സുദർശന്‍റെ വിയോഗത്തിൽ ഡബ്ല്യുഎംസി അനുശോചിച്ചു
Saturday, May 26, 2018 5:56 PM IST
ന്യൂയോർക്ക്: പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ ഡോ. ഇ.സി. ജോർജ് സുദർശന്‍റെ വിയോഗത്തിൽ വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ അനുശോചിച്ചു.

1931 ൽ കോട്ടയം ജില്ലയിലെ പള്ളത്ത് ജനിച്ച് യുഎസിലെ പ്രശസ്തമായ ടെക്സാസ് സർവകലാശാലയിലെ പാർട്ടിക്കിൾ തിയറി സെന്‍റർ ഡയറക്ടർ ആയി സേവനമുഷ്ഠിച്ച അദ്ദേഹത്തിന് ഒൻപത് തവണ നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെടുകയുണ്ടായെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല. 1951 മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിഎസ്സി ഓണേഴ്സ് ബിരുദം നേടിയ നേടിയ അദ്ദേഹം 1952 മുതൽ 1955 വരെ മുംബൈ ടാറ്റ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റൽ റിസർച്ചിൽ റിസർച്ച് അസിസ്റ്റൻറായി സേവനമനുഷ്ഠിച്ചു. 1958 ൽ ന്യൂയോർക്കിലെ റൊചെസ്റ്റർ സർവകലാശാലയിൽ നിന്നും അദ്ദേഹം പിഎച്ച്ഡി കരസ്ഥമാക്കി. 1957 മുതൽ 1969 വരെ അമേരിക്കയിലെ ഹാർവഡ് സർവകലാശാലയിലും റൊചെസ്റ്റർ സർവകലാശാലയിലും അധ്യാപകവൃത്തി ചെയ്തശേഷമാണ് ടെക്സസ് സർവകലാശാലയിൽ പ്രഫസറായി എത്തുന്നത്. 1976 ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മഭൂഷണും 2007 ൽ പത്മവിഭൂഷണും നൽകി ആദരിച്ചു. ഡോ. ഇ.സി.ജോർജ് സുദർശനനും ഉൗർജതന്ത്ര ശാസ്ത്രജ്ഞനായ ഗ്ലോബറുമായി സഹകരിച്ചാണ് സൈദ്ധാന്തികകണകങ്ങളായ ടാക്യോണുകളെക്കുറിച്ചുള്ള ഗവേഷണങ്ങളും പ്രബന്ധവും അവതരിപ്പിച്ചത്. നോബേൽ സമ്മാനം ലഭിച്ചില്ലെങ്കിലും ടെക്സസിലെ ഗവേഷണവിദ്യാർഥികളുമായി സഹകരിച്ച് ഉൗർജതന്ത്രമേഖലയിൽ നിരവധി പ്രബന്ധങ്ങൾ രചിക്കാൻ അദ്ദേഹം നേതൃത്വം നൽകി. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണികകളെ കണ്ടെത്താൻ നേതൃത്വം നൽകിയ പ്രഗത്ഭനായ ശാസ്ത്രജ്ഞനാണ് ഡോ. ഇ.സി.ജി. സുദർശൻ.

പ്രസിഡന്‍റ് പി.സി. മാത്യുവിന്‍റെ അധ്യക്ഷതയിൽ കൂടിയ റീജണ്‍ ടെലികോണ്‍ഫറൻസ് യോഗത്തിൽ എൽദോ പീറ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ച് ചാക്കോ കോയിക്കലേത്, തോമസ് മൊട്ടക്കൽ, രുഗ്മിണി പത്മകുമാർ, മോഹൻ കുമാർ, എൽദോ പീറ്റർ, ഫ്രിക്സ് മോൻ മൈക്കിൾ, തോമസ് ചെല്ലേത്, എബ്രഹാം മാലിക്കറുകയിൽ അനുശോചിച്ചു സംസാരിച്ചു.

റിപ്പോർട്ട്: ഫിലിപ്പ് മാരേട്ട്