് ലീഡർഷിപ്പിനുള്ള ഈ വർഷത്തെ കേരള സെന്റർ അവാർഡ് നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക(നൈന) പ്രസിഡന്റ് സുജാ തോമസിനു ലഭിച്ചു.
അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും വലിയ നഗരം മുതൽ വളരെ ചെറിയ പട്ടണങ്ങൾ വരെ എല്ലാ തരത്തിലുമുള്ള ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ സേവനം ചെയ്യുന്ന ഇന്ത്യൻ വംശക്കാരായ നഴ്സുമാരുടെ അവകാശങ്ങൾക്കും ഔദ്യോഗിക വികസനത്തിനും അഭിഭാഷണത്തിനുള്ള അന്വർഥമായ പ്രകടനമായിരുന്നു ഈ അവാർഡ്.
ഒരു നഴ്സ് എന്ന നിലയിൽ സ്വന്തം പ്രഫഷനോടുള്ള കാഴ്ചപ്പാട് വർധിപ്പിക്കുന്നതിനും ഇന്ത്യൻ നഴ്സുമാരുടെ അഭിവൃദ്ധിക്കും സമൂഹത്തിന്റെ തന്നെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വേണ്ടി സ്വയം സമർപ്പിച്ചുകൊണ്ടിരിക്കുന്ന സുജ തോമസിനു ലഭിച്ച കേരള സെന്റർ അവാർഡ് തികച്ചും യുക്തം.
വിദേശത്തു പഠിച്ച നഴ്സുമാരുടെ വിദ്യാഭ്യാസം അവലോകനം ചെയ്ത് അംഗീകരിക്കുന്ന സിജിഎഫ്എൻഎസിന്റെ അലയൻസ് ഫോർ എത്തിക്കൽ ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് ബോർഡ് ഓഫ് ഗവർണേഴ്സ് അംഗം കൂടിയാണ് സുജ തോമസ്.
ഈ നിലയിൽ സുജ നഴ്സിംഗിലും അനുബന്ധ പ്രഫഷനലുകളിലുമുള്ള പന്ത്രണ്ടു പ്രഗത്ഭരായ പ്രൊഫെഷണൽമാരോടൊപ്പം ഉത്തരവാദിത്വപൂർണവും സുതാര്യവുമായ വിധം വിദേശത്തുനിന്ന് അമേരിക്കയിലേക്കുള്ള നിയമന സംവിധാനം രൂപപ്പെടുത്തുന്നതിന് ഉത്തരവാദിയാണ്.
ഗവേഷണത്തിലധിഷ്ഠിതമായ അറിവു വഴി വിദേശത്തു നിന്ന് അമേരിക്കയിൽ എത്താൻ ശ്രമിക്കുന്ന പതിനായിരക്കണക്കിനു നഴ്സുമാർക്കും ബന്ധപ്പെട്ട പ്രഫഷണലുകൾക്കും ഉപാകാരപ്രദവും നൈനയുടെ പ്രസിഡന്റ് സാരഥ്യത്തിൽ കഴിഞ്ഞ വർഷവും ഈ വർഷവും ദേശീയ തലത്തിൽ ഷിക്കാഗോയിലും ന്യൂയോർക്ക് ആൾബനിയിലും വിജയകരമായി സംഘടിപ്പിക്കുന്നതിന് ചുക്കാൻ പിടിക്കുകയുണ്ടായി.
വൈസ് പ്രസിഡന്റ് കമല ഹാരിസ്, സർജൻ ജനറൽ വിവേക് മൂർത്തി, ന്യൂ യോർക്ക് ഗവർണർ കാത്തി ഹോകുൾ എന്നിവരുടെ പ്രതിപത്തിയും ആശംസകളും നേടാൻ ഈ സമ്മേളനങ്ങളുടെ നേതൃത്വത്തിലൂടെ സുജയ്ക്കു കഴിഞ്ഞു.
ആൾബനിയിലെ സാമുവേൽ സ്ട്രാട്ടൻ വി എ മെഡിക്കൽ സെന്ററിൽ ക്ലിനിക്കൽ ലീഡ്/അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിക്കുന്ന സുജ മംഗളൂരിലെ ഫാ. മുള്ളേഴ്സ് കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്ന് ബിരുദം നേടി. ന്യൂ യോർക്ക് ട്രോയ് റസ്സൽ സേജ് കോളജിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദവും അഡൾട് ജെറോന്റോളോജി പ്രൈമറി കെയർ നഴ്സ് പ്രാക്ടീഷണർ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
മിന്നെസോട്ട മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി വഴി വൂണ്ട്, ഓസ്റ്റമി, കോണ്ടിനെൻസ് നഴ്സ് ആയി അമേരിക്കൻ നാഷണൽ ക്രെഡന്ഷ്യലിംഗ് സെന്ററിന്റെ സർട്ടിഫിക്കറ്റും സുജ തന്റെ ബിരുദങ്ങളിൽ ചേർത്തു.
മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുകേഷനിൽ അസിസ്റ്റന്റ് ലക്ച്ചറർ ആയി പഠിപ്പിച്ച സുജ ഇപ്പോൾ അവിടെയും ആൾബനിയിലെ മരിയ കോളേജിലും ആഡ്ജംക്ട് ഫാക്കൽറ്റിയായി തുടരുന്നു. ഇപ്പോൾ പിഎച്ചഡി ബിരുദത്തിനുള്ള തയാറെടുപ്പിന്റെ മധ്യത്തിലാണ്.
കമ്യൂണിറ്റി സേവനത്തെയും വിശിഷ്ടമായ അക്കാദമിക് പ്രകടനത്തെയും വിലമതിച്ചുകൊണ്ട് യൂണിവേഴ്സിറ്റി അറ്റ് ബഫലോ സുജയ്ക്ക് 2024 25 അക്കാദമിക് വർഷത്തെ ആർതർ അൽഫോൻസോ ഷോംബർഗ് ഫെല്ലോഷിപ്പ് നൽകി ബഹുമാനിക്കുകയുണ്ടായി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഡ്ജംക്ട് ഫാക്കൽറ്റിയായി നഴ്സിംഗ് വിദ്യാർഥികൾക്ക് ശിക്ഷണം നല്കുമ്പോളും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും മെച്ചപ്പെട്ട ഫലമുണ്ടാക്കുന്ന നഴ്സിംഗ് ഇടപെടലുകളാണ് സുജ മുന്നിൽ കാണുന്നത്.
നഴ്സിംഗ് ലീഡർഷിപ്പ് അവാർഡിനോടൊപ്പം സുജയ്ക്കു സെനറ്റർ കെവിൻ തോമസിൽനിന്നും ടൌൺ ഓഫ് ഹെമ്പ്സ്റ്റഡിൽ നിന്നും ന്യൂ യോർക്ക് അസ്സെംബ്ലി വുമൺ മിഷേൽ സോളജിസിൽ നിന്നും പ്രൊക്ലമേഷനുകളും ലഭിച്ചു.
|
ഡാളസ് മാർത്തോമ്മാ ചർച്ച് ഫാമിലി സൺഡേയും മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
മസ്ക്വിറ്റ്(ഡാളസ്): സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ കുടുംബ ഞായറും മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 9.30ന് ആരംഭിച്ച കുടുംബ ഞായറോട് അനുബന്ധിച്ചു നടന്ന കുർബാനയ്ക്കുശേഷം നടന്ന പൊതുചടങ്ങിലാണ് കുടുംബ ഞായറും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്.
രാവിലെ നടന്ന കുർബാനയ്ക്ക് വെരി റവ ഡോ. കെ.വൈ. ജേക്കബ് നേതൃത്വം നൽകി. ഫാ. മനു, ഫാ. ഷൈജു സി. ജോയ് എന്നിവർ സഹകാർമികരായിരുന്നു. ഈ വർഷത്തെ കർഷക അവാർഡിന് അർഹരായ ആറു പേരിൽ നിന്നും തെരഞ്ഞെടുത്ത ഉമ്മൻ അബ്രഹാമിനെ ഫാ. ജേക്കബ് പൊന്നാടയണിയിച്ച് ആദരിച്ചു.
ആനി വർഗീസ്, എലിസബത്ത് സ്രാമ്പിക്കൽ ചെറിയാൻ, ജോർജ് ഐപ്പ്, എലിസബത്ത് ഐപ്പ്, ജോയ് ജേക്കബ്, പി.പി. ചെറിയാൻ, സണ്ണി ജേക്കബ് എന്നീ മുതിർന്ന പൗരന്മാരെയാണ് ഇടവക ആദരിച്ചത്.
|
ഡാളസ് സീയോൻ ചർച്ചിലെ സംഗീത സന്ധ്യ അവിസ്മരണീയമായി
ഡാളസ്: ഡാളസ് സീയോൻ ചർച്ചിൽ സംഘടിപ്പിച്ച മ്യൂസിക്കൽ കോൺസെർട് അവതരണ പുതുമയിലും വാദ്യോപകരണ പിന്തുണയിലും അവിസ്മരണീയ അനുഭവമായി. ആദ്യമായി അമേരിക്കയിൽ എത്തിച്ചേർന്ന പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജ്, ദീപ ഫ്രാൻസിസ് എന്നിവർ ആലപിച്ച ഗാനങ്ങൾ സംഗീതാസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റി.
പാസ്റ്റർ ജസ്റ്റിൻ വർഗീസിന്റെ പ്രാരംഭ പ്രാർഥനയോടെ ഗാന സന്ധ്യക്കു തുടക്കം കുറിച്ചു പ്രോഗ്രാം കോഓർഡിനേറ്റർ സിജു വി. ജോർജ് ഗായകരെയും അതിഥികളെയും പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
വിൽസ്വരാജിന്റെ സെമി ക്ലാസിക്കൽ ഉൾപ്പെടെയുള്ള ഗാനങ്ങൾ ആസ്വദിക്കുന്നതിനു ഡാളസ് ഫോർട്ട്വർത്ത് മെട്രോപ്ലെക്സിൽ നിന്നും നിരവധി സംഗീതാസ്വാദകർ റിച്ചാർഡ്സണിലുള്ള ചർച്ചിൽ എത്തിച്ചേർന്നിരുന്നു.
സാംസൺ, വിജു ചെറിയാൻ, യുകെയിൽ നിന്നും എത്തിച്ചേർന്ന വാദ്യ താള വിദഗ്ധൻ ജോയ് തോമസ്, പാസ്റ്റർ ബിജു ഡാനിയേൽ, സി. പി. ടോണി തുടങ്ങിയവരും ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, ഗാർലാൻഡ് മേയറോൾ സ്ഥാനാർഥി പി.സി. മാത്യു,
എക്സ്പ്രസ് ഹെറാൾഡ് ചീഫ് എഡിറ്റർ രാജു തരകൻ, സാം മത്തായി, അനശ്വർ മാംമ്പിള്ളി, മീനു എലിസബത്ത്, ഷാജി മാത്യു, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ പ്രസിഡന്റ് ഷിജു അബ്രഹാം എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
പാസ്റ്റർ ബിജുവിന്റെ പ്രാർഥനയോടെ ഗാനസന്ധ്യ സമാപിച്ചു. സണ്ണി ചിറയെങ്കിൽ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.
|
ഫോമയുടെ പ്രവർത്തനോദ്ഘാടനം ഉജ്വലമായി
ഹൂസ്റ്റൻ: സിനിമാ താരം ലെനയും പ്രസിഡന്റ് ബേബി മണക്കുന്നേലും ഭദ്രദീപം കൊളുത്തി ഫോമയുടെ 2024 26 വർഷത്തെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു. സ്റ്റാഫോർഡിലെ ഇമ്മാനുവൽ സെന്ററിന്റെ വെളിയിൽ നിന്നും താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയോടുകൂടി ആഘോഷങ്ങൾ ആരംഭിച്ചു.
നൂപുര നൃത്തവിദ്യാലയത്തിലെ കലാകാരികൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരയോടെ പരിപാടികൾക്ക് തുടക്കമായി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥി ലെന ഉദ്ഘാടന പ്രസംഗം നടത്തി.
ലെന, പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു മാത്യു, ജോ. സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, മാഗ് പ്രസിഡന്റ് മാത്യു മുണ്ടക്കൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
വിമൻസ് ഫോറം പ്രവർത്തനങ്ങൾ നൂർബിന റഷീദ് ഉദ്ഘാടനം ചെയ്തു. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫോമ യൂത്ത് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഫോമയുടെ 2426 പ്രവർത്തനങ്ങൾക്ക് പ്ലാറ്റിനം സ്പോൺസർമാരായിട്ടുള്ള ശശിധരൻ നായർ, ജോർജ് ജോസഫ്, ബിജു ലോസൺ എന്നിവരെ ആദരിച്ചു.
ഫോർട്ട് ബൻഡ് കൗണ്ടി ജഡ്ജുമാരായ സുരേന്ദ്രൻ പട്ടേൽ, ജൂലി മാത്യു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. തനിക്കും ടീമിനും നൽകിയ പിൻതുണയിൽ ഫോമ പ്രവർത്തകരോട് ബേബി മണക്കുന്നേൽ നന്ദി പറഞ്ഞു.
2026ലെ കൺവൻഷൻ ചരിത്രം കുറിക്കുന്ന ഒന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി ഫോമ കമ്മിറ്റി നടത്തുന്ന റാഫിൾ ടിക്കറ്റിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു.
തുടർന്ന് ദിവ്യ ഉണ്ണി, കലാമണ്ഡലം ശ്രീദേവി എന്നിവരുടെ നേതൃത്യത്തിൽ കലാപരിപാടികൾ അരങ്ങേറി. സാബു തിരുവല്ലയുടെ മിമിക്രിയും ഉണ്ടായിരുന്നു.
|
അമേരിക്കൻ മലയാളികൾക്ക് ആശ്വാസം; കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാൻ എയർ ഇന്ത്യ
ഡാളസ്: കൂടുതൽ യുഎസ് നഗരങ്ങളിലേക്ക് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ. ഡാളസ്, ലോസ് ആഞ്ചലസ് എന്നീ നഗരങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
എയർ ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യാന്തര കേന്ദ്രമായ ഡൽഹിയിൽ നിന്നാണ് പുതിയ സർവീസുകൾ. ഡാളസിലേക്കും ലോസ് ആഞ്ചലസിലേക്കും ആഴ്ചയിൽ ഏഴ് വിമാന സർവീസ് നടത്താനാണ് അനുമതി ലഭിച്ചത്.
2024 ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കുമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അറിയിച്ചത്.
|
പ്രഫ. കെ. ഇടിക്കുള കോശി അന്തരിച്ചു
തുമ്പമൺ: പ്രഫസർ കെ. ഇടിക്കുള കോശി(79) അന്തരിച്ചു. തുമ്പമൺ കൈതവന കുടുംബാംഗമാണ്. 1967ൽ തിരുവല്ലയിൽ മാത്തമാറ്റിക്സ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോകുകയും 1974ൽ ഡോർട്ട്മണ്ട് സർവകലാശാലയിൽ ചേരുകയും ഗണിതശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം നേടുകയും ചെയ്തു.
1977ൽ അദ്ദേഹം ലിബിയയിൽ പോയി ട്രിപ്പോളി യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്ര പ്രഫസറായി സേവനം അനുഷ്ഠിച്ചു. 1988ൽ തിരികെ വന്ന് കേരള സർവകലാശാലയിൽ പൂൾ ഓഫീസറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹത്തിന് കേരളത്തിലെ തവനൂർ അഗ്രികൾച്ചറൽ എൻജിനിയറിംഗ് യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്ര പ്രഫസറായി മറ്റൊരു ജോലി ലഭിച്ചു.
അവിടെ നിന്ന് വിരമിച്ച ശേഷം ചങ്ങനാശേരി വാകത്താനം സെന്റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളജിൽ ഗണിതശാസ്ത്ര പ്രഫസറായി ജോലിയിൽ പ്രവേശിച്ചു. 2012ൽ ഇലവിന്തിട്ടയിലെ ശ്രീ ബുദ്ധ വിമൻസ് എൻജിനിയറിംഗ് കോളേജിൽ പ്രിൻസിപ്പൽ ആയി ജോലിയിൽ പ്രവേശിച്ച് 2017ൽ വിരമിച്ച് മകൾക്കും കുടുംബത്തിനുമൊപ്പം താമസിച്ചു വരികയായിരുന്നു.
വേൾഡ് മാത്തമാറ്റിക്കൽ അസോസിയേഷനിൽ അംഗമായിരുന്ന അദ്ദേഹം ഇന്ത്യൻ ജേണൽ ഓഫ് മാത്തമാറ്റിക്സിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.
ഭാര്യ ലീലാ കോശി, മക്കൾ: ഡോ. അനു കോശി, ഡോ. മിനു കോശി, മരുമക്കൾ: ഡോ. ബാലാജി സക്കറിയ (കോഴിക്കോട് മെഡിക്കൽ കോളജ്), ഡോ. ആൽബി ഏലിയാസ് മെൽബേൺ ഓസ്ട്രേലിയ. കൊച്ചുമക്കൾ ആരോൺ, അന്ന, മിയ.
സഹോദരങ്ങൾ :തോമസ് ഇടിക്കുള (സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്, പെൻസിൽവാനിയ), ജോർജ് ഇടിക്കുള (സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്, ന്യൂജഴ്സി).
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12നു ഭവനത്തിൽ നിന്നും ആരംഭിച്ച് ചെന്നീർക്കര എബനീസർ മാർത്തോമ്മാ പള്ളിയിൽ (തുമ്പമൺ).
കൂടുതൽ വിവരങ്ങൾക്: തോമസ് ഇടിക്കുള(പെൻസിൽവാനിയ) 484 620 3813.
|
ഏതെടുത്താലും ഒപ്പത്തിനൊപ്പം; മത്സരം കടുകട്ടി
വാഷിംഗ്ടൺ: ഏതെടുത്താലും ഒപ്പത്തിനൊപ്പം. ദേശീയതലത്തിലും ചാഞ്ചാടുന്ന സംസ്ഥാനങ്ങളിലും പോരാട്ടം തുല്യം. സുപ്രധാന വിഷയങ്ങളിലും നെടുകെ പിളര്പ്പ്. ഡെമോക്രാറ്റിക് സ്ഥാനാര്ഥി കമല ഹാരിസിന് ദേശീയതലത്തിലുണ്ടായിരുന്ന മെച്ചപ്പെട്ട ലീഡില് ഇടിവ്. എന്നാല്, ചാഞ്ചാടുന്ന സംസ്ഥാനങ്ങളില് വീണ്ടും നേരിയ മുന്തൂക്കം.
അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം അവശേഷിക്കേയുള്ള ചിത്രമാണിത്. ഇനിയുള്ള ഒരാഴ്ച ഇരു സ്ഥാനാര്ഥികള്ക്കും അതീവ നിര്ണായകം. അതേസമയം മിക്ക സംസ്ഥാനങ്ങളിലും മുൻകൂർ വോട്ടെടുപ്പ് പുരോഗമിക്കുന്നു.
അമേരിക്കയെ ബാധിക്കുന്ന എട്ടു സുപ്രധാന വിഷയങ്ങളില് ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ഥി കമല ഹാരിസും റിപ്പബ്ലിക്കന് സ്ഥാനാര്ഥി ഡോണള്ഡ് ട്രംപും നാലുവീതം വിഷയങ്ങളില് മുന്നിലാണ്. സമ്പദ്ഘടന, കുടിയേറ്റം, കുറ്റകൃത്യനിയന്ത്രണം, വിദേശനയം എന്നിവയില് ട്രംപ് മുന്തൂക്കം നേടി.
അതേസമയം, ആരോഗ്യരംഗം, ഗര്ഭച്ഛിദ്രം ഉള്പ്പെടുന്ന സാമൂഹ്യവിഷയങ്ങള്, പരിസ്ഥിതി, വിദ്യാഭ്യാസരംഗം എന്നിവയില് ഹാരിസിനാണ് കൂടുതല് സ്വീകാര്യത. സാമ്പത്തികരംഗമാണ് അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം.
നാണ്യപ്പെരുപ്പം, ഭവനവായ്പ, തൊഴിലില്ലായ്മ തുടങ്ങിയവ എല്ലാവരെയും ബാധിക്കുന്ന വിഷയങ്ങളാണ്. നിങ്ങളുടെ ജീവിതം നാലു വര്ഷം മുമ്പത്തേക്കാള് മെച്ചപ്പെട്ടോയെന്ന ട്രംപിന്റെ ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി.
ഇതിന്റെയെല്ലാം അടിസ്ഥാന കാരണമായി ട്രംപ് കണ്ടെത്തിയത് അനിയന്ത്രിതമായ കുടിയേറ്റമാണ്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന ട്രംപിന്റെ ആവശ്യത്തിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
തോക്കുപയോഗം ഉള്പ്പെടെയുള്ള കുറ്റകൃത്യങ്ങള് നിയന്ത്രിക്കാനും ട്രംപാണ് മെച്ചമെന്ന് ജനം കരുതുന്നു. വിദേശരാജ്യങ്ങളെ വരച്ചവരയില് നിര്ത്താന് ട്രംപിനാണ് കരുത്തെന്നും അമേരിക്കക്കാര് പൊതുവേ വിശ്വസിക്കുന്നു.
അതേസമയം, ആരോഗ്യരംഗത്ത സൗജന്യങ്ങള് നിലനിര്ത്താനും ഗര്ഭച്ഛിദ്രം ഉള്പ്പെടെയുള്ള സാമൂഹ്യവിഷയങ്ങള് കൈകാര്യം ചെയ്യാനും കമലയാണ് മെച്ചം. ആഗോള താപനം ഉള്പ്പെടെയുള്ള പരിസ്ഥിതി വിഷയങ്ങളിലും കമലയ്ക്കാണ് മുന്തൂക്കം.
വിദ്യാഭ്യാസ മേഖല മെച്ചപ്പാടാനും അവര് കമലയെ പിന്തുണയ്ക്കുന്നു. ഇതെല്ലാം പരിഗണിച്ചുവേണം അമേരിക്കന് ജനതയ്ക്ക് നിര്ണായക തീരുമാനമെടുക്കാന്. മത്സരം കടുകട്ടിയെന്ന് എല്ലാവരും സമ്മതിക്കുന്നു.
|
വിൽസ്വരാജിനും ജോയ് തോമസിനും ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: പിന്നണി ഗായകൻ വിൽസ്വരാജിനും യുകെയിൽ നിന്നും എത്തിച്ചേർന്ന മുതിർന്ന താളവാദ്യ വിദഗ്ധൻ ജോയ് തോമസിനും(ജോയ് ഡ്രംസ്) ഡാളസിൽ ഊഷ്മള സ്വീകരണം നൽകി.
ഡി മലയാളി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ അനശ്വർ മാംമ്പിള്ളി സ്വാഗതം ആശംസിച്ചു. ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ ആശംസാ പ്രസംഗം നടത്തി.
വിൽസ്വരാജിന്റെ സ്ഥായിയായ പാരമ്പര്യം പുതിയ തലമുറകൾക്ക് പ്രചോദനം നൽകുന്മെന്നും ദക്ഷിണേന്ത്യൻ സംഗീതത്തിലെ പ്രിയപ്പെട്ടതും ആദരണീയനുമായ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്ഥാനം ജനഹൃദയങ്ങളിൽ സ്ഥായിയായി നിലകൊള്ളുമെന്നും കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ്നാഗനൂലിൽ പറഞ്ഞു.
ക്രിസ്ത്യൻ, സെക്യുലർ സംഗീത മേഖലകളിലെ താളവാദ്യ വിദഗ്ധനും നിരവധി ദേശീയ അന്തർദേശീയ കലാകാരന്മാർക്കൊപ്പം പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള മുതിർന്ന താളവാദ്യ വിദഗ്ധനാണു ജോയ് തോമസെന്ന് സിജു വി. ജോർജ് പറഞ്ഞു.
തുടർന്ന് ഒരു മണിക്കൂർ നീണ്ടുനിന്ന സംഗീത സന്ധ്യയിൽ തന്റെ സ്വതസിന്ധമായ ഗാനാലാപനത്താൽ സംഗീതാസ്വാദകർക്കു മനസിനും കാതിനും വിസ്മരിക്കാനാവാത്ത അനുഭവങ്ങൾ പങ്കിട്ടാണ് വിസ്വരാജ് സമ്മേളനത്തിന് സമാപനം കുറിച്ചത്.
സണ്ണിവെയ്ൽ സിറ്റി കൗൺസിലറും മലയാളിയുമായ മനു ഡാനിയേലും പ്രദീപ് നാഗനൂലും അതിഥികൾക്ക് പ്രത്യേകം തയാറാക്കിയ ഫലകങ്ങൾ നൽകി ആദരിച്ചു.
സ്വീകരണ സമ്മേളനത്തിൽ ഗാർലാൻഡ് മേയർ സ്ഥാനാർഥി പി.സി. മാത്യു, ഡോ. അഞ്ചു ബിജിലി, ബെന്നിജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ സി.പി. ടോണി, ബിജിലി ജോർജ്, എക്സ്പ്രസ് ഹെറാൾഡ് ചീഫ് എഡിറ്റർ രാജു തരകൻ എന്നിവർ പങ്കെടുത്തു.
|
ദുർബലമായ നൂൽച്ചരടിൽ ബന്ധിക്കപ്പെട്ട ശക്തമായ ബന്ധമാണ് വിവാഹം: റവ. കെ. വൈ. ജേക്കബ്
ഡാളസ്: കുടുംബം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് ശക്തമായ ബന്ധങ്ങളെയാണോ അതോ ബാധ്യതയായിട്ടാണോ എന്നു സംശയിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്നു അധിവസിക്കുന്നത്. വിവാഹത്തിൽ വധൂവരന്മാർ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതു ശക്തമായ ഉരുക്കു ചങ്ങലകൊണ്ടോ അതോ കയർ വടംകൊണ്ടോ അല്ലെന്നും മറിച്ചു ദുർബലമായ നൂൽച്ചരടുകൾ കൊണ്ടാണെന്നു റവ കെ. വൈ. ജേക്കബ് ഓർമിപ്പിച്ചു.
നൂൽച്ചരടുകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന വിവാഹ ബന്ധം ജീവിതകാലം മുഴുവൻ പവിത്രമായി കാത്തുസൂക്ഷിക്കേണ്ടതിനും അതിലൂടെ സ്വായത്തമാകുന്ന സന്തോഷവും നിലനിൽക്കുന്നതിനും ക്രിസ്തുവിനെ നാം നമ്മുടെ ജീവിതത്തിൽ നായകനായി സ്വീകരിക്കണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.
ക്രിസ്തുവിന്റെ കുരിശ് ചുമക്കുവാൻ ഭാഗ്യം ലഭിച്ച ശീമോന്റെ സ്വാധീനം തന്റെ കുടുമ്പത്തിനും തലമുറക്കും സമൂഹത്തിനും അനുഗ്രഹമായി മാറിയത് നമുടെ മുൻപിൽ മാതൃകയായി നിലനിൽക്കുന്നു.
മർക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം വിശകലം ചെയ്തുകൊണ്ട് അച്ചൻ ചൂണ്ടിക്കാട്ടി. ക്രിസ്തുവിനു വേണ്ടി ത്യാഗം സഹിക്കുവാൻ നാം തയാറാകുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന അനുഗ്രഹം അവർണനീയമാണെന്നും അച്ചൻ പറഞ്ഞു.
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ 25 മുതൽ 27 വരെ നടത്തപ്പെട്ട ത്രിദിന കൺവൻഷനിൽ പ്രാരംഭ ദിനം മാർത്തോമ്മാ സഭയുടെ മുൻ വികാരി ജനറാൾ വെരി. റവ. കെ. വൈ. ജേക്കബ് മുഖ്യ സന്ദേശം നൽകുകയായിരുന്നു.
സന്ധ്യാ നമസ്കാരത്തിന് ശേഷം ഇടവക ഗായക സംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി. മദ്ധ്യസ്ഥ പ്രാർഥനയ്ക്കു മിനി നേതൃത്വം നൽകി. റോബിൻ ചേലങ്കരി സ്വാഗതം ആശംസിച്ചു. ഇടവക വികാരി റവ. ഷൈജു സിജോയ് ആമുഖ പ്രസംഗം നടത്തി.
അലക്സാണ്ടർ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. തുടർന്ന് ദൈവവചനത്തിൽ നിന്നും ജേക്കബ് അച്ചൻ സന്ദേശം നൽകി. പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം പ്രഥമദിന കൺവൻഷൻ സമാപിച്ചു.
|
സ്നേഹതീരം ഉദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബർ ഒന്നിന്
ഫിലാഡൽഫിയ: ഫിലാഡൽഫിയായിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ ചിന്തകളും പ്രശ്നങ്ങളും സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള ഒരു സൗഹൃദ വേദി ആവശ്യമാണ് എന്ന കാഴ്ചപ്പാടിൽ ഫിലാഡൽഫിയായിൽ രൂപം കൊടുത്ത സ്നേഹതീരം എന്ന സൗഹൃദ കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബർ ഒന്നിന് നടക്കും.
രാവിലെ 11.30 മുതൽ ക്രൂസ് ടൗണിലുള്ള മയൂര റസ്റ്റോറന്റിൽ വച്ചാണ് പരിപാടി നടക്കുന്നത് (Mayura Indian Restaurant , 932123 Krewstown Rd, Philadelphia, PA 19115). രാവിലെ കൃത്യം 11.30ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ഉദ്ഘാടന സമ്മേളനവും കേരളപ്പിറവി ദിനാഘോഷവും നടക്കും.
തദവസരത്തിൽ സ്നേഹതീരം വുമൺസ് ഫോറത്തിന്റെ ഉദ്ഘാടനവും സ്നേഹതീരം ലോഗോ പ്രകാശനവും ഉണ്ടായിരിക്കുന്നതാണെന്ന് ഷിബു വർഗീസ് കൊച്ചുമഠം, സെബാസ്റ്റ്യൻ മാത്യു, തോമസ് ചാക്കോ, അനൂപ് തങ്കച്ചൻ, സജു മാത്യു, ജോൺ കോശി, കൊച്ചുകോശി ഉമ്മൻ, സുജ കോശി, ഷെറിൻ അനൂപ്, ജിഷ അനു, സോഫി സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
11.30 മുതൽ രണ്ടു വരെയുള്ള ഈ പ്രോഗ്രാമിൽ വിവിധങ്ങളായ കലാപരിപാടികളും ചർച്ചകളും അരങ്ങേറും. ഒപ്പം വിഭവ സമൃദ്ധമായ ബുഫെയും ക്രമീകരിച്ചിട്ടുണ്ട്. നൂതന ആശയങ്ങളും മികച്ച സഹായ സഹകരണവും ഒത്തുചേരുന്ന ഈ സൗഹൃദ കൂട്ടായ്മയിൽ ഒത്തൊരുമിച്ചു ഒരുമനസോട് പ്രവർത്തിക്കുവാനും.
സൗഹൃദങ്ങൾ പങ്കിടുവാനും, കൂട്ടായ്മയിൽ അംഗമായി ഒത്തുചേർന്നു പ്രവർത്തിക്കുവാനും താത്പര്യമുള്ള ഫിലാഡൽഫിയയിലുള്ള എല്ലാ നല്ലവരായ മലയാളി സൗഹൃദങ്ങളെയും ഈ പ്രോഗ്രാമിലേക്ക് ആത്മാർഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷിബു വർഗീസ് കൊച്ചുമഠം 215 758 6629, സെബാസ്റ്റ്യൻ മാത്യു 215 7910 0516, ജോജി പോൾ 215 7910 0516 , തോമസ് ചാക്കോ 215 758 6629, അനൂപ് തങ്കച്ചൻ 215 939 5986, സജു മാത്യു, കൊച്ചുകോശി ഉമ്മൻ 215 910 0516.
|
ജോൺ ഐസക് ഉള്ളനാകുന്നേൽ കാലിഫോർണിയയിൽ അന്തരിച്ചു
കാലിഫോർണിയ: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുൻ ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ജോൺ ഐസക് ഉള്ളനാകുന്നേൽ(93) കാലിഫോർണിയയിൽ അന്തരിച്ചു.
എറണാകുളം പുതുവേലി സ്വദേശിയാണ്. ഭാര്യ പരേതയായ ഏലിയാമ്മ ജോൺ. മക്കൾ: ഡോ. രേഖ, രേകേഷ്, റെമി. മരുമക്കൾ: മാത്യു, നീന, മനോജ്.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മുതൽ കാലിഫോർണിയ ലിവർമൂർ സെന്റ് മേരീസ് സിറിയക്ക് ഓർത്തഡോക്സ് ചർച്ചിൽ. തുടർന്ന് സംസ്കാരം ലിവർമൂർ മെമ്മറി ഗാർഡൻസിൽ.
|
ഹൂസ്റ്റണിൽ തിരുനാൾ സമാപനം ഭക്തിസാന്ദ്രം
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു. പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള വാർഷിക തിരുനാൾ പ്രാർഥനാനിർഭരവും ഭക്തിസാന്ദ്രവുമായ സമാപനത്തിലേക്കു.
ഇടവകയിലെ വുമൺസ് മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ എല്ലാ വനിതകളും പ്രസുദേന്തിമാരായി നടത്തപ്പെട്ട തിരുനാൾ ഇടവക ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തങ്ങളായ തിരുക്കർമങ്ങളാലും ആകർഷകങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
18ന് വൈകുന്നേരം ആറിന് മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഏഴിന് എട്ടാം ദിവസത്തെ ചടങ്ങുകൾക്ക് പൂനാ ഖഡ്കി രൂപതാ അധ്യക്ഷൻ മാത്യൂസ് മാർ പക്കോമിയോസ് മുഖ്യ കാർമികത്വം വഹിച്ചു.
പരിശുദ്ധ അമ്മ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും യേശുവിനെ ലോകത്തിനു നൽകുകയും ചെയ്തതുപോലെ വചനത്തെയും യേശുവിനെയും എല്ലാ കുടുംബങ്ങളിലും സ്വീകരിക്കുവാൻ ആഹ്വനം ചെയ്തു.
വചനം സ്വീകരിക്കുന്ന കുടുംബങ്ങളിൽ സമാധാനവും പ്രത്യാശയും ഉണ്ടാകുമെന്നും പിതാവ് പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കു ശേഷം മാതാവിന്റെ നൊവേനയും നടത്തപ്പെട്ടു. 19ന് വൈകുന്നേരം ആറു മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു.
ഒൻപതാം ദിവസത്തെ തിരുക്കർമങ്ങൾക്ക് ഫാ. ജോൺസൻ നീലനിരപ്പേപ്പൽ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത് വചന സന്ദേശം നൽകി.
ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും സഭയിൽ ജപമാലയുടെ സ്വാധീനത്തെക്കുറിച്ചും ആത്മീയവും ചരിത്രപരവുമായ സംഭവങ്ങൾ സന്ദേശമധ്യേ ഫാ.മുത്തോലത്ത് പറഞ്ഞു. അസി.വികാരി ഫാ.ജോഷി വലിയവീട്ടിൽ സഹകാര്മികനായിരുന്നു.
കുർബാനയ്ക്കു ശേഷം നൊവേനയും നടത്തപ്പെട്ടു. തുടർന്ന് ജപമാലയും മെഴുകുതിരിയും കാരങ്ങളിലേന്തി ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ഒന്ന് ചേർന്ന് പ്രാർഥനാപൂർവമായ ജപമാല പ്രദക്ഷിണവും നടത്തപ്പെട്ടു.
|
ഭക്ഷ്യവിഷബാധ: മേരിലാൻഡിൽ 46 പേർ ആശുപത്രിയിൽ
മേരിലാൻഡ്: മേരിലാൻഡിൽ 46 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തിങ്കളാഴ്ച വൈകുന്നേരം 3.45ന് ബാൾട്ടിമോറിനടുത്ത് സഹപ്രവർത്തകൻ തയാറാക്കിയ ഭക്ഷണം കഴിച്ച 46 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഹോവാർഡ് കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റും മേരിലാൻഡ് ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു. രോഗികളുടെ നില ആശ്വാസകരമാണെന്ന് അധികൃതർ അറിയിച്ചു.
|
ദീപാവലി അവധി ദിനമാക്കി പെൻസിൽവേനിയ
പെൻസിൽവേനിയ: ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്ന ഉഭയകക്ഷി ബില്ലിൽ ഒപ്പുവച്ച് പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപ്പിറോ. പെൻസിൽവേനിയയിൽ ദീപാവലി, തിഹാർ, ബന്ദി ചോർ ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപാവലിക്ക് അവധി നൽകുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചത്.
ഈ ബില്ലിൽ ഒപ്പിടുന്നതിലൂടെ ദീപാവലിയുടെ പ്രാധാന്യം തിരിച്ചറിയുക മാത്രമല്ല, സമ്പന്നമായ സാംസ്കാരിക പൈതൃകവും ഏഷ്യൻ അമേരിക്കൻ സമൂഹത്തിന്റെ നിരവധി സംഭാവനകളും പെൻസിൽവേനിയ ആഘോഷിക്കുകയാണെന്ന് ഗവർണർ പറഞ്ഞു.
"വിളക്കുകളുടെ ഉത്സവം' എന്നറിയപ്പെടുന്ന ദീപാവലി ദക്ഷിണേഷ്യൻ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
|
അനധികൃത കുടിയേറ്റം: അമേരിക്കയിൽ ഒരുവർഷം പിടിയിലായത് 29 ലക്ഷം പേർ, ഇന്ത്യക്കാർ 90,415
ന്യൂഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ പിടിയിലായത് 29 ലക്ഷം പേർ. 2023 സെപ്റ്റംബർ 30 മുതൽ 2024 ഒക്ടോബർ ഒന്നു വരെയുള്ള കണക്കാണിത്.
പിടിയിലായവരിൽ 90,415 പേർ ഇന്ത്യക്കാരാണ്. ഇവരിൽ 50 ശതമാനം പേരും ഗുജറാത്തിൽനിന്നുള്ളവർ. മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് അമേരിക്കയിലേക്ക് കടക്കാൻ ശ്രമം നടത്തിയത്.
2023ൽ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായവർ 32 ലക്ഷമായിരുന്നു. ഇതിൽ ഇന്ത്യക്കാരുടെ എണ്ണം 96,917. അനധികൃത കുടിയേറ്റക്കാരെ തടയാൻ യുഎസ് നിരീക്ഷണം ശക്തമാക്കി.
|
കാനഡയിൽ പഠനം: കോളജുകളെപ്പറ്റി അന്വേഷിക്കണമെന്ന് ഹൈക്കമ്മീഷണർ
ന്യൂഡൽഹി: കാനഡയിൽ പഠിക്കാൻ തീരുമാനമെടുക്കുന്നതിനുമുന്പ് ഇന്ത്യൻ വിദ്യാർഥികൾ രണ്ടുവട്ടം ആലോചിക്കണമെന്നു കാനഡയിൽനിന്ന് ഇന്ത്യ കഴിഞ്ഞദിവസം തിരികെവിളിച്ച ഹൈക്കമ്മീഷണർ സഞ്ജയ് വർമ.
ലക്ഷങ്ങൾ ചെലവാക്കിയിട്ടും നിരവധി വിദ്യാർഥികൾ ജോലിസാധ്യതയില്ലാത്ത നിലവാരമില്ലാത്ത കോളജുകളിലാണ് പഠിക്കുന്നതെന്നും പലരും വിഷാദരോഗം നേരിടുന്നുണ്ടെന്നും സഞ്ജയ് വർമ പറഞ്ഞു. കുട്ടികളെ പഠിക്കാൻ വിടുന്ന കോളജുകളെപ്പറ്റി മാതാപിതാക്കൾ നന്നായി അന്വേഷിക്കണമെന്നും സഞ്ജയ് വർമ അഭിപ്രായപ്പെട്ടു.
പല വിദ്യാർഥികളുടെയും ദുരവസ്ഥയ്ക്കു കാരണം പണക്കൊതിയന്മാരായ ഏജന്റുമാരാണെന്ന് സഞ്ജയ് വർമ ആരോപിച്ചു. ഒരു റൂമിൽത്തന്നെ എട്ടു വിദ്യാർഥികളാണ് തിങ്ങിക്കൂടി താമസിക്കുന്നത്. ആഴ്ചയിൽ ഒരു ക്ലാസ് മാത്രം നടക്കുന്ന നിലവാരമില്ലാത്ത കോളജുകളിലാണ് പലരും പഠിക്കാനെത്തുന്നത്.
നിലവാരമില്ലാത്ത വിദ്യാഭ്യാസമായതിനാൽത്തന്നെ പഠിച്ച ജോലിയല്ല പലരും ചെയ്യുന്നത്. കാനഡയിലെ ഒരു വിദ്യാർഥി നൽകുന്നതിന്റെ നാലിരട്ടിയാണ് ഇന്ത്യൻ വിദ്യാർഥികൾ ഫീസയായി നൽകുന്നതെന്നും വിദ്യാർഥികളുടെ ഭാവി പന്താടരുതെന്ന് കനേഡിയൻ അധികാരികളോട് അഭ്യർഥിച്ചിരുന്നുവെന്നും സഞ്ജയ് വർമ പറഞ്ഞു.
|
കുടിയേറ്റം വെട്ടിച്ചുരുക്കാൻ കാനഡ
ടൊറന്റോ: കാനഡയില് വിദേശ വിദ്യാര്ഥികള്ക്കുള്ള സ്റ്റഡി വീസ വെട്ടിക്കുറച്ചതിനുപിന്നാലെ കുടിയേറ്റത്തിലും നിയന്ത്രണങ്ങള് ഏര്പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. 2025 മുതല് സര്ക്കാര് ഇമിഗ്രേഷന് നടപടികള് പരിമിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങള്ക്ക് ഇനി കുറച്ച് താത്കാലിക വിദേശതൊഴിലാളികള് മാത്രമേ ഉണ്ടാകൂ. കനേഡിയന് തൊഴിലാളികള്ക്ക് മുന്ഗണന നല്കി നിയമനം നടത്താന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാന് കമ്പനികള്ക്ക് കര്ശന നിർദേശം നൽകും’’ജസ്റ്റിന് ട്രൂഡോ എക്സിൽ അറിയിച്ചു. കഴിഞ്ഞ മാസമാണു വിദേശ വിദ്യാര്ഥികളുടെ സ്റ്റഡി പെര്മിറ്റുകളുടെ എണ്ണത്തില് കാനഡ നിയന്ത്രണം കൊണ്ടുവന്നത്.
കാനഡയുടെ പുതിയ നീക്കം ഇന്ത്യയില്നിന്ന് ഉള്പ്പെടെയുള്ള കുടിയേറ്റക്കാര്ക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്തു സ്ഥിരതാമസമാക്കുന്നതിനും പ്രതിസന്ധികള് സൃഷ്ടിക്കും. കാനഡയില് വിദേശ കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നതുമൂലം താമസ്ഥലങ്ങളുടെ വില വര്ധിക്കുന്നതായും പലിശനിരക്കുകളില് വലിയ വര്ധനവിന് ഇടയാക്കുന്നതായും പൊതുജനങ്ങൾക്കിടയിൽ വിമർശനമുണ്ട്.
അതേസമയം, ജസ്റ്റിൻ ട്രൂഡോ നാലാം തവണയും ജനവിധി തേടരുതെന്നാവശ്യപ്പെട്ട് നിരവധി ലിബറൽ പാർട്ടി അംഗങ്ങൾ രംഗത്തെത്തി. ഇക്കാര്യത്തിൽ ഈ മാസം 28നകം തീരുമാനമെടുക്കണമെന്ന് ലിബറൽ പാർട്ടിയിലെ അംഗങ്ങൾ ട്രൂഡോയ്ക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു പാർട്ടി യോഗം ചേർന്നത്.
ട്രൂഡോ രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന കത്തിൽ ലിബറൽ പാർട്ടിയിലെ 24 എംപിമാർ ഒപ്പുവച്ചു. ലിബറൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നായിരുന്നു യോഗത്തിനുശേഷം ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം. 2025 ഒക്ടോബറിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടക്കുക.
സ്വാധീനമേഖലയായ ടൊറന്റോയിലും മോൺട്രിയലിലും നടന്ന തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്കു തിരിച്ചടി നേരിട്ടതാണ് എംപിമാർ എതിരാകാൻ കാരണം.
|
കാനഡയിൽ കാർ ഡിവൈഡറിൽ തട്ടി തീപിടിച്ച് നാല് ഇന്ത്യക്കാർ മരിച്ചു
ടൊറന്റോ: കാനഡയിൽ ടെസ്ല കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചശേഷം തീപിടിച്ചുണ്ടായ ദുരന്തത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. ഗുജറാത്തിലെ ഗോധ്ര സ്വദേശികളായ കേതാ കോഹിൽ(30), സഹോദരൻ നീൽ കോഹിൽ(26), ഗുജറാത്തിലെതന്നെ ആനന്ദ് സ്വദേശികളായ ദിഗ്വിജയ് പട്ടേൽ(32), ജയ് സിസോദിയ(20) എന്നിവരാണു മരിച്ചത്.
20കാരിയായ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൊറന്റോയ്ക്കു സമീപം ചെറി സ്ട്രീറ്റിനടുത്ത ലേക് ഷോർ ബൗലെവാർഡിൽ പ്രാദേശികസമയം വ്യാഴാഴ്ച അർധരാത്രി 12.15 ഓടെയായിരുന്നു സംഭവം.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തശേഷം ടൊറന്റോയിലെ ബ്രാംബ്റ്റണിലുള്ള താമസസ്ഥലത്തേക്കു വരുന്പോഴായിരുന്നു അപകടം. അതേസമയം, ടെസ്ല കാറിലെ ബാറ്ററി സെല്ലാണു തീപിടിത്തത്തിനു കാരണമെന്ന് റിപ്പോർട്ടുണ്ട്.
|
പകലോമറ്റം മഹാകുടുംബയോഗം: യുഎസ് കാനഡ ചാപ്റ്ററിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു
ഹൂസ്റ്റൺ: കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന പകലോമറ്റം മഹാകുടുംബയോഗം യുഎസ് കാനഡ ചാപ്റ്ററിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. മഹാകുടുംബാംഗങ്ങളായ ഏകദേശം ആയിരത്തിലധികം കുടുംബങ്ങൾ അമേരിക്കയിലും കാനഡയിലുമായി വസിക്കുന്നുണ്ട്.
ഇതിൽ കുറേയധികം കുടുംബങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇനിയും രജിസ്റ്റർ ചെയ്യാനുള്ള കുടുംബങ്ങൾ എത്രയും വേഗം ചെയ്യണമെന്നു പകലോമറ്റം യുഎസ് കാനഡ ചാപ്റ്റർ കോഓർഡിനേറ്ററും പകലോമറ്റം ചാരിറ്റബിൾ സൊസൈറ്റി മെമ്പറുമായ ബിനീഷ് ജോസഫ് മാനാമ്പുറം അറിയിച്ചു.
യുഎസിലും കാനഡയിലും താമസിക്കുന്ന പകലോമറ്റം മഹാകുടുംബയോഗത്തിൽപ്പെട്ടവരെ സംഘടിപ്പിക്കുന്നതിനും യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുമായാണ് ബിനീഷ് മാനാമ്പുറത്തിനെ പകലോമറ്റം മഹാകുടുംബ സെക്രട്ടറിയേറ്റിനുവേണ്ടി ജോസഫ് തേക്കിൻകാട് (ജനറൽ സെക്രട്ടറി) ചുമതലപ്പെടുത്തിയിരിക്കുന്നത്.
കുടുംബങ്ങൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള വെബ്സൈറ്റ്:
https://www.pakalomattamamerica.org/. കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്ററുമായി ബന്ധപ്പെടാനുള്ള ഇമെയിൽ [email protected], ടെലിഫോൺ +1 409 256 0873.
|
അലന് ജോസഫ് അമേരിക്കയില് അന്തരിച്ചു
ന്യൂയോർക്ക്: തൃശൂര് പുത്തന്പീടിക മാളിയേക്കല് ജോമോന്റെ മകന് അലന് ജോസഫ്(12) അമേരിക്കയില് അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച അഞ്ചിനു അമേരിക്കയിലുള്ള റിച്ച്മെണ്ട് സെന്റ് അല്ഫോന്സ സീറോമലബാര് കാത്തോലിക് പള്ളിയിൽ.
അമ്മ ജൂലി ചങ്ങനാശേരി കുട്ടംപേരൂര് ചക്കാലയ്ക്കല് കുടുംബാംഗം. സഹോദരങ്ങൾ: അലീന, മിലന്.
|
ട്രംപ് ഫാസിസ്റ്റാണെന്ന് കമല ഹാരിസ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു 10 ദിവസം മാത്രം ശേഷിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും തമ്മിലുള്ള പോരാട്ടത്തിനു വാശിയേറുന്നു.
വ്യക്തിപരമായ പരാമർശങ്ങളും അധിക്ഷേപങ്ങളും ഇരുവരും തുടരുകയാണ്. ഡോണൾഡ് ട്രംപിനെ ഫാസിസ്റ്റെന്നു കമല വിശേഷിപ്പിച്ചതാണു പുതിയ സംഭവം.സിഎൻഎൻ നടത്തിയ ചർച്ചയിൽ പങ്കെടുക്കവെയാണ് ട്രംപ് ഫാസിസ്റ്റാണെന്നു കമല പറഞ്ഞത്.
പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്നും അവർ പറഞ്ഞു. ട്രംപ് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ വൈറ്റ് ഹൗസിൽ പ്രവർത്തിച്ച പല റിപബ്ലിക്കൻ പാർട്ടി അംഗങ്ങളും ദേശീയ സുരക്ഷ ഉപദേഷ്ടാവും പ്രതിരോധ സെക്രട്ടറിയുമടക്കം ട്രംപ് പദവിക്ക് അനുയോജ്യനല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും കമല വെളിപ്പെടുത്തി.
അതേസമയം അഭിപ്രായ സർവേകളുടെ ഫലം മാറിമറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് സർവേ ഫലത്തിൽ ട്രംപ് മുന്നേറുകയാണെന്നാണു സൂചന.
ഹാരിസിനേക്കാൾ നേരിയ ലീഡ് ട്രംപ് നേടിയെന്നാണ് സർവേ ഫലം വിവരിക്കുന്നത്. ട്രംപിന് 47 ശതമാനം വോട്ട് ലഭിച്ചപ്പോൾ കമലയ്ക്ക് 45 ശതമാനമാണ് ലഭിച്ചത്.
|
ഗ്രേസ് എബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ പരേതനായ ഇ.എ. എബ്രഹാമിന്റെ(അനിയൻ) ഭാര്യ ഗ്രേസ് എബ്രഹാം (80) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
മകൻ: ജോജു എബ്രഹാം (ഓസ്റ്റിൻ). മരുമകൾ: ജയ ജോർജ് ഏബ്രഹാം. കൊച്ചുമക്കൾ: നിധി, സേജൽ, ദിലൻ.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048).
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നു ഓസ്റ്റിൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (2800, Hancock Drive, Austin, TX 78731).
ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിലെ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
ലൈവ്സ്ട്രീം ലിങ്കുകൾ: https://gmaxfilms.com/livebroadcast/
കൂടുതൽ വിവരങ്ങൾക്ക്: ജോജു 512 560 9952.
|
ജോസ് കാടാപ്പുറത്തിന്റെ മാതാവ് മറിയം അന്തരിച്ചു
പിറവം: കൈരളി ടിവി യുഎസ്എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ ഭാര്യയുമായ മറിയം(90) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച പിറവം ക്നാനായ കത്തോലിക്കാ പള്ളിയിൽ. മറ്റുമക്കൾ: ബേബി, രാജു, മേഴ്സി, ഗ്രേസി, ജോസ്. മരുമക്കൾ: മോളി, മേഴ്സി, മേഴ്സി, ജോസഫ് ചാക്കോ, ജെസി.
കൂടുതൽ വിവരങ്ങൾക്ക്: 914 954 9586.
|
ടാമ്പയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനത്തിന് ആവേശഭരിതമായ തുടക്കം
ഫ്ലോറിഡ: ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അമേരിക്കയിലെ ക്നാനായ റീജിയണിലെ വിവിധ ഇടവകളിൽ ആവേശഭരിതമായ തുടക്കം. ടാമ്പയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ 2024 2025 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക സഹവികാരി ഫാ. ജോബി പൂച്ചുകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
മിഷൻ ലീഗ് ദേശീയ പ്രസിഡന്റും അന്തർദേശീയ ഓർഗനൈസറുമായ സിജോയ് പറപ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി. റീജിയണൽ വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ എസ്വിഎം, യൂണിറ്റ് ഓർഗനൈസർ അലിയ കണ്ടാരപ്പള്ളിൽ, എബിൻ തടത്തിൽ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ജോർജ് പൂഴിക്കാലയിൽ (പ്രസിഡന്റ്), ഗബ്രിയേൽ നെടുംതുരുത്തിൽ (വൈസ് പ്രസിഡന്റ്), ഇലാനി കണ്ടാരപ്പള്ളിൽ (സെക്രട്ടറി), ഡാനി വാലേച്ചിറ (ജോയിന്റ് സെക്രട്ടറി), ശ്രേയ കളപ്പുരയിൽ, മരീസ്സാ മുടീകുന്നേൽ, ശ്രേയാ അറക്കപ്പറമ്പിൽ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ശുശ്രുഷ ഏറ്റെടുത്തു.
തുടർന്ന് ചെമഞ്ഞകൊടിയും പിടിച്ചു കുട്ടികൾ നടത്തിയ മിഷൻ റാലിയും മുദ്രാവാക്യം വിളിയും പതാക ഉയർത്തലും മിഷൻ ലീഗിന്റെ ആവേശം ഏവരിലും വാനോളം ഉയർത്തി. പരിപാടികൾ മുതിർന്നവർക്ക് കുട്ടികാലത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങളുടെ ഓർമ പുതുക്കൽ അനുഭവമാക്കി മാറ്റി.
|
സ്റ്റാറ്റൻ ഐലൻഡിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഞായറാഴ്ച
ന്യൂയോർക്ക്: അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെ കീഴിൽ, സ്റ്റാറ്റൻ ഐലൻഡിലെ ബ്ലെസ്ഡ് കുഞ്ഞച്ചൻ സീറോമലബാർ കാത്തലിക്ക് മിഷനിൽ ഇടവക മധ്യസ്ഥന്റെ തിരുനാൾ ഞായറാഴ്ച ആഘോഷപൂർവം കൊണ്ടാടുന്നു.
അധഃസ്ഥിതരുടെയും അശരണരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി തന്റെ ശ്രേഷ്ഠ വൈദീക ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ദളിതർക്കിടയിലെ പ്രമുഖ മിഷനറിമാരിൽ ഒരാളായി ഗണിക്കപ്പെടുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകർക്ക് ആശ്രയവുമായിരുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ സ്റ്റാറ്റൻ ഐലൻഡിൽ ഇത് പതിനേഴാമത് വാർഷികമായാണ് കൊണ്ടാടുന്നത്.
ഞായറാഴ്ച വൈകുന്നേരം നാലിന് ആഘോഷപൂർവമായ തിരുനാൾ കുർബാന ആരംഭിക്കും. തിരുന്നാളിനു മിഷൻ ഡയറക്ടറും വികാരിയുമായ ഫാ.സോജു വർഗീസ് സിഎംഐ നേതൃത്വം വഹിക്കും. തിരുനാൾ കുർബാനയിൽ ഫാ. ജേക്കബ് കിഴക്കേപള്ളിവാതുക്കൽ മുഖ്യ കാർമികത്വം വഹിക്കുകയും ഫാ. സിന്റോ കരോട്ടുമലയിൽ തിരുനാൾ സന്ദേശം നൽകുന്നതും ആയിരിക്കും.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ രൂപവുമേന്തി നടത്തപ്പെടുന്ന പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, തുടർന്ന് സമാപന ആശീർവാദത്തോടെ തിരുന്നാൾ തിരുക്കർമങ്ങൾ സമാപിക്കുന്നതാണ്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.
സെന്റ് ജോസഫ് റോമൻ കത്തോലിക്കാ ദേവാലയത്തിലെ പാരീഷ് ഹാളിൽ വച്ച് തിരുക്കർമങ്ങൾക്ക് ശേഷം ആകർഷകങ്ങളായ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. സ്നേഹ വിരുന്നും ക്രമീകരിക്കുന്നുണ്ട്.
ഈ വർഷത്തെ തിരുന്നാൾ തങ്കച്ചൻ മാത്യു കാരക്കാട്ട്, ഷാജി മാത്യു കാരക്കാട്ട് എന്നിവരുടെ കുടുംബാംഗങ്ങളാണ് ഏറ്റെടുത്തു നടത്തുന്നത്.
ആഗോള കത്തോലിക്കാ സഭയുടെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട കുഞ്ഞച്ചൻ തേവരുപറമ്പിലിന്റെ തിരുനാൾ തിരുക്കർമങ്ങളിൽ പങ്കു ചേരുവാനും കുഞ്ഞച്ചന്റെ മധ്യസ്ഥത്തിലൂടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും ഇടവക വികാരിയും തിരുനാൾ കമ്മിറ്റിയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.
Date& Time: October 27, Sunday from 4:00 PM, Venue: ST. JOSEPH CATHOLIC CHURCH, 466 TOMPKINS AVENUE, STATEN ISLAND, NY 10305.
|
മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ; ഫ്ലോറിഡയിൽ 13 പേർ മരിച്ചു
ഇല്ലിനോയി: ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് വീട്ടിൽ വളർത്തിയിരുന്ന നായയെ ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. നേപ്പർവില്ലെ സ്വദേശി നഥാൻ ഗോൺസാലസിനെതിരേ മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടിയാണ് നടപടി.
തന്റെ ആദ്യ ഭർത്താവിലുള്ള രണ്ട് പെൺമക്കളെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ പറഞ്ഞു. നേപ്പർവില്ലെ ആനിമൽ കൺട്രോൾ സംഭവ സ്ഥലത്ത് എത്തി നായയുടെ മൃതദേഹം വീണ്ടെടുത്തു.
പോസ്റ്റ്മോർട്ടത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി. ഗോൺസാലസിനെ ഇനി നവംബർ 18ന് കോടതിയിൽ ഹാജാരാക്കും.
|
|
|
|
|
|