അമേരിക്കയിൽ ഗ്യാസ് വില കുതിക്കുന്നു
Saturday, May 26, 2018 5:51 PM IST
വാഷിംഗ്ടണ്‍: ഗ്യാസിന്‍റെ വിലയിൽ വൻ വർധനവ്. കഴിഞ്ഞ വർഷമുണ്ടായിരുന്നതിനേക്കാൾ 31 ശതമാനം വർധനവാണ് ഗ്യാസിന്‍റെ വിലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മെമ്മോറിയൽ ഡേയിലുണ്ടായിരുന്ന ഗ്യാസിന്‍റെ വിലയേക്കൾ വൻവർധനവാണ് ഈ വർഷത്തെ മെമ്മോറിയൽ ഡേയിൽ ഉണ്ടായിരിക്കുന്നതെന്ന് ട്രിപ്പിൾ എ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ക്രൂഡോയിലിന്‍റെ വില രാജ്യാന്തര വിപണിയിൽ കുതിച്ചുയർന്നതോടെയാണ് അമേരിക്കയിൽ ശരാശരി വില 2.67 സെന്‍റായി ഉയർന്നു. മെമ്മോറിയൽ ഡേ വീക്കിൽ 41.5 മില്യണ്‍ അമേരിക്കക്കാരാണ് റോഡുമാർഗം ദീർഘയാത്ര നടത്തുന്നതിന് തയാറെടുക്കുന്നതെന്ന് സർവേയിൽ പറയുന്നു.

ന്യൂയോർക്ക്, ന്യൂജേഴ്സി, ഷിക്കാഗോ തുടങ്ങി പതിനഞ്ചോളം സംസ്ഥാനങ്ങളിൽ ഗ്യാസിന്‍റെ വില ഇതിനകം മൂന്നു ഡോളറിൽ കവിഞ്ഞിട്ടുണ്ട്. വാഷിംഗ്ടണിൽ കഴിഞ്ഞവർഷം ഇതേസമയം 2.85 ആയിരുന്ന ഗ്യാസിന്‍റെ വില നിലവിൽ 3.45 ആയി വർധിച്ചിട്ടുണ്ട്. കലിഫോർണിയ, ഹവായ എന്നിവിടങ്ങളിൽ 3.70 ഡോളറാണ് ഒരു ഗാലൻ ഗ്യാസിന്‍റെ വില. ഗ്യാസ് വില വർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയേയും ബാധിച്ചിട്ടുണ്ട്.

ഗ്യാസ് വില വർധിച്ചിട്ടും രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ പ്രതിഷേധിക്കുകയോ, ഭരണകക്ഷിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ