ഫൊക്കാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാധവൻ ബി. നായർ പത്രിക നൽകി
Wednesday, May 23, 2018 1:05 AM IST
ഫ്ളോറിഡ: ഫൊക്കാനയുടെ 2018-20 വർഷത്തെ ഭരണ സമിതിയെ നയിക്കാൻ ന്യൂജേഴ്സിയിൽ നിന്നുള്ള മാധവൻ ബി. നായർ ഫ്ളോറിഡയിൽ ഇലക്ഷൻ കമ്മീഷണറുടെ വസതിയിൽ നേരിട്ടെത്തി നാമനിർദ്ദേശ പത്രിക നൽകി. ഫൊക്കാനയുടെ മുൻ പ്രസിഡന്‍റും ഇപ്പോഴത്തെ തെരഞ്ഞെടുപ്പു വരണാധികാരിയുമായ കമാൻഡർ ജോർജ് കോരുതിന്‍റെ ഫ്ളോറിഡയിലുള്ള വീട്ടിൽ എത്തിയാണ് മാധവൻ പത്രിക സമർപ്പിച്ചത്. മാതൃ സംഘടനയായ നാമത്തിന്‍റെ ഭാരവാഹികൾ ഒപ്പിട്ട പത്രിക ഫൊക്കാനയുടെ ഫ്ളോറിഡയിൽ നിന്നുള്ള അംഗസംഘടനകളായ ഓർമ, മാറ്റ് എന്നീ സംഘടനകളുടെ നിരവധി നേതാക്കൾക്ക് ഒപ്പമായിരുന്നു പത്രിക സമർപ്പിക്കാനെത്തിയത്.

മാധവൻ ബി നായരുടെ പാനലിലെ വൈസ് പ്രസിഡന്‍റായി മത്സരിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ടാന്പാ (മാറ്റ്), അഡ്വൈസറി ബോർഡ് ചെയർമാൻ സണ്ണി മറ്റമന, ഒർലാൻഡോ മലയാളി അസോസിയേഷൻ (ഓർമ) മുൻ പ്രസിഡന്‍റും ഫൊക്കാന ഓഡിറ്റർ സ്ഥാനാർഥിയുമായ ചാക്കോ കുര്യൻ, മാറ്റ് സെക്രട്ടറിയും ഫൊക്കാന ഫ്ളോറിഡ റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ജോണ്‍ കല്ലോലിക്കൽ തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പിച്ചത്.

ഫ്ളോറിഡയിൽ നിന്ന് അദ്ദേഹത്തിന്‍റെ പാനലിൽ മത്സരിക്കുന്ന നേതാക്കളെയും പരമാവധി ഡെലിഗേറ്റുമാരെയും നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കിയ ശേഷമാണ് പത്രിക സമർപ്പിക്കാൻ പോയത്. സണ്ണി മറ്റമനയും ജോണ്‍ കല്ലോലിക്കലും അദ്ദേഹത്തെ അനുഗമിച്ചു. ഫ്ളോറിഡയിലുണ്ടായിരുന്ന ഫൊക്കാന ചാരിറ്റി ചെയർമാനും മുൻ പ്രസിഡന്‍റും സീനിയർ നേതാവുമായ പോൾ കറുകപ്പള്ളിലിനെയും സന്ദർശിച്ചിരുന്നു. മാറ്റ് പ്രസിഡന്‍റ് ഡോളി വേണാടിന്‍റെ ഭവനത്തിലെത്തിയ മാധവന് അദ്ദേഹത്തിനും മുഴുവൻ പാനലിനും മാറ്റിന്‍റെ പൂർണ പിന്തുണ ഡോളി വേണാട് പ്രഖ്യാപിച്ചു.

പാനലിൽ പൂർത്തിയാകാതിരുന്ന മുഴുവൻ സ്ഥാനങ്ങളിലും ഉചിതമായ സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷമാണ് താൻ ഫ്ളോറിഡയിൽ നേരിട്ടെത്തി പത്രിക സമർപ്പിക്കുന്നതെന്ന് മാധവൻ നായർ പറഞ്ഞു. മാധവൻ നായരുടെ സന്ദർശനം ഫ്ളോറിഡയിലെ സ്ഥാനാർഥികളിലും ഡെലിഗേറ്റുമാരിലും ഏറെ ഉണർവും ഉൗർജവും പകരുന്നതായി വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി സണ്ണി മറ്റമന പറഞ്ഞു. വരും വർഷങ്ങളിൽ ഫൊക്കാനയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ സ്വപ്നങ്ങൾ പ്രത്യാശ പകരുന്നതാണെന്നും മാധവൻ നായരുടെ കീഴിൽ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളോറിഡയിൽ നിന്നുള്ള മുഴുവൻ ഡെലിഗേറ്റുകളും മാധവൻ നായർ നേതൃത്വം നൽകുന്ന പാനലിനെയായിരിക്കും പിന്തുയ്ക്കുകയെന്നു ഉറപ്പുവരുത്തിയതായി ഫ്ളോറിഡ ആർവിപി സ്ഥാനാർഥി ജോണ്‍ കല്ലോലിക്കലും മാറ്റ് പ്രസിഡന്‍റ് ഡോളി വേണാടും പറഞ്ഞു.

അമേരിക്കയിലെ സാമൂഹികമായും സാംസ്കാരികമായുമുള്ള വിഷയങ്ങളിൽ എപ്പോഴും ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന മാധവൻ നായർ നേതൃത്വം നൽകുന്ന പാനലിൽ അംഗങ്ങളായ സെക്രട്ടറി സ്ഥാനാർഥി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ), ട്രഷറർ സജിമോൻ ആന്‍റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്‍റ് സണ്ണി മറ്റമന, ജോയിന്‍റ് സെക്രട്ടറി വിപിൻരാജ്, ജോയിന്‍റ് ട്രഷറർ പ്രവീണ്‍ തോമസ് എന്നിവരും ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി മത്സരിക്കുന്ന ഡോ. മാത്യു വർഗീസും (രാജൻ), ഡോ.മാമ്മൻ സി. ജേക്കബ്, ബെൻ പോൾ എന്നിവരും നാഷണൽ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോയി ടി. ഇട്ടൻ, ദേവസി പാലാട്ടി, വിജി നായർ, എറിക് മാത്യു, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം, രാജീവ് ആർ. കുമാർ, റീജണൽ വൈസ് പ്രസിഡന്‍റുമാരായ രഞ്ജു ജോർജ് (വാഷിംഗ്ടണ്‍ ഡിസി), ഗീത ജോർജ് (കലിഫോർണിയ), എൽദോ പോൾ (ന്യൂ ജേഴ്സി പെൻസിൽവാനിയ), ജോണ്‍ കല്ലോലിക്കൽ (ഫ്ളോറിഡ), ഫ്രാൻസിസ് കിഴക്കേക്കുറ്റ് (ഷിക്കാഗോ മിഡ് വെസ്റ്റ്), ഡോ. രഞ്ജിത്ത് പിള്ള (ടെക്സസ്) വിമൻസ് ഫോറം ചെയർപേഴ്സണ്‍ ആയി മത്സരിക്കുന്ന ലൈസി അലക്സ് , ഓഡിറ്റർ ആയി മത്സരിക്കുന്ന ചാക്കോ കുര്യൻ എന്നിവരും എല്ലാ ഡെലിഗേറ്റുമാരുടെയും പിന്തുണ നേടിക്കഴിഞ്ഞതായി അറിയിച്ചു.

അമേരിക്കയിലും കാനഡയിൽ നിന്നുമുള്ള ഭൂരിപക്ഷം സ്ഥാനാർഥികളുടെയും പിന്തുണ ഉറപ്പു വരുത്തിയ മാധവൻ ബി. നായർ വിജയം സുനിശ്ചിതമെന്ന ആൽമവിശ്വാസത്തിലാണ്. കണ്‍വൻഷൻ ചെയർമാൻ കൂടിയായ അദ്ദേഹം ഈ കണ്‍വെൻഷനിൽ ഒരുക്കുന്ന വിസ്മയങ്ങളെക്കുറിച്ചും താൻ വിഭാവനം ചെയ്യുന്ന ഫൊക്കാനയുടെ ഭാവി പ്രവർത്തങ്ങളെക്കുറിച്ചും മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലുമായി നടത്തിയ അഭിമുഖം കാണുക: