അടുത്ത ഫോമാ കണ്‍വൻഷൻ ന്യൂയോർക്ക് സിറ്റിയിൽ ആകണം: ജോണ്‍ സി. വർഗീസ്
Saturday, April 21, 2018 6:36 PM IST
ഹൂസ്റ്റണ്‍: അടുത്ത ഫോമാ കണ്‍വൻഷൻ ന്യൂയോർക്ക് സിറ്റിയിൽ നടത്തണമെന്നു പ്രസിഡന്‍റ് സ്ഥാനാർഥി ജോണ്‍ സി. വർഗീസ്. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫോമാ ഇന്നു വിവിധ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തനനിരതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ നാളിതുവരേയും ലോക തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന ന്യൂയോർക്ക് സിറ്റിയിൽ നടത്താൻ പറ്റാത്തത് ഒരു വലിയ കുറവായി കാണുന്നു. ഫോമയുടെ സ്ഥാപക നഗരിയായ ഹൂസ്റ്റണിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോമായുടെ അംഗസംഘടനകളും ഡെലിഗേറ്റുകളും പരിഗണിച്ചു തീരുമാനമെടുത്താൽ ആ കുറവ് നികത്താവുന്നതേയുള്ളൂ. അമേരിക്കൻ സ്വാതന്ത്ര്യത്തിന്േ‍റയും കുടിയേറ്റത്തിന്േ‍റയും പടിവാതിലായ ന്യൂയോർക്ക് നഗരം ബിസിനസ് കോർപറേറ്റ് സ്ഥാപനങ്ങളുടെ ഒരു തലസ്ഥാനം കൂടിയാണ്. വളരെയധികം മലയാളികൾ അധിവസിക്കുന്ന, ഫോമക്ക് ഏറ്റവും അധികം അംഗസംഘടനാ ബലമുള്ള ഈ തന്ത്രപ്രധാനമായ മഹാനഗരിയിൽ അടുത്ത ഫോമാ കണ്‍വൻഷൻ വരണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. തന്നേയും തന്‍റെ പാനലിനേയും വിജയിപ്പിക്കുന്നതൊടൊപ്പം കണ്‍വൻഷൻ വേദിയായി ന്യൂയോർക്ക് സിറ്റി കൂടെ തെരഞ്ഞെടുക്കണമെന്ന അഭ്യർഥനയാണ് തനിക്കുള്ളത്- ജോണ്‍ സി. വർഗീസ് പറഞ്ഞു.

ന്യൂയോർക്കിലെ യോങ്കേഴ്സ് മലയാളി അസോസിയേഷൻ പ്രസിഡന്‍റും ഫോമാ ട്രഷറർ സ്ഥാനാർഥിയുമായ ഷിനു ജോസഫ് ചടങ്ങിൽ സംസാരിച്ചു. ഫോമായുടെ വരവു ചെലവു കണക്കുകൾ വളരെ സുതാര്യമാക്കും. ഫോമായുടെ വെബ്സൈറ്റിൽ സൈൻ ഓണ്‍ ചെയ്യുന്ന അംഗസംഘടനകൾക്ക് വളരെ കൃത്യമായി ഫോമയുടെ ഫൈനാൻഷ്യൽ വിവരങ്ങൾ ലഭ്യമാക്കുന്നതാണെന്ന് ഷിനു ജോസഫ് പറഞ്ഞു.

ഫോമാ സ്ഥാപക പ്രസിഡന്‍റായ ശശിധരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ ഭാരവാഹികളും ഫോമയുടെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരും ഫോമാ സ്ഥാപക കമ്മിറ്റി അംഗങ്ങളും മീഡിയാ പ്രതിനിധികളും പങ്കെടുത്തു. ശശിധരൻ നായർ, ജോഷ്വാ ജോർജ്, ബാബു മുല്ലശേരിൽ, ബേബി മണക്കുന്നേൽ, എൻ.ജി. മാത്യു, ബാബു സക്കറിയ, ബാബു തെക്കേകര, എ.സി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.