ഇല്ലിനോയ്‌സ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് കോടീശ്വരന്മാര്‍ തമ്മില്‍
Tuesday, May 22, 2018 2:51 PM IST
ഷിക്കാഗോ: നവംബറില്‍ നടക്കുന്ന ഇല്ലിനോയ്‌സ് ഗവര്‍ണര്‍ ഇലക്ഷനില്‍ ലോകമെമ്പാടുമുള്ള ഹയാറ്റ് ഹോട്ടലുകളുടെ ഉടമയും ഡമോക്രാറ്റുമായ ജേബി ഫ്രീറ്റസക്കറും, വിവിധ നഴ്‌സിംഗ് ഹോമുകളുടെ ഉടമയും റിപ്പബ്ലിക്കനുമായ ബ്രൂസ് റൗണ്ണറും തമ്മിലാണ് മത്സരം. ഈയിടെ നടത്തിയ സര്‍വെയില്‍ ജേബി ഫ്രീറ്റസക്കര്‍ ഇപ്പോഴത്തെ ഗവര്‍ണറായ ബ്രൂസ് റൗണ്ണറെക്കാള്‍ 18 പോയിന്റിനു മുന്നിലാണ്. മാര്‍ച്ചില്‍ നടന്ന പ്രൈമറി ഇലക്ഷനില്‍ 48 മില്യന്‍ ഡോറളാണ് ജേബി സ്വന്തം ഫണ്ടില്‍ നിന്നും ഇലക്ഷനുവേണ്ടി ചെലവഴിച്ചത്.

ഹൈലാന്റ് പാര്‍ക്കിലുള്ള സ്വകാര്യ വസതിയില്‍ പ്രത്യേക ക്ഷണിതാക്കളുടെ മീറ്റിംഗില്‍ ഇല്ലിനോയ്‌സ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും പങ്കെടുക്കുകയുണ്ടായി. ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ജേബി ഫ്രിറ്റസക്കറും, ലഫ്റ്റനന്റ് സ്ഥാനാര്‍ഥിയും പ്രമുഖ ലോയറും, ഇല്ലിനോയ്‌സ് സ്റ്റേറ്റ് റപ്രസന്റേറ്റീവുമായ ജൂലിയാന സ്റ്ററാറ്റനും തങ്ങളുടെ പ്രധാന ഇലക്ഷന്‍ അജണ്ട അവതരിപ്പിക്കുകയുണ്ടായി.

ജേബി ഫ്രിറ്റസക്കര്‍ പ്രസംഗത്തില്‍ താന്‍ 2018 നവംബറില്‍ നടക്കുന്ന ഇലക്ഷനില്‍ വിജയിക്കുകയാണെങ്കില്‍ പ്രധാനമായും ഊന്നല്‍ നല്‍കുക ഇല്ലിനോയിസിന്റെ വികസനത്തിന് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുവാന്‍ ടാക്‌സ് ഇളവ് നടപ്പാക്കുക, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, ബഡ്ജറ്റ് ബാലന്‍സ് ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുക, ഹെല്‍ത്ത് കെയര്‍, പരിസ്ഥിതി, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നു പറഞ്ഞു. ഇതിനായി ഇല്ലിനോയ്‌സിലെ എല്ലാ വോട്ടര്‍മാരുടേയും സഹായം അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം