ഗീതാ ഗോപിനാഥിന് അമേരിക്കൻ അക്കാഡമി ഓഫ് ആർട്ട് ആൻഡ് സയൻസിൽ അംഗത്വം
Saturday, April 21, 2018 6:34 PM IST
വാഷിംഗ്ടണ്‍: അമേരിക്കൻ അക്കാഡമി ഓഫ് ആർട്സ് ആൻഡ് സയൻസ് ഏപ്രിൽ 18 ന് പ്രഖ്യാപിച്ച അംഗത്വ ലിസ്റ്റിൽ ഗീതാ ഗോപിനാഥ് ഉൾപ്പെടെ മൂന്നു ഇന്ത്യക്കാർ സ്ഥാനം നേടി.

ആഗോളാടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 213 പെരെയാണ് 238-ാമത് വാർഷിക ക്ലാസ് ഓഫ് മെംബേഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 177 പേർ അമേരിക്കയിൽ നിന്നും 36 പേർ വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്.

ഗീതാ ഗോപിനാഥിനുപുറമെ പരാഗ് എ. പഥക്ക്, ഗുരീന്ദർ എസ്. സോഹി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ഇന്ത്യൻ അമേരിക്കൻ വംശജർ.

ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ധനശാസ്ത്രത്തിൽ ബിരുദവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ഗീതാ ഗോപിനാഥ് പ്രിൻസ്റ്റണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയത്.

ഇന്ത്യൻ ഫിനാൻസ് മിനിസ്ട്രി G-20 മാസ്റ്റേഴ്സ് അഡ്വൈസറി ഗ്രൂപ്പ് മെംബറായും വേൾഡ് ഇക്കണോമിക് ഫോറം യംഗ് ഗ്ലോബൽ ലീഡറായും പ്രവർത്തിച്ചിട്ടുള്ള ഗീത, ഐഎംഎഫിന്‍റെ 45 വയസിനു താഴെ തെരഞ്ഞെടുക്കപ്പെട്ട 25 സാന്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു. കേരള മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേശകയും ആയിരുന്നു.

കേംബ്രിഡ്ജിൽ ഒക്ടോബറിൽ നടക്കുന്ന ചടങ്ങിൽ പുതിയ മെംബർമാർ ചുമതയേൽക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ